നിങ്ങളുടെ റിലേഷൻഷിപ്പ് ഇങ്ങനെയാണോ?
∙ നിങ്ങൾ ഓട്സും സാലഡും കഴിച്ച് ഹെൽത്തി ഡയറ്റ് നോക്കുമ്പോൾ, പങ്കാളി അപ്പുറത്തിരുന്ന് പൊറോട്ടയും ബർഗറും കഴിക്കാറുണ്ടോ?
∙ ഭക്ഷണത്തിന്റെ പേരിൽ നിങ്ങളും പങ്കാളിയും വഴക്കിടാറുണ്ടോ?
∙ ഫ്രിഡ്ജിൽ നിങ്ങളുടെ ഡയറ്റ് ഫുഡിനായി പ്രത്യേകം സ്ഥലം മാറ്റിവെച്ചിട്ടുണ്ടോ?
∙ ഭക്ഷണത്തിന്റെ പേരിൽ വഴക്കിടുന്നത് ഒഴിവാക്കാൻ വെവ്വേറെ ഓർഡർ ചെയ്യാറുണ്ടോ? നാലിൽ മൂന്ന് ഉത്തരങ്ങൾ ‘അതെ’ എന്നാണോ? എന്നാൽ അഭിനന്ദനങ്ങൾ! അറിയാതെയാണെങ്കിലും നിങ്ങളും ആ ‘ഫുഡ് ഡിവോഴ്‌സ്’ ട്രെൻഡിന്റെ ഭാഗമാണ്. ദാമ്പത്യജിവിതത്തിൽ പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ വരുമ്പോഴാണ് മിക്കയാളുകളും ഡിവോഴ്സിലേക്ക് നീങ്ങുന്നത്. എന്നാൽ ‘ഫുഡ് ഡിവോഴ്സ്’ എന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് പുതുതലമുറ. കേൾക്കുമ്പോൾ ചിലർക്ക് കൗതുകം തോന്നുകയും മറ്റു ചിലർ നെറ്റിചുളിക്കുകയും ചെയ്തിട്ടുണ്ടാകും. ഡിവോഴ്സ് എന്ന നെഗറ്റീവ് പദം നുഴഞ്ഞുകയറിയത് തന്നെയാകും മിക്കവരുടെയും പ്രശ്നം. എന്താണ് ഫുഡ് ഡിവോഴ്സ് എന്ന് ഇഴകീറി പരിശോധിക്കാം.
തർക്ക രഹിത ലൈഫാണേ..
പങ്കാളികൾ തമ്മിൽ ഭക്ഷണകാര്യങ്ങളിൽ മാത്രം നൽകുന്ന സ്വാതന്ത്ര്യത്തെയാണ് ‘ഫുഡ് ഡിവോഴ്സ്’ എന്ന ഓമനപ്പേരിൽ വിളിക്കുന്നത്. ചില ആഹാരങ്ങൾ ഒരാൾക്ക് ഇഷ്ടമുണ്ടെന്ന് കരുതി മറ്റെയാൾ കഴിക്കാൻ നിർബന്ധിതരാകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല, തർക്കങ്ങൾ ഒഴിവാക്കാൻ വെവ്വേറെ സാധനങ്ങൾ വാങ്ങുകയും പാകം ചെയ്യുകയും ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള പോലെ പാകം ചെയ്ത് കഴിക്കാനുള്ള സ്വാതന്ത്ര്യവും ഫുഡ് ഡിവോഴ്സ് നൽകുന്നു. ഒന്നിച്ച് കഴിഞ്ഞാലും ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.
പുതുതലമുറയിലെ ഭൂരിഭാഗം പേരും ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണെന്ന് പഠനങ്ങൾ പറയുന്നു. പങ്കാളികളിൽ ഒരാൾ ഹെൽത്തി ഡയറ്റാണ് പിന്തുടരുന്നതെങ്കിൽ അവർ തീർച്ചയായും പഴങ്ങളും സാലഡും ഓട്സും ഒക്കെയാകും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മറ്റേയാൾ ചിലപ്പോൾ പൊറോട്ടയോ ബർഗറോ പിസ്സയോ ഒക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാകും, കഴിക്കുന്നവരാകും. പരസ്പരം നിർബന്ധിക്കാതെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഫുഡ് ഡിവോഴ്സ് നൽകുന്നു.
വ്യത്യസ്ത സമയങ്ങളിൽ കഴിക്കാം, വ്യത്യസ്ത നേരങ്ങളിൽ പാകം ചെയ്യാം എന്നിവയും ഗുണങ്ങളാണ്. ഫ്രിഡ്ജിൽ പോലും ഭക്ഷണസാധനങ്ങൾ വെവ്വേറെ വയ്ക്കാനും അവസരമുണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വെവ്വേറെ പാകം ചെയ്ത് ഒരുമിച്ചിരുന്ന് കഴിക്കാൻ രണ്ടുപേർക്കും സാധിക്കും. എന്തൊക്കെയാണെങ്കിലും ഫുഡ് ഡിവോഴ്സ് പങ്കാളികൾക്കിടയിലെ പരസ്പര ബഹുമാനവും സ്വാതന്ത്ര്യവും വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പരമ്പരാഗത ഡിവോഴ്സുമായി യാതൊരു ബന്ധവുമില്ലാത്ത സംഗതിയാണ് ഫുഡ് ഡിവോഴ്സ് എന്ന് മനസ്സിലായില്ലേ?
ട്രെൻഡിന് പിന്നിലെ കാരണങ്ങൾ..
ഭാരം കുറയ്ക്കുന്നതിനായി പുതിയ തരം GLP-1 മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് ആഗോളതലത്തിൽ വളരെ കൂടുതലാണ്. ഈ മരുന്ന് ഉപയോഗിക്കുന്നവർക്ക് വിശപ്പും ഭക്ഷണത്തോടുള്ള താൽപര്യവും കുറവായിരിക്കും. മറ്റ് ചിലർ ഇൻർമീഡിയേറ്റ് ഫാസിറ്റിംഗ്, കീറ്റോ ഡയറ്റ് തുടങ്ങിയ കഠിനമായ ഡയറ്റ് രീതികൾ പിന്തുടരുന്നവരാകും.എന്നാൽ മറ്റേയാൾ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നയാളായിരിക്കാം. അപ്പോൾ ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന അന്തരം കുറയ്ക്കാനായി ഫുഡ് ഡിവോഴ്സ് ട്രെൻഡ് സഹായിക്കും. പലരും പല സമയങ്ങളിൽ ജോലിക്ക് പോയിവരുന്നവരാകും. മിക്കപ്പോഴും ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന പരമ്പരാഗത രീതി പിന്തുടരാൻ സാധിച്ചെന്ന് വരില്ല. ഇതും ഈ ട്രെൻഡിലേക്ക് ദമ്പതികളെ എത്തിക്കാൻ കാരണമായി.
പിന്നിലെ ശാസ്ത്രമിതാണേ..
അമേരിക്കയിൽ നിന്നാണ് ഈ ട്രെൻഡ് ‘ട്രെൻഡ്’ ആയതെന്ന് വേണമെങ്കിൽ പറയാം. എന്താണ് കഴിക്കേണ്ടത് എന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് അമേരിക്കക്കാർ. 2018 ൽ 36 ശതമാനം പേരാണ് ഈറ്റിംഗ് പ്ലാൻ അല്ലെങ്കിൽ ഡയറ്റ് പിന്തുടർന്നതെന്ന് ഇന്റർനാഷണൽ ഫുഡ് ഇൻഫർമേഷൻ കൗൺസിൽ (സിഡിസി) പറയുന്നു. 2025 ൽ ഇത് 57 ശതമാനമായി ഉയർന്നു. ഈ വർധനയ്ക്ക് പിന്നിലെ കാരണമായി പറയുന്നത് നേരത്തെ സൂചിപ്പിച്ച GLP-1 മരുന്നുകളാണ്. സിഡിസിയുടെ കണക്കുകൾ പ്രകാരം 6.7 ശതമാനം പേർക്ക് ഫുഡ് അലർജിയുണ്ട്. 2025ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം നാലിലൊരു അമേരിക്കൻ പൗരൻ ദിവസം മുഴുവനും സ്വയം ആഹാരം പാകം ചെയ്ത് കഴിക്കുന്നുണ്ട്. 2003നെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർധന!
പുതിയ പരീക്ഷണം ഗുണകരമോ?
വിദഗ്ധർ പുത്തൻ രീതിയെ പൂർണമായി തള്ളിക്കളയുന്നില്ല. മറിച്ച് ചില കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നത് വഴി വൈകാരിക അടുപ്പം വർധിപ്പിക്കാൻ സഹായിക്കും. വെവ്വേറെ ഭക്ഷണം കഴിക്കുന്നത് മാനസിക അകലം ഉണ്ടാക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. ജർമ്മനിയിലെ 12,000-ത്തിലധികം ദമ്പതികളിൽ നടത്തിയ പഠനത്തിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ദമ്പതികൾക്കിടയിൽ അടുപ്പം കൂടുതലാണെന്ന് കണ്ടെത്തി. ഇവരിൽ വിഷാദരോഗ ലക്ഷണങ്ങൾ കുറവാണെന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ ഒന്നിച്ച് പാകം ചെയ്ത് കഴിക്കുന്നത് ബന്ധം ദൃഢമാക്കാൻ സഹായിക്കും.
ഹെൽത്തി ഫ്രീക്കോ ഫുഡി വൈബ്സോ?
ഈ ‘ഫുഡ് ഡിവോഴ്‌സ്’ രീതി പങ്കാളികൾക്കിടയിലെ സ്വാതന്ത്ര്യം കൂട്ടുമോ, അതോ വൈകാരിക അകലം ഉണ്ടാക്കുമോ?
നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




