144
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപ്പെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് ഞാൻ ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 6

ഉദയ്പൂർ എനിക്ക് പ്രിയപ്പെട്ട നഗരമായി മാറാൻ അധികസമയം ആവശ്യമായി വന്നില്ല. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവിടുത്തെ ചായയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആ നഗരം അതിന്റെ സർവ്വ ഭംഗിയും ഒളിച്ചുവെച്ചിരിക്കുന്നത് ഇടുങ്ങിയ തെരുവുകളിലാണെന്ന് അവിടെ താമസിച്ച ഏഴ് ദിവസങ്ങൾകൊണ്ട് ഞാൻ മനസിലാക്കി. ഏഴു ദിവസങ്ങൾ… പാതി മനസോടെ അവിടേക്ക് കയറിച്ചെന്ന എനിക്ക് ആ നഗരത്തിൽ നിന്നിറങ്ങി വരാൻ ഏഴ് പകലും എട്ട് രാത്രിയും ആവശ്യമായി എന്ന് പറയുന്നതാവും ശെരി.

തെരുവിന്റെ എല്ലാ മൂലകളിലും ചായ സുലഭമായിരുന്നു. ആ ചായക്ക് നമ്മുടെ നാട്ടിലെ ചായയേക്കാൾ വളരെ വ്യത്യാസം. കൂടിയ മധുരം, ഏലക്കയുടെയും ഇഞ്ചിയുടെയും രുചി, ചൂട് കുറവ് അങ്ങനെ വ്യത്യാസങ്ങൾ പലവിധം. എന്നാൽ അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് പല കുഞ്ഞു കടകളിലും ചായ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മെഷിൻ. ചായയുണ്ടാക്കുന്നത് അത്ഭുതമായി തോന്നിയത് ഇതാദ്യം. ഞാൻ താമസിക്കുന്ന ഡോർമെറ്ററിക്ക് ഓപ്പോസിറ്റാണ് ഈ കട. ഇരുപതിനോട് അടുത്ത് പ്രായം തോന്നുന്ന ഒരു പയ്യനാണ് അവിടെ ചായയുണ്ടാക്കുന്നത്. വളരെ പഴക്കമുള്ള ഒരു മെഷീൻ കറക്കുകയും തുടർന്ന് അടുപ്പിലേക്ക് തീ വരികയും പാത്രം ചൂടാവുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഈ മെഷിനിൽ ചായ മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ. വേറെ പലഹാരങ്ങളോ ഭക്ഷണ സാധനങ്ങളോ പാകം ചെയ്യാൻ ഈ അടുപ്പ് കൊണ്ട് സാധ്യമല്ല. എന്ത് തന്നെയായാലും ഉദയ്പൂരിന്റെ തനതു രീതിയിലുള്ള ഈ ചായ എനിക്ക് പ്രിയപ്പെട്ടതായി മാറി. എപ്പോൾ പുറത്തിറങ്ങിയാലും ചായ കുടിക്കാൻ ഞാൻ കടകൾ തേടി. ആ രുചി എന്നെ വല്ലാതെ ഭ്രമിപ്പിച്ചു.

ഈ ഏഴ് ദിവസങ്ങളിൽ ഞാൻ എവിടെയെങ്കിലും പോയോ, സ്ഥലങ്ങൾ കണ്ടോ എന്നൊക്കെ ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. പക്ഷെ ചിലപ്പോൾ യാത്ര ഇതു കൂടെയാവുന്നു. അപ്രതീക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് എത്തിച്ചേരുക, അവിടെയുള്ള മനുഷ്യർ ഏറെ നാൾ പരിചയമുള്ളവരെ പോലെയാവുക, നല്ല വൈകുന്നേരങ്ങളും സൂര്യാസ്തമയങ്ങളും കാണുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക എന്നതുകൂടിയാവുന്നു.

ഏഴുദിവസത്തിനു ശേഷം ഏറെ വിഷമത്തോടെ ഞാൻ ആ നഗരം വിട്ടു. അവിടെ വെച്ച് പരിചയപ്പെട്ട കടക്കാരോടും ദീദിമാരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. മനസിനും ശരീരത്തിനും അതിഭയാനകമായ ഭാരം അനുഭവപെട്ടു. നടക്കാൻ വയ്യാത്ത പോലെ, ചുമലിൽ തൂക്കിയ ബാഗിന് കനമേറിയത് പോലെ. ഉദയ്‌പൂരിൽ നിന്നും പഞ്ചാബാണ് അടുത്ത ഡെസ്റ്റിനേഷൻ. ട്രെയിൻ കിട്ടണമെങ്കിൽ തിരിച്ച് ജയ്‌പൂരിലേക്ക് പോവണം. ഞാൻ ബസ് കയറി. ദീർഘ ദൂര യാത്ര ആവശ്യമായ ഒരു സമയത്തിലായിരുന്നു ഞാൻ അപ്പോൾ. ബസിൽ കയറിയതും ഞാൻ ചെവിയിൽ ഹെഡ്സെറ്റ് വെച്ച്, പഴയ മലയാളം ഗാനങ്ങൾ കേട്ടു. എത്ര നേരമെന്ന് അറിയില്ല, വിഷമം മാറുന്നതുവരെ.

ജയ്‌പൂരിൽ നിന്നും പഞ്ചാബിലെ അമൃത്സറിലേക്കുള്ള ട്രെയിൻ കയറി ഞാൻ. തിരക്ക് പിടിച്ച് റെയിൽവേ സ്റ്റേഷൻ എത്തിയതും വെപ്രാളപ്പെട്ട് ടിക്കറ്റ് എടുത്ത് ട്രെയിനിനടുത്തേക്ക് നടന്നു. സീറ്റ് കിട്ടി, കിടന്ന് പോവാൻ പാകത്തിൽ. പെട്ടെന്നാണ് എന്റെ അടുത്തേക്ക് ടിടി വരുന്നത്. ടിക്കറ്റ് ചോദിച്ചു, ഞാൻ എന്തിന് പേടിക്കണം എന്റെ കയ്യിൽ ടിക്കറ്റ് ഉണ്ടല്ലോ. എന്നാൽ ബാഗ് തുറന്ന് നോക്കിയപ്പോഴാണ് അമളി മനസിലായത് ടിക്കറ്റ് കാണാനില്ല. ബാഗിലും പേഴ്സിലും ഫോണിന് പിന്നിലും ഞാൻ മാറി മാറി നോക്കി. ഇല്ല, ടിക്കറ്റ് എവിടെയോ കളഞ്ഞു പോയി. അയാളോട് മുറി ഹിന്ദിയിൽ ഞാൻ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. അയാൾക്ക് ഇംഗ്ലീഷ് നന്നായി അറിയാം, അതുകൊണ്ട് ഭാഗ്യത്തിന് ആ സംഭാഷണം കുറച്ചു എളുപ്പമായി. ഞാൻ അയാളോട് കാര്യങ്ങൾ പറഞ്ഞു. പക്ഷെ അയാൾ ഫൈൻ അടക്കണമെന്ന് നിർബന്ധം പിടിച്ചു. പിന്നീടെനിക്ക് മനസിലായി അത് ഫൈനല്ല, ഇന്ത്യൻ റെയിൽവേയ്ക്ക് പകരം ആ പണം അയാളുടെ പോക്കറ്റിലേക്കാണ് പോവുന്നതെന്നും. ഞാൻ പണം കൊടുത്തു, എനിക്ക് വേറെ വഴിയില്ലായിരുന്നു.

പക്ഷെ അതിന് ശേഷം ഞങ്ങൾ ഒരുപാട് സംസാരിച്ചു. പഞ്ചാബ് വഴി ഞാൻ ഹിമാചൽ പോവുമെന്ന് പറഞ്ഞപ്പോൾ അയാളുടെ വീട് അവിടെയാണെന്നും നിർബന്ധമായും പോവേണ്ട ചില സ്ഥലങ്ങളെ കുറിച്ചും എനിക്ക് പറഞ്ഞു തന്നു. ട്രെയിൻ എൻ്റെ സ്റ്റോപ്പ് എത്തുന്നത് വരെ ആ സംസാരം തുടർന്നു. ഞങ്ങളുടെ ഫാമിലിയെക്കുറിച്ചും ജോലിയെ കുറിച്ചും ജീവിതത്തെക്കുറിച്ചും. അയാൾ വിവാഹം കഴിച്ചത് അയാളെക്കാൾ പത്തുവയസ്സ് താഴെയുള്ള പെൺകുട്ടിയെയാണ്. അദ്ദേഹത്തിന് 28 വയസ്. പ്രേമ വിവാഹമായിരുന്നു, അവരിപ്പോൾ ഗർഭിണിയാണ്.

ഹിമാചലിലെ ധർമശാലയിലെ വളരെ ചെറിയ ഒരു ഗ്രാമത്തിൽ നിന്നാണ് അയാൾ വരുന്നത്. പാതി വഴിയിൽ വിദ്യാഭ്യാസം നിർത്തി ബോംബയിലെ ഒരു ലോക്കോപൈലറ്റിന്റെ വീട്ടിൽ ജോലിയെടുക്കുകയായിരുന്നു. 10 വയസ് മാത്രം പ്രായമുള്ളപ്പോൾ വീട്ടുപണിയെല്ലാം അയാൾ അവരെക്കൊണ്ട് ചെയ്യിച്ചു. ശമ്പളമായി പണം കൊടുത്തിരുന്നുവെങ്കിലും വീട്ടിലേക്ക് അയക്കാൻ മാത്രമേ അതുണ്ടായിരുന്നുള്ളൂ. ഒരുപാട് കാലം അവിടെ നിന്നതിന് ശേഷമാണ് പത്താം ക്ലാസ് എഴുതിയെടുക്കുന്നതും തുടർന്ന് പഠിക്കുന്നതും. ആ 10 വയസുകാരൻ അതിനിടെയിൽ റെയിൽവേ പരിസരവുമായും അവിടെത്തെ ജീവിതവുമായും വളരെ അടുത്തുകഴിഞ്ഞിരുന്നു. ഏത് സമയത്തും തീവണ്ടികളുടെ പേരും ശബ്ദവും അയാൾക്ക് കാണാപ്പാഠമായിരുന്നു. അതുകൊണ്ട് ജോലി തിരഞ്ഞെടുക്കാൻ അയാൾക്ക് ഗഹനമായ ചിന്തയുടെ ആവശ്യം വന്നില്ല. നീണ്ട ഒരു മണിക്കൂർ നേരത്തിനിടയിൽ ഞങ്ങൾ വളരെയധികം സംസാരിച്ചു. അയാൾ ഇടക്ക് ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ എനിക്ക് കുടിക്കാനായി തണുത്ത എന്തോ ശീതളപാനീയം വാങ്ങി വന്നു. ഞാൻ ഇറങ്ങാനായപ്പോൾ വിളിക്കണമെന്നും നമുക്ക് കാണണമെന്നും ഓർമിപ്പിച്ചു. എന്റെ ക്യാഷ് ഞാൻ തിരിച്ചു ചോദിച്ചില്ല, അയാൾ തന്നതുമില്ല. കൈക്കൂലി വാങ്ങുന്നത് നല്ലതെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. അത്രയും സംസാരിച്ചിട്ടും ഞാൻ അയാളുടെ പേര് ചോദിച്ചില്ല. ഫോണിൽ പഞ്ചാബ് ടിടി എന്ന് മാത്രം സേവ് ചെയ്തു. അല്ലെങ്കിലും അത്രയും സ്നേഹത്തിൽ പൊതിഞ്ഞ ആ മനുഷ്യന് പേര് ആവശ്യമാണോ?

അമൃത്സർ ആയിരുന്നു എൻ്റെ ലക്ഷ്യം. ചിത്രങ്ങളിലും റീലുകളിലും മാത്രം കണ്ടിട്ടുള്ള അമൃത്സർ. ആ സ്വർണ ക്ഷേത്രം എനിക്ക് പണ്ടുമുതലേ അത്ഭുതമായി തോന്നിയിട്ടുണ്ട്. പക്ഷെ കാലിന് പറ്റിയ ചെറിയ ഒരു മുറിവുമായാണ് ഞാൻ പഞ്ചാബിലെ ഗോൾഡൻ ടെംപിളിലെത്തിയത്. ആ മുറിവ് വേദനിക്കാൻ തുടങ്ങി. എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തേക്ക്, നടക്കാൻ സാധിക്കാത്ത രീതിയിലേക്ക് ആ വേദനമാറി. പലപ്പോഴും വായിച്ചും കേട്ടും പരിചയമുള്ള ഗുരുദ്വാരക്കടുത്ത് ചെറിയ ഒരു ക്ലിനിക് ഉണ്ടെന്ന് എന്റെ മുറിഹിന്ദി വെച്ച് ഞാൻ മനസിലാക്കി. അങ്ങോട്ട് പോയി, ഡോക്ടറെ കണ്ടു. മരുന്ന് തന്നു, മുറിവിൽ ബാന്റഡ് ഒട്ടിച്ചു. റെസ്റ്റെടുക്കാൻ പറഞ്ഞു. ഓട്ടോ പിടിച്ച് റൂം എത്തണമെങ്കിൽ റോഡ് അല്പം ദൂരെയാണ്. ബുക്ക് ചെയ്ത റൂം ക്യാൻസൽ ചെയ്തു. ഗുരുദ്വാരയിൽ തങ്ങാമെന്ന് ഉറപ്പിച്ചു. പണം കൊടുക്കാതെ നമുക്ക് അവിടെ എത്ര ദിവസം വേണമെങ്കിലും താമസിക്കാം. പക്ഷെ നമ്മുടെ സാധനങ്ങളുടെ കാര്യത്തിൽ യാതൊരു സുരക്ഷയും അവർ തരില്ല. ഏതു സമയം വേണമെങ്കിലും മോഷ്ടിക്കപ്പെടാം. അതുകൊണ്ട് ഇതെല്ലാം വെച്ചുപൂട്ടാനായി അവർ നമുക്ക് ഒരു ലോക്കറിന്റെ കീ തരും.

അവിടെ എത്തിയതും പേരും വിവരവും എഴുതിയെടുക്കുന്ന ദീദിയുടെ പെരുമാറ്റം എന്നെ അലോസരപ്പെടുത്തി. കല്യാണം കഴിച്ചതാണോ, ഒറ്റക്കാണോ, വീട്ടിലെ നമ്പർ തരണം എന്നൊക്കെ പറഞ്ഞ് മൊത്തത്തിൽ മോശം പെരുമാറ്റം. എങ്ങനെയൊക്കെയോ അവസാനം കിടക്കാൻ ഒരു സ്ഥലവും ഒരു ലോക്കറും കിട്ടി. ഞാൻ കിടന്നു. എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു. രാത്രി 9 മണിയായി. ഞാൻ കണ്ണുതുറന്നപ്പോൾ എന്റെ തൊട്ടരികിൽ ഒരു ദീദി. അവർ പറയുന്ന ഹിന്ദി എനിക്ക് തീരെ മനസിലായില്ല. അവർ എന്നോട് ആംഗ്യഭാഷയിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഞാൻ ഭക്ഷണം കഴിച്ചില്ലെന്ന് മനസിലാക്കി എനിക്ക് കൂട്ടുവന്നു. ഞാൻ മുഖം കഴുകുന്നത് കാത്ത് ബാത്റൂമിന് പുറത്തിരുന്നു. എനിക്കായി പാത്രം വാങ്ങി ക്യൂവിൽ നിന്നു. എന്നെ അവരുടെ തൊട്ടടുത്തിരുത്തി. ഇനി എന്തെങ്കിലും വേണോയെന്ന് ആവർത്തിച്ച് ചോദിച്ചു. എന്റെ പാത്രം കൂടെ അവർ കഴുകാൻ വാങ്ങി അവിടെയുള്ളവരെ ഏൽപ്പിച്ചു. എന്നോട് എന്തൊക്കെയോ സംസാരിച്ചു. പലതും എനിക്ക് മനസിലായില്ല. ആ…എന്ന് മാത്രം തലയാട്ടി ഞാൻ.

A woman in a purple floral outfit is walking away from the camera in a well-lit indoor space, with stairs and people visible in the background.

ബാൻ്റഡ് വാങ്ങാനായി ഞാൻ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. തിരിച്ചുവന്നപ്പോൾ അവരെനിക്ക് കിടക്ക വിരിച്ചിട്ടിരിക്കുന്നു. അവരുടെ തൊട്ടടുത്ത്. എനിക്ക് കരച്ചിൽ വന്നു. ഇത്രയും സ്നേഹം തിരിച്ചുകിട്ടാനായി ഞാൻ അവർക്കായി ഒന്നും ചെയ്ത്‌ കൊടുത്തിട്ടില്ല. ഞങ്ങൾ രാത്രിയിൽ ഒരുപാട് നേരം സംസാരിച്ചു. ചിരിച്ചു. ഉച്ചത്തിൽ. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചു, പയ്യനില്ലെന്ന് പറഞ്ഞപ്പോൾ അവർ ചിരി നിർത്തിയതേയില്ല.

ആ മുറിയിൽ ഞങ്ങളുടെ ഒച്ച മുഴങ്ങി. എന്റെ അമ്മയല്ലാതെ ആദ്യമായാണ് ഈ പ്രായമുള്ള ഒരു സ്ത്രീ എന്റടുത്ത് കിടക്കുന്നത്. എനിക്ക് സുരക്ഷിതത്വം തോന്നി. എനിക്ക് പനി വരുമ്പോൾ എൻ്റെടുത്ത് കിടക്കാറുള്ള അമ്മയെ ഓർത്തു ഞാൻ. ഇന്ന് രാവിലെ തിരിച്ചിറങ്ങിയപ്പോൾ അവരെ ഞാൻ വീണ്ടും കണ്ടു. നടക്കാൻ ചെറുതായി ബുദ്ധിമുട്ടുള്ള അവർ സ്റ്റെപ്പ്‌ കയറി എനിക്കായി വന്നതുപോലെ. ആ സ്റ്റെപ്പിനരികിൽ വെച്ച് ഒരു ഫോട്ടോയെടുത്തു ഞാൻ, സൂക്ഷിച്ചുവെക്കാൻ. അവരുടെ പേരെനിക്ക് അറിയില്ല, നാടറിയില്ല, ഭാഷറിയില്ല ഒന്നുമറിയില്ല. പക്ഷെ അവർക്ക് സ്നേഹത്തിന്റെ പേരായിരുന്നെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു.

പഞ്ചാബിലെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…

Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading