“….. മെഡിക്കൽ സയൻസ് പ്രകാരം, ഒരു സ്ത്രീയ്ക്കും പുരുഷനെ ബലാത്സംഗം ചെയ്യാൻ പറ്റില്ല…..”
മലയാള സിനിമയായ റെഡ് ചില്ലീസിലെ ഈ ഡയലോഗ് പലർക്കും ഓർമയുണ്ടാകും. ഡയലോഗ് കേട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. അന്ന് അത് കോടതി സീനിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ വേണ്ടി പറഞ്ഞൊരു കാര്യമായോ, കൗതുകമുണർത്തുന്ന, അധികം ആരും ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഒരു സാമൂഹിക ധാരണയായോ കടന്നുപോയിട്ടുണ്ടാകാം.
എന്നാൽ, ഇന്ന് ആ ഡയലോഗിനെ ഒരു വലിയ ചോദ്യമായി നമുക്കെടുക്കാം.
ശരിക്കും പുരുഷനെ റേപ്പ് ചെയ്യാൻ പറ്റില്ലേ?
സിനിമകൾ ചിലപ്പോൾ സമൂഹത്തിന്റെ കണ്ണാടിയാണ്.
മലയാള സിനിമകളിൽ പുരുഷന്മാർ നേരിടുന്ന ലൈംഗിക അതിക്രമത്തിന്റെ സൂചനകൾ അപൂർവമായാണ് വന്നിട്ടുള്ളത്. ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ലും ആൺകുട്ടി നേരിടുന്ന ലൈംഗിക അപമാനത്തെക്കുറിച്ചുള്ള പരാമർശം ഗണപതിയുടെ കഥാപാത്രത്തിൽ നിന്നും ഉണ്ട്. ‘കൂടെ’ എന്ന സിനിമയിൽ ബാല്യകാല ലൈംഗിക ചൂഷണത്തിന്റെ മുറിവുകൾ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിലും കാണിക്കുന്നുണ്ട്.
സ്ത്രീകളാണ് ലൈംഗിക അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ എന്നത് യാഥാർഥ്യമാണ്. അതിൽ സംശയമില്ല. എന്നാൽ, അതുകൊണ്ട് പുരുഷ ഇരകളെ കാണാതിരിക്കാനോ അവരുടെ അനുഭവങ്ങളെ നിഷേധിക്കാനോ കഴിയില്ല.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെടുന്ന അത്ര ഗൗരവത്തോടെയോ വ്യാപ്തിയോടെയോ പുരുഷ ഇരകളെ സമൂഹം ചർച്ച ചെയ്തിട്ടില്ല എന്നത് ഒരു യാഥാർഥ്യമായി തോന്നുന്നു. അതിന് ഒരു പ്രധാന കാരണം, “ആണുങ്ങൾക്ക് അങ്ങനെ സംഭവിക്കില്ല” എന്ന തെറ്റായ വിശ്വാസവുമാകാം.
അതെ. പുരുഷന്മാരും ബലാത്സംഗം പോലത്തെ ലൈംഗിക അതിക്രമത്തിന് ഇരയാകാം. ഇരയാകുന്നുമുണ്ട്. വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലോകാരോഗ്യ സംഘടനയും ഇതേ കാര്യം പറയുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനപ്രകാരം, ഇരയുടെ സമ്മതമില്ലാതെ (Consent) ശരീരത്തിലേക്ക് നടത്തുന്ന ഏതുതരം ലൈംഗിക കടന്നുകയറ്റവും അതിക്രമവും ബലാത്സംഗത്തിന്റെ (Sexual Assault/Rape) പരിധിയിൽ വരും. ഇതിൽ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല.
കൺസെന്റ് ഇല്ലാതെയുള്ള നിർബന്ധിത ഏനൽ സെക്സ്, ഓറൽ സെക്സ് എന്നിങ്ങനെ ശരീരത്തിലേക്കുള്ള ബലപ്രയോഗത്തോടെയുള്ള ഏത് പെനട്രേഷനും മറ്റ് ശാരീരിക-ലൈംഗിക അതിക്രമങ്ങളും പുരുഷന്മാരെയും ബാധിക്കാം. ഇതിന്റെ മാനസിക ആഘാതങ്ങൾ സ്ത്രീകളുടേതിന് സമാനം തന്നെയാണ്. PTSD, വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ, കുറ്റബോധം, നാണക്കേട് തുടങ്ങി നിരവധി പ്രത്യാഘാതങ്ങൾ പുരുഷ ഇരകളിലും കണ്ടെത്തിയിട്ടുണ്ട്.

അതിന്റെ ഏറ്റവും വേദനാജനകമായ ഓർമ്മകളിലൊന്നാണ് കേരളത്തിൽ അടുത്തിടെ വലിയ ചർച്ചയായ ഒരു സംഭവം. 2025ൽ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ അനന്തു അജിയുടെ മരണത്തിന് ശേഷം പുറത്തുവന്ന കുറിപ്പിലും വിഡിയോയിലും താൻ ബാല്യകാലം മുതൽ ലൈംഗിക പീഡനത്തിനിരയായിരുന്നെന്നും, ചിലരിൽ നിന്ന് വർഷങ്ങളോളം ലൈംഗികവും മാനസികവുമായ പീഡനം നേരിട്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്.
ആ സംഭവത്തിൽ നിന്ന് വ്യക്തമായ ഒരു കാര്യമുണ്ട്… പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരകളാകാം. നമ്മുടെ നാട്ടിൽ തന്നെ. അതിന്റെ മാനസിക ആഘാതം ജീവിതകാലം മുഴുവൻ അവരിൽ പിന്തുടരാനും കഴിയും.
പക്ഷേ, പ്രശ്നം മറ്റൊന്നാണ്.
സമൂഹം വിശ്വസിക്കുന്നില്ല; നിയമവും തിരിച്ചറിയുന്നില്ല
ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായാൽ, അത് ഒരു ‘sexual offence’ ആണെന്ന് നിയമം വ്യക്തമായി അംഗീകരിക്കുന്നു. എന്നാൽ, ഒരു പ്രായപൂർത്തിയായ പുരുഷനാണ് അതേ അതിക്രമത്തിന് ഇരയാകുന്നതെങ്കിൽ രാജ്യത്തെ നിയമവും ഇന്ന് കണ്ണടയ്ക്കുകയാണ്.
അല്ലാ, എന്താ അപ്പോ അവസ്ഥ?
ഇന്ന് ഒരു പ്രായപൂർത്തിയായ പുരുഷൻ ലൈംഗിക അതിക്രമത്തിന് ഇരയായാൽ, സംഭവത്തിന്റെ സ്വഭാവമനുസരിച്ച് മർദ്ദനം, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ മറ്റ് കുറ്റങ്ങൾ ചുമത്താൻ കഴിയും. സ്ത്രീകളുടെ കാര്യത്തിലെപ്പോലെ അതിനെ ഒരു പ്രത്യേക sexual offence ആയി നിയമം അംഗീകരിക്കുന്നില്ല.
പഴയ ഇന്ത്യൻ ശിക്ഷാനിയമം ഇന്ത്യൻ പീനൽ കോഡിലെ (IPC) Section 377 പ്രകാരം, സമ്മതമില്ലാതെ പുരുഷന്മാർക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ കുറ്റകരമായി പരിഗണിക്കപ്പെട്ടിരുന്നു. അത് “rape” എന്ന പേരിലായിരുന്നില്ല. എന്നിരുന്നാലും അത് ഒരു ഗുരുതര ‘ലൈംഗിക കുറ്റം’ ആയിരുന്നു.
എന്നാൽ, 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിതയിൽ സെക്ഷൻ 377 ഒഴിവാക്കി. അതിന് പകരം പ്രായപൂർത്തിയായ പുരുഷന്മാർക്കെതിരായ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക അതിക്രമങ്ങളെ പ്രത്യേകം കുറ്റകരമാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നതുമില്ല.
ഈ ഒഴിവാക്കൽ മൂലം adult male victims-ന് നിയമപരമായ സംരക്ഷണത്തിൽ ഒരു വിടവ് ഉണ്ടാകുമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും ചൂണ്ടിക്കാട്ടിയിരുന്നു. Section 377 നിലനിർത്തണമെന്ന് കമ്മിറ്റിയുടെ ശുപാർശയുമുണ്ടായിരുന്നു. എന്നാൽ, അന്തിമ നിയമത്തിൽ അത് ഉൾപ്പെട്ടില്ല.
ഇവിടെ ഒരു കാര്യം വ്യക്തമായി പറയണം. ആൺകുട്ടികളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.
ഒരു ആണിനും സംരക്ഷണമില്ല എന്ന് പറയുന്നത് ശരിയല്ല
18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും POCSO Act (Protection of Children from Sexual Offences) ഒരുപോലെ സംരക്ഷിക്കുന്നു. നടപടിയിൽ പെൺകുട്ടിയോ ആൺകുട്ടിയോ എന്ന വ്യത്യാസമില്ല. ആൺകുട്ടിയാണെങ്കിൽ അത് ‘പ്രകൃതി വിരുദ്ധ പീഡനം’ എന്നാണ് പലപ്പോഴും റിപ്പോർട്ട് ചെയ്യാറ്.
കഴിഞ്ഞ ഒരു ദശകത്തിൽ POCSO കേസുകൾ ഇന്ത്യയിൽ വർധിച്ചിട്ടുണ്ട്. ഗവേഷണങ്ങൾ കാണിക്കുന്നത് ഇരകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെങ്കിലും, ആൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുവെന്നാണ്. എന്നാൽ, അവർ പലപ്പോഴും പരാതി പോലും നൽകാറില്ല. സാമൂഹിക നാണക്കേടും “ആൺകുട്ടിക്ക് ഇതൊന്നും സംഭവിക്കില്ല” എന്ന ധാരണയും അതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതായത്, ഒരേ തരം അക്രമത്തിന്,
18 വയസ്സിൽ താഴെയാണെങ്കിൽ POCSO സംരക്ഷിക്കുന്നു.
18 വയസ്സ് കഴിഞ്ഞാൽ അതേ വ്യക്തിക്ക് നിയമത്തിലെ സംരക്ഷണം മാറിപ്പോകുന്നു.
ഈ വൈരുധ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇവിടെയാണ് പുതിയ ഭാരതീയ ന്യായ സംഹിത (BNS) വലിയൊരു ചോദ്യമുയർത്തുന്നതും.

ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ സ്ഥിതി ഇതിലും സങ്കീർണം
ഒരു മനുഷ്യൻ സ്ത്രീയല്ല എന്ന ഒറ്റ കാരണത്താൽ, അയാൾക്കോ അവർക്കോ നേരിടുന്ന ലൈംഗിക അതിക്രമം നിയമത്തിന്റെ കാഴ്ചയിൽ അദൃശ്യമാകാൻ പാടുണ്ടോ?
ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരായ ലൈംഗിക അതിക്രമവും യാഥാർഥ്യമാണ്. 2019-ലെ ‘ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമത്തിലെ’ (Transgender Persons Act) സെക്ഷൻ 18(ഡി) പ്രകാരം ട്രാൻസ്‌ജെൻഡർ മനുഷ്യർക്കെതിരെയുള്ള ലൈംഗിക ചൂഷണം കുറ്റകരമാണ്. എങ്കിലും നിലവിലെ Section 63 of the Bharatiya Nyaya Sanhita പ്രകാരം, “a man commits rape against a woman” എന്ന രീതിയിലാണ് കുറ്റം നിർവചിച്ചിരിക്കുന്നത്. അതിനാൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക്, പ്രത്യേകിച്ച് ട്രാൻസ് പുരുഷന്മാർക്കും നിരവധി ട്രാൻസ് സ്ത്രീകൾക്കും, ഈ വകുപ്പിന്റെ സംരക്ഷണം ലഭിക്കുമോ എന്നതിൽ നിയമപരമായ സങ്കീർണതയും അനിശ്ചിതത്വവും നിലനിൽക്കുന്നു.
പഴയ IPC-യിലെ Section 377 നിലനിന്നിരുന്നപ്പോൾ, സമ്മതമില്ലാത്ത ഇത്തരം ലൈംഗിക അതിക്രമങ്ങൾക്കെതിരെ കുറഞ്ഞത് ഒരു നിയമപരമായ വഴി ഉണ്ടായിരുന്നു. എന്നാൽ BNS-ൽ ആ വകുപ്പ് ഒഴിവാക്കിയതോടെ, പുരുഷന്മാരെയും ട്രാൻസ്‌ജെൻഡർ വ്യക്തികളെയും ബാധിക്കുന്ന ഒരു നിയമവിടവ് ഉണ്ടായെന്ന് നിരവധി നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
യഥാർഥത്തിൽ, ഇത് ശിക്ഷയുടെ മാത്രം പ്രശ്നമല്ല
ഒരു കുറ്റത്തെ നിയമം എന്ത് പേരിൽ വിളിക്കുന്നു എന്നത് വെറും നിയമസാങ്കേതികതയല്ല. ആ പേര് തന്നെയാണ് ഇരയുടെ അനുഭവത്തെ സമൂഹം എങ്ങനെ കാണണമെന്ന് തീരുമാനിക്കുന്നത്. വിക്റ്റിമിനോ സർവൈവറിനോ ലഭിക്കുന്ന സാമൂഹിക അംഗീകാരത്തെയും, അന്വേഷണത്തിന്റെ സ്വഭാവത്തെയും, കണക്കെടുപ്പിനെയും, പുനരധിവാസ സംവിധാനങ്ങളെയും വരെ സ്വാധീനിക്കുന്നു.
മാനസികാരോഗ്യ ചർച്ചയിലും ഇത് ഭാഗമാകണം
ജൂൺ മാസം ലോകമെമ്പാടും “Men’s Mental Health Month” എന്ന നിലയിൽ ആചരിക്കപ്പെടുന്നു. ഈ മാസം നമ്മൾ പൊതുവേ സംസാരിക്കുക ആത്മഹത്യ, വിഷാദം, സമ്മർദ്ദം, തൊഴിലില്ലായ്മ, കുടുംബബാധ്യത എന്നിവയെക്കുറിച്ചാണ്. ഇനിയെങ്കിലും സംസാരിക്കുമ്പോൾ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള മൗനം കൂടി പൊളിക്കേണ്ടതുണ്ട്.
“ആരും വിശ്വസിക്കില്ല.”
“നീ ആണല്ലേ?”
“തിരിച്ചടിക്കാമായിരുന്നില്ലേ?”
ഇത്തരം പ്രതികരണങ്ങൾ പല പുരുഷന്മാരെയും പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടാകാം. അതോടൊപ്പം നിയമവും അവരെ വ്യക്തമായി തിരിച്ചറിയുന്നില്ലെങ്കിൽ, ആ മൗനം കൂടുതൽ ശക്തമാകും.

തെറ്റിദ്ധരിക്കേണ്ട
ഈ വിഷയം ഉയർത്തുമ്പോൾ ഒരു തെറ്റിദ്ധാരണ ഉണ്ടാകാം. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ വാദമല്ല, കേട്ടോ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ചെറുതാക്കുകയാണോ? അതും അല്ല.
സ്ത്രീകളാണ് ലൈംഗിക അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ എന്നത് യാഥാർഥ്യമാണ്. അതുകൊണ്ട് സ്ത്രീകൾക്കുള്ള നിയമപരമായ സംരക്ഷണം ശക്തമായി തുടരേണ്ടതുമാണ്. പക്ഷേ, അതോടൊപ്പം തന്നെ, ഏതൊരു മനുഷ്യനും ലൈംഗിക അതിക്രമത്തിന് ഇരയാകാമെന്ന യാഥാർഥ്യവും നിയമം അംഗീകരിക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഇക്കാര്യം എഴുതിയത്.
“… പുരുഷനെ ബലാത്സംഗം ചെയ്യാൻ പറ്റില്ല” എന്ന സിനിമാ ഡയലോഗ് ഇന്നും സമൂഹത്തിന്റെ ഒരു ഭാഗം വിശ്വസിക്കുന്നുണ്ടാകാം. എന്നാൽ, ലോകത്തിന്റെ പല ഭാഗത്തായും നടക്കുന്നതാണ് ബച്ചാ ബാസിയും (bacha bazi) ഫോഴ്സ്ഡ് റ്റു പെനട്രേറ്റും (forced-to-penetrate) പോലുള്ള പ്രവൃത്തികൾ. ഇതിലും ഭീകരമാണ് യുദ്ധമുഖത്ത് സാധാരണക്കാർ ലിംഗ–പ്രായഭേതമന്യേ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ.
അവരുടെ മുറിവുകളും യഥാർഥമാണ്.
അവരുടെ മാനസിക ആഘാതവും യഥാർഥമാണ്.
അവരുടെ മൗനവും യഥാർഥമാണ്.
നിയമം സ്ത്രീകളെ സംരക്ഷിക്കണം.
അതുപോലെ തന്നെ, ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന എല്ലാ “മനുഷ്യരെയും” സംരക്ഷിക്കണം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




