അല്ല, ഈ സാമൂഹ്യ ജീവിയായിട്ടുളള എല്ലാരെയും പോലെ പെണ്ണുങ്ങൾ കണ്ടറിഞ്ഞ് പഠിച്ചു വച്ചതൊക്കെ വെള്ളത്തിൽ വരച്ച വരയാ. അതായത് പെണ്ണുങ്ങൾ ലേശം കാര്യകാരണ സഹിതം എന്തെങ്കിലും പറഞ്ഞാൽ, “ഓ, ഓൾക്ക് ഇതൊക്കെ എവിടുന്ന് കിട്ടിയതാ? ആരേലും പറഞ്ഞു കൊടുത്തതായിരിക്കും പഠിപ്പിച്ചു വിടണതേ“, എന്നുപറയണ കേട്ടിട്ടുണ്ടോ? “അല്ലെങ്കിൽ നല്ല കുട്ടിയാട്ടോ“.
അവള് ‘നല്ല കുട്ടി’ എന്നു പറഞ്ഞാൽ എന്താണ്? അതിന് കൃത്യവും സ്പഷ്ടവുമായിട്ടൊരുത്തരം അങ്ങോട്ട് പറഞ്ഞൂടെ?
ഏയ്.. അങ്ങനെ പറഞ്ഞൂടാ…അതുപറഞ്ഞാലേ പവർഫുൾ ആയ നിലപാടും ഉത്തരങ്ങളുമൊക്കെയുള്ള പെണ്ണുങ്ങൾ ഈ പറഞ്ഞ പുരുഷന്മാരേക്കാൾ കൂടുതലായി എന്തൊക്കെയോ തെളിയിക്കേണ്ടി വരും. അവരുടെ ക്ലാസ്സ്, കാസ്റ്റ്, സോഷ്യൽ പൊസിഷൻസ് എല്ലാം. ഈ പറഞ്ഞ എല്ലാ പ്രിവിലേജും ഉണ്ടെന്നു തന്നെ വയ്ക്കുക. പിന്നെ തേപ്പുകാരിയായി. അയ്യേ, സംസ്കാരം ഇല്ലാ… അല്ലെങ്കിലും ‘പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്നാ’… എന്നുള്ള ജനറലൈസേഷനായി ആകെ പ്രശ്നമായി.
എന്നാൽ, നവോത്ഥാനം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ അവിടുന്ന് മെല്ലെ മെല്ലെയാണ് എല്ലാ പുരോഗതികളും ഇവിടെ പിച്ചവച്ചു തുടങ്ങിയത്.

അങ്ങനെ, സ്ത്രീകളും താരതമ്യേന സമൂഹത്തിൽ കാര്യമായി ഇടപെടാൻ തുടങ്ങിയപ്പോൾ നല്ലത്, ചീത്ത എന്ന രണ്ടു ഗണമായി തിരിച്ചു. ‘നല്ല പെണ്ണ്’, ‘മോശം പെണ്ണ്’. അങ്ങനെയാവുമ്പോൾ നമുക്കിഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്യുന്നവരെ മോശം കാറ്റഗറിയിൽപ്പെടുത്തിയാൽ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായല്ലോ. അവരെ പെട്ടെന്നങ്ങോട്ട് പാർശ്വവൽക്കരിക്കാം. ഏത് 1913ൽ ഒരു സ്ത്രീസമാജത്തിൽ വച്ച് തച്ചാട്ട് ദേവകിയമ്മ എന്നൊരു എഴുത്തുകാരി അന്നിങ്ങനെ പറഞ്ഞു,
“സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേതരം വിദ്യാഭ്യാസം നൽകുന്നത് ആശ്വാസ്യമല്ല. പ്രകൃതി ഇരു കൂട്ടരെയും ഒരേ ധർമത്തിനല്ല സൃഷ്ടിച്ചിരിക്കുന്നത് അവരുടെ ശരീരം, മാനസികാവസ്ഥ, ബുദ്ധിപരമായ കഴിവുകൾ എന്നിവയിൽ നിന്നും അത് തെളിയുന്നുണ്ട്. സ്ത്രീയുടെ ശരീരസ്ഥിതിയും മനഃസ്ഥിതിയും പരിശോധിച്ചാൽ കൂടുതൽ ശരീരശക്തി വേണ്ടാത്ത എന്നാൽ അധികം സഹനശേഷി ആവശ്യമുള്ള പ്രവൃത്തികൾക്കായി അവൾ സൃഷ്ടിക്കപ്പെട്ടു എന്നത് തീർച്ചയാണ്. പ്രായേണ സ്ത്രീയുടെ മനോഘടന, കോമളവും വേഗത്തിൽ പരിപക്വമാകുന്നതും ഭാവനാപൂർണവും വികാരങ്ങൾക്ക് വേഗം അടിമപ്പെടുന്നതും വേഗം ഇളകുന്നതുമാണ്. ദയ, സ്നേഹം മുതലായ ഗുണങ്ങളിൽ പുരുഷൻ സ്ത്രീയുടെ സമീപത്തെത്തുകയില്ല.”
ഇതു കേൾക്കുമ്പോൾ തന്നെ നമുക്ക് തോന്നില്ലേ. ‘അയ്യയ്യോ! എന്തൊരു പിന്തിരിപ്പൻ’ എന്ന്. ഇല്ല, അല്ല തോന്നണായിരുന്നു കേട്ടോ.
പിന്നീടങ്ങോട്ട് അണുകുടുംബങ്ങളുടെ കാലമായിരുന്നു. അപ്പോൾ പുതിയ കുടുംബത്തിന്റെ അധിപയായി സ്ത്രീ. വീട്ടിലിരുന്ന് പൈസ സമ്പാദിക്കൂ, ശക്തരാകൂ എന്ന് പറഞ്ഞു. അതേ വീട്ടിലിരുന്ന് കൈവേലകൾ, അടുക്കളക്കൃഷി, തയ്യൽ, പലഹാരമുണ്ടാക്കുക അങ്ങനെ അങ്ങനെ അല്ലറ ചില്ലറ പരിപാടികളൊക്കെ. പുറത്തുപോയി ജോലി ചെയ്യാൻ പാടുവോ? അയ്യയ്യേ! അതൊന്നും നല്ല സ്ത്രീക്കു പറഞ്ഞിട്ടുള്ളതല്ല എന്നു പറഞ്ഞുവച്ചു സമൂഹം.
1927ൽ മഹിളാമന്ദിരത്തിൽ എൽ. മീനാക്ഷിയമ്മ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. നെല്ല് പുഴുങ്ങുന്ന യന്ത്രങ്ങൾ വന്നാൽ അവിടുത്തെ സ്ത്രീകളുടെ ജോലി നഷ്ടാവും എന്നാണ് അവരു പറയണെ. മറ്റു വഴികൾ ആലോചിക്കണമെന്നും പറഞ്ഞു. അവിടവരു പറഞ്ഞ പ്രധാനപ്പെട്ട വാചകം സമുദായമാനികൾ സ്ത്രീകളുടെ ഈ വ്യവസായത്തെ മാനിക്കുമെന്ന് തോന്നുന്നില്ലാന്നുള്ളതാണ്. എന്നുവച്ചാൽ നെല്ലു പുഴുങ്ങാനൊക്കെ വീടിനു പുറത്തുപോകണമല്ലോ. അതത്ര നല്ല പരിപാടിയല്ല.
1930ൽ ബി. കല്യാണിയമ്മ എന്നൊരു എഴുത്തുകാരി മലയാള മാസികയിൽ എഴുതിയത് വിവാഹം കഴിഞ്ഞ പെണ്ണുങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് മാന്യവും കല്യാണം കഴിയാത്ത, വീട്ടിൽ നോക്കാനാളില്ലാത്ത സ്ത്രീ കൂലിപ്പണിക്ക് പോണത്, “അയ്യോ, കഷ്ടം. ആണുങ്ങളൊക്കെയുള്ളിടത്ത് ജോലി ചെയ്യുകയല്ലേ, അങ്ങനെയൊക്കെ ആയിരിക്കും അവരു ചീത്തയാകുന്നത്” എന്നാണ്.

എപ്പോഴും ഈ പറഞ്ഞ ആണുങ്ങൾ അപ്പുറത്തുണ്ട് ഇപ്പുറത്തുണ്ട് എന്നു നോക്കി ജീവിക്കാന്‍ പറ്റുമോ?
അല്ല, ഇതൊക്കെ 1930ലെ കഥയല്ലേ? ഇതൊന്നുമല്ല ഇപ്പോഴത്തെ അവസ്ഥ എന്നു തോന്നണുണ്ടോ?
ഏ! ശരിക്കും!?
അല്ല, ഈ സൊസൈറ്റി ലേഡി, കൊച്ചമ്മ ഇങ്ങനത്തെ ചില പദവികളൊക്കെ കൊടുത്തിട്ട് ആദ്യകാല സ്ത്രീവാദികളെ ചുരുക്കിയിരുന്നല്ലോ. ഓർമയില്ലേ? പഴയ മലയാള സിനിമയിലൊക്കെ സുകുമാരിയമ്മയൊക്കെ സ്ലീവ്‌ലസ് ബ്ലൗസും സാരിയുമൊക്കെ ഉടുത്ത് കയ്യിലൊരു വാനിറ്റി ബാഗും പിടിച്ചു വരുമ്പോൾ അവരെയൊരു കോമഡി കഥാപാത്രം പോലെ കാണിച്ചിരുന്നു.
ഒരു ട്വന്റിയത്ത് സെഞ്ചുറിയുടെ അവസാനമൊക്കെ എത്തിയപ്പോഴേക്കും ലേശം മാറ്റങ്ങളൊക്കെ വന്നു തുടങ്ങി കേട്ടോ.
പിന്നീട് ടീച്ചർ അല്ലെങ്കിൽ ഓഫിസ് ജോലി അതൊക്കെ ചെയ്യുന്ന സ്ത്രീകൾ വലിയ കുഴപ്പമില്ല. നല്ല സ്ത്രീകളാണ്. അതല്ലാത്തവരൊക്കെ മോശമാണ് എന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തി. അവരുടെ ഡ്രസിങ്ങും സോ കോൾഡ് അടക്കവും ഒതുക്കവും ഒക്കെ വലിയ വിഷയമായിരുന്നു. ആയിരുന്നു എന്നല്ല ഇപ്പോഴും അതെ.
എന്നാൽ, കാലം പോകുന്നതിനനുസരിച്ച് എല്ലാ മനുഷന്മാരെയും ഒരേ വിഭാഗത്തിൽ പരിഗണിക്കണമെന്ന് എന്നാ നമ്മൾ തിരിച്ചറിയുക? നമ്മളതൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞു. നമ്മൾ വളരെ അടിപൊളിയായിട്ടുള്ള ഒരു സൊസൈറ്റിയാണ് എന്നു തോന്നുന്നുണ്ടോ?
ഇല്ലെങ്കിൽ നമ്മുടെ വീട്ടിലേക്കൊക്കെ ഇടയ്‌ക്കൊന്ന് എത്തിനോക്കണം കേട്ടോ…
ആണുങ്ങൾ ഭക്ഷണം കഴിച്ച പാത്രം ആരാ കഴുകുന്നത്? ഒരു ഡ്രസ് എടുക്കാൻ പോകുമ്പോൾ ആ ഡ്രസ് എങ്ങനെയുണ്ടെന്ന് ആരാ തീരുമാനിക്കുന്നത്? പൊതുയിടത്തിൽ പെൺകുട്ടികൾ എങ്ങനെ പെരുമാറണം എന്ന് ആരാ തീരുമാനിക്കുന്നത്?

ഡയറക്ടായിട്ട് നീ നാളെ മുതൽ ഇങ്ങനെ ചിരിക്കരുത് കേട്ടോ എന്നാരും പറയില്ലായിരിക്കും. പക്ഷേ, പല രീതിയിൽ കൺസ്ട്രക്ഷൻ പെൺകുട്ടികളുടെ തലയ്ക്കു മീതെ ഇങ്ങനെ തൂങ്ങി നിൽക്കുന്നതായി തോന്നുന്നുണ്ടോ?
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on all things life—from relationships and health to psychology and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




