കടുത്ത മാനസിക സമ്മർദം അനുഭവപ്പെടുമ്പോൾ ഒരു പ്ലേറ്റ് ബിരിയാണിയോ ചോക്ലേറ്റോ കഴിക്കാൻ തോന്നാറുണ്ടോ? ജോലിസ്ഥലത്തെ പ്രശ്നങ്ങൾ ആലോചിക്കുമ്പോൾ, ഏകാന്തത, ഒറ്റപ്പെടൽ എന്നിവ തോന്നുമ്പോൾ അറിയാതെ അടുക്കളയിലേക്ക് നടന്ന് ഐസ്ക്രീം പാത്രം തുറക്കാറുണ്ടോ? ഇത് വെറുമൊരു ഭക്ഷണപ്രിയമോ വിശപ്പോ അല്ല. മനഃശാസ്ത്ര ലോകം ഇതിനെ ‘ഇമോഷനൽ ഈറ്റിങ്’ അഥവാ വികാരങ്ങൾ മൂലം കഴിക്കുന്ന അമിതാഹാരം എന്ന് വിളിക്കുന്നു.
ശരീരത്തിന് യഥാർഥത്തിൽ ഊർജ്ജം ആവശ്യമായി വരുമ്പോഴല്ല ഇവിടെ വിശപ്പ് അനുഭവപ്പെടുന്നത്. പകരം മനസ്സിനുണ്ടാകുന്ന സങ്കടം, ഉത്കണ്ഠ, ദേഷ്യം, അല്ലെങ്കിൽ വിരസത എന്നിവയെ താൽക്കാലികമായി മറികടക്കാൻ ഭക്ഷണം ഒരു ‘ആശ്വാസ മരുന്നായി’ ഉപയോഗിക്കുന്ന അവസ്ഥയാണിത്.
ശാരീരിക വിശപ്പും ഇമോഷനൽ വിശപ്പും: രണ്ടും രണ്ടാണ്
നമുക്ക് അനുഭവപ്പെടുന്നത് യഥാർഥ വിശപ്പാണോ അതോ വികാരങ്ങൾ ഉണ്ടാക്കുന്ന വിശപ്പാണോ?
- ശാരീരിക വിശപ്പ് പതുക്കെ രൂപപ്പെടുമ്പോൾ, ഇമോഷനൽ വിശപ്പ് പെട്ടെന്ന് തീവ്രമായി അനുഭവപ്പെടുന്നു.
- സാധാരണയുള്ള വിശപ്പാണെങ്കിൽ ലഭ്യമായ ഏത് ഭക്ഷണവും കഴിക്കാൻ തയാറാകും. അതേസമയം ഇമോഷനൽ വിശപ്പാണ് അനുഭവപ്പെടുന്നതെങ്കിൽ മധുരം, ജങ്ക് ഫൂഡ് എന്നിവയോട് ആസക്തി തോന്നുന്നു.
- ശാരീരിക വിശപ്പാണെങ്കിൽ വയർ നിറഞ്ഞാൽ കഴിക്കുന്നത് സ്വയം നിർത്തുന്നു. അതേസമയം, ഇമോഷനൽ വിഷപ്പാണെങ്കിൽ വയർ നിറഞ്ഞാലും കഴിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു.
കാരണം ‘കോർട്ടിസോൾ’
മാനസിക സമ്മർദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ‘കോർട്ടിസോൾ’ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കൂടുന്നു. ഇത് കൊഴുപ്പും മധുരവുമുള്ള ഭക്ഷണങ്ങളോട് കടുത്ത ആസക്തി ഉണ്ടാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തലച്ചോറിൽ സന്തോഷം നൽകുന്ന ‘ഡോപ്പമീൻ’ ഉൽപാദിപ്പിക്കപ്പെടുന്നു.
എന്നാൽ, ഈ ആശ്വാസം വളരെ താൽക്കാലികം മാത്രമാണ്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ പ്രശ്നങ്ങൾ മാറുകയുമില്ല, പകരം അമിതമായി കഴിച്ചതിനെക്കുറിച്ചുള്ള കുറ്റബോധം കൂടുതൽ സ്ട്രെസ്സിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരു ലൂപ്പായി തുടരുന്നു.

ഇമോഷനൽ ഈറ്റിങ്ങിനെ മറികടക്കാം
1. പെട്ടെന്ന് ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഒരു 5 മിനിറ്റ് ഇടവേള എടുക്കുക. ഇത് യഥാർഥ വിശപ്പാണോ എന്ന് ചിന്തിക്കാനാണ് ഈ സമയം.
2. ടിവിയോ ഫോണോ നോക്കാതെ ഭക്ഷണത്തിന്റെ രുചിയും മണവും ആസ്വദിച്ച് പതുക്കെ ചവച്ചരച്ച് കഴിക്കുക.
3. സങ്കടമോ സ്ട്രെസ്സോ തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് പകരം നടക്കാൻ പോവുക, പാട്ട് കേൾക്കുക, സുഹൃത്തിനോട് സംസാരിക്കുക അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുക.
4. എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ മധുരപലഹാരങ്ങളും ജങ്ക് ഫൂഡും വീട്ടിൽ സൂക്ഷിക്കാതിരിക്കുക. പകരം പഴങ്ങളോ ഡ്രൈ ഫ്രൂട്ട്സോ കരുതുക.
5. ഈ പ്രവണത നിങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും ഭാരത്തെയും ബാധിക്കുന്നുണ്ടെങ്കിൽ ഒരു കൗൺസിലറുടെയോ ഡയറ്റീഷ്യന്റെയോ സഹായം തേടാൻ മടിക്കരുത്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




