കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം ബാൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് വമ്പൻ വാർത്തകളൊക്കെയാണ് വരുന്നത്. ‘ഹാവൂ, ഇനി സമാധാനമായി പഠിക്കാം’ എന്നാണോ ആദ്യം മനസ്സിൽ തോന്നിയത്? അല്ലെങ്കിലും തല്ലും വഴക്കും പോലീസ് കേസുമെല്ലാമായി ‘കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന’ രാഷ്ട്രീയം എന്തിനാണല്ലേ കോളേജിൽ?
വളരെ നിഷ്കളങ്കമായ ഇത്തരം ചിന്തകൾ മനസ്സിൽ വരുന്നതിന് വിദ്യാർഥി രാഷ്ട്രീയത്തിലെ ചില മോശം പ്രവണതകൾക്ക് പങ്കുണ്ട് എന്നതിൽ സംശയമില്ല. പക്ഷേ, വിദ്യാർഥി രാഷ്ട്രീയം മൊത്തത്തിലങ്ങ് ‘മടക്കിക്കെട്ടാനുള്ള’ തീരുമാനത്തിൽ ചില കുഴപ്പങ്ങളുണ്ട്.
ആദ്യം എന്താണ് ഈ വിദ്യാർഥി രാഷ്ട്രീയം എന്ന് അറിയണ്ടേ…!
രാവിലെ കോളേജിൽ വന്ന് കൊടിപിടിക്കുക, മുദ്രാവാക്യം വിളിക്കുക, ക്ലാസ് കട്ട് ചെയ്ത് സമരം ചെയ്ത് നടക്കുക, പ്രിൻസിപ്പാളിനെ മുറിയിൽ പൂട്ടിയിടുക തുടങ്ങിയവയൊക്കെയാണ് ഈ വിദ്യാർഥി രാഷ്ട്രീയം എന്ന് അറിയാതെയെങ്കിലും തെറ്റിദ്ധരിച്ചുപോകുന്നവരുണ്ട്. സംഗതി അതല്ല. നീതിയുടെ വിഷയം വരുമ്പോൾ നിങ്ങളുടെ ഉള്ളിലെരിയുന്ന തീയെ ആണ് രാഷ്ട്രീയം എന്ന് വിളിക്കുന്നതെന്ന് പറയാറുണ്ട്.
വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ, ഏറ്റവും ലളിതമായി, എനിക്കും എന്റെ കൂടെ പഠിക്കുന്നവർക്കും ഒരുപോലെ പഠിക്കാനും കോളേജിൽ ഇടപെടാനും കഴിയുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട എന്റെ ബാധ്യതയെയാണ് രാഷ്ട്രീയം എന്ന് വിളിക്കുന്നത്.
ഉദാഹരണത്തിന്… നിങ്ങൾ എന്നും സ്കൂട്ടറിൽ കോളേജിലേക്ക് വരുന്ന ആളാണ് എന്ന് വിചാരിക്കുക. പതിവുപോലെ നിങ്ങൾ ക്യാംപസിലെത്തുമ്പോൾ കാണുന്നത്, നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ/കൂട്ടുകാരി കരയുന്നതാണ്. ബസ്സിൽ അഞ്ച് രൂപ പാസ് കൊടുത്ത് കോളേജിലേക്കെത്തുന്ന ആ സുഹൃത്തിനെ കണ്ടക്ടർ അപമാനിച്ചതാണ് കാരണം. ഇത് കേൾക്കുമ്പോൾ നിങ്ങളുടെയുള്ളിലുണ്ടാകുന്ന വികാരം എന്താകും? അതാണ് നിങ്ങളുടെ രാഷ്ട്രീയം.
ഹോസ്റ്റലിലെ മോശം ഭക്ഷണം, കാന്റീനിൽ അടിക്കടി ഉയരുന്ന വില, ഒറ്റ ദിവസംകൊണ്ട് ഇരട്ടിയാകുന്ന ഫീസ്… പ്രിൻസിപ്പാളിനോട് തനിയെ പോയി ചോദിക്കാൻ ചിലർക്കെങ്കിലും പേടിയുണ്ടാകും ‘ഞങ്ങൾ കൂടെയുണ്ട്’ എന്നുപറഞ്ഞ് കൂടെ നിൽക്കുന്ന ആ സപ്പോർട്ട് സിസ്റ്റമാണ് രാഷ്ട്രീയം. അതാണ് യഥാർഥ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മാതൃക.
“എനിക്ക് പൊളിറ്റിക്സ് ഒന്നും താല്പര്യമില്ലേ…” എന്ന് പറയുന്നത് കൂൾ കാര്യമായി ചിലരെങ്കിലും കരുതുന്നുണ്ടാകും. ഒന്നോർത്തു നോക്കൂ, രാഷ്ട്രീയമില്ലെങ്കിൽ നിങ്ങൾ പഠിക്കുന്ന കോളേജിൽ എന്തൊക്കെ സംഭവിക്കാം? അതോറിറ്റി എന്താണോ പറയുന്നത് അത് മിണ്ടാതെ സഹിക്കേണ്ടി വരില്ലേ? വൈകുന്നേരം 5 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണമെന്ന് പറഞ്ഞാൽ കയറണം, ഫോൺ ഉപയോഗിക്കരുത് എന്നു പറഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ല, ഫീസ് പെട്ടെന്ന് ഡബിൾ ആക്കും എന്ന് പറഞ്ഞാൽ… ഇതൊക്കെ ആര് ചോദ്യം ചെയ്യും?
ഇനി, എനിക്ക് വേണ്ടി പാർട്ടികാര് ചേട്ടന്മാരും ചേച്ചിമാരും ചോദിച്ചോളും എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അതെത്രത്തോളം നീചമാണെന്ന് ഓർത്തുനോക്കൂ. നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും വേണ്ടി മറ്റാരെങ്കിലും വരുമെന്ന് ചിന്തിച്ച് മിണ്ടാതിരിക്കുന്നതിലും വലിയ മൂഢതയുണ്ടോ? നമുക്ക് കിട്ടേണ്ട അവകാശങ്ങൾ മറ്റൊരാൾ വന്ന് നേടിത്തരും എന്നുപറഞ്ഞ് മാറിനിൽക്കുന്നത് അരാഷ്ട്രീയതയാണെന്ന് അറിയുക.
ഇന്ന് ഞാൻ പഠിക്കുന്ന ക്യാംപസിൽ എനിക്ക് പഠിക്കാൻ കഴിയുന്നതിനും പാട്ടു പാടാൻ തോന്നിയാൽ പാടാൻ കഴിയുന്നതിനും പ്രണയിക്കണമെന്ന് തോന്നിയാൽ അതിന് കഴിയുന്നതിനും എനിക്ക് മുൻപേ വന്നുപോയ ഒരുപാട് വിദ്യാർഥികളുടെ കഷ്ടപ്പാടുണ്ടെന്ന് ഓർക്കുകയും ആ ചരിത്രം അറിയാൻ ശ്രമിക്കുകയും ചെയ്യുന്നതോടെ ഉള്ളിലെ അരാഷ്ട്രീയ ചിന്തകൾ മെല്ലെ മാറിത്തുടങ്ങും.
ചുരുക്കത്തിൽ… ഞാൻ ഈ ഭൂമിയിൽ ജീവിക്കുന്നത് എന്റെ മാത്രം മിടുക്ക് കൊണ്ടല്ലെന്നും എനിക്ക് ചുറ്റുമുള്ളവരും അല്ലാത്തവരുമായവർ എന്നെ അതിന് സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരോടും ഉത്തരവാദിത്തമുണ്ടെന്നും ആ ഉത്തരവാദിത്തത്തിൽ നിന്ന് എനിക്ക് ഒഴിഞ്ഞുമാറാൻ കഴിയുകയില്ലെന്നുമുള്ള ബോധ്യത്തിൽ നിന്നുമാണ് രാഷ്ട്രീയബോധവും രാഷ്ട്രീയ പ്രവർത്തനവും ആരംഭിക്കുന്നത്. അത് പ്രാക്ടീസ് ചെയ്യാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് വിദ്യാർഥി രാഷ്ട്രീയം.
ഇനി വിദ്യാർഥി രാഷ്ട്രീയംകൊണ്ട് ലഭിക്കുന്ന ചില ഗുണങ്ങൾ… റിയൽ വേൾഡ് സോഫ്റ്റ് സ്കിൽസ് ആർജിച്ചെടുക്കാൻ വിദ്യാർഥി രാഷ്ട്രീയം ഒരുപാട് സഹായിക്കും. ഒരു ജനക്കൂട്ടത്തോട് മൈക്കിലൂടെ സംസാരിക്കാൻ, ഒപ്പം നിൽക്കുന്നവരെ ഒന്നിച്ച് കൊണ്ടുപോകാൻ, ക്രൈസിസ് വരുമ്പോൾ കൂളായി മാനേജ് ചെയ്യാൻ, ശാന്തമായി സംസാരിക്കാൻ, സംവദിക്കാൻ… ഇതിനൊക്കെ വിദ്യാർഥി രാഷ്ട്രീയം തുറന്നുവയ്ക്കുന്ന അവസരങ്ങൾ ഏറെ ഉപകാരപ്പെടും. അതിനുതകുന്ന രീതിയിലായിരിക്കണം ഈ സിസ്റ്റം പ്രവർത്തിക്കേണ്ടത് എന്നുമാത്രം.
സമരം ചെയ്ത് അടി വാങ്ങിയിട്ട് എന്ത് കിട്ടും? എന്ന മില്യൻ ഡോളർ ചോദ്യത്തിന് ഇന്ന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത നീറ്റ് പരീക്ഷ കൃത്യമായും സുതാര്യമായും നടക്കുമെങ്കിൽ അതിന് ഒരേയൊരു കാരണം സമരം ചെയ്ത് അടികൊണ്ട കുറച്ചു പിള്ളേരാണ്. ഇന്ത്യയിൽ സുപ്രധാവും ചരിത്രപരവുമായ പല സംഭവങ്ങളുടെയും തുടക്കം വിദ്യാർഥികൾ നടത്തിയ സമരമാണ് എന്ന് വെറുതേ സെർച്ച് ചെയ്ത് നോക്കിയാൽപോലും മനസ്സിലാകും.
ജെൻഡർ ജസ്റ്റിസിനും ക്യാംപസിൽ നടക്കുന്ന അനീതികൾക്കെതിരെയും വിവേചനങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ രാഷ്ട്രീയബോധമുള്ള ഒരു മൈൻഡ്‌സെറ്റ് വേണമെന്ന് ഇനിയും ആവർത്തിക്കേണ്ടതില്ലല്ലോ.
ഇനി, ക്യാംപസ് രാഷ്ട്രീയം ബാൻ ചെയ്യാനുള്ള കാരണമായി പല ‘വിദഗ്ധരും’ ചൂണ്ടിക്കാട്ടുന്നത് കലാലയങ്ങളിലെ അക്രമ സംഭവങ്ങളാണ്. വിദ്യാർഥി രാഷ്ട്രീയത്തിലെ വയലന്‍സിനോട് പറയാൻ, റോക്കി ഭായിയുടെ വാക്കുകളാണ് നമ്മൾ കടമെടുക്കേണ്ടത്, “We Should Avoid Violence.” വയലൻസ്, വിദ്യാർഥി രാഷ്ട്രീയത്തിലെ ഏറ്റവും മോശം മാതൃകയാണ്. സ്വന്തം അഭിപ്രായങ്ങും നിലപാടുകളും സ്ഥാപിക്കാൻ വടിയും കല്ലുമെടുത്ത് ഇറങ്ങുന്നത് ജനാധിപത്യമല്ല എന്ന് മനസ്സിലാക്കണം.
‘Voice & Debates’ ആയിരിക്കണം വിദ്യാർഥി രാഷ്ട്രീയത്തിന്റെ കാതൽ, അല്ലാതെ തല്ലും കൊലപാതകവുമല്ല.
മീമുകളിലൂടെയും പോഡ്കാസ്റ്റുകളിലൂടെയും പ്രതിഷേധിക്കുന്ന, വളരെ ക്രിയേറ്റീവായ “New Gen” സംസ്കാരം ഇന്ന് രാജ്യത്തെ പല ക്യാംപസുകളിലും കാണാം. ഇത് ഉദാത്തമായ മാതൃകയാണ്. ക്യാംപസിലെ രാഷട്രീയം നിരോധിക്കുന്നതിൽ സന്തോഷിക്കുകയല്ല, വിദ്യാർഥി രാഷ്ട്രീയത്തിന് പുതുമാതൃക കാണിക്കുകയാണ് വിദ്യാർഥികൾ ചെയ്യേണ്ടത്.
മുന്നിൽ കാണുന്ന അനീതിയെ ഏറ്റവും ശക്തമായും ക്രിയാത്മകമായും എങ്ങനെ ചെറുക്കാം എന്നതായിരിക്കണം വിദ്യാർഥി രാഷ്ട്രീയത്തിന്റെ കാതൽ. ഞാൻ പഠിച്ച് ജോലി വാങ്ങിയാൽ എനിക്ക് ജീവിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ എൻട്രി ലെവൽ ജോലിക്ക് പ്രവേശിച്ച കുറച്ചു കൂട്ടുകാരോട് ജോലി എങ്ങനെയുണ്ടെന്ന് ചോദിച്ചുനോക്കിയാൽ മതി. അനീതിയുടെ വലിയൊരു ലോകം നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ചോദ്യംചെയ്യാനാവാതെ നിസ്സഹായരായ ഒരുപാട് മനുഷ്യരെ നിങ്ങളവിടെ കാണും.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




