മറാഠി സ്റ്റാൻഡ് അപ് കൊമേഡിയനും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ പ്രണിത് മോറേയുടെ ഷോ നടക്കുകയാണ്. കാണികളെ ഉള്‍ക്കൊള്ളിച്ചുള്ള ക്രൗഡ് വർക്ക് ഷോയാണ് നടക്കുന്നത്. ഡേറ്റിങ്ങിനെക്കുറിച്ചുള്ള തമാശകളിലേക്കെത്തി. ഡേറ്റിങ്ങിനെത്തിയ പെൺകുട്ടിക്ക് 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകി എന്ന് കാണികളിലൊരാളായ ഹിമാൻഷു ജംഗ്ര എന്ന ഹരിയാന ഗുരുഗ്രാം സ്വദേശിയായ 22കാരൻ പറഞ്ഞു. 370 രൂപ മുതലാക്കേണ്ടേ? എന്നും കൂട്ടിച്ചേർത്തു.
വീട്ടിൽ വിടണം എന്നു പറഞ്ഞ പെൺകുട്ടിയെ കൃത്യമായ നോ പറഞ്ഞിട്ടും കൺസെന്റില്ലാതെ ശാരീരികമായി ഉപദ്രവിച്ചു എന്നു പറഞ്ഞു. ആളില്ലാത്ത ഇരുട്ടു നിറഞ്ഞ പാർക്കിൽവച്ചു പെൺകുട്ടിയെ സ്പര്‍ശിച്ചതും അവള്‍ കൃത്യമായ നോ പറഞ്ഞിട്ടും ശരീരത്തിൽ തൊട്ടതും എവിടെ, എങ്ങനെ തൊട്ടെന്നും അവൾ ധരിച്ച വസ്ത്രത്തിന്റെ അളവും പറഞ്ഞു ചിരിച്ചു. ഒരു വലിയ സദസ്സിൽ വച്ച്.

ആ വേദി ഒന്നാകെ ഇളകിമറിഞ്ഞു ചിരിച്ചു, ജംഗ്രയെ ശരിവച്ചു. പ്രണിത് മോറേ ‘പീക്ക് ഗുഡ്ഗാവ് കോണ്ടന്റ്’ എന്നു പറഞ്ഞ് ആ യുവാവിന്റെ ചെയ്തിയെ സംസാരത്തെ പ്രോത്സാഹിപ്പിച്ചു. കൂടുതൽ വിശദീകരിക്കാന്‍ നിർബന്ധിച്ചു. ഷോയിലെ ഏറ്റവും വലിയ സമ്മാനത്തുകയും നൽകി.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തീർച്ചയായും അത് പ്രണിതിനോ ആ വേദിക്കോ അനുകൂലമല്ലായിരുന്നു. സ്ത്രീകൾക്കായി പണം മുടക്കിയാൽ അത് മുതലാക്കണമെന്ന അതിനീചമായ ചിന്തയിലേക്ക് ഒരാൾ എത്തുന്നു. അതിനെ ചിരിച്ചു പ്രോത്സാഹിപ്പിക്കുന്ന ചുറ്റുമുള്ള മനുഷ്യരും ഒരേ പോലെ കുറ്റക്കാരാണ്.
വിഡിയോ വൈറലായി, 370 എന്ന സംഖ്യയ്ക്ക് ഞങ്ങൾക്ക് നല്ല ഒരു പാക്കറ്റ് സാനിറ്ററി പാഡുപോലും ലഭിക്കില്ലെന്ന് സ്ത്രീകളും സമൂഹ മാധ്യമ ഇൻഫ്ലുവൻസേഴ്സും തുറന്നടിച്ചു. ഹിമാൻഷു ജംഗ്രയെ ജോലിയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നിരവധി മെയിലുകൾ പോയി.

തൊഴിലിടത്തിൽ മികച്ച ജോലിക്കാരനായിട്ടും സ്ത്രീകളടക്കമുള്ള സഹപ്രവർത്തകരോടു നന്നായി ഇടപഴകിയിട്ടും സ്ഥാപനം അയാളെ പിരിച്ചുവിട്ടു. പൊതുവിടത്തിൽ 370ന്റെ ബിരിയാണി നൽകിയാൽ ഡേറ്റിനു വന്ന പെൺകുട്ടിയെ ശാരീരകമായി മുതലെടുക്കുമെന്ന പരാമർശത്തെ തുടർന്ന്. വിവാദങ്ങൾക്ക് പിന്നാലെ ഹിമാൻഷു മാപ്പുപറഞ്ഞെത്തിയിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകളും ഡിയാക്ടിവേറ്റ് ചെയ്തു.
എത്തിക്സ് അറിയാത്ത ജൂനിയര്‍ ഡോക്ടർ
ഇതേ ഷോയിൽവച്ച് നടന്ന മറ്റൊരു സംഭവവും സമാന്തരമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുംബൈ കെ.ഇ.എം ഹോസ്പിറ്റലിൽ പഠിക്കുന്ന സേജൽ പവാർ എന്ന മെഡിക്കൽ വിദ്യാർഥി ഇതേ ഷോയിൽ മറ്റൊരു തമാശ പറഞ്ഞു. താനും സഹപാഠികളും ചേർന്ന് മെഡിക്കൽ ഡിസെക്ഷൻ (Dissection) ക്ലാസുകളിൽ പഠനത്തിനായി വച്ചിരിക്കുന്ന പുരുഷന്മാരുടെ മൃതദേഹങ്ങളുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് പരിഹസിക്കാറുണ്ടെന്നാണ് അവർ പറഞ്ഞത്.

പഠന ആവശ്യങ്ങൾക്കായി ശരീരം ദാനം ചെയ്ത മൃതദേഹങ്ങളോട് കാണിച്ച ഈ പെരുമാറ്റം മെഡിക്കൽ എത്തിക്സിന്റെ (Medical Ethics) കടുത്ത ലംഘനമാണ്. ഒരു മനുഷ്യൻ തന്റെ ശരീരം പഠനത്തിനായി വിട്ടുനൽകുന്നു എന്ന മഹത്തരമായ കാര്യത്തെ അവഹേളിച്ചതോ, ഒരു മെഡിക്കൽ വിദ്യാർത്ഥി! ഈ പെൺകുട്ടിയുടെ പരാമർശത്തെയും പ്രണിത് മോറേ ചിരിച്ചു പ്രോത്സാഹിപ്പിച്ചു. വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ മെഡിക്കൽ കോളജ് തന്നെ മാപ്പു പറഞ്ഞു രംഗത്തെത്തി.
സ്റ്റാൻഡ് അപ് കൊമേഡിയന്‍ പ്രണിത് മോറേ മാപ്പ് പറഞ്ഞു. തന്റെ പരിപാടിക്കിടെയുണ്ടായ പരാമർശങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞു. പിന്നാലെ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്യുകയും ചെയ്തു.
ഇത് ആദ്യമായല്ല തമാശയെന്ന പേരിൽ സ്ത്രീകളെ വസ്തുവത്കരിക്കുന്നത്. സ്ത്രീ ശരീരത്തെ ചിരിക്കാനുള്ള വകയാക്കുന്നതിലാണ് തമാശയെന്നു കരുതുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. തമാശയ്ക്ക് അതിരുകളുണ്ട് എന്നതിന്റെ മാന്യത പോലും ലംഘിക്കപ്പെടുകയാണ് ഇത്തരം വേദികളിൽ. എന്നാൽ, വലിയ രീതിയിലുള്ള തിരിച്ചടിയാണ് സമൂഹ മാധ്യമങ്ങളിൽ ഇവർക്കുനേരെയുണ്ടായത്.
ചിരിച്ചു തള്ളാതെ സമൂഹം
സൊമാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്പിന്റെ പുഷ് നോട്ടിഫിക്കേഷനും വിവാദമായി. ‘ബിരിയാണി അയക്കട്ടേ ? 370 രൂപമാത്രം’ എന്ന നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ടുകളും വിവാദമായി. ഇതു വ്യാജമാണെന്ന് സൊമാറ്റോ വ്യക്തമാക്കി. ഒപ്പം ബിരിയാണി ഭക്ഷണമാണ്, കൺസെന്റ് അല്ലെന്നും എക്സിൽ കുറിച്ചു.
മുംബൈ പൊലീസ് ബിരിയാണി കൺസെന്റ് അല്ലെന്ന് വ്യക്തമാക്കി പോസ്റ്റിട്ടു. 370ന് ബിരിയാണി കിട്ടും എന്നാൽ, ജയിലിൽ സൗജന്യഭക്ഷണവും ദീർഘനാളുകൾ കഴിയാനുള്ള അനുവാദവും ലഭിക്കുമെന്നും വ്യക്തമാക്കി.
സമൂഹം ഒന്നടങ്കം അല്ലെങ്കിലും വലിയൊരു വിഭാഗം ഈ വിഷയത്തെ സമീപിച്ചത് ആശ്വാസകരമാകുന്ന രീതിയിലാണ്. ഇതൊരു തമാശയല്ലെ? എന്ന അതിലാഘവത്തിൽ ഇതിനെ ചിരിച്ചു തള്ളാൻ സമൂഹത്തിന് സാധിക്കില്ല. വിനോദ പരിപാടികളുടെ പേരിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്ന മോശം പ്രവണതയാണ് തമാശയെന്ന മിഥ്യയിൽ നിന്ന് പുതിയകാലത്തിന്റെ തമാശകളും മാറിയിട്ടില്ല.
മറ്റൊരാളെ ചൂണ്ടി ചിരിക്കാനുള്ളത് പറയുന്നത് ഒരിക്കലും തമാശയല്ല. ബോഡി ഷെയ്മിങ്, കൺസെന്റ്, സ്വകാര്യത ലംഘനം, പൊളിറ്റിക്കൽ കറക്ട്നെസ് തുടങ്ങിയ വിഷയങ്ങൾ ഈ വിഷയത്തിൽ ലംഘിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡ് അപ് കോമഡി എന്ന പേരിൽ ഒളിച്ചുകടത്തുന്ന സ്ത്രീവിരുദ്ധതയും കാണാതെ പോകരുത്. ഒരു മൈക്കും അതിനു പിന്നിൽ ഒരു സദസ്സും ഉണ്ടെങ്കിൽ നിങ്ങളുടെ എല്ലാ ‘തമാശ’കൾക്കും അവർ ആർത്തുചിരിക്കുന്നുണ്ടെങ്കിൽ അതിലെ സ്ത്രീവിരുദ്ധതയും തെറ്റുകളും ചൂണ്ടിക്കാട്ടിയേ തീരൂ.

ഒരു സ്ത്രീക്ക് വേണ്ടി പണം ചിലവഴിച്ചാൽ അത് അവളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തിനുള്ള അവകാശമാണെന്ന ബോധത്തെയാണ് സമൂഹം ഇത്തിരി വൈകിയെങ്കിലും ചോദ്യം ചെയ്തു തുടങ്ങിയത്.
370 രൂപയെന്ന തുച്ഛമായ സംഖ്യയ്ക്ക് ആ പെൺകുട്ടി പറഞ്ഞ ‘അരുത്’ എന്ന വിലക്കിനേക്കാളും വിലയില്ലെന്ന് ആ സദസ്സിലിരുന്ന് ഇളകിച്ചിരിച്ചവർ മനസിലാക്കേണ്ടതുണ്ട്.
ചിരി അവസാനിക്കുമ്പോൾ മഹാരാഷ്ട്ര സൈബർ പൊലീസ് പ്രണിത് മോറേയ്ക്കും ഹിമാൻഷുവിനുമെതിരെ കേസെടുത്തു കഴിഞ്ഞു. സമൂഹം പ്രബുദ്ധരാകേണ്ടത് ഇത്തരം ‘വസൂലാക്കൽ തമാശ’കളിൽ പ്രകോപിതരായി കൂടിയാണ്!
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




