“ഓന്റെ ഇൻസ്റ്റാഗ്രാം പേരിന്റെ വാലായിട്ട് അമ്മേന്റെ പേരാ ഇട്ടത്. ഞാനിതൊന്നും നോക്കാറില്ല. എന്നോടെന്റെ മോള് പറഞ്ഞതാ. ന്നിട്ടേ ഓൾക്കും അങ്ങനെ ആക്കണം പോലും. ഞാൻ സമ്മതിക്കില്ല. നമ്മുടെ തറവാട്ടിൽ ആണുങ്ങൾക്കാണ് പ്രാധാന്യം അതത്രേയുള്ളൂ.“

1893ൽ പുറത്തിറങ്ങിയ രാജാ രവി വർമ്മയുടെ ‘There Comes Papa’ എന്ന വിഖ്യാത ചിത്രം നിങ്ങൾ ഓർക്കുന്നുണ്ടാവും. ഒരു രാജാത്തി കുട്ടിയെ കയ്യിലെടുത്ത് പുറത്തേക്ക് കൈ ചൂണ്ടി നിൽക്കുന്ന ആ ചിത്രം വലിയ തിരിച്ചറിവായിരുന്നു. ആ കാലഘട്ടം വരെ കേരളത്തിലെ ചില പ്രത്യേക ഗോത്രങ്ങളിൽ അച്ഛൻ എന്ന പദവിക്ക് വലിയ പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയൊരു ‘പോസ്റ്റ്’ തന്നെ കാര്യമായി നിലവിലുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ആ ഗോത്രവും സംസ്കാരവും മാത്രമായിരുന്നില്ല നമ്മുടെ ചരിത്രമെങ്കിലും, അവിടെയിവിടെയൊക്കെ എഴുതിവച്ച ചരിത്ര ഏടുകൾ വച്ചു നോക്കുമ്പോൾ “ഓ, ഇവിടെ സ്ത്രീകൾക്ക് വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല കേട്ടോ” എന്ന് പറയാനാണ് പലർക്കും എളുപ്പം. എന്നാൽ, ഏതെങ്കിലുമൊക്കെ ഒരു ഘട്ടത്തിൽ പെണ്ണുങ്ങൾക്കും ഇവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
അത് അന്നുമുണ്ട്, ഇന്നുമുണ്ട് എന്ന് പറയുമ്പോൾ അതിനെ തട്ടിക്കളയാൻ ചിലർ കണ്ടെത്തുന്ന എളുപ്പവഴിയാണ് “അതുപിന്നെ പണ്ടിവിടെ തള്ളവാഴ്ചയായിരുന്നല്ലോ, അന്ന് ആണുങ്ങൾക്ക് ഒരു പവറും ഇല്ലായിരുന്നു, എന്നിട്ട് ആണുങ്ങൾ പ്രശ്നമുണ്ടാക്കിയോ” എന്ന വാദം. ഇങ്ങനെയൊരു പ്രശ്നമേ ഇവിടെയില്ലാ എന്ന് വരുത്തിത്തീർക്കാനുള്ള ഒരു ശ്രമമാണിത്.
വളരെ ചുരുക്കം ഗോത്രങ്ങളിൽ മാത്രം നിലവിലിരുന്ന പരിപാടിയായിരുന്നു ഈ തള്ളവാഴ്ചയും തായ്‌വഴി ചിട്ടയും. അതായത് മേട്രിയാർക്കിയും (Matriarchy) മാട്രിലീനിയൽ (Matrilinear) സിസ്റ്റവും. അക്കാലത്ത് മണ്ണിന്മേൽ ഉടമസ്ഥതയുണ്ടായിരുന്നതിനാൽ ലേശമൊക്കെ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയംവരാവകാശമൊക്കെ പെണ്ണുങ്ങൾക്കുണ്ടായിരുന്നു. മനസ്സിനിണങ്ങാത്ത സംബന്ധക്കാരനോട് “അതേ, നാളെത്തൊട്ട് വരണ്ട കേട്ടോ” എന്നുപറയാൻ അവർക്ക് പറ്റിയിരുന്നു.

മരുമക്കത്തായ തറവാട്ടിലെ എല്ലാ ചടങ്ങുകളും സ്ത്രീ കേന്ദ്രീകൃതമായിരുന്നു. അമ്മയെ തളയ്ക്കുന്ന അച്ഛൻ അന്ന് സീനിലേ ഇല്ലായിരുന്നു. അങ്ങനെ, താക്കോൽക്കൂട്ടമൊക്കെ അരയിലങ്ങനെ തിരുകി രാജാത്തിയായ തറവാട്ടമ്മയായി പെണ്ണുങ്ങൾ വാണു. പക്ഷേ, ഇവരുടെ കയ്യിൽ നിന്ന് ആ താക്കോൽക്കൂട്ടം തട്ടിയെടുക്കാൻ ആങ്ങളമാർക്ക് അധികം സമയമൊന്നും വേണ്ടിവന്നില്ല. ഗോത്രം കുടുംബത്തിലേക്ക് ചുരുങ്ങിയതോടെ അമ്മാളുഅമ്മയെ അടുക്കള വിഴുങ്ങുകയും അമ്മാവൻ പെരുമയങ്ങോട്ട് വിളങ്ങുകയും ചെയ്തു.
കേരളത്തിലെ ആൺകോയ്മയും നവോത്ഥാനവും
ശരിക്കും പണ്ടു മുതൽക്കേ തന്നെ മണ്ണിനും പെണ്ണിനും അധികാരി പുരുഷൻ തന്നെയാണ് എന്ന കാര്യത്തിൽ വേറെ സംശയമൊന്നുമില്ല. അത്തരമൊരു ചിന്താഗതിയുണ്ടായിരുന്ന ഇന്ത്യയുടെ വടക്കു വശത്തുള്ളവർ കേരളത്തിൽ വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അവർക്കൊപ്പം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയിൽപ്പെട്ടാൽ ദോഷമുള്ള വ്യവസ്ഥിതികളുമൊക്കെ ഇവിടെ വന്നു ചേർന്നു.
കൂട്ടത്തിൽ നമ്മുടെ സമൂഹം ഏറ്റവും കൂടുതൽ സ്വീകരിച്ചത് വടക്കൻ ആൺകോയ്മയെ ആയിരുന്നു. അതോടെ സ്ത്രീ മറക്കുടയായി, അകത്തമ്മയായി, അന്തർജനമായി വെറും ‘പെണ്ണ്’ മാത്രമായി ഒതുങ്ങിപ്പോയി.
പിന്നീട്, അടുക്കളയിൽ നിന്നും പെണ്ണിനെ അരങ്ങത്തേക്ക് എത്തിക്കുക എന്നതായി ഇവിടുത്തെ സാമൂഹിക വിപ്ലവകാരികളുടെ പ്രധാന ദൗത്യം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ ഇടപെടലുകൾ മാത്രമല്ല നടത്തിയത്, മറിച്ച് സ്ത്രീവിമോചനവും സ്ത്രീയുടെ സ്വത്വവിചാരത്തിന്റെ വഴി കണ്ടെത്തലും ഒക്കെ അവർ ഏറ്റെടുത്തു നടത്തി. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, ബ്രഹ്മാനന്ദശിവയോഗി, അയ്യങ്കാളി തുടങ്ങിയ മഹാൻമാരൊക്കെ സ്ത്രീക്ക് നീതി കിട്ടണം എന്ന് ശക്തമായി അഭിപ്രായപ്പെട്ടവരായിരുന്നു. പക്ഷേ, ഇതൊക്കെ ഇങ്ങനെയാണെങ്കിലും, അടിത്തട്ടിലുള്ള അടിയാത്തിയുടെ മോചനത്തെപ്പറ്റി സംസാരിക്കാൻ പിന്നെയും കാലം കുറേ ഉരുളേണ്ടി വന്നു.
ബ്ലാക്ക് ഫെമിനിസവും ദളിത് ഫെമിനിസവും
അമേരിക്കയിൽ 1960കളിൽ ശക്തമായി ഉയർന്നുവന്ന ബ്ലാക്ക് ഫെമിനിസത്തിന് (Black Feminism) നമ്മുടെ ഇവിടുത്തെ ദളിത് ഫെമിനിസവുമായി വലിയ ബന്ധമുണ്ട്. ദളിത് എന്ന നിലയിലും സ്ത്രീ എന്ന നിലയിലും നേരിടുന്ന ഇരട്ട അടിച്ചമർത്തലുകളിൽ നിന്നുള്ള മോചനമാണ് ഇവിടുത്തെ ദളിത് ഫെമിനിസ്റ്റുകൾ ആവശ്യപ്പെട്ടതെങ്കിൽ, അങ്ങ് അമേരിക്കയിൽ ‘ബ്ലാക്ക്’ (കറുത്തവർഗ്ഗക്കാരി) എന്ന നിലയിലും ‘വുമൺ’ (സ്ത്രീ) എന്ന നിലയിലുമാണ് അവർ പ്രശ്നങ്ങൾ നേരിട്ടത്.
അടിമത്തം, അടിച്ചമർത്തൽ, അവസരങ്ങൾ മുടക്കൽ, വിവേചനം, ചൂഷണം, ഒഴിവാക്കിനിർത്തൽ, അധിക്ഷേപങ്ങൾ ഇങ്ങനെയുള്ള പല അവസ്ഥകളെ പെൺകൂട്ടായ്മ എന്ന നിലയിലും മനുഷ്യക്കൂട്ടം എന്ന നിലയിലും അവർക്ക് നേരിടേണ്ടി വന്നു.
ബരാക് ഒബാമയും ഫാമിലിയുമൊക്കെ അവിടെ വളരെ സൂപ്പറായിട്ട് ജീവിക്കുന്നുണ്ടല്ലോ എന്നൊക്കെ ചിലപ്പോൾ നമുക്ക് തോന്നുമായിരിക്കും. പക്ഷേ, ഈ ഒരു പുതിയ കാലത്തും ആ ഒരു കുടുംബത്തെ മാത്രം ചേർത്തു നിർത്തിയതുകൊണ്ട് തീരുന്ന പ്രശ്നമല്ല അവിടെ ചരിത്രപരമായി നിലനിന്നിരുന്നത്. നമ്മുടെ നാട്ടിലെ കാര്യം തന്നെ ആലോചിച്ചാൽ മതി. “ഞങ്ങളാരും ജാതി പറയാറൊന്നുമില്ലേ, എന്നാലും…” എന്നുള്ള വാചകങ്ങൾ നമ്മൾ കേൾക്കാറില്ലേ? അല്ലെങ്കിൽ “കറുത്തിട്ടായാലും എന്തൊരു ഭംഗിയാ ആ കുട്ടിയെ കാണാൻ” എന്നൊരു പ്രശംസ കേൾക്കാറില്ലേ? അത്രേയുള്ളൂ, ഇവിടുത്തെക്കാൾ ഒട്ടും ഭേദമല്ല അവിടുത്തെയും സ്ഥിതി.

ബ്ലാക്ക് ഫെമിനിസത്തിന്റെ ചരിത്രപരമായ അടിത്തറ
ബ്ലാക്ക് ഫെമിനിസം എന്നത് കേവലം അറുപതുകളിൽ പൊട്ടിമുളച്ച ഒരു പ്രസ്ഥാനമല്ല; അതിന് നൂറ്റാണ്ടുകളുടെ പോരാട്ട ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ അടിമത്ത നിരോധനത്തിനായി പോരാടിയ സൊജോർണർ ട്രൂത്ത് (Sojourner Truth) എന്ന വനിത തന്റെ “Ain’t I a Woman?” (ഞാനൊരു സ്ത്രീയല്ലേ?) എന്ന വിഖ്യാത പ്രസംഗത്തിലൂടെ കറുത്ത വംശജരായ സ്ത്രീകളുടെ പദവിയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. അമേരിക്കയിൽ ഏബ്രഹാം ലിങ്കൺ അടിമത്തം നിരോധിച്ചപ്പോൾ ഐക്യനാടുകളിൽ ബ്ലാക്ക് പ്രസ്ഥാനങ്ങൾ ഒരുപാടുണ്ടായി. അപ്പോഴാണ് കറുത്തവർഗ്ഗക്കാർക്ക് അവരുടെ അവകാശങ്ങളെപ്പറ്റി ബോധം വന്നത്. എന്നാൽ, ആ പ്രസ്ഥാനങ്ങളിലെല്ലാം പുരുഷന്മാർക്കായിരുന്നു മുൻഗണന.
മറുഭാഗത്ത്, വെളുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ പലപ്പോഴും കറുത്ത സ്ത്രീകളുടെ പ്രശ്നങ്ങളെയോ അവരുടെ വംശീയമായ യാഥാർത്ഥ്യങ്ങളെയോ ഉൾക്കൊള്ളാൻ തയ്യാറായില്ല. വെളുത്ത സ്ത്രീകളുടെ താല്പര്യങ്ങൾ മിക്കപ്പോഴും മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നപ്പോൾ, കറുത്ത സ്ത്രീകൾക്ക് വംശീയതയും (Racism) കടുത്ത ദാരിദ്ര്യവും അതിജീവനവുമായിരുന്നു പ്രധാന പ്രശ്നം. ഈയൊരു സാഹചര്യത്തിലാണ് കറുത്ത സ്ത്രീകൾ തങ്ങളുടേതായ ഗ്രൂപ്പുകൾ രൂപീകരിക്കാൻ തുടങ്ങിയത്.
അവകാശ ബോധവും വുമനിസവും
‘In Search of Our Mothers’ Gardens‘ എന്ന പുസ്തകത്തിൽ പ്രശസ്ത ചിന്തക ആലീസ് വോക്കർ (Alice Walker) ഒരു പ്രധാന കാര്യം പറയുകയുണ്ടായി. “ഫെമിനിസം എന്നുള്ള വാക്കു തന്നെ ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല, ഞങ്ങൾ ‘വുമനിസം’ (Womanism) എന്നൊരു വാക്കാണ് ഉപയോഗിക്കുക” എന്നവർ പ്രഖ്യാപിച്ചു. വെളുത്ത സ്ത്രീകളുടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ. മൂന്നാം ലോക രാജ്യങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി തങ്ങളുടെ പ്രശ്നങ്ങൾ എത്രത്തോളം ചേർന്നു നിൽക്കുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. എന്നാൽ, നമ്മളത് തിരിച്ചറിയാൻ പിന്നെയും കുറേ കാലം മുമ്പോട്ട് പോകേണ്ടി വന്നു.
ബ്ലാക്ക് ഫെമിനിസം കേവലം ലിംഗസമത്വത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. ലിംഗവിവേചനം (Sexism), വംശീയത (Racism), വർഗ്ഗവിവേചനം (Classism) എന്നിവ ഒരേസമയം ഒത്തുചേർന്ന് കറുത്ത സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ ശ്വാസം മുട്ടിക്കുന്നു എന്ന് ഈ പ്രസ്ഥാനം കൃത്യമായി ചൂണ്ടിക്കാണിച്ചു.
ഇന്റർസെക്ഷണാലിറ്റിയും ഐഡന്റിറ്റി പൊളിറ്റിക്സും
ബ്ലാക്ക് ഫെമിനിസത്തിനുള്ളിൽ തന്നെ പിന്നീട് പലവിധത്തിലുള്ള വകഭേദങ്ങൾ ഉണ്ടായി. ഇന്ന് രാഷ്ട്രീയ ചർച്ചകളിൽ നമ്മൾ നിരന്തരം കേൾക്കുന്ന ‘ഐഡന്റിറ്റി പൊളിറ്റിക്സ്’ (Identity Politics) എന്ന വാക്ക് ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് ബാർബറാ സ്മിത്ത് (Barbara Smith) എന്ന ബ്ലാക്ക് ലെസ്ബിയൻ സ്ത്രീയായിരുന്നു. 1977ൽ ബാർബറാ സ്മിത്തിന്റെ നേതൃത്വത്തിലുള്ള ‘കംബാഹി റിവർ കളക്ടീവ്’ (Combahee River Collective) എന്ന കറുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ കൂട്ടായ്മ പുറത്തിറക്കിയ പ്രകടനപത്രിക ബ്ലാക്ക് ഫെമിനിസത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി. വെളുത്ത സ്ത്രീവാദികളും കറുത്തവർഗ്ഗക്കാരായ പുരുഷന്മാരും ഒരുപോലെ തങ്ങളെ അവഗണിക്കുന്നു എന്ന് അവർ അതിലൂടെ വിളിച്ചുപറഞ്ഞു.
ഒരു സ്ത്രീ ഒരേസമയം കറുത്തവർഗ്ഗക്കാരിയും, സ്ത്രീയും, ഒപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവളും ആകുമ്പോൾ അവൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ ബഹുമുഖമാണ്. ഇതിനെയാണ് പിന്നീട് 1989ൽ കിംബർലെ ക്രെൻഷോ (Kimberlé Crenshaw) എന്ന നിയമവിദഗ്ദ്ധ ‘ഇന്റർസെക്ഷണാലിറ്റി’ (Intersectionality) അഥവാ ‘വിവേചനങ്ങളുടെ സങ്കരത്വം’ എന്ന് വിശേഷിപ്പിച്ചത്. അടിച്ചമർത്തലുകളുടെ ഈ പലതരം തട്ടുകളെയും പരസ്പരബന്ധത്തെയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട്, ബ്ലാക്ക് ഫെമിനിസം ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീവാദ ചിന്തകളിൽ വെട്ടിമാറ്റാൻ കഴിയാത്ത വേറിട്ടൊരു ശക്തമായ ശാഖയായി തന്നെ നിലകൊള്ളുന്നു.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




