

നെയിൽ പോളിഷിന്റെ ചരിത്രം തുടങ്ങുന്നത് പുരാതന ചൈനയിൽ നിന്നാണ്. അന്നത്തെ ഭരണാധികാരികളും സമൂഹത്തിലെ ഉന്നതരും തങ്ങളുടെ സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായാണ് ഇതിനെ കണ്ടിരുന്നത്. ഓർക്കിഡുകളോ റോസാപ്പൂക്കളോ ഉപയോഗിച്ച് നിർമിക്കുന്ന ചായത്തിനൊപ്പം മെഴുക്, ജെലാറ്റിൻ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മിശ്രിതം തയാറാക്കും. ഇത് നഖങ്ങളിൽ പുരട്ടിവയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ കറപിടിക്കുകയും ചെയ്യും.

പുരാതന രേഖകൾ പറയുന്നതനുസരിച്ച് അന്ന് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ചുവപ്പ്, കറുപ്പ് നിറങ്ങളായിരുന്നു. ഇതിനൊപ്പം വെള്ളിയുടെയും സ്വർണ്ണത്തിന്റെയും ലോഹപ്പൊടികളും ചേർത്തിരുന്നു. ഇന്നത്തെ ഷിമ്മർ നെയിൽ പോളിഷിന്റെ തുടക്കമായി ഇതിനെ കാണാം. കറ പുരണ്ട നഖങ്ങൾ സമ്പന്നരുടെയും അധികാരികളുടെയും പ്രതീകമായതിനാൽ താഴ്ന്ന വിഭാഗക്കാർ ഇത് ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നു.


മമ്മിയിലും മൈലാഞ്ചി

ചൈനയിൽ നിന്നും വൈകാതെ ഇന്ത്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. ഈജിപ്തുകാർ തങ്ങളുടെ നഖങ്ങൾക്ക് നിറം നൽകാനായി മൈലാഞ്ചി ഉപയോഗിക്കാൻ തുടങ്ങി. ക്ലിയോപാട്ര തന്റെ നഖങ്ങൾക്ക് ചുവപ്പ് നിറം നൽകാൻ മൈലാഞ്ചി ഉപയോഗിച്ചിരുന്നു. മമ്മികളിലെ നഖങ്ങളിൽ മൈലാഞ്ചിക്കറ കണ്ടെത്തിയതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. വിരൽത്തുമ്പുകളിൽ മൈലാഞ്ചിയിടുന്നത് ഒരു അലങ്കാരമായി ഇന്ത്യയിലെയും ആഫ്രിക്കയിലെയും സ്ത്രീകൾ കണ്ടു.

യൂറോപ്പിൽ നെയിൽ പോളിഷ് എത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഇന്ത്യയിൽ നിന്നും മധ്യപൂർവേഷ്യയിൽ നിന്നുമുള്ള വ്യാപാര ഉടമ്പടികളുടെ ഭാഗമായാണ് നെയിൽപോളിഷ് യൂറോപ്പിലെത്തുന്നത്.

മാനിക്യൂറിന്റെ തുടക്കം
സൗന്ദര്യ സംരക്ഷണരംഗത്തെ ഏറ്റവും മികച്ച പല കാര്യങ്ങൾക്കും നമ്മൾ ഫ്രാൻസിനോട് കടപ്പെട്ടിരിക്കുന്നു. കൈകളുടെ സൗന്ദര്യം നിലനിർത്താൻ മാനിക്യൂർ എന്ന കല ആദ്യമായി കൊണ്ടുവന്നത് ഫ്രാൻസിലെ മേരി ഇ. കോബ്ബ് ആണ്. 1878 ൽ ‘മിസിസ് പ്രേയ്സ് മാനിക്യൂർ’ (Mrs. Pray’s Manicure) എന്ന പേരിൽ ചരിത്രത്തിലെ ആദ്യത്തെ നെയിൽ സലൂൺ യുഎസിൽ തുറന്നു. അത് ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നതുമായ സൗന്ദര്യ സേവനങ്ങളിൽ ഒന്നായി മാറുമെന്ന് കോബ് അറിഞ്ഞിരുന്നില്ല.
പിന്നീട് അവർ യുഎസിൽ ആദ്യത്തെ മാനിക്യൂർ പാർലർ ആരംഭിച്ചു. ഒപ്പം സ്വന്തമായി ചില സൗന്ദര്യ ഉൽപന്നങ്ങളും നിർമിച്ചു. വീട്ടിലിരുന്ന് മാനിക്യൂർ ചെയ്യാനുള്ള ആദ്യത്തെ ഗൈഡ് തയ്യാറാക്കുകയും ചെയ്തു.



ക്യൂട്ടെക്സ്
1911ൽ നഖത്തിന് ചുറ്റുമുള്ള ക്യൂട്ടിക്കിളുകൾ മയപ്പെടുത്തുന്നതിനുള്ള ഒരേയൊരു ഉൽപ്പന്നവുമായാണ് ക്യൂട്ടെക്സ് (Cutex) ആരംഭിച്ചത്. 1925ൽ എത്തിയപ്പോൾ, ഇന്ന് കാണപ്പെടുന്ന ലിക്വിഡ് നെയിൽ പോളിഷ് എന്ന ഉൽപ്പന്നം ക്യൂട്ടെക്സ് നിർമിച്ചു. വൈകാതെ ക്യൂട്ടെക്സ് ബ്രാൻഡ് ഒരു സൗന്ദര്യവർധക സാമ്രാജ്യമായി വളരുകയായിരുന്നു. ഇപ്പോഴും നെയിൽപോളിഷിന്റെ മറ്റൊരു പേര് ക്യൂട്ടെക്സ് എന്ന് വിശ്വസിക്കുന്നവരുണ്ട്. അത് നെയിൽപോളിഷ് നിർമിച്ച കമ്പനിയുടെ പേരാണെന്ന് അറിയില്ല.

റെവ്ലോൺ
1920ൽ മേക്കപ്പ് ആർട്ടിസ്റ്റായ മിഷേൽ മെനാർഡ്, കാറുകൾ തിളങ്ങുന്നതുപോലെയുള്ള നെയിൽ ലാക്വർ നിർമിച്ചു. 1932ൽ മിഷേൽ ‘റെവ്ലോൺ’ (Revlon) എന്ന കോസ്മെറ്റിക് സ്ഥാപനം ആരംഭിച്ചു. വർഷങ്ങളോളം പലനിറത്തിലുള്ള നെയിൽ ഇനാമൽ വിറ്റഴിച്ച ശേഷമാണ് റെവ്ലോൺ പൂർണമായും ലിപ്സ്റ്റിക്, മേക്കപ്പ് മേഖലയിലേക്ക് കടന്നത്.



അക്രിലിക്
1957ൽ, ജോലിക്കിടെ ദന്തഡോക്ടറായ ഫ്രെഡറിക് സ്ലാക്കിന്റെ നഖം പൊട്ടി. അത് ശരിയാക്കാൻ, അദ്ദേഹം തന്റെ ലാബിൽ നിന്ന് അലൂമിനിയം ഫോയിലും പല്ലിലെ പോടുകൾ അടയ്ക്കാൻ ഉപയോഗിക്കുന്ന ഡെന്റൽ അക്രിലിക്കും ഉപയോഗിച്ചു. കാഴ്ചയിൽ തനി നഖം പോലെ തോന്നിക്കുന്ന ഒരു കൃത്രിമ നഖം അദ്ദേഹം നിർമിച്ചു. പിന്നീട് അക്രിലിക് നഖങ്ങളുടെ പേറ്റന്റ് അദ്ദേഹം സ്വന്തമാക്കുകയായിരുന്നു.

പുതിയ രീതികൾ
1980കളിൽ, നഖങ്ങൾ മനോഹരമാക്കാനുള്ള രണ്ട് പുതിയ രീതികൾ എത്തി. നെയിൽ റാപ്പുകളും (Nail wraps) ജെൽ നെയിൽ പോളിഷും (Gel nail polish). സാധാരണ ലിനൻ അല്ലെങ്കിൽ സിൽക്ക് ഉപയോഗിച്ച് നിർമിക്കുന്ന നെയിൽ റാപ്പുകൾ, അക്രിലിക്കുകളേക്കാൾ ആരോഗ്യകരമായ നെയിൽ എക്സ്റ്റൻഷൻ രീതിയാണ്.
അതേസമയം, എളുപ്പത്തിൽ പൊട്ടിപ്പോകുന്ന നഖങ്ങളുടെ പ്രശ്നത്തിന് ജെൽ പോളിഷ് ഒരു പരിഹാരമായിരുന്നു. എന്നാൽ, നഖങ്ങളെ ഉറപ്പിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടതോടെ ജെൽ പോളിഷിന്റെ പ്രചാരം കുറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം, സലൂണുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മാനിക്യൂർ ഓപ്ഷനുകളിലൊന്നായി ജെൽ പോളിഷ് മാറുകയായിരുന്നു.


ഫ്രഞ്ച് മാനിക്യുർ
അമേരിക്കൻ മേക്കപ്പ് ആർട്ടിസ്റ്റും ഓർലി (Orly) എന്ന ബ്രാൻഡിന്റെ സ്ഥാപകനുമായ ജെഫ് പിങ്കിന് എല്ലാ വസ്ത്രങ്ങളോടും ഇണങ്ങുന്ന മാനിക്യൂർ ആവശ്യമായിരുന്നു. 1975ൽ അദ്ദേഹം ഫ്രഞ്ച് മാനിക്യൂർ എന്ന ശൈലിക്ക് രൂപം നൽകി. മാനിക്യൂറിൽ ഇന്നും ഏറ്റവും പ്രശസ്തമായ ഈ രീതി ലോകമെമ്പാടും തരംഗമായി മാറുകയായിരുന്നു.

രാജപ്രൗഢിയിലേക്ക്
2011ൽ വില്യം രാജകുമാരനെ വിവാഹം ചെയ്യുമ്പോൾ കേറ്റ് മിഡിൽടൺ, തന്റെ നഖങ്ങളിൽ എസ്സിയുടെ ‘അല്യൂർ’ (Allure) എന്ന നിറമാണ് അണിഞ്ഞത്. വെയിൽസ് രാജകുമാരിയായ അവർ ഇപ്പോഴും ഈ നിറം ഉപയോഗിക്കാറുണ്ട്. ഇതോടെ അല്യൂർ രാജകീയതയുടെ അടയാളമായും മാനിക്യൂറിന് തിരഞ്ഞെടുക്കാവുന്ന പ്രധാന നിറമായും മാറി. ബാലെ സ്ലിപ്പേഴ്സ് (Ballet Slippers), വിക്കഡ് (Wicked), ഫിജി (Fiji) തുടങ്ങിയ ഷേഡുകളും ആളുകളുടെ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്.



1980കളുടെ തുടക്കത്തിൽ എസ്സീ വെയ്ൻഗാ പല നിറത്തിലുള്ള നെയിൽ പോളിഷുകൾ പുറത്തിറക്കിയത്. 1983ൽ, അമേരിക്കൻ നടിയായ ജോൺ റിവേഴ്സ് ഉപയോഗിച്ചിരുന്ന എസ്സിയുടെ ‘ജെല്ലി ആപ്പിളി’നെക്കുറിച്ച് ഒരു പരിപാടിയിൽ പരാമർശിക്കുകയുണ്ടായി. ഇതായിരുന്നു ആ ബ്രാൻഡിന്റെ വളർച്ചയ്ക്ക് നിർണായകമായത്.

1994ൽ പുറത്തിറങ്ങിയ ‘പൾപ്പ് ഫിക്ഷൻ’ (Pulp Fiction) എന്ന സിനിമയിൽ ഉമ തർമന്റെ നഖങ്ങളിൽ, ഉണങ്ങിയ രക്തത്തിന്റെ നിറം അനുകരിക്കാനായി ഷനേലിന്റെ (Chanel) റൂഷ് ന്വാ (‘വാംപ്’ എന്നും അറിയപ്പെടുന്നു) എന്ന ഷെയ്ഡ് ആണ ഉപയോഗിച്ചത്. സിനിമയെപ്പോലെ ആ ഷേഡും പെട്ടെന്ന് ഒരു കൾട്ട് ക്ലാസിക് ആയി മാറി. ഇന്നുവരെ, ഷനേലിന്റെ എക്കാലത്തെയും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങളിൽ ഒന്നായി അത് നിലനിൽക്കുന്നു.


ഇന്ന് കോടികളുടെ വ്യവസായം
ഇന്ന്, നഖസംരക്ഷണം കോടിക്കണക്കിന് രൂപയുടെ വ്യവസായമായി മാറിയിരിക്കുന്നു. ജോലി സാധ്യതകളും വർധിച്ചു. മനോഹമായ നഖങ്ങൾ കൃത്രിമമായി വച്ചുപിടിപ്പിക്കാനും യഥാർഥ നഖത്തെ മനോരമാക്കാനും ഇന്ന് നെയിൽ ആർട്ടിസ്റ്റുകൾ ഉണ്ട്. ഗ്ലേസ്ഡ് ഡോനട്ട് നെയിൽസ്, ക്രോം മാനിക്യൂറുകൾ എന്നിവ ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളാണ്.




