ത്രിഫ്റ്റിങ് മലയാളികൾക്ക് അത്ര പരിചിതമല്ല. ഉപയോഗിച്ച വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ വാങ്ങുന്നതിനാണ് ത്രിഫ്റ്റിങ് എന്ന് പറയുന്നത്.
മറ്റൊരാൾ ഉപയോഗിച്ച വസ്തു എങ്ങനെയാ നമ്മൾ ഉപയോഗിക്കുന്നതെന്ന് ഓർത്ത് നെറ്റി ചുളിക്കാൻ വരട്ടെ. ഒരാൾ ഉപയോഗിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളോ, സാധനങ്ങളോ അല്ല ത്രിഫ്റ്റിങ്ങിനായി എടുക്കുന്നത്. നല്ല അവസ്ഥയിലുള്ള പഴയ സാധനങ്ങളാണ് എടുക്കുക. പലപ്പോഴും ഒരു തവണ ഉപയോഗിച്ചു കഴുകിയ ശേഷം ഇറുകിയെന്ന് തോന്നി ഉപേക്ഷിക്കുന്ന വസ്ത്രങ്ങളൊക്കെ ഇത്തരത്തിൽ ലഭിക്കും. നാട് മാറി പോകുമ്പോൾ അതുവരെ ഉപയോഗിച്ചിരുന്ന ഫർണിച്ചറുകൾ ഇത്തരത്തിൽ കൊടുക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു വഴിയൊരുക്കുന്നു എന്നതാണ് ത്രിഫ്റ്റിങ്ങിന്റെ ഏറ്റവും വലിയ ഗുണം.
വിന്റേജ് ഐറ്റംസ് ലഭിക്കാൻ ഏറ്റവും നല്ലത് ത്രിഫ്റ്റ്ങ് ആണ്. അതും ഡിസ്കൗണ്ടിൽ ലഭിക്കും. പുതുതലമുറ ത്രിഫ്റ്റിങ് ഇഷ്ടപ്പെടുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. സസ്റ്റൈനബിൾ ആണ്, അഫോർഡബിൾ ആണ് എന്നുള്ളത് പ്രധാനം. സെക്കന്റ് ഹാന്റ് ഷോപ്പ്, ഫ്ലീ മാർക്കറ്റുകൾ, ത്രിഫ്റ്റ് ഷോപ്പ്, ചാരിറ്റി ഷോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിൽ നമുക്ക് വാങ്ങാൻ കഴിയുക. കേരളത്തിലും ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ഒരുപാട് ത്രിഫ്റ്റ് ഷോപ്പുകൾ നിലവിലുണ്ട്.

ആദ്യമായാണോ ത്രിഫ്റ്റ് ചെയ്യുന്നത്?
∙എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന പൂർണ ബോധ്യത്തില് വേണം ത്രിഫ്റ്റിങ്ങിനായി ഇറങ്ങാൻ. ചെരുപ്പ്, ബാഗ്, ജാക്കറ്റ് തുടങ്ങി, എന്താണോ വാങ്ങേണ്ടതെന്ന് ഒരു ധാരണ മനസ്സിലുണ്ടാവണം. വെറുതേ കാശ് കളയാതിരിക്കാനും അനാവശ്യമായി സാധനങ്ങൾ വാങ്ങാതിരിക്കാനും ഇത് സഹായിക്കും.
∙എന്ത് എടുത്താലും അതിന്റെ ക്വാളിറ്റി ഉറപ്പാക്കണം. ബട്ടൻസുകൾ ഉണ്ടോ, കീറിയിട്ടുണ്ടോ? കഴുകിയാലും പോകാത്ത കറകളുണ്ടോ എന്നെല്ലാം മനസ്സിലാക്കി, അതെന്തെങ്കിലും ചെയ്ത് ശരിയാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി. തുണി തൊട്ടറിഞ്ഞ്, എത്ര കാലം വരെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കണം.
∙നിങ്ങൾ എത്ര കാശ് മുടക്കി വാങ്ങാൻ ശ്രമിച്ചാലും കിട്ടാത്ത, ഇപ്പോൾ അപൂർവമായ സാധനങ്ങൾ ത്രിഫ്റ്റിങ്ങിലൂടെ കിട്ടും. പലപ്പോഴും ഇന്നത്തെ അളവുകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കാം പണ്ടത്തെ വസ്ത്രങ്ങൾ അതുകൊണ്ട്, സൈസ് ടാഗ് കണ്ട് വാങ്ങിയാൽ ഒരുപക്ഷേ പാകമാകണമെന്നില്ല. പറ്റിയാൽ ഇട്ടു നോക്കാം. അല്ലാത്ത പക്ഷം ഏകദേശ ധാരണയിൽ വാങ്ങാം.

∙കടയിൽ കയറിയ ഉടൻ നിങ്ങൾക്കു വേണ്ട സാധനം മുന്നിലുണ്ടാവണമെന്നില്ല. ഒരുപാട് സമയം ചെലവഴിച്ച്, ആകെ മൊത്തത്തിലൊന്ന് അരിച്ചുപെറുക്കിയാൽ മാത്രമേ, ഏറ്റവും നല്ല കലക്ഷനുകൾ കണ്ണിലുടക്കുകയുള്ളു. സമയ പരിമിതി ഉള്ളപ്പോൾ ത്രിഫ്റ്റിങ് നടക്കില്ലെന്ന് സാരം.
∙സ്ത്രീകളുടേത്, പുരുഷന്മാരുടേത് എന്ന വേർതിരിവില്ലാതെ വേണം നോക്കാൻ. ചിലപ്പോൾ സ്ത്രീകൾക്ക് ഇന്നത്തെ ട്രെൻഡിനൊത്ത ജീൻസും ജാക്കറ്റുകളും പുരുഷന്മാരുടെ സെക്ഷനിൽ നിന്നാവും ലഭിക്കുക. തിരിച്ചും അങ്ങനെ തന്നെ. ബാഗി ജീൻസിനൊപ്പം സ്റ്റൈൽ ചെയ്യാവുന്ന ചെറിയ സ്കാർഫും, അക്സസറീസും ലേഡീസ് സെക്ഷനിൽ നിന്നും കിട്ടും.

∙ബ്രാൻഡ് ഏതാണെന്ന് നോക്കുന്നതിനെക്കാൾ ഉടുപ്പിന്റെ അവസ്ഥ നോക്കി വേണം പർച്ചേസ്. പലപ്പോഴും കൂടിയ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്ന സന്തോഷത്തിൽ വലിയ പരിശോധനയൊന്നും ഇല്ലാതെ വാങ്ങി, അവസാനം ഉപയോഗിക്കാനാവാത്ത രീതിയിലാവും ഉണ്ടാവുക. വീട്ടിലെത്തി സങ്കടപ്പെടുന്നതിനെക്കാൾ എത്രയോ നല്ലതാണ് കടയില് വച്ചുതന്നെ കാര്യങ്ങൾ പരിശോധിക്കുന്നത്. പരിചയമില്ലാത്ത ബ്രാൻഡ് ആണെങ്കിലും കണ്ടീഷൻ നല്ലതാണെങ്കിൽ വാങ്ങാം.
∙പലപ്പോഴും ബട്ടൻ പൊട്ടിയതോ, ചെറിയ കീറലുകളോ ആയിരിക്കും ഉണ്ടാവുക. അത് എളുപ്പത്തിൽ നമുക്ക് ശരിയാക്കാൻ കഴിയുന്നതാണെങ്കിൽ വാങ്ങുന്നത് നല്ലതാണ്. വില കുറച്ചു കിട്ടാനുള്ള സാധ്യത വീണ്ടും കൂടും.
∙ഉപയോഗിക്കും മുൻപ് നന്നായി കഴുകി ഉണക്കണം. വെയിലത്ത് ഉണക്കി, ഇസ്തിരിയിട്ട് എടുക്കുന്നതോടെ സംഭവം ക്ലീൻ.

∙അധികം ആരുടേയും കയ്യിൽ ഇല്ലാത്ത യുണീക് പീസുകൾ ത്രിഫ്റ്റിങ്ങിലൂടെ നമുക്ക് കിട്ടും. ഒരു പെർഫെക്ട് പീസിനു പകരം കുറച്ച് രസകരമായ സാധനം കിട്ടാൻ ത്രിഫ്റ്റിങ് സഹായിക്കും
∙രാവിലെ, അല്ലെങ്കിൽ പുതിയ സ്റ്റോക്ക് വരുന്ന ദിവസം ഓർത്തു വച്ച് പോകുന്നത് നല്ല കലക്ഷനുകള് കിട്ടാൻ സഹായിക്കും.
∙കടയിൽ പോയിത്തന്നെ വാങ്ങണമെന്ന് ഇല്ല. ഓൺലൈനിലും ഒരുപാട് ത്രിഫ്റ്റ് ഷോപ്പുകളുണ്ട്.
സെക്കന്റ് ഹാന്റ് ബുക്കുകൾ, ഫർണിച്ചർ, ചെരുപ്പുകൾ, പാത്രങ്ങൾ എന്നിവ ചുരുങ്ങിയിലയിൽ വാങ്ങാം. കീശ കീറാതെ ജീവിക്കാമെന്ന് ചുരുക്കം.




