ലോക കപ്പ് ഫുട്ബോളിലെ ആ 40 വർഷത്തെ ശാപം മെക്‌സിക്കോ ഒടുവിൽ അഴിച്ചുവെച്ചിരിക്കുന്നു!
ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയർ മെക്സിക്കോ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഒരു 17 വയസ്സുകാരന്റെ പേര് മന്ത്രിക്കുകയാണ്….. ഗിൽബെർട്ടോ മോറ.
കളി മെനയുന്നതിൽ ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ ശൈലിയും റെക്കോർഡുകളിൽ സാക്ഷാൽ പെലെയുടെ നിഴലുമായി മൈതാനത്ത് നിറഞ്ഞാടിയ ഈ കൗമാരക്കാരനാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഒരു ‘സെന്റർ പോയിന്റ്’. മെക്‌സിക്കൻ ഫുട്‌ബോളിലെ അത്ഭുത പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന മോറയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ഇക്വഡോറിനെതിരായ വിജയത്തിൽ ആരാധകരുടെ നെഞ്ചിൽ പതിഞ്ഞത്.

പെലെയുടെ റെക്കോർഡിന് തൊട്ടരികിൽ!
ഇക്വഡോറിനെതിരെയുള്ള മത്സരം മെക്‌സിക്കൻ ജഴ്‌സിയിൽ മോറയുടെ അഞ്ചാമത്തെ മാത്രം രാജ്യാന്തര മത്സരമായിരുന്നു. വെറും 17 വയസ്സും 240 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഈ കൗമാരക്കാരൻ ലോക കപ്പ് നോക്കൗട്ട് മത്സരത്തിൽ ആദ്യ ഇലവനിൽ (Starting XI) ഇടംപിടിക്കുന്നത്. ഇതോടെ ലോക കപ്പ് ചരിത്രത്തിൽ ഒരു നോക്കൗട്ട് മത്സരം സ്റ്റാർട്ട് ചെയ്യുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായി മോറ മാറി. ഈ പട്ടികയിൽ ഒന്നാമതുള്ള ഇതിഹാസ താരം പെലെയേക്കാൾ വെറും 1 ദിവസത്തെ പ്രായക്കൂടുതൽ മാത്രമാണ് മോറയ്ക്കുള്ളത്.


1958 ലോകകപ്പിൽ 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു പെലെയുടെ നോക്കൗട്ട് അരങ്ങേറ്റം. കൂടാതെ, മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക കപ്പ് താരമെന്ന റെക്കോർഡും ഈ ലോക കപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും ഇപ്പോൾ ‘മോറ’യ്ക്ക് സ്വന്തം.
പരിശീലകൻ അഗ്വിറെ അർപ്പിച്ച വിശ്വാസം
ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു മോറയുടെ ലോക കപ്പ് അരങ്ങേറ്റം. മുൻ മത്സരങ്ങളിൽ ഒരു അസിസ്റ്റ് മാത്രമേ ഈ അറ്റാക്കിങ് മിഡ്ഫീൽഡറുടെ പേരിലുണ്ടായിരുന്നുള്ളൂ. എങ്കിലും, മൈതാനത്ത് താരം കാഴ്ച്ചവച്ച മിന്നും പ്രകടനമാണ് നോക്കൗട്ട് പോലുള്ള ഒരു നിർണായക മത്സരത്തിൽ മോറയെ വീണ്ടും കളത്തിലിറക്കാൻ കോച്ച് ഹാവിയർ അഗ്വിറയെ (Javier Aguirre) പ്രേരിപ്പിച്ചത്.
ഇക്വഡോറിനെതിരേ ആദ്യ മിനിറ്റുകൾ മുതൽ തന്നെ മോറ മൈതാനം നിറഞ്ഞു കളിച്ചു. മത്സരത്തിന്റെ 16-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് മോറ ഉതിർത്ത ഒരു ലോങ് റേഞ്ചർ ഷോട്ട്, നിർഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാകാതിരുന്നത്. എങ്കിലും കളിയിലുടനീളം തന്ത്രങ്ങൾ മെനഞ്ഞ് പരിശീലകൻ അർപ്പിച്ച വിശ്വാസം പൂർണ്ണമായും കാത്തുസൂക്ഷിക്കാൻ താരത്തിനു സാധിച്ചു.



എന്താണ് മോറയെ വ്യത്യസ്തനാക്കുന്നത്?
കളിക്കളത്തിൽ മികച്ച രീതിയിൽ ആക്രമണങ്ങൾ മെനയാൻ (Playmaking) അസാധ്യ ശേഷിയുള്ള താരമാണ് മോറ. പന്ത് കാലുകളിൽ എത്തുന്നതിന് മുൻപുതന്നെ തല ഇരുവശങ്ങളിലേക്കും വേഗത്തിൽ തിരിച്ച് മൈതാനത്തെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന സ്വഭാവം (Scanning) മോറയുടെ വലിയൊരു പ്രത്യേകതയാണ്.
ഒപ്പം, മികച്ച ഡ്രിബ്ലിങ് വൈദഗ്ധ്യവും, കൃത്യതയാർന്ന പാസിങ്ങും, ബോഡി ഫ്ലെക്സിബിലിറ്റിയും പ്രായത്തിൽ വളരെ മുതിർന്ന ഡിഫെൻഡർമാരെപ്പോലും അനായാസം മറികടന്ന് മുന്നേറാൻ മോറയെ സഹായിക്കുന്നു. ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ കളിശൈലിയോടാണ് പല ഫുട്ബോൾ നിരീക്ഷകരും മോറയെ ഉപമിക്കുന്നത്.
വമ്പൻ ക്ലബ്ബുകൾ പിന്നാലെ; പക്ഷേ, ലക്ഷ്യം വിദ്യാഭ്യാസം!
ലോകകപ്പിലെ ഈ അവിശ്വസനീയ പ്രകടനത്തോടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, മാഞ്ചെസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നിവരെല്ലാം മോറയെ സ്വന്തമാക്കാനായി രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ, കരിയറിലെ ഈ വലിയ കുതിച്ചുചാട്ടത്തിനിടയിലും തന്റെ പഠന കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഈ 17-കാരൻ തയ്യാറല്ല.
ദീർഘമായ യാത്രകളും കഠിനമായ യൂറോപ്യൻ പരിശീലന സെഷനുകളും തന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നതിനാൽ നിലവിൽ മെക്സിക്കോയിലെ ടിജുവാനയിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനവും പ്രൊഫഷണൽ ഫുട്ബോളും മെക്‌സിക്കൻ ദേശീയ ടീമിനോടുള്ള പ്രതിബദ്ധതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ലിഗ എം.എക്‌സ്. (Liga MX) ക്ലബ്ബായ ‘ക്ലബ് ടിജുവാന’യുമായി മോറ അടുത്തിടെ കരാർ പുതുക്കിയിരുന്നു.
വരും ഒക്ടോബറിൽ 18 വയസ്സ് തികയുന്നതോടെ മാത്രമേ മോറയ്ക്ക് യൂറോപ്പിലേക്കുള്ള വലിയ കൂടുമാറ്റം നിയമപരമായി സാധ്യമാകൂ. അതിനുശേഷം താരം യൂറോപ്യൻ വമ്പന്മാർക്കൊപ്പം ചേരുമെന്നാണ് രാജ്യാന്തര ഫുട്ബോൾ മാധ്യമങ്ങളുടെ പ്രവചനം. അതുവരെ, ലോകകപ്പ് വേദിയിൽ മെക്‌സിക്കോയുടെ മധ്യനിര ഭരിക്കുന്ന ഈ പയ്യന്റെ പ്രകടനം കണ്ട് ഫുട്ബോൾ ലോകത്തിന് അത്ഭുതപ്പെടാം!

Name: Gilberto Mora
Date of Birth: 14/10/2008
Position: Attacking Midfield
Height: 1.68m
Preferred Foot: Right
മെക്സിക്കോയ്ക്കായി ലോക കപ്പിൽ അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ മറ്റ് 5 കളിക്കാർ ആരൊക്കെ?
മാനുവൽ റോസാസ്
18 വയസ്സ്, 134 ദിവസം (ഫ്രാൻസ്, 1930)
ആൽഫ്രെഡോ ടോറസ്
19 വയസ്സ്, 16 ദിവസം (ഓസ്ട്രിയ, 1954)
റൗൾ അരെല്ലാനോ
19 വയസ്സ്, 108 ദിവസം (ഫ്രാൻസ്, 1954)
ആൻഡ്രസ് ഗാർഡാഡോ
19 വയസ്സ്, 269 ദിവസം (അർജന്റീന, 2006)
ഹ്യൂഗോ സാഞ്ചസ്
19 വയസ്സ്, 326 ദിവസം (ടുണീഷ്യ, 1978)
2026 ഫിഫ ലോക കപ്പിൽ പന്തുതട്ടുന്ന പ്രായം കുറഞ്ഞ മറ്റ് 5 കളിക്കാർ
ഹ്യൂഗോ സോചുറെക്
ചെക്ക് റിപ്പബ്ലിക്ക് 18 വയസ്സ്, 4 ദിവസം
ഇബ്രാഹിം എംബായെ
സെനഗൽ 18 വയസ്സ്, 138 ദിവസം
ഹംസ അബ്ദുൽകരീം
ഈജിപ്ത് 18 വയസ്സ് 161 ദിവസം
ബാര സപാകോ നഡിയെ
സെനഗൽ 18 വയസ്സ്, 162 ദിവസം
മ്ലാഡൻ ജുർകാസ്
ബോസ്നിയ ആൻഡ് ഹെർസഗോവിന 18 വയസ്സ്, 247 ദിവസം
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




