“താനൊരു ഫെമിനിസ്റ്റ് ആണോ?“
ചോദ്യം ഒരു പെൺ സുഹൃത്തിനോടാണ്.
“പിന്നില്ലാതെ, എന്ത് ചോദ്യാ അത്!? പക്ഷേ ഇനിയും മാറാനുണ്ട് ഞാൻ. എടോ, എനിക്ക് ഒറ്റയ്ക്കു ദൂരെ റൈഡിനു പോകണം, വെള്ളമടിക്കണം, സ്മോക്ക് ചെയ്യണം… പിന്നെ ടാറ്റൂ അടിക്കണം. ഡ്രസിങ് ഒക്കെ ആകെയൊന്നു മാറ്റണം. ഇല്ലെങ്കിലെ ഇന്നത്തെ കാലത്തെ പെണ്ണല്ലാതാകും. ആൻ എംപവേർഡ് വുമൺ അങ്ങനെയൊക്കെയല്ലേ. എനിക്കുമാകണം അതുപോലെ.“
“ഇതെന്താ പെട്ടെന്നിങ്ങനെയൊരു പൂതി!? ശരിക്കും ആഗ്രഹം തോന്നിയിട്ടാണേൽ കുഴപ്പമൊന്നുമില്ല. പക്ഷേ, ആൻ എംപവേർഡ് വുമൺ അങ്ങനെയൊക്കെയല്ലേ എന്ന് ചോദിച്ചതിൽ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക് അടിക്കണുണ്ട്. അതുകൊണ്ടു പറഞ്ഞതാ.”

“അതിപ്പോ, അങ്ങനെയൊക്കെ ഇന്നത്തെക്കാലത്ത് ചെയ്യാൻ പറ്റുന്നതല്ലേ സ്വാതന്ത്ര്യം. പുരുഷന്മാർക്ക് മദ്യപിക്കുകയും പുകവലിക്കുകയുമാകാം. എന്നാൽ, സ്ത്രീകൾ ചെയ്താൽ വലിയ പ്രശ്നം ആയിരുന്നല്ലോ. അതൊക്കെ പൊളിച്ചെറിയണം.”
“ഓഹോ, പക്ഷേ തനിക്ക് മദ്യപിക്കുന്നതും പുകവലിക്കുന്നതും ഇഷ്ടമുണ്ടായിട്ടാണോ?“
“അല്ല. പെണ്ണായാൽ ഇന്നത്തെ കാലത്ത് അതൊക്കെ ചെയ്യണം. എന്നാലേ ഒരു വിലയുള്ളു. ഇല്ലേൽ ഔട്ട് ഡേറ്റഡ് ആയിപ്പോകും. പിന്നെ ശരീരം മൊത്തം പുതച്ചു നടക്കാതെ ഷോട്സും ക്രോപ്ടോപും സ്ലീവ്ലെസും ഒക്കെ ധരിക്കണം. അടിമുടിയൊന്ന് മാറണം. വീട്ടിലൊക്കെ ചടഞ്ഞുകൂടിയിരിക്കുന്ന ചില സ്ത്രീകൾ ഇല്ലേ, അവരെ പോലെ ആകാതെ ജോലിക്ക് ഒക്കെ പോയി, അങ്ങനെയങ്ങനെ… ഇന്നത്തെ സ്ത്രീകൾ ഫെമിനിസ്റ്റ് ആശയം ഉയർത്തിപ്പിടിക്കണമെന്നേ!“
“ആഹ് ബെസ്റ്റ്! ഫെമിനിസം… ഇതോ? സമൂഹത്തിലുള്ള ഒരു വിഭാഗം സ്ത്രീകളെ ഇമിറ്റേറ്റ് ചെയ്യുന്നതും അവരിൽനിന്നും വ്യത്യസ്തമായ ജീവിതശൈലി തിരഞ്ഞെടുത്തിട്ടുള്ള മറ്റൊരു വിഭാഗം സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണോ തന്റെ ഫെമിനിസ്റ്റ് ആശയങ്ങൾ?“
“അതെന്താ അങ്ങനെ പറഞ്ഞേ?“

“ഭൂരിഭാഗമായി പുരുഷന്മാർ ചെയ്തുവന്നിരുന്ന കുറേ കാര്യങ്ങൾ സ്ത്രീ ചെയ്താലെ ഫെമിനിസ്റ്റ് അല്ലെങ്കിൽ താൻ പറഞ്ഞപോലെ എംപവേർഡ് വുമൺ ആകൂ എന്നത് തെറ്റിദ്ധാരണയാണ്. ചുറ്റും കാണുന്നവരിൽ ഒരു വിഭാഗം അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇഷ്ടമല്ലാത്ത കാര്യമായിട്ടും അത് താൻ ചെയ്യാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ ഇമിറ്റേഷൻ മാത്രം അല്ലേ? മദ്യപിക്കണമെന്നതും പുകവലിക്കണമെന്നതും അത് ചെയ്യുന്നവരുടെ വ്യക്തി താൽപര്യങ്ങളാണ്. അത് അവർക്ക് ചെയ്യാൻ സാധിക്കുന്ന സ്വാതന്ത്ര്യം ഇവിടെ ഉള്ളതും അവകാശം ഹനിക്കാതെ വരുന്നിടത്തുമാണ് ഫെമിനസം വിജയമാകുന്നത്. മനുഷ്യന്റെ അവകാശം തുല്യമാണ്. താൽപര്യങ്ങൾ തുല്യമല്ല. നിർബന്ധമായി പകർത്തേണ്ടതുമല്ല. വസ്ത്രധാരണത്തിലും സമൂഹത്തിലെ ഇടപെടലുകളിലും ഇതുതന്നെ.
ഒന്ന് ചോദിക്കട്ടേ, ഫെമിനിസ്റ്റ് എന്നു പറയുമ്പോൾ തന്റെ എന്താ സങ്കൽപം? മനസിൽ ആദ്യം വരുന്നതെന്താ?“
“ഒരു പ്രത്യേക ലുക്കാ. വലിയ പൊട്ട് തോട്ട്, വലിയ ആഭരണങ്ങളിടുന്നത്, സാരി അലസമായി ഉടുത്ത്… അല്ലെങ്കിൽ പോട്ടേ… വെറൈറ്റി വസ്ത്രധാരണം, സംസാരത്തിനിടയിൽ പുകയ്ക്കുന്നത്, പുസ്തകം വായിക്കുന്നത്, സ്ത്രീകൾക്കുവേണ്ടി സംസാരിക്കുന്നത്, പ്രതിഷേധങ്ങളിലും നവോത്ഥാന പ്രവർത്തികളിലും ഇടപെടുന്നത്… അങ്ങനെയൊക്കെ.“

“ഇതെല്ലാം ഒരാൾ ചെയ്യുന്നത് തെറ്റൊന്നുവല്ല. പക്ഷേ പലപ്പോഴും ഇതൊക്കെ ഫെമിനിസ്റ്റിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ചില ക്ലീഷേ കാര്യങ്ങളാ. അത് പൂർണമായും ശരിയല്ല. ഫെമിനിസത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളവരോ സംസാരിക്കുന്നവരോ അത്തരത്തിലെന്തെങ്കിലും അവരുടെ താൽപര്യത്തിനു ചെയ്തിട്ടുണ്ടെന്നുവച്ച് അതുമാത്രമാണ് ഫെമിനിസമെന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ കാണുന്നവർ ചെയ്യുന്നതാണ് എല്ലായ്പ്പോഴും ഫെമിനിസമെന്നും കരുതരുത്. മനുഷ്യർക്കിടയിൽ തുല്യതയും സമത്വവും കൊണ്ടുവരുന്നതാണ് ഫെമിനിസം എന്ന അടിസ്ഥാന തത്ത്വം മനസിലാക്കൂ. അല്ലാത്തവ സ്യൂഡോ ഫെമിനിസമാണ്. മാത്രല്ല, അത് നമ്മുടെ ജഡ്ജ്മെന്റിനെയും അനുരൂപീകരണത്തെയും ശാക്തീകരണമായി മറയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും, മറ്റു ലിംഗക്കാരെ അടിച്ചമർത്താനും താൽപര്യ വലയങ്ങളിൽപ്പെടാത്തവർക്ക് ഒരു വിലയും നൽകാത്ത തരത്തിലുള്ള അധാർമികമായ പെരുമാറ്റത്തെ ന്യായീകരിക്കാനും ചിലർ അവരുടെ‘ഫെമിനിസ്റ്റ്’ ഭാഷ ഉപയോഗിക്കാറുണ്ട്.
അവകാശങ്ങളെ വ്യക്തികൾ മനസ്സിലാക്കണം. താൽപര്യങ്ങളും. ജോലിക്കു പോകാതെ വീട്ടിൽ തന്നെ കഴിയുന്നവർ… പുരുഷനോ സ്ത്രീയോ ട്രാൻസ്ജെൻഡറോ… അവരുടെ ഇഷ്ടത്തിനാണ് അത് ചെയ്യുന്നതെങ്കിൽ എന്താണ് പ്രശ്നം? ഇത് മോശമാണെന്ന് നിങ്ങളുടെ മനസിലെ ഫെമിനിസ്റ്റ് ആശയം ചിത്രീകരിക്കുന്നുണ്ടെങ്കിൽ അതാണ് കുഴപ്പം. തിരുത്തേണ്ടതുണ്ട്.“
“പുരുഷനും?“

“അതെ, പുരുഷനും. ഫെമിനിസം സ്ത്രീകളുമായി ബന്ധപ്പെട്ട് മാത്രം കിടക്കുന്നതല്ല. എല്ലാ ജെൻഡറിലേക്കും പരന്നു കിടക്കുന്നതാണ്. കഴിവിലും ശരീര ഘടനയിലും പവറിലുമെല്ലാം ഓരോ ജെൻഡറുകളിലുള്ളവരും വ്യത്യസ്തരാണ്. എന്നാൽ, ഒരു സമൂഹത്തിൽ ഇവർക്കെല്ലാവർക്കുമുള്ള അവകാശം തുല്യമാണ്. ഉദാഹരണത്തിന്, പുരുഷൻ ഉള്ളിടത്തെല്ലാം സ്ത്രീയ്ക്കെത്തണമെന്ന നിർബന്ധമല്ല… പുരുഷൻ എത്തിയ ഇടത്ത് ഒരു സ്ത്രീയ്ക്ക് എത്തണമെന്നുണ്ടെങ്കിൽ ലിംഗത്തിന്റെ പേരിലുള്ള വിവേചനം അതിലേക്ക് തടസ്സമാകാതിരിക്കുന്നതും, അവർക്ക് അതിനായി പ്രവർത്തിക്കാൻ സാധിക്കുന്നതുമാണ് ഇക്കാര്യത്തിൽ ആരോഗ്യപൂർണമായ അന്തരീക്ഷം.“
“അതേല്ലേ!“
“പലപ്പോഴും ഫെമിനിസവും ശാക്തീകരണവുമെല്ലാം തെറ്റായി പ്രതിനിധീകരിക്കപ്പെടുകയാണ്. അതിന്റെ കുഴപ്പമാണിതെല്ലാം. ചിലപ്പോഴൊക്കെ, തുല്യത വേണമെന്ന് പറഞ്ഞു സ്ത്രീ സംവരണം കൊണ്ടുവരാറുണ്ട്. എന്നാൽ, കാഴ്ചയിൽ മാത്രമേ തുല്യത കാണൂ. പലപ്പോഴും, ഘടനാപരമായ സമത്വത്തേക്കാൾ കാഴ്ചയ്ക്കു മാത്രം പ്രാധാന്യം നൽകുന്നു. അവിടെയും പ്രശ്നമുണ്ട്. എന്നിരുന്നാലും സമൂഹം മാറുന്നുണ്ട്.“
“ഓ….! നൗ ഐ അണ്ടര്സ്റ്റാൻഡ്. കൊള്ളാം.“




