76
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപ്പെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് ഞാൻ ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 5

പഞ്ചാബിലെ ഗോൾഡൻ നഗരത്തോട് യാത്ര ചോദിക്കാനുള്ള സമയമായി. പക്ഷെ അതിനുമുൻപ് എനിക്ക് ഒരാളെ കാണാനുണ്ട്. ഞങ്ങൾ പരിചയപെട്ടിട്ട് ആകെ ഒരു ആഴ്ച തികയുന്നത് ഉള്ളൂ. പക്ഷെ പഞ്ചാബിലെത്തിയ എന്നെ യാതൊരു വിധ അനാഥത്വ ബോധത്തിനും വിട്ടുകൊടുക്കാതെ അയാൾ വഴികാട്ടി. പരിചയപ്പെട്ട ദിവസം മുതൽ ഓരോ ദിവസത്തെയും പരിപാടികൾ എന്തൊക്കെയാണെന്ന് അന്വേഷിച്ചു. ചില സ്ഥലങ്ങൾ പറഞ്ഞു തന്നു. ഭക്ഷണം കഴിക്കാൻ ചില ഇടങ്ങൾ പരിചയപ്പെടുത്തി. അപകടം നിറഞ്ഞ ചില തെരുവുകളെ കുറിച്ചോർമിപ്പിച്ചു. അയാളുടെ വാട്സാപ്പ് സന്ദേശങ്ങൾ ഒരിക്കലുമെന്നെ അലോസരപ്പെടുത്തിയില്ല. പോവുന്നതിന് മുൻപ് എന്തായാലും കാണണമെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കണമെന്നും ഞാൻ വാക്ക് നൽകി.

ആ വാക്ക് പാലിക്കണമെന്നുള്ളതുകൊണ്ടും അയാളെ കാണണമെന്ന് ആഗ്രഹമുള്ളതുകൊണ്ടും ധർമശാലയിലേക്ക് ബസ് കയറുന്നതിന് മുൻപ് ഞാൻ അയാൾക്ക് മെസ്സേജ് അയച്ചു.’ഞാൻ വരുന്നുണ്ട് ബസ്റ്റോപ്പിൽ കാത്തുനിൽക്കൂ‘. പറഞ്ഞ സമയത്തിന് ഞാൻ അവിടെയെത്തി പക്ഷെ അയാൾ എത്തിയില്ല. അദ്ദേഹത്തിന് ലൊക്കേഷൻ മാറിപോവുകയും ഞാൻ നിൽക്കുന്ന ഇടത്തുനിന്നും അര മണിക്കൂർ ദൂരത്തിലാവുകയും ചെയ്തു. ‘സാരമില്ലപിന്നെ ഒരിക്കൽ കാണാം, അടുത്ത യാത്രയിൽ തീർച്ചയായും ഞാൻ ഇവിടെയിറങ്ങാം‘. എന്റെ മറുപടിക്ക് അയാൾ ഒരു കാര്യമേ തിരിച്ചു ചോദിച്ചുള്ളൂ…എനിക്ക് വേണ്ടി അര മണിക്കൂർ കാത്തിരിക്കാമോ. അനുകൂലമായ എന്റെ മറുപടിയിൽ അയാൾ ബൈക്ക് തിരിച്ചു.

ഞാൻ ചുറ്റിലും നോക്കി, ധർമശാലയിലേക്കുള്ള ബസ് കിട്ടുന്ന സ്ഥലമാണ്. വലിയ ആൾക്കൂട്ടമില്ല. ബഹളമില്ല. രണ്ടുമൂന്ന് കടകൾ മാത്രം. അതിൽ ഒരു കടയിൽ ഞാൻ ചെന്നിരുന്നു. നല്ല വെയിലാണ്. വെയിലിന്റെ കാഠിന്യത്തിൽ എന്റെ മുടി വരെ കത്തുമെന്ന് എനിക്ക് തോന്നി. ഒരു തണുത്ത വെള്ളത്തിന്റെ കുപ്പി ആ കടയിൽ നിന്നും വാങ്ങി കുടിച്ചു ഞാൻ. വളരെ ദൂരെ നിന്നും അയാൾ വരുന്നത് എനിക്ക് കാണാം. ഞാൻ ട്രെയിനിൽ നിന്നും ഞാൻ പരിചയപ്പെട്ട ടിടി. ട്രെയിനിൽ നിന്നും എന്റെ കയ്യിൽ നിന്നും പണം വാങ്ങിയ അതേ ആൾ. അന്ന് ട്രെയിൻ ഇറങ്ങുമ്പോൾ നൽകിയ വാക്കായിരുന്നു ഈ കൂടിക്കാഴ്ച . ഞാൻ പറഞ്ഞില്ലേ…അയാളുടെ വീട് ഹിമാചലിലാണ്. അതുകൊണ്ട് എന്റെ ഹിമാചൽ യാത്രയിൽ പോവേണ്ട സ്ഥലങ്ങളെ കുറിച്ച് കൃത്യമായ അഭിപ്രായങ്ങൾ അയാൾക്കുണ്ടായിരുന്നു.

അയാൾ എന്നെ അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചു. ഹിമാചലിൽ എത്തിയതിന് ശേഷം ആദ്യമായാണ് രുചിയുള്ള ഭക്ഷണം വൃത്തിയുള്ള സ്ഥലത്ത് നിന്ന് കഴിക്കുന്നത്. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. അയാളുടെ ജീവിതത്തെക്കുറിച്ചും ഭാര്യയെ കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം. ഞാൻ എല്ലാം കേട്ടിരുന്നു. ഭാര്യയെക്കുറിച്ചു പറയുമ്പോൾ അയാൾക്ക് സ്വാഭാവികമായി വരുന്ന സന്തോഷവും കണ്ണിലെ തിളക്കവും ഞാൻ ശ്രദ്ധിച്ചു. അവൾ ഗർഭിണിയാണെന്നും കുഞ്ഞു വരാൻ ഇനി ഒരു മാസമേ ഉള്ളൂയെന്ന് പറയുമ്പോഴും അയാളുടെ ഉള്ളിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഒരു കുട്ടിയുണ്ടെന്ന് എനിക്ക് തോന്നി. നീണ്ട സംസാരത്തിന് ശേഷം അയാൾ എന്നെ ധർമശാല ബസ് കിട്ടുന്ന സ്ഥലത്തെത്തിച്ചു. അയാൾ എനിക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും വാങ്ങി വന്നു. എനിക്ക് കണ്ണ് നിറഞ്ഞു. യാതൊരു പരിചയവുമില്ലാതിരുന്നിട്ടും അയാൾ എനിക്ക് നൽകിയ കരുതലിലും പരിഗണനയിലും സന്തോഷം തോന്നി.

അദ്ധേഹത്തോട് യാത്ര പറഞ്ഞ് ഞാൻ ബസിലെ വിൻഡോ സീറ്റിലിരുന്നു. നീണ്ട യാത്ര പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക് ആ യാത്രയെ കൂടുതൽ നീണ്ടതാക്കുന്ന സംഭവമായിരുന്നു കടന്നു വന്നത്. ബസ് യാത്ര തുടങ്ങി ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടക്ടർ ബസ് നിർത്തി. ബസിൽ തിങ്ങി നിന്നിരുന്ന മനുഷ്യരിൽ ഭൂരിഭാഗം പേരും ഇറങ്ങി പോയി. ഡ്രൈവർ ഇറങ്ങി ഒരു വർക് ഷോപ്പിന് മുന്നിലേക്ക് നടന്നു. ബസിന്റെ ടയർ പഞ്ചറായതാണ് കാര്യം. യാത്രക്കാരെല്ലാം ബസിൽ നിന്നിറങ്ങി പോവുകയും ബാക്കിയുള്ളവർ ആ വർക് ഷോപ്പിന് സമീപത്തായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. ബസിലെ ആണുങ്ങൾ തൊട്ടടുത്തുള്ള മദ്യ ഷോപ്പിലേക്ക് നടന്നു നീങ്ങി. അവർ ബസിലിരുന്ന് മദ്യപിക്കാനും ചുണ്ടിൽ ലഹരിക്കായി വെക്കുന്ന പാൻപരാഗ് ഉപയോഗിക്കാനും തുടങ്ങി. നേരം ഇരുട്ടുന്നു. മണിക്കൂറുകൾ ഒരുപാട് കഴിഞ്ഞിട്ടും ബസ് എടുക്കുന്ന ലക്ഷണമില്ല. ബസിൽ ബാക്കിയുണ്ടായിരുന്നവർ പലരും പുറകെ വരുന്ന മറ്റുബസുകൾക്ക് കൈ കാണിക്കുകയും അത്തിൽ കയറി പോവുകയും ചെയ്തു. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായി. എനിക്കുള്ള ബസ് ആ വഴിയിൽ വരുന്നുണ്ടായിരുന്നില്ല. എന്ത് തന്നെയായാലും ആ ബസിൽ തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. അതിനുള്ള കാരണം മറ്റൊന്നുമല്ല, ആ ബസിൽ രണ്ടുമൂന്ന് സ്ത്രീകൾ കൂടെ ബാക്കിയുണ്ടായിരുന്നു.

നീണ്ട ഒരു ഉറക്കത്തിന് ശേഷം ഞാൻ കണ്ണ് തുറന്നപ്പോൾ ഹിമാചൽ എത്തിയെന്ന് എനിക്ക് മനസിലായി. ഭൂപ്രകൃതിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരുന്നു. കാടും മലയും തണുപ്പും ഹിമാചൽ എത്തിയതിന്റെ സൂചന കാണിച്ചുതന്നു. ഹിമാചലിൽ റോഡ് എല്ലായ്പ്പോഴത്തെയും പോലെ അതീവ ഗുരുതരമായ രീതിയിൽ പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ധർമശാലയെത്തിയപ്പോൾ രാത്രി 11 ആയി. ഞാൻ ബസ് ഇറങ്ങിയ സ്ഥലത്തുനിന്നും ഏറെ ദൂരം ഞാൻ നടന്നു. അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഞാൻ ബുക്ക് ചെയ്ത ഡോർമെറ്ററി. ഒരു കാറിൽ ഞാൻ അവിടെത്തി. നേരെ ചെക്ക് ഇൻ ചെയ്ത് റൂമിൽ കയറി കിടന്നു. ആ റൂമിൽ നാല് ബെഡ് ഉണ്ട്. പക്ഷെ ആരും തന്നെയില്ല. സ്വസ്ഥം…സ്വതന്ത്രം.

പിറ്റേന്ന് രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ എനിക്ക് നേരെ കർട്ടൻ തുറന്നിട്ട ചില്ലുജനാലയാണ്. പുറത്ത് നല്ല മഞ്ഞും. ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി പുറത്തേക്കിറങ്ങി. ഇന്നത്തെ ദിവസം വിശ്രമത്തിന്റേതാണ്. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. പുറത്തെ വഴിയിലൂടെ നടന്നപ്പോഴാണ് രാത്രിൽ ഞാൻ വന്ന വഴി എനിക്ക് മനസിലായത്. അതീവ സുന്ദരം. രണ്ടുവശത്തും കുഞ്ഞു കുഞ്ഞു കടകളും പ്രത്യേക തരം പൂക്കളും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഭക്ഷണത്തിന്റെ നല്ല മണവും. ഇവിടം എനിക്ക് ഇഷ്ടമാവാൻ അധികം സമയം ആവശ്യമായി വന്നില്ല.

ധർമശാലയിലെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…

Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading