Salim Kumar Films
83
Views

ചിരി സന്തോഷമാണ്. അത് നൽകി ആളുകൾ മടങ്ങുമ്പോഴുള്ള ശൂന്യതയുടെ ആഴം കുറച്ചു നിമിഷങ്ങളിലേക്കെങ്കിലും മറ്റേതിനേക്കാളും വലുതാണ്. പിന്നീടതെല്ലാം ‘ഓർമ’കളിലേക്ക് നീങ്ങും. മലയാള നടനും മിമിക്രി കലാകാരനുമായ സലിം കുമാറും ഇനി ഒരു ഓർമയാണ്.

അദ്ദേഹത്തിന്റെ ഓർമകൾക്ക് ഭാവങ്ങളുണ്ട്, സംഭാഷണങ്ങളുണ്ട്, കഥകളും കഥാപാത്രങ്ങളുമുണ്ട്; ജീവിതവും കാഴ്ചപ്പാടുകളും തലങ്ങളുമുണ്ട്. അതിൽ സ്വപ്നവും വിജയവും പോരാട്ടവും അതിജീവനവുമുണ്ട്.

ചിരിപ്പിക്കുമ്പോൾ മണ്ണ് കപ്പുവോളമെങ്കിൽ കരയിപ്പിക്കുമ്പോൾ ഉള്ള് അങ്ങേയറ്റം വിങ്ങുന്ന തരത്തിലല്ലാതെയില്ല. കലിപ്പിൽ അങ്ങനെ അധികം കണ്ടിട്ടില്ലെങ്കിലും സീരിയസ് ആയാൽ അതിന് അതിന്റേതായ കനവും ഉണ്ട്… ജീവിതത്തിലായാലും സിനിമയിലായാലും. 

മിമിക്രി ആർട്ടിസ്റ്റിൽ നിന്ന് തുടങ്ങി ഹാസ്യനടനും സ്വഭാവ നടനും നായക കഥാപാത്രവുമായി. പിന്നീട് നടനിൽ നിന്ന് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി കുറിച്ചതുപോലെ,

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം…

അദ്ദേഹത്തിന്റെ വിയോഗത്തിൽ എല്ലാവരും ഓർത്തെടുക്കുകയാകും പ്രധാന കഥാപാത്രങ്ങളും സിനിമകളും ഡയലോഗുകളും. അദ്ദേഹം തിരകഥയെഴുതി സംവിധാനം ചെയ്തതുമായ ചിത്രങ്ങളും ഡോക്യുമെന്ററിയും പ്രധാനമാണ്.

അവയിൽ പലതിലും കേരളത്തോടും അദ്ദേഹം ജനിച്ചു വളർന്ന നാടിനോടും ചേർന്ന് നില്‍ക്കുന്ന, പ്രത്യേകയുള്ള ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കേരളത്തിന്റെ, മധ്യകേരളത്തിന്റെ ചില പഴയകാല കഥകളും സാമൂഹിക സാംസ്കാരിക-ചരിത്രപരമായ വശങ്ങളും പാട്ടുകളും നമുക്കതിൽ കാണാം, കേൾക്കാം. അദ്ദേഹത്തിന്റെ സാംസ്കാരിക-ചരിത്ര ബോധത്തെ എടുത്തുകാണിക്കാനും ഇവ ഉദാഹരണങ്ങളാണ്.

കറുത്ത ജൂതനിലെ ജൂതപ്പാട്ട് 

സലിം കുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച്, മികച്ച കഥയ്ക്കുള്ള 2016ലെ സംസ്ഥാന അവാർഡ് നേടിയ സിനിമയാണ് കറുത്ത ജൂതൻ. സാധാരണ മലയാള സിനിമയോ സാഹിത്യമോ കേരളത്തിലെ ജൂതന്മാരെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അത് പലപ്പോഴും മട്ടാഞ്ചേരിയിലെ പരദേശി ജൂതന്മാരെ കേന്ദ്രീകരിച്ചാണ്. ഇവരും സമൂഹവും മറക്കുന്ന, കറുത്ത ജൂതന്മാരുടെ കഥയാണ് ഈ സിനിമയിലൂടെ പറഞ്ഞുവയ്ക്കുന്നത്.

ഏകദേശം 2,500 വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലിൽ നിന്ന് കേരളത്തിലേക്ക് പലായനം ചെയ്ത്, മാള, വടക്കൻ പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കി, ഒടുവിൽ ഇസ്രയേലിലേക്ക് മടങ്ങിയെത്തിയവരാണ് ഈ വിഭാഗം ജൂതർ. 

ഇവരുമായി ബന്ധപ്പെട്ട് സലിം കുമാ‍ർ ജനിച്ചു വളർന്ന നാട്ടിൽ പണ്ട് കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യങ്ങൾ സിനിമയിൽ വന്നപ്പോൾ അത് ചരിത്രത്തിന്റെ ഓർമപ്പെടുത്തലും, സന്ദേശവും പലർക്കും പുതിയൊരു അറിവുമായി. ഇസ്രയേൽ പലസ്തീൻ വിഷയം കേരളത്തിലെ മാള പോലൊരു കൊച്ചു സ്ഥലത്തുണ്ടാക്കുന്ന ഇംപാക്റ്റ് സംബന്ധിച്ച കാര്യവും സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിൽ അദ്ദേഹം കൊണ്ടുവന്നിട്ടുള്ള ഈ വിഷയങ്ങൾക്കൊപ്പം സിനിമയുടെ ടൈറ്റിൽ ട്രാക്കായി ഉൾപ്പെടുത്തിയിട്ടുള്ള പാട്ടാണ് മറ്റൊരു പ്രത്യേകത. പണ്ടുകാലത്ത് ഇവിടുത്തെ ജൂതർ പാടിയിരുന്ന ‘ത തിൻതക’ (കാർകുഴലി) എന്ന പാട്ടാണിത്. ഒരു ജൂയിഷ് ഫോക്‌സോങ്.

കംപാർട്ട്‌മെന്റിലെ തീണ്ടാരിപ്പാട്ട്

ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് സലിം കുമാർ കഥയും തിരകഥയും എഴുതി സംവിധാനം ചെയ്ത ആദ്യ സിനിമയായ കംപാർട്ട്മെന്റ് (2015). ഭിന്നശേഷിക്കാരായ കുട്ടികളെ നായികാ, നായകനാക്കിയും, മുഖ്യകഥാപാത്രങ്ങളാക്കിയും അവതരിപ്പിക്കുന്ന ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സിനിമയായിരിക്കുമിത്. സിനിമയിൽ അപൂർവമായി കാണുന്ന ഒരു ശ്രമം.

ഇതിലുമുണ്ട് കേരളത്തിന്റെ പോയകാലത്തെ ഓർമയുണർത്തുന്ന ഒരു പാട്ട്– തീണ്ടാരിപ്പാട്ട്. പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ നടത്തിയിരുന്ന ‘തിരണ്ടുകല്യാണം’ അഥവാ ‘കെട്ടുകല്യാണം’ എന്ന ചടങ്ങിനോടനുബന്ധിച്ച് പണ്ട് പാടിയിരുന്നതാണ് ഈ പാട്ടുകൾ.

ഇന്നത്തെ തലമുറയ്ക്ക് അറിയുകയോ തൊട്ടുമുൻപത്തെ തലമുറയ്ക്ക് ഓർമ പോലും ഇല്ലാത്ത ഒന്നാകുമിത്. ‘തീണ്ടാരി’യുടെ ഒരു കൊച്ചു അനുഭവകഥയും ഇതിലെ ഒരു കഥാപാത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. 

പൊക്കാളിയും കൊയ്ത്ത് പാട്ടും

സിനിമകൾ സംവിധാനം ചെയ്യുന്നതിനു മുന്നേ ഒരു ചെറിയ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട് അദ്ദേഹം. ഒരു പതിറ്റാണ്ടിനും ഒക്കെ മുൻപേ. മധ്യകേരളത്തിൽ മാത്രമുള്ള തനത് നെൽവിളയായ പൊക്കാളിയെക്കുറിച്ച് ആദ്യമായി ഒരു ഡോക്യുമെന്ററി നിർമിക്കുന്നത് സലിം കുമാറാണ്. പൊക്കാളിക്കൃഷി നടത്തുകയും ചെയ്തിരുന്നു അദ്ദേഹം.

കാർഷിക പൈതൃകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയാണ് ചിത്രീകരണം. ഒപ്പം, പൊക്കാളിക്കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾ പാടുന്ന പാട്ടും ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്.

ഇങ്ങനെ പഴയ കാലത്തിന്റെ ചില ഓർമകൾ കൂടി തിരശ്ശീലയിലേക്ക് പകർത്തി അനശ്വരമാക്കിയാണ് സലിം കുമാറിന്റെ മടക്കം.

അദ്ദേഹം അഭിനയിച്ച ആദ്യ സിനിമയുടെ പേര് പോലെ…

‘ഇഷ്ടമാണ് നൂറുവട്ടം’

Article Tags:
· ·
Article Categories:
Featured Posts · Prime Time

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading