നീല, മഞ്ഞ, പച്ച, ചുവപ്പ്, പിങ്ക്, കറുപ്പ്… പ്രകൃതി ഒളിപ്പിച്ചുവെച്ച നിറങ്ങളുടെ വസന്തമായിരുന്നു ഒരുകാലത്ത് നമ്മുടെ ലോകം. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ “എനിക്ക് നല്ല കടുംനിറമുള്ള ഡ്രസ്സ് മതി” എന്ന് വാശിപിടിച്ചിരുന്നിടത്തുനിന്ന് ഇന്ന് മനുഷ്യനും വിപണിയും ഒരുപാട് മാറി സഞ്ചരിച്ചിരിക്കുന്നു.
തിളങ്ങിനിൽക്കുന്ന ആ കടുംവർണങ്ങളെല്ലാം ഇന്ന് എവിടെപ്പോയി മറഞ്ഞു? ഓഫീസ് മുറികൾ, വസ്ത്രങ്ങൾ, എന്തിന് നമ്മുടെ കിടപ്പുമുറികളും മോഡുലാർ കിച്ചണുകളും വരെ ഇന്ന് ‘പേസ്റ്റൽ’ (Pastel) നിറങ്ങളോ തികച്ചും ‘ന്യൂട്രൽ’ കളർ ശൈലിയോ ആണ് ഭരിക്കുന്നത്.
മുൻപെങ്ങുമില്ലാത്തവിധം ആകർഷകമായ വർണങ്ങളിൽനിന്നും ലോകം മങ്ങിയ നിറങ്ങളുടെ ‘മോണോക്രോം’ ശൈലിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ വിരൽചൂണ്ടുന്നതും.
200 വർഷത്തെ മാറ്റം; രാത്രി വെളുത്തപ്പോൾ സംഭവിച്ചതല്ല!
ലോകത്തെ ഈ നിറംമാറ്റം പെട്ടെന്ന് ഒരു രാത്രികൊണ്ട് സംഭവിച്ചതല്ലെന്ന് പ്രശസ്തമായ ‘സയൻസ് മ്യൂസിയം ഗ്രൂപ്പ് ഡിജിറ്റൽ ലാബ്’ 2020ൽ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 200 വർഷത്തെ മനുഷ്യന്റെ ജീവിതശൈലിയെ അടിസ്ഥാനമാക്കിയായിരുന്നു ഇവരുടെ ഗവേഷണം. 1800-കൾ മുതൽ മനുഷ്യൻ ഉപയോഗിച്ചുപോന്ന ഘടികാരങ്ങൾ, ക്യാമറകൾ, പ്രിന്റിംഗ് ടൂളുകൾ, നാവിഗേഷൻ ഉപകരണങ്ങൾ, ഗാർഹിക ഉപകരണങ്ങൾ തുടങ്ങി നിത്യോപയോഗത്തിലുണ്ടായിരുന്ന 21 വസ്തുക്കളുടെ 7,000ത്തിലധികം ചിത്രങ്ങളാണ് ഇതിനായി പരിശോധിച്ചത്. ഇവയുടെ ആകൃതി, നിറം, ഘടന എന്നിവ അവർ വിശദമായി പഠനവിധേയമാക്കി.
നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം കാലക്രമേണ ‘ഗ്രേ’ (ചാരനിറം) ടോണിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഇവരുടെ കണ്ടെത്തൽ. മാത്രമല്ല, സാധനങ്ങളുടെ ആകൃതിയിലും മാറ്റം ഇവരുടെ പഠനത്തിൽ പറയുന്നുണ്ട്. ഉപകരണങ്ങള്‍ ഏറെയും പെട്ടിപോലെ അഥവാ ചതുരത്തിന് സമാനമായ ആകൃതിയിലേക്ക് മാറിയിട്ടുണ്ടെന്നാണ് പഠനത്തിലെ വിലയിരുത്തൽ. 19-ാം നൂറ്റാണ്ടിൽനിന്നും 20-ാം നൂറ്റാണ്ടിലേക്ക് കടന്നതോടെ വിപണിയിൽ ബ്രൗൺ, മഞ്ഞ നിറങ്ങളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായ കുറവും രേഖപ്പെടുത്തി.
മിനിമലിസ്റ്റിക്, യൂണിഫോം, സ്ലീക്ക് നിർമാണ നിലവാരത്തിലേക്ക് മാറിയപ്പോളാണ് നിറങ്ങൾ ക്രമേണ മങ്ങിത്തുടങ്ങിയത്. നിർമാണ രംഗത്തെ മാറ്റങ്ങളും മെറ്റൽ–പ്ലാസ്റ്റിക് തുടങ്ങിയവയുടെ മാസ് പ്രൊഡക്ഷനും ഈ മാറ്റത്തിന് ഒരു ഘടകമാണെന്ന് പറയപ്പെടുന്നു.
ഇതൊരു ചെറിയ പഠനമാണെങ്കിലും, ഈ കണ്ടെത്തലിനോട് സാമ്യമുള്ള പ്രവണതകൾ ഫാഷൻ, വാഹന മേഖലകളിലും കാണാം. പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ‘ആക്സാൽറ്റ’ (Axalta) പുറത്തുവിട്ട ആഗോള വാഹന കളർ റിപ്പോർട്ട് പ്രകാരം കറുപ്പ്, ചാരനിറം, വെള്ള എന്നീ മോണോക്രോം നിറങ്ങളാണ് ഇപ്പോൾ ആഗോള വാഹന വിപണി ഭരിക്കുന്നത്.
‘പെയിന്റഡ് ലേഡീസ്’ മുതൽ ‘മിനിമലിസം’ വരെ
നൂറ്റാണ്ടുകളായി മനുഷ്യർ തങ്ങളുടെ വീടുകൾ മനോഹരമായ നിറങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരുന്നത്. സോഫകൾ, വാൾപേപ്പറുകൾ, കാർപെറ്റുകൾ, കസേരകൾ, ലൈറ്റുകൾ എന്നിവ മുതൽ വീടിന്റെ പുറംചുമരുകൾക്ക് വരെ തിളക്കമുള്ള നിറങ്ങൾ നൽകിയിരുന്നു.
സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്തമായ വിക്ടോറിയൻ കാലഘട്ടത്തിലെ വീടുകൾ ഇതിനൊരു മികച്ച ഉദാഹരണമാണ്. പച്ച, നീല, മഞ്ഞ തുടങ്ങിയ ആകർഷകമായ നിറങ്ങൾ പൂശിയ ഈ വീടുകൾ ‘പെയിന്റഡ് ലേഡീസ്’ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ പുറംഭാഗം മാത്രമല്ല, ഉള്ളിലെ പിങ്ക് സോഫകളും വർണ്ണാഭമായ വാൾപേപ്പറുകളുമെല്ലാം വീടിനകം നിറങ്ങളാൽ സമ്പന്നമാക്കിയിരുന്നു.

എന്നാൽ, ഇന്നത്തെ വീടുകളുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഈ പറഞ്ഞ കളർഫുൾ ചുവരുകള്‍ സോഫകൾ, കാർപെറ്റുകൾ എന്നിവയിൽ മുൻകാലത്തേതിനേക്കാൾ ന്യൂട്രൽ നിറങ്ങൾ ഇന്ന് കൂടുതൽ പ്രചാരം നേടുന്നുണ്ട്. അടുത്തകാലത്തായി ഇന്റീരിയർ ഡിസൈനിംഗിൽ വലിയ സ്വീകാര്യത നേടുന്ന ‘മിനിമലിസം’ (Minimalism), ‘മോഡേണിസം’ (Modernism) എന്നീ ശൈലികളാണ് മങ്ങിയ നിറങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഈ ഡിസൈൻ വിപ്ലവത്തിന് തുടക്കം കുറിച്ചത്.
ടെക് ഭീമന്മാരായ ആപ്പിളിന്റെ സ്റ്റോറുകളും ഉൽപ്പന്നങ്ങളും പരിശോധിച്ചാൽ ഇതേ മാറ്റം കാണാം. അവരുടെ സ്റ്റോർ ഡിസൈനുകള്‍ പൊതുവെ വെളുപ്പും ചാരനിറവും നിറഞ്ഞതാണ്. ആപ്പിൾ മാത്രമല്ല, കോർപ്പറേറ്റ് ലോകമാകെ ഇന്ന് ന്യൂട്രൽ നിറങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഈ സംസ്കാരത്തിലേക്ക് മാറിയിട്ടുണ്ട്. ചില സാംസ്കാരിക സിദ്ധാന്തകാരന്മാർ ഈ പ്രവണതയെ ‘ക്രോമോഫോബിയ’ എന്ന ആശയവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്.
കേരളത്തിലുമുണ്ട് ഇംപാക്റ്റ്
കേരളത്തിലും സമാനമായ പ്രവണതകൾ കാണാനാകുന്നുണ്ട്. രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്ക് മുമ്പ് വീടുകൾ നോക്കിയാൽ ഇളം പച്ച, മഞ്ഞ, നീല, റോസ്, ഓറഞ്ച് തുടങ്ങിയ നിറങ്ങൾ സാധാരണമായിരുന്നു. ചിലർ ചുവപ്പും വയലറ്റും വരെ ചുമരുകളിലും തറയിലും അടിച്ചിരുന്നു.
എന്നാൽ, ഇന്ന് പുതുതായി നിർമിക്കുന്ന വീടുകളിൽ ഓഫ്-വൈറ്റ്, ബീജ്, ഗ്രേ, ചാർക്കോൾ തുടങ്ങിയ ന്യൂട്രൽ ടോണുകള്‍ കൂടുതലായി കാണാറുണ്ട്. വീടിന്റെ പുറംഭാഗം മുതൽ ഇന്റീരിയർ വരെയുള്ള ഈ മാറ്റം ആഗോള ഡിസൈൻ ട്രെൻഡുകളുടെ സ്വാധീനം വ്യക്തമാക്കുന്നു.

കഫേകളുടെയും ഹോട്ടലുകളുടെയും ഇന്റീരിയറുകളിലും ഇളം, ന്യൂട്രൽ നിറങ്ങളുടെ സ്വാധീനം ശ്രദ്ധേയമാണ്.
വസ്ത്രധാരണത്തിലും സമാനമായ മാറ്റം കാണാം. ഒരുകാലത്ത് കടുംനീല, കടുംചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ഷർട്ടുകളും സാരികളും ഡെയ്‌ലി ലൈഫിൽ സാധാരണ കാഴ്ചയായിരുന്നു. ഇന്ന് ബീജ്, സേജ് ഗ്രീൻ, ഓഫ്-വൈറ്റ്, പേസ്റ്റൽ ബ്ലൂ, ഡസ്റ്റി പിങ്ക് തുടങ്ങിയ മൃദുനിറങ്ങൾ ഫാഷൻ ബ്രാൻഡുകളുടെയും സോഷ്യൽ മീഡിയ ട്രെൻഡുകളുടെയും പ്രിയപ്പെട്ട തിരഞ്ഞെടുപ്പുകളിൽ മുന്നിലുണ്ട്.
കേരളത്തിലെ വിവാഹ അലങ്കാരങ്ങളില്‍ പോലും ഈ മാറ്റത്തിന്റെ സാക്ഷികളാണ്. മുൻകാലത്തെ അപേക്ഷിച്ച് ഇന്ന് വിവാഹ വേദികളിൽ വെള്ള, ബീജ്, പാസ്റ്റൽ പിങ്ക്, സേജ് ഗ്രീൻ തുടങ്ങിയ നിറങ്ങളുടെ ആധിപത്യം തീമുകളിൽ വ്യക്തമാണ്.
കണക്കുകൾ പറയും ആ ‘നിറംമാറ്റം’
വിപണിയിലിറങ്ങുന്ന പുതിയ കാറുകളിൽ 80 ശതമാനത്തിലധികവും ബ്ലാക്ക്, വൈറ്റ്, അല്ലെങ്കിൽ ഗ്രേ നിറങ്ങളിലുള്ളവയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റീസെയിൽ മൂല്യത്തെക്കുറിച്ചുള്ള ഉപഭോക്തൃ ധാരണകളും വെള്ള പോലുള്ള ന്യൂട്രൽ നിറങ്ങൾ തിരഞ്ഞെടുക്കാൻ ഒരു കാരണമായേക്കാം. ആർക്കിടെക്ചർ, ഫാഷൻ മേഖലകളിൽ ഈ വ്യത്യാസം വളരെ വ്യക്തമാണ്.
ആധുനിക ജീവിതത്തിലെ അമിതമായ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി മനസ്സിന് ശാന്തത നൽകുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ ഇത്തരം മങ്ങിയ നിറങ്ങൾ സഹായിക്കുമെന്നാണ് വലിപ്പച്ചെറുപ്പമില്ലാതെ ആളുകൾ കരുതുന്നത്. ഒപ്പം, അമിത ആഡംബരമല്ലെങ്കിലും ഒറ്റനോട്ടത്തിൽ ഒരു ‘ലക്ഷ്വറി ഫീൽ’ തോന്നിപ്പിക്കാനും ആളുകൾ ഇത്തരം മങ്ങിയ, ന്യൂട്രൽ നിറങ്ങൾ ഇന്ന് ബോധപൂർവ്വം തിരഞ്ഞെടുക്കുന്നുണ്ടെന്നാണ് വിപണി പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും ദൈനംദിന ജീവിതത്തിൽ ന്യൂട്രൽ നിറങ്ങൾ പ്രിയപ്പെട്ടവയാകുമ്പോഴും ആഘോഷങ്ങളുടെ ലോകത്ത് കടുംനിറങ്ങൾ ഇപ്പോഴും അവരുടെ സ്ഥാനം നിലനിർത്തുന്നു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




