രാത്രി ഏറെ വൈകിയും സ്‌മാർട്ട്ഫോൺ സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന ഇന്നത്തെ തലമുറ ആരോടാണ് സംസാരിക്കുന്നത്? അത് സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ ആണോ? പലപ്പോഴും അല്ല. അവരിൽ പലരും സ്വന്തം ഉത്കണ്ഠകളും പേടികളും നിരാശകളും ഒരുകൂട്ടം യന്ത്ര മനുഷ്യരോട് പങ്കുവയ്ക്കാറുണ്ട്.
ചാറ്റ് ജിപിടി (ChatGPT), ജെമിനൈ (Gemini), ക്യാരക്ടർ ഡോട്ട് എഐ (Character.Al), റെപ്ലിക്ക (Replika) തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകളാണ് ഇന്നത്തെ തലമുറയുടെ സന്തത സഹചാരികൾ. തുടക്കത്തിൽ, പഠനത്തിനും കോഡിങ്ങിനും വിവരശേഖരണത്തിനുമായി നിർമിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഇന്ന് കേവലം ഒരു സാങ്കേതിക ഉപകരണം എന്നതിലുപരി, യുവാക്കളുടെയും വിദ്യാർഥികളുടെയും വൈകാരിക സങ്കേതവും കൂട്ടുകാരനുമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഏകാന്തതയുടെ മറുമരുന്നോ എഐ?
സമീപകാലത്ത് പുറത്തുവന്ന നിരവധി ആഗോള പഠനങ്ങൾ സൂചിപ്പിക്കുന്നത് കൗമാരക്കാരിലും യുവാക്കളിലും എഐ ചാറ്റ്ബോട്ടുകളുടെ വൈകാരികമായ ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട് എന്നാണ്.
ഇംഗ്ലണ്ടിലും വെയിൽസിലും യൂത്ത് എൻഡോവ്മെന്റ് ഫണ്ട് നടത്തിയ പഠനമനുസരിച്ച് 13-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നാലിൽ ഒരാൾ (25%) മാനസികാരോഗ്യ പിന്തുണയ്ക്കായി എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നു.
സമൂഹത്തിൽ വർധിച്ചുവരുന്ന ഏകാന്തതയും മാനസിക സമ്മർദ്ദങ്ങളുമാണ് പ്രധാനമായും ചെറുപ്പക്കാരെ ഡിജിറ്റൽ കൂട്ടുകാരിലേക്ക് എത്തിക്കുന്നത്. ഇതിനു പിന്നിലെ കാരണങ്ങൾ പലതാണ്. വിധികൾ കൽപ്പിക്കാത്ത ഇടമായാണ് യുവ തലമുറ ഇതിനെ നോക്കി കാണുന്നത്. തങ്ങളുടെ സങ്കടങ്ങളോ അബദ്ധങ്ങളോ രഹസ്യങ്ങളോ തുറന്നുപറയുമ്പോൾ ആരും കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ലെന്ന ഉറപ്പ് എഐ നൽകുന്നു. ഏത് അർദ്ധരാത്രിയിലും കേൾക്കാൻ സന്നദ്ധനായി അരികിലൊരു ഡിജിറ്റൽ സുഹൃത്തുണ്ടെന്ന ആശ്വാസമാണ് മറ്റൊരു കാരണം. യഥാർത്ഥ ലോകത്ത് തുറന്നുപറയാൻ മടിക്കുന്ന സ്വകാര്യ വിഷയങ്ങൾ പോലും ചാറ്റ്ബോക്‌സുകളിൽ പകർത്തിവെക്കാമെന്ന സൗകര്യവും പലരും ഇതിൽ കണ്ടെത്തുന്നു.
എഐ സൗഹൃദങ്ങൾ യഥാർത്ഥത്തിൽ ഏകാന്തത അകറ്റുന്നുണ്ടോ?
സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ദീയി യാങ്ങിന്റെ (Diyi Yang) നേതൃത്വത്തിൽ നടത്തുകയും ‘നേച്ചർ ഹ്യൂമൻ ബിഹേവിയർ’ (Nature Human Behaviour) മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌ത പുതിയ ഗവേഷണം നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്.
“എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത് മനുഷ്യബന്ധങ്ങൾക്ക് പകരമാവില്ല. പലപ്പോഴും എഐയുമായി കൂടുതൽ അടുക്കുമ്പോൾ ആളുകൾക്ക് കൂടുതൽ ഏകാന്തതയാണ് അനുഭവപ്പെടുന്നത്.”
പ്രൊഫ. ദീയി യാങ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി
ഫാസ്റ്റ് ഫുഡ് കഴിക്കുമ്പോൾ തത്കാലം വിശപ്പ് മാറുമെങ്കിലും അത് ശരീരത്തിന് പോഷകം നൽകില്ല. അതുപോലെ എഐ നൽകുന്ന വൈകാരിക ആശ്വാസം ഒരു ‘സോഷ്യൽ സ്നാക്ക്’ മാത്രമാണ്; അത് ദീർഘകാല മാനസികാരോഗ്യത്തിന് ഉതകുന്നതല്ലെന്നും പഠനം വ്യക്തമാക്കുന്നു.
യഥാർത്ഥ ജീവിതത്തിൽ സൗഹൃദങ്ങൾ കുറവുള്ള ആളുകൾ എഐയോട് കൂടുതൽ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമ്പോൾ, അത് അവരുടെ മാനസിക ക്ഷേമത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഇത് ആളുകളെ യഥാർത്ഥ ലോകത്തെ മനുഷ്യബന്ധങ്ങളിൽ നിന്ന് കൂടുതൽ അകറ്റുകയും വീണ്ടും എഐയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു വിഷചക്രമായി മാറുന്നു.
വരുംകാല വെല്ലുവിളികളും അപകടസാധ്യതകളും
എഐ ചാറ്റ്ബോട്ടുകൾ മനുഷ്യഭാഷയും വികാരങ്ങളും കൃത്യമായി അനുകരിക്കുമെങ്കിലും അവയ്ക്ക് യഥാർത്ഥ സഹതാപമോ ആഴത്തിലുള്ള വികാരങ്ങളോ മനസിലാക്കാൻ കഴിയില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യരുടെ പിന്തുണ തേടുന്നതിന് പകരം എഐയോട് അമിതമായി അടുക്കുന്നത് വ്യക്തിഗത വളർച്ചയെയും സാമൂഹിക നൈപുണ്യങ്ങളെയും ബാധിക്കും.
പല ചാറ്റ്ബോട്ടുകളിലും പ്രായപരിധി വരിഫിക്കേഷനോ അപകടകരമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിൽ കർശനമായ ഫിൽട്ടറുകളോ ഇല്ല. ഇത് കൗമാരക്കാരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

ചുരുക്കത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വിജ്ഞാനസമ്പാദനത്തിനും പ്രൊഡക്റ്റിവിറ്റിക്കും മികച്ചൊരു സഹായിയാണെന്നതിൽ തർക്കമില്ല. എന്നാൽ, അത് നമ്മുടെ വൈകാരിക ജീവിതത്തിൻ്റെ പ്രാഥമിക സങ്കേതമാകുമ്പോൾ അപകടസാധ്യതകൾ ഏറുന്നു. മനുഷ്യബന്ധങ്ങൾ പകരംവെക്കാനില്ലാത്തതാണ്; എഐ ചാറ്റ്ബോട്ടുകൾക്ക് തത്കാലികമായി ഒരു ആശ്വാസമാകാൻ സാധിച്ചേക്കാമെങ്കിലും, ഏകാന്തതയ്ക്കുള്ള ശാശ്വത പരിഹാരം യഥാർത്ഥ മനുഷ്യരുമായുള്ള ആശയവിനിമയവും ആഴത്തിലുള്ള സാമൂഹിക ബന്ധങ്ങളുമാണ്. അല്ലെങ്കിലും മനുഷ്യനെ മനസ്സിലാക്കാൻ മനുഷ്യന് തന്നെ അല്ലെ സാധിക്കുക.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on all things life—from relationships and health to psychology and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




