Financial Stability Stress
69
Views

നിത്യരോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന അച്ഛനും അമ്മയും, വിവാഹ പ്രായമെത്തിയ സഹോദരിമാർ, ഇതിനിടയിൽപ്പെട്ടുഴലുന്ന, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന നായക കഥാപാത്രം. മലയാളികൾക്ക് എന്നല്ല ശരാശരി ഇന്ത്യക്കാർക്ക് ഒക്കെയും കണക്ടാകുന്ന കഥാ സന്ദർഭമാണിത്. എന്തുകൊണ്ടായിരിക്കും ഈ ‘നായകൻ’ ഭൂരിപക്ഷത്തിനും റിലേറ്റബിൾ ആകുന്നത്? ‘അതുപിന്നെ നമ്മൾ ഡെയിലി കാണുന്നതല്ലേ ഇങ്ങനെയുള്ളവരെ’ എന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ ഏതൊരാൾക്കും പറയാൻ കഴിയും എന്നുള്ളിടത്താണ് ഈ ‘നായകന്റെ’ പ്രസക്തി. അതെ, കുടുംബത്തിന് വേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ‘നായകന്മാരെ’ക്കുറിച്ചാണ് സംസാരിക്കുന്നത്.

‘പ്രൊവൈഡർ’ എന്ന ലേബൽ

നമ്മുടെ സമൂഹം പുരുഷന് നൽകുന്ന പ്രധാനപ്പെട്ട ഒരു ലേബൽ ആണ് ‘പ്രൊവൈഡർ’ (Provider) അഥവാ കുടുംബം പുലർത്തുന്നവൻ. ഇത് വെറുമൊരു വാക്കല്ല, മറിച്ച് തലമുറകളായി പുരുഷന്റെ ചുമലിൽ കെട്ടിവച്ചിരിക്കുന്ന ഒരു വലിയ ഉത്തരവാദിത്തത്തിന്റെ ഭാരമാണ്. ഈ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കുന്ന മറ്റൊരു ഭാരമാണ് സാമ്പത്തിക ഭദ്രത നേടാനുള്ള നിരന്തര സമ്മർദ്ദം. രസകരമായ കാര്യം, ഈ സമ്മർദ്ദത്തിന്റെ ആഴം അനുഭവിക്കുന്നയാൾക്കല്ലാതെ പിടികിട്ടില്ല എന്നതാണ്. സാമ്പത്തിക ഭദ്രത എന്നത് വെറുമൊരു ജീവിത ലക്ഷ്യമല്ല, മറിച്ച് പുരുഷന്റെ ‘പുരുഷത്വ’ത്തെ നിർണ്ണയിക്കുന്ന ഒരു അളവുകോലായി മാറി എന്നതാണ് വസ്തുത.

A hand holding a small blue umbrella over a stack of coins on a wooden table.
Representative Image (Image Credits: Shutterstock/Rido)

പുരുഷൻ സ്വന്തം കാലിൽ നിൽക്കണം, നല്ലൊരു വരുമാനം ഉണ്ടാക്കണം തുടങ്ങിയ ഉപദേശങ്ങൾ കാലഹരണപ്പെട്ടു എന്ന് കരുതാൻ വയ്യ. കുടുംബത്തിന്റെ ‘ബ്രെഡ് വിന്നർ’ (Breadwinner) ആവുക എന്നത് ഒരു സാമൂഹിക അനിവാര്യതയായാണ് കണക്കാക്കുന്നത്. ഇവിടെ അലമുറയിടുന്ന പാട്രിയാർക്കിയെ ഞാൻ പറയാതെ തന്നെ നിങ്ങൾ കാണുന്നില്ലേ? സാമ്പത്തിക ഭദ്രതയ്ക്കുള്ള സമ്മർദ്ദം എന്നത് ഈ വ്യവസ്ഥിതി പുരുഷന്മാരിൽ അടിച്ചേൽപ്പിക്കുന്ന ക്രൂരത എന്നേ പറയാനാകൂ. നേരെ മറുവശത്ത്, സമ്പാദിക്കുന്ന, സാമ്പത്തിക സ്വാതന്ത്യ്രം തേടുന്ന സ്ത്രീകളെ പാട്രിയാർക്കി വേട്ടയാടുന്നുണ്ട് എന്നുകൂടെ പറഞ്ഞുവയ്ക്കുമ്പോഴാണ് ഈ ക്രൂരതയുടെ ആഴം വ്യക്തമാവുക. പാട്രിയാർക്കി സ്ത്രീകളെയും പുരുഷനെയും ഞെക്കിപ്പിഴിയുന്നുണ്ട് എന്ന് സാരം.

സാമ്പത്തിക ഭദ്രത പുരുഷത്വത്തിന്റെ അളവുകോലാകുമ്പോൾ

സാമ്പത്തികമായി തകരുമ്പോൾ ഒരു പുരുഷൻ അതീവ സമ്മർദ്ദത്തിലേക്ക് പോകുന്നതിനും ഈ വ്യവസ്ഥിതിയാണ് കാരണം. പുരുഷന്റെ സാമ്പത്തിക തകർച്ച അയാളുടെ അസ്തിത്വത്തിന് മേലുയരുന്ന ചോദ്യ ചിഹ്നമായിട്ടായിരിക്കും അവൻ കാണുക. അതിന് കാരണം, മുൻപ് സൂചിപ്പിച്ച പുരുഷത്വത്തിന്റെ അളവുകോലാണ്. ഈ പാട്രിയാർക്കി പുരുഷനെ ഒറ്റപ്പെടുത്തുന്നുണ്ട് എന്നതും വസ്തുതയാണ്. തളരുമ്പോൾ ഒരു താങ്ങ് ചോദിക്കാനും സാമ്പത്തിക പ്രതിസന്ധി പങ്കുവയ്ക്കാനും പലരും മടിക്കുന്നതിന് കാരണമിതാണ്. അത് എന്റെ ബലഹീനതയായി കണക്കാക്കപ്പെടുമോ എന്ന ഭയം അവരെ അലട്ടുന്നു. ഒരു പ്രായം കഴിഞ്ഞാൽ സാമ്പത്തിക ഭദ്രത എന്നത് നിർത്താതെ ഓടേണ്ടി വരുന്ന ഒരു ട്രെഡ്‌മില്ലായി മാറുകയാണ്. സോഷ്യൽ മീഡിയയിലെ ആഡംബര ജീവിതങ്ങളുടെ കാഴ്ചകൾ ഈ സമ്മർദ്ദം പത്തിരട്ടിയാക്കുന്നു.

A stressed individual sits at a desk, head down with hands on their head, surrounded by paperwork, a calendar, a phone, and a calculator.
Representative Image (Image Credits: Shutterstock/Kmpzzz)

സാമ്പത്തിക സമ്മർദ്ദം മാനസികവും ശാരീരികവുമായ ആഘാതങ്ങൾ ഒരു പുരുഷനിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിരന്തരമായ ഉത്കണ്ഠ (Anxiety), വിഷാദം (Depression) എന്നിവയിലേക്ക് ഇത് നയിക്കാം. കാര്യങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ ഉണ്ടാകുന്ന നിസ്സഹായത പലരെയും ഒറ്റപ്പെടലിലേക്ക് നയിക്കും. തുടർച്ചയായ സമ്മർദ്ദം, രക്തസമ്മർദ്ദം (Blood Pressure), ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ദഹനപ്രശ്നങ്ങൾ എന്നിങ്ങനെയുള്ള ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കും. മനസ്സ് പതിയെ ശരീരത്തിൽ പിടിമുറുക്കുകയാണിവിടെ. പെട്ടെന്നുള്ള ദേഷ്യം, അമിതമായ മൗനം എന്നിവയെല്ലാം പതിയെ ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങും. മദ്യം, പുകവലി തുടങ്ങിയ ആസക്തികൾ സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള തെറ്റായ മാർഗങ്ങളായി വന്നുഭവിക്കാനും സാധ്യതയുണ്ട്.

സാമ്പത്തിക പ്രതിസന്ധികൾ ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമാകാറുണ്ട്. തന്റെ പരാജയങ്ങൾ പങ്കാളിയോട് തുറന്നു പറയാൻ മടിക്കുന്നത് തെറ്റിദ്ധാരണകൾ വർധിപ്പിക്കും. പങ്കാളിയുടെയും കുട്ടികളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിലുള്ള കുറ്റബോധം പല പുരുഷന്മാരെയും കുടുംബത്തിൽ നിന്ന് വൈകാരികമായി അകറ്റാൻ കാരണമാകും. ഇത് കൂടുതൽ അപകടത്തിലേക്ക് കാര്യങ്ങൾ‌ കൊണ്ടെത്തിക്കും.

A family of three, including a father, mother, and young child, looking at a smartphone together against a bright yellow background.
Representative Image (Image Credits: Shutterstock/DC Studio)

രക്ഷപ്പെടാൻ എന്ത് ചെയ്യും?

ഒരു പുരുഷന്റെ വിജയം അളക്കുന്നത് അവന്റെ ബാങ്ക് ബാലൻസ് വച്ചാണ് എന്ന തെറ്റിദ്ധാരണ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുരുഷൻ എന്നാൽ എപ്പോഴും സമ്പാദിക്കുന്നവൻ മാത്രമല്ല, പങ്കുവയ്ക്കുന്നവൻ കൂടിയാണ് എന്ന് നിരന്തരം ഓർക്കുക. ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാൻ മടിക്കേണ്ടതില്ല. അതിൽ ലിംഗ ഭേദവുമില്ല. സാമ്പത്തിക സാക്ഷരതയും അച്ചടക്കവും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ പ്രധാനമാണ്. കണക്കുകൾ കൃത്യമാണെങ്കിൽ സമ്മർദ്ദം കുറയും. സാമ്പത്തിക പ്രതിസന്ധികൾ കുടുംബവുമായി തുറന്നു സംസാരിക്കുന്നത് ബലഹീനതയല്ല, ഉത്തരവാദിത്തമാണ് എന്ന് മനസ്സിലാക്കണം.

സാമ്പത്തിക ഭദ്രത എല്ലാവർക്കും നല്ലതാണ്. പക്ഷേ, അത് സ്വന്തം മാനസികാരോഗ്യം ബലികഴിച്ചുകൊണ്ട് ആവരുത്. പാട്രിയാർക്കി കെട്ടിപ്പൊക്കിയ ‘പുരുഷൻ അജയ്യനാണ്’ എന്ന മിഥ്യാധാരണയിൽ നിന്ന് നമുക്ക് പുറത്തുവരാം. സ്നേഹവും പരസ്പര ധാരണയും ഉള്ളിടത്തോളം കാലം, സാമ്പത്തിക പ്രതിസന്ധികൾ ഒരു തളർച്ചയല്ല, മറിച്ച് ഒരുമിച്ച് മറികടക്കേണ്ട ചെറിയ കടമ്പകൾ മാത്രമാണ് എന്ന് തിരിച്ചറിയുക.

Article Categories:
Love, Lust & Beyond

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading