Football Legends Retirement 2026 - Last Dance
47
Views

കാലത്തിന്റെ ഓർമ്മകൾ ഒരു പൂവായിരുന്നെങ്കിൽ അതിലെ ഓരോ ഇതളായി ഉണങ്ങി, മങ്ങുന്നതിന് തുല്യമാണ് ഫുട്ബോളിലെ ഇന്നത്തെ ഒരോ പകലുകളും.

2026 ജൂലൈ 3ന്, റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യ പോർച്ചുഗലിനോട് 2–1ന് പരാജയപ്പെട്ടതിന് പിന്നാലെ ക്രൊയേഷൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് വിരമിക്കൽ ഉറപ്പിച്ചു.

2026 ജൂലൈ 5ന്, റൗണ്ട് ഓഫ് 16ൽ നോർവേയോട് ബ്രസീൽ 2–1ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ മത്സരത്തോടെ നെയ്മർ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

2026 ജൂലൈ 6ന്, റൗണ്ട് ഓഫ് 32ൽ പരാഗ്വേയോട് ജർമനി 1(4)-1(3)ന് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയർ തന്റെ വിരമിക്കൽ അറിയിച്ചു.

2026 ജൂലൈ 7ന്, റൗണ്ട് ഓഫ് 16ൽ അർജന്റീനയോട് മെക്സിക്കോ 3–1ന് തോൽവി വഴങ്ങി പുറത്തായതോടെ മെക്സിക്കൻ ഗോൾകീപ്പർ ഗിയെമോ ഒച്ചോവ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു.

2026 ജൂലൈ 7ന്, റൗണ്ട് ഓഫ് 16ൽ തന്നെ സ്പെയ്‌നിനോട് പോർച്ചുഗൽ 1–0ന് പരാജയപ്പെട്ടതിന്റെ ദുഃഖത്തിനു മേൽ റൊണാൾ‍ഡോയുടെ വിരമിക്കൽ അറിയിപ്പും കാതുകളിലെത്തി.

ഇനി…???

ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപേ കുറച്ചധികം പേരുകൾ തുടർന്നുള്ള ലോകകപ്പിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഇനിയുണ്ടാകില്ല എന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. വിരമിക്കുകയാണെന്ന് മുൻകൂറായി പ്രഖ്യാപിച്ചിരുന്നവരുമുണ്ട്. എത്രാം റൗണ്ട് വരെ പോയി എന്നതാണ് അവരുടെ കരിയറിൽ ആരാധകർ ഉറ്റുനോക്കിയിരുന്നത്. പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉൾക്കൊള്ളാൻ ആരാധകർക്ക് പ്രയാസമുള്ളതാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിരമിക്കലുകൾ. അതാത് രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതുമല്ല ഇവരുടെ പേരും ഇവരോടുള്ള ആരാധനയും.

തലമുറകൾ സാക്ഷി… The Last Dance

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫുട്ബോളിനെ ഡിഫൈൻ ചെയ്തവരിൽ പ്രധാനികളാണിവർ. എന്നാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന വ്യത്യസ്ത തലമുറകളിൽപ്പെട്ടവരും ഇവരുടെ ആരാധകരാണ്. ഇവർ പ്രചോദനമാണ്. ഇന്ന് പലനാടുകളിലായി പന്ത് തട്ടുന്ന പലരും ഇവരുടെ കളി കണ്ട് വളർന്നവരാകും. ഗോളുകൾ തൊടുക്കാനും തടുക്കാനും അവരങ്ങനെ പഠിച്ചിട്ടുണ്ടാകും. വിനോദത്തിനായി കളി കണ്ടിരുന്നവരില്‍ ആവേശം നിറയ്ക്കാനും ഇവരുടെ നീക്കങ്ങള്‍ മതിയായിരുന്നു.

തുടങ്ങിയ ഇടത്തു തന്നെ…

2010ൽ തന്റെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം നടന്ന അതേ സ്റ്റേഡിയത്തിലാണ് നെയ്മറിന്റെ അവസാന ലോകകപ്പ് മത്സരവും നടന്നത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ യു.എസ്.എ-ക്കെതിരെയായിരുന്നു ആ അരങ്ങേറ്റ മത്സരം. 2026 ജൂലൈ 5-ന് നോർവേയോട് തോറ്റ് നെയ്മർ കരിയർ അവസാനിപ്പിച്ചതും ഇതേ സ്റ്റേഡിയത്തിലാണ്. അത്രമേൽ വികാരഭരിതനായാണ് നെയ്മർ സംസാരിച്ചത്.

മത്സരങ്ങളുടെ തുടക്ക കാലഘട്ടത്തിൽ റയൽ മാഡ്രിഡിൽ തന്റെ കൂടെയുണ്ടായിരുന്ന റൊണാൾഡോയുടെ ടീമിനോട് മത്സരിച്ച് ടീം പുറത്തായതോടെയാണ് മോഡ്രിച്ചിന്റെ മടക്കം. ആ മത്സരത്തിന് ശേഷം അവർ കെട്ടിപ്പിടിച്ച നിമിഷം കണ്ടുനിന്നവരുടെ മനസ്സ് നിറച്ചിട്ടുണ്ടാകും. റയൽ മാഡ്രിഡിൽ ഒന്നിച്ച് ചരിത്രം സൃഷ്ടിച്ച ഇരുവരും ഒരേ ലോകകപ്പിലാണ് മടങ്ങുന്നത്. ചുരുങ്ങിയത് 5 ലോകകപ്പുകളിൽ മത്സരിച്ചെന്ന ഭാഗ്യവും ഒട്ടനവധി റെക്കോഡുകളും ഒരുമിച്ച് നേടിയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഇവരുടെ വിശ്രമം.

പന്തുകളേറെ തടുക്കാതെ…

ഒരു ഗോൾകീപ്പർ എന്നതെന്താണെന്ന് പുനർനിർവചിച്ച രണ്ടുപേരാണ് മാനുവൽ നോയറും ഗിയെമോ ഒച്ചോവയും. അസാധ്യമായ സേവുകൾ!

വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിട്ടും തന്റെ രാജ്യത്തിനായി ബൂട്ടും ഗ്ലൗസും അണിഞ്ഞ് ലോക ഫുട്ബോളിന്റെ വേദിയിലെത്തിയതാണ് മാനുവൽ നോയർ. പരാജയം ഏറെ വേദനയുള്ളതാണെങ്കിലും കുറ്റബോധമില്ലെന്നായിരുന്നു നോയറിന്റെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്. തിരിച്ചുവരവോടെ അഞ്ചിലേറെ ലോകകപ്പുകൾ കളിച്ചതിന്റെ ലെഗസി പാച്ച് അണിയാനുള്ള യോഗമുണ്ടായി നോയറിന്.

…This ending hurts like hell…Despite the bitter ending, I don’t regret this step for a second.“- Neuer

6 ലോകകപ്പുകളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച ചരിത്രത്തിലെ ഒരേയൊരു ഗോൾകീപ്പറായാണ് ഒച്ചോവയുടെ മടക്കം. അവസാന മത്സരം കഴിഞ്ഞതും മൈതാനത്ത് കണ്ണീരടക്കാനാകാതെ വിതുമ്പുകയായിരുന്നു ഒച്ചോവ.

I’ve enjoyed each moment here. I gave it my all. I leave peacefully and with my head held high and I am proud to have experienced this.” – Ochoa

അങ്ങനെ ലോകകപ്പിന്റെ ഗോൾപോസ്റ്റുകളിൽ കാവലായി തുടരാതെ മടങ്ങുകയാണവർ.

ട്രോഫിയില്ലാതെ മടക്കം…

വിരമിക്കൽ പ്രഖ്യാപിച്ചവർ ആരും ഒടുവിലായി കളിച്ച മത്സരങ്ങളിൽ വിജയം കൈവരിച്ചവരല്ല. അപ്രതീക്ഷിതമായ തോൽവികളായിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള റൊണാൾഡോയും നെയ്മറും മോ‍ഡ്രിച്ചും ലോകകപ്പ് ട്രോഫി ഇതുവരെ നേടിയിട്ടില്ല എന്നത് ഒരു ദുഃഖമായി അവരിൽ തുടരുന്നുണ്ടാകാം. എന്നിരുന്നാലും, ഇവർ ഓരോരുത്തരും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചാണ് മടങ്ങുന്നത്.

കാണികളുടെ മനസ്സിൽ വരച്ചിട്ട അവരുടേതായ ശ്രദ്ധേയമായ ‘സിഗ്നേച്ചർ ഗോൾ സെലബ്രേഷന്‍’ ഉണ്ട് ഇവരിൽ പലർക്കും. മാസ്റ്റർ ഗോളുകളും ഡിഫൻസ് തന്ത്രങ്ങളുമുണ്ട്. തെരുവുകളിൽ നിന്നും യുദ്ധഭൂമിയിൽനിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുമെല്ലാം ഉയർന്നുവന്നതിന്റെ തിളക്കമുണ്ട് ഇവരിലേറെ പേർക്കും. ലോകത്തെ അത്ഭുതപ്പെടുത്തിയ റെക്കോഡുകളുണ്ട് ചരിത്രത്തിന്റെ ഏടുകളിൽ മായ്ക്കാനാകാത്തവ.

ദി ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ്…

ഇനിയും പേരുകൾ പല പകലുകളിലായി ഉണ്ടാകാം. സമകാലികരായ എല്ലാവരും കളം വിടുമ്പോഴും ലയണൽ മെസ്സി മാത്രം ബാക്കിയാവുകയാണെന്നത് ഒരു യാഥാർഥ്യമാണ്. അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങളിൽ മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപമുണ്ടാകല്ലേ എന്നാഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ടാകും. വിരമിക്കുമോ? വിരമിക്കാതിരിക്കുമോ?

തുടരുന്ന വസന്തം…

വസന്തമില്ലാതാകുന്നില്ല. വസന്തങ്ങൾ മാറിവരികയാണ്. നമ്മൾ സാക്ഷികളും. ഫുട്ബോളിൽ പുതിയ കളിക്കാർ എന്നും ഉയർന്നുവരും. പുതിയ പേരുകൾ ചരിത്രത്തിൽ ചേർക്കപ്പെടുകയും ചെയ്യും.

പെലെയും മറഡോണയും സിദാനും കളം വിട്ടപ്പോഴും ഫുട്ബോൾ ലോകം വിതുമ്പിയിരുന്നു. എന്നാൽ, ആ ശൂന്യതയിലേക്കാണ് റൊണാൾഡോയും മെസ്സിയും നെയ്മറും മോഡ്രിച്ചുമെല്ലാം നടന്നു കയറിയതും അവരുടേതായ ശൈലിയിൽ പുതിയൊരു യുഗം തീർത്തതും.

ഇന്ന് നാം ഈ കളിക്കാരുടെ വിടപറച്ചിലിന് സാക്ഷികളാകുമ്പോൾ തന്നെ, നാളെയുടെ ചരിത്രം മാറ്റിയെഴുതാൻ പോകുന്ന പുതിയ വസന്തങ്ങൾ ഇതാ മൈതാനങ്ങളിൽ പന്തുരുട്ടിത്തുടങ്ങിയിരിക്കുന്നു.

ഇനിയുള്ള പകലുകൾ ആരുടെയെന്ന് നോക്കാം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading