മൊഹൻജൊദാരോ സംസ്കാരത്തെ ഓർമയില്ലേ… ഹിസ്റ്ററി ക്ലാസ്സുകളിൽ… നമുക്കും എത്രയോ മുൻപ് ജീവിച്ച് അവശേഷിപ്പുകൾ ബാക്കിയാക്കി പോയ സിന്ധു നദീതട സംസ്കാരത്തെ? അപ്പോൾ പ്രീസ്റ്റ് കിങ് എന്ന പുരോഹിതനെയും നൃത്തം ചെയ്യുന്ന പെൺകുട്ടിയെയും നിങ്ങൾക്ക് അറിയും.
ഡാൻസിങ് ഗേൾ എന്ന വെങ്കല ശില്പം. 2500–1900 ബിസി കാലഘട്ടത്തിലെ ജീവിതത്തെ അടയാളപ്പെടുത്തിവച്ച പല അവശേഷിപ്പുകളിൽ ഒന്ന്. എൻസിഇആർടി ഹിസ്റ്ററി പാഠപുസ്തകത്തിൽ ഈ പെൺകുട്ടിയെ ഒന്നു വസ്ത്രം ധരിപ്പിച്ചു. നഗ്നതയെ മറച്ച് ‘സഭ്യ’മാക്കി.
ഒന്‍പതാം ക്ലാസില്‍ എന്‍സിഇആര്‍ടി പുതുതായി അവതരിപ്പിച്ച പാഠപുസ്തകമായ ‘മധുരിമ’യിലെ ആദ്യ അധ്യായമായ ‘ഹിസ്റ്ററി ഓഫ് ആര്‍ട്‌സ്’ (കലയുടെ ചരിത്രം)–ലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥ പുരാവസ്തുവിന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, പാഠപുസ്തകത്തിലെ ചിത്രത്തില്‍ മാറ്റം വരുത്തിയതായി കാണാം.
ആറാം ക്ലാസിലെ പാഠഭാഗത്ത് ഈ ചിത്രം അതേ പടി നിലനിർത്തിയിരുന്നു. 25 വർഷത്തിലേറെയായി എൻസിഇആർടി പാഠപുസ്തകത്തിൽ ഡാൻസിങ് ഗേൾ ഉണ്ട്. തുണിയുടുക്കാതെ തന്നെ.


സഹസ്രാബ്ദങ്ങളുടെ ചരിത്രം പറഞ്ഞ പെൺകുട്ടി
1926ലാണ് ഡാൻസിങ് ഗേളിനെ വീണ്ടെടുത്തത്. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഏണസ്റ്റ് മക്കെ ഇന്നത്തെ പാകിസ്ഥാനിലുള്ള മൊഹൻജൊദാരോയിൽ നിന്നുമാണ് ഈ പ്രതിമ കണ്ടെടുത്തത്. 10.5 സെന്റിമീറ്റർ ഉയരമുള്ള വെങ്കല ശില്പം. ചെറിയ സ്തനങ്ങൾ, ഇടുങ്ങിയ ഇടുപ്പുകൾ, നീളമേറിയ കാലുകൾ, കൈകൾ, ചെറിയ ശരീരം എന്നിവയുള്ള ഒരു നഗ്നയായ പെൺകുട്ടിയുടെ സ്വതന്ത്രമായി നിൽക്കുന്ന, യാഥാർത്ഥ്യബോധമുള്ള ഒരു ശില്പമാണ് ഈ രൂപം.
ഇടതുകൈയിൽ 24 വളകളും വലതുകൈയിൽ 4 വളകളും ഉണ്ട്. കഴുത്തിൽ, മൂന്ന് പെൻഡന്റുകളുള്ള ഒരു മാല, മുടി ഒരു ബണ്ണിൽ ഭംഗിയായി കെട്ടിയിരിക്കുന്നു. വലതുകൈ കൈമുട്ടിൽ വളച്ച്, ഇടുപ്പിൽ അമർത്തി, ഇടതുകൈ വശത്ത് തൂങ്ങിക്കിടക്കുന്നു. തല അല്പം പിന്നിലേക്ക് ചരിഞ്ഞിരിക്കുന്നു. കാലുകൾ കാൽമുട്ടുകളിൽ വളഞ്ഞിരിക്കുന്നു. നൃത്തരൂപത്തിൽ ശില്പം ചെയ്ത ഒരു പെൺകുട്ടിയായി തിരിച്ചറിയാൻ ആദ്യകാല പണ്ഡിതന്മാരെ പ്രേരിപ്പിച്ചത് ഈ നിൽപ്പാണ്.
ലോസ്റ്റ് വാക്സ് കാസ്റ്റിങ് എന്ന ശില്പ നിർമാണ രീതിയിൽ നിർമിച്ചത്. 4500 വർഷം പഴക്കമുണ്ട് ഈ പെൺകുട്ടിക്ക്. ആ കാലത്തെ ശില്പമായിട്ടും അസാധ്യ രൂപമികവായിരുന്നു ഡാൻസിങ് ഗേളിന്റെ സവിശേഷത. എല്ലാ രീതിയിലും മികച്ച നിർമിതിയായിരുന്നു അത്. ചരിത്രത്തിൽ ഇത്രയും ആത്മവിശ്വാസത്തോടെ നിലനിന്ന പെൺകുട്ടിയുണ്ടായിരുന്നോ എന്നു ചരിത്രകാരന്മാര്‍ പോലും പറഞ്ഞിരുന്നു. നിലവില്‍ ഡൽഹി നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഡാൻസിങ് ഗേളെന്നു വിളിക്കുന്ന ഈ പ്രതിമയെ.

വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത ചരിത്രം പഠിക്കുമ്പോൾ
ചരിത്രത്തെ പലതവണ വെള്ളം ചേർത്തു നേർപ്പിച്ചെടുക്കുന്ന പ്രവണത ചരിത്ര പാഠപുസ്തകത്തിലും ആവർത്തിച്ചു. എന്നാൽ, സമൂഹത്തിൽ വലിയ വിമർശനമാണ് എൻസിഇആർടിയുടെ നീക്കത്തിന് ലഭിച്ചത്. ഇതിനു പിന്നാലെ എൻസിഇആർടി പാഠഭാഗത്തെ ഡാൻസിങ് ഗേളിന്റെ ‘നഗ്നത’ മറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
സ്ത്രീയുടെ നഗ്നതയെ ഭയക്കുന്ന, അത് മൂടിവയ്ക്കപ്പെടേണ്ടതാണെന്ന ബോധ്യം കുട്ടികളിൽ കുത്തിവയ്ക്കാനുള്ള വിലകുറഞ്ഞ ഒരു ശ്രമമായി ഇതു വ്യാഖ്യാനം ചെയ്യപ്പെട്ടിരുന്നു. ഖജുരാഹോയിലെ രതി ശില്പങ്ങളെ നാളെ തുണിയുടുപ്പിക്കുന്നതും കാണേണ്ടി വരും. ഇന്ത്യയുടേത് മാത്രമല്ലാത്ത ലോകത്തിന്റെ മുഴുവൻ സംസ്കാരത്തിലേക്ക് വഴിചൂണ്ടിയ ആ പെൺകുട്ടിയെ തുണിയുടുപ്പിച്ച് ഇന്ത്യയെ നാണം കെടുത്തുകയായിരുന്നു എൻസിഇആർടി. ഭൂതകാലത്തെക്കുറിച്ച് മനസ്സിലാക്കാൻ ചരിത്രം അവശേഷിപ്പിക്കുന്ന തെളിവുകളാണ് ഇവ. വലിയ രഹസ്യങ്ങളിലേക്കുള്ള വാതിലുകൾ പോലെ.
ചരിത്രത്തെ ചരിത്രമായി തന്നെയാണ് പഠിക്കേണ്ടത്. മൂടി വയ്ക്കപ്പെട്ട അർധ സത്യങ്ങളായല്ല!
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




