വീട്ടിലിരുന്നുള്ള പണിയല്ലേ..അതൊക്കെ സുഖമല്ലേ… യാത്ര ചെയ്യേണ്ടല്ലോ… ജോലി തുടങ്ങുമ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ മതിയല്ലോ… ഫ്രീ ടൈമിലൊക്കെ കിടന്നുറങ്ങാലോ…
വര്‍ക്ക് ഫ്രം ഹോം എന്ന് കേള്‍ക്കുമ്പോള്‍ പൊതുവായി ആളുകള്‍ ചിന്തിക്കുന്നതും ചോദിക്കുന്നതും ഇതൊക്കെ തന്നെയാണ്. എന്നാല്‍, വര്‍ക്ക് ഫ്രം ഹോം അത്ര ഈസിയാണോ?
കോവിഡ് കാലത്താണ് ഇങ്ങനെയൊരു സിസ്റ്റം വ്യാപകമായി പല കമ്പനികളും ഏറ്റെടുത്തത്. തൊഴിലാളികള്‍ക്ക് അവരുടെ വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാമെന്നുള്ളത് ആ കടുത്ത സാഹചര്യത്തില്‍ വളരെ നല്ല ഉപകാരമായിരുന്നു. എന്നാല്‍, ഐടി കമ്പനികളൊക്കെ എത്രയോ കാലം മുന്‍പേ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നടത്തി വരുന്നുണ്ട്. ചില കമ്പനികള്‍ ദൂരെനിന്നുള്ള തൊഴിലാളികള്‍ക്ക് ഇത്തരം സൗകര്യം ഒരുക്കി കൊടുത്തു കാണാറുണ്ട്. മറ്റു ചില കമ്പനികള്‍ അവര്‍ക്ക് തൊഴിലാളികളെ ഓഫീസിലേക്ക് അക്കോമഡേറ്റ് ചെയ്യാനുള്ള അസൗകര്യം കാരണവും വര്‍ക്ക് ഫ്രം ഹോ നല്‍കാറുണ്ട്.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുള്ള സൗകര്യം ആസ്വദിക്കുമ്പോഴും ദൈനംദിനം മനുഷ്യസമ്പര്‍ക്കം നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കും? ഒരുപക്ഷേ, വെറും അഞ്ച് മിനിറ്റ് നീളുന്ന സംസാരത്തിലായിരിക്കും ഒരാള്‍ക്ക് എന്തെങ്കിലും സന്തോഷമോ സമാധാനമോ കണ്ടെത്താനാവുക. തിരക്കുള്ള ഒരു ഓഫീസ് ദിവസത്തില്‍ അത്തരം ചെറിയ ഇടപെടലുകള്‍ നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് അവ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നഷ്ടം വലുതായിരിക്കാം.
കാണുന്നത്ര സുഖകരമല്ല ‘വർക്ക് ഫ്രം ഹോം’; നേരിടുന്ന മാനസിക വെല്ലുവിളികൾ
പുറമെ നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് ഓഫീസിലെത്താന്‍ ധൃതികൂട്ടി ഓടിക്കിതച്ച് യാത്ര ചെയ്യേണ്ടതില്ല. ട്രാഫിക്കും തിരക്കും പേടിച്ച് നേരത്തെ ഇറങ്ങേണ്ടതില്ല. എങ്ങാനും ഓടിപ്പിടിച്ച് വൈകിയെത്തിയാല്‍ ബോസിന്റെ ചീത്തവിളി കേള്‍ക്കുമെന്നോ ഹാഫ് ഡേ ആബ്സന്റാകുമെന്നോ പേടിക്കേണ്ട. പക്ഷേ, നമ്മള്‍ ചിന്തിക്കാത്ത അവസ്ഥകളിലൂടെയാണ് ചില വര്‍ക്ക് ഫ്രം ഹോം എംപ്ലോയീസ് കടന്നുപോകുന്നത്.
സ്വന്തം വീട്ടില്‍ നമ്മുടേതായ മുറിയിലിരുന്ന് ജോലി ചെയ്യാം എന്നൊക്കെ തോന്നുമെങ്കിലും, ഇതിന് പിന്നില്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ അവർ അനുഭവിക്കുന്നുണ്ട്. ഇതിലെ പ്രധാന പ്രശ്നങ്ങളാണ് മാനസിക സമ്മര്‍ദവും ഒറ്റപ്പെടലും. പലപ്പോഴും ജോലിയും ജീവിതവും വേര്‍തിരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ വരാറുണ്ട്.

വര്‍ക്ക് ഫ്രം ഓഫീസാകുമ്പോള്‍ അവര്‍ക്ക് കൃത്യസമയത്ത് ജോലിയില്‍ കയറി കൃത്യസമയത്ത് ഇറങ്ങാമെങ്കില്‍ വീട്ടിലാകുമ്പോള്‍ എപ്പോഴാണ് ജോലി തീരുന്നതെന്ന് പറയാന്‍ കഴിയില്ല. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ അതേ മുറിയില്‍ അതേ ലാപ്ടോപ്പിന് മുന്നില്‍ ചടഞ്ഞിരിക്കേണ്ടി വരുന്നത് വലിയ മാനസിക പിരിമുറുക്കങ്ങളാണ് ഉണ്ടാക്കുന്നത്. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നേരിട്ട് സംസാരിക്കാനോ, ഒരുമിച്ച് ചായ കുടിക്കാനോ, ഭക്ഷണം കഴിക്കാനോ ഉള്ള അവസരങ്ങള്‍ ഇവിടെയില്ല. ദിവസവും നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് മനുഷ്യനെ മാനസികമായി തളര്‍ത്തിയേക്കാം.
അതുമാത്രമല്ല, ഓണ്‍ലൈന്‍ മീറ്റിംഗുകളിലൂടെ മാത്രം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും പറയാന്‍ വിചാരിച്ച കാര്യം അപ്പുറത്തിരിക്കുന്ന ആള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞോളണമെന്നില്ല. തെറ്റിദ്ധാരണകളുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് ജോലിയുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കാം. തനിച്ച് ഒരു മുറിയിലിരുന്നാണ് ജോലി എടുക്കുന്നതെങ്കില്‍ പോലും കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍, കുട്ടികളുടെ സംസാരവും കളിയും ചിരികള്‍ക്കുമിടയില്‍ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പലരും പ്രയാസപ്പെടുന്നതും കാണാം.
വര്‍ക്ക് ഫ്രം ഓഫീസ് എംപ്ലോയീസുമായി താരതമ്യം ചെയ്യുമ്പോള്‍, വര്‍ക്ക് ഫ്രം ഹോം എംപ്ലോയീസ് പൂര്‍ണ്ണമായും ഒറ്റയ്ക്ക് ചെലവഴിക്കുന്ന ദിവസങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായി നതാലിയ ഇമ്മാനുവല്‍, എമ്മ ഹാരിംഗ്ടണ്‍, അമാന്‍ഡ പാലൈസ് എന്നിവര്‍ നടത്തിയ Home alone: Remote work, isolation, and mental health എന്ന പഠനത്തില്‍ പറയുന്നുണ്ട്. ജോലിക്ക് ശേഷമുള്ള അവരുടെ സാമൂഹിക ഇടപെടലുകള്‍ കുറയുന്നതായാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മാനസികാരോഗ്യ സേവനങ്ങളുടെയും വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗവും വര്‍ധിച്ചെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. എന്നാല്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സ്വാഭാവികമായും വിഷാദരോഗത്തിന് കാരണമാകുമെന്നോ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും മാനസികാരോഗ്യം മോശമാകുമെന്നോ ഈ കണ്ടെത്തല്‍ അര്‍ത്ഥമാക്കുന്നില്ല.
‘വര്‍ക്ക് ഫ്രം ഹോം’ എങ്ങനെ പ്രൊഡക്റ്റീവാക്കാം
∙ നിങ്ങള്‍ക്കായി വീട്ടിലൊരു വര്‍ക്ക്സ്പേസ് ഒരുക്കുക
വീട്ടില്‍ ഒരു വര്‍ക്ക്‌സ്പേസോ ഓഫീസോ ഉണ്ടാക്കിയെടുക്കാം. കഴിക്കുന്നതിനും, ഉറങ്ങുന്നതിനും, കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിനും നിങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ നിന്നുമാറി നിങ്ങള്‍ക്ക് ജോലിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റിയ ഇടം. നല്ല ചെടികളോ, ചിത്രങ്ങളോ, മറ്റ് ഡെക്കോറോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആ മുറിയെ വളരെ കംഫേര്‍ട്ടായ സ്പേസാക്കി മാറ്റാം.
∙ അതല്ലെങ്കില്‍ കോവര്‍ക്കിംഗ് സ്പേസുകൾ കണ്ടെത്താം
ഇന്ന് വര്‍ക്ക്‌സ്പേസ് നല്‍കുന്ന സര്‍വീസുകളും ഒരുപാടുണ്ട്. നിങ്ങള്‍ക്ക് ഓഫീസുപോലെ കരുതി നിങ്ങളുടെ കാബിനിലിരുന്ന് വര്‍ക്ക് ചെയ്യാവുന്ന തരത്തിലുള്ള ഇടങ്ങൾ. വീട്ടിലിരുന്ന് ജോലിയെടുത്ത് മുഷിഞ്ഞ് വന്നവരാകട്ടെ, പ്രൊഡക്റ്റീവായി ഇരിക്കണമെന്ന് ആഗ്രഹിച്ചു വന്നവരാകട്ടെ അവർക്ക് ഇത്തരം വര്‍ക്ക്‌സ്‌പേസ് നല്ല ചോയ്‌സ് ആണ്. ഒറ്റപ്പെട്ടു ജോലിയെടുത്തിരുന്ന മടുപ്പില്‍ നിന്ന് നിങ്ങള്‍ക്ക് പരസ്പരം പരിചയപ്പെട്ട് ജോളിയായി വര്‍ക്കെടുക്കാനുള്ള സാധ്യത ഇവിടെ കിട്ടും.

∙ സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കുക
നിങ്ങള്‍ വീട്ടിലിരുന്നാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലും സന്ദര്‍ഭത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ശ്രമിക്കുക. വര്‍ക്ക് ചെയ്യാന്‍ റെഡിയാണെന്ന മാനസികമായ തയ്യാറെടുപ്പും ഉന്മേഷവും ഒരു ഫ്രഷ്നസും ഇതോടെ ലഭിക്കും. നേരെ മറിച്ച് ഉറങ്ങി എഴുന്നേറ്റ വേഷത്തില്‍ അതുപോലെ ചടഞ്ഞിരുന്നാല്‍ മടി വരാന്‍ സാധ്യതയുണ്ട്.
∙ സജീവമായി ഇടപെടുക
മീറ്റിംഗുകള്‍, പ്രത്യേകിച്ച് അവ ഇടയ്ക്കിടെ സംഭവിക്കുന്നതായാല്‍, മടുപ്പുണ്ടാക്കാം. എന്നാല്‍, ഓരോ മീറ്റിംഗിലും സജീവമായി ഇടപെടാന്‍ ശ്രമിച്ചാല്‍ ഈ മടുപ്പിനെ ഇല്ലാതാക്കാം. നിങ്ങള്‍ ജോലിയില്‍ അടിപൊളിയാണെന്ന് പെര്‍ഫോമന്‍സിലൂടെ ബോസിനെ കാണിക്കാനും സാധിക്കും. ഐഡിയകള്‍ പങ്കുവയ്‌ക്കാനും തീരുമാനങ്ങളെടുക്കാനുമെല്ലാം സഹപ്രവര്‍ത്തകരുമായി ഇടയ്ക്കിടെ വിഡിയോ മീറ്റിങ്ങോ ഇമെയില്‍ ചാറ്റുകളോ നടത്താം.
∙ കൃത്യമായ ഒരു സമയക്രമം പാലിക്കുക
ഓഫീസിലേക്ക് പോവുകയാണെങ്കില്‍ നിങ്ങള്‍ എങ്ങനെയാകും ഒരുദിവസത്തെ ചിട്ടപ്പെടുത്തുക, അതുപോലെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും നിങ്ങളുടെ ദിവസത്തെ ക്രമീകരിക്കാന്‍ ശ്രമിക്കണം. ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും കുളിക്കാനും ദിവസത്തിനായി തയ്യാറെടുക്കാനും സമയം കണ്ടെത്തുക. മീറ്റിംഗുകള്‍ക്ക് തയ്യാറെടുക്കുക. ഉച്ചഭക്ഷണ ഇടവേളകള്‍ക്കായി സമയം മാറ്റിവയ്ക്കുക. നിങ്ങള്‍ ജോലി ചെയ്യേണ്ട സമയങ്ങളില്‍ മാത്രം ജോലി ചെയ്യാന്‍ ശ്രമിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പ്രൊഫഷണൽ ജീവിതവും പേര്‍സണല്‍ ജീവിതവും ബാലന്‍സ്ഡ് ആയി കൊണ്ടുപോകാന്‍ ശ്രമിക്കുക.
∙ സ്‌ക്രീന്‍ടൈം പരിധികള്‍ ഉപയോഗിക്കുക
നിങ്ങള്‍ അനാവശ്യമായി നിങ്ങളുടെ സമയം പാഴാക്കുകയാണെങ്കില്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്‌ക്രീന്‍ടൈം പരിധികള്‍ നിശ്ചയിക്കുന്ന ഉപകരണങ്ങളെ ആശ്രയിക്കാം. ജോലി സമയങ്ങളില്‍ ചില ആപ്പുകള്‍ കുറഞ്ഞ സമയത്തേക്ക് മാത്രം ഉപയോഗിക്കാന്‍ നിങ്ങളുടെ ഫോണില്‍ സ്‌ക്രീന്‍ടൈം പരിധി വെക്കുക. ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഫോണിലും കമ്പ്യൂട്ടറിലും ‘do not disturb’ ഫീച്ചറുകള്‍ ഓണ്‍ ചെയ്യുന്നത് നല്ലതാണ്.
അതുപോലെ തന്നെ, ചെയ്യേണ്ട ജോലികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും റിമൈന്‍ഡറുകള്‍, ടൈമറുകള്‍, അലേര്‍ട്ടുകള്‍, അല്ലെങ്കില്‍ ചെക്ക്‌ലിസ്റ്റുകള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധ വര്‍ധിപ്പിക്കാനും പ്രൊഡക്റ്റീവാകാനും സഹായിക്കും.
∙ സാമൂഹിക ബന്ധങ്ങള്‍ക്കായി സമയം കണ്ടെത്തുക
വര്‍ക്കിംഗ് ഡേയിൽ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ സമയം കണ്ടെത്തുന്നത് നിങ്ങളുടെ ഉല്‍പാദനക്ഷമതയ്ക്ക് ഗുണം ചെയ്യും. സഹപ്രവര്‍ത്തകരുമായി കോഫി ബ്രേക്കിനോ ലഞ്ചിനോ കണ്ടുമുട്ടാം. ജോലി കഴിഞ്ഞാല്‍ പുറത്തെ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ സമയം കണ്ടെത്താം. ഇത് സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ സഹായിക്കും.
∙ വ്യായാമത്തിന് സമയം കണ്ടെത്തുക
വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുന്നത് നിങ്ങളുടെ മാനസികവും വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണ്. ഇതിലൂടെ കൂടുതല്‍ ആരോഗ്യകരമായി ഇരിക്കാനും ആത്മവിശ്വാസമുള്ളവരായിരിക്കാനും സാധിക്കും.

∙ ബ്രേക്ക് എടുക്കാന്‍ ശ്രമിക്കുക
വര്‍ക്കിലെ സമ്മര്‍ദം കുറയ്ക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് അല്പനേരം ഇടവിട്ട് ഇടവേള എടുക്കുക എന്നത്. തുടര്‍ച്ചയായി ഇരിക്കുകയാണെങ്കില്‍ എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും വെള്ളം കുടിക്കാനും സമയം കണ്ടെത്തണം.
∙ വര്‍ക്കേഷനും ട്രൈ ചെയ്യാം
ഫ്രീലാന്‍സായി വര്‍ക്ക് ചെയ്യുന്നവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ചെയ്ത് മടുത്തവര്‍ക്കും ഇടയ്‌ക്കൊന്ന് റിലാക്സാവാനുള്ള ഒരു നല്ല ഐഡിയയാണ് വര്‍ക്കേഷന്‍. വെക്കേഷന് പോകുന്ന പോലെ യാത്ര ചെയ്തോ മറ്റേതെങ്കിലും സ്ഥലത്ത് പോയി മലമുകളിലിരുന്നോ ബീച്ചിലിരുന്നോ, പാര്‍ക്കിലിരുന്നോ ഒക്കെ ആസ്വദിച്ച് വര്‍ക്ക് ചെയ്യുന്ന ഒരു രീതിയാണ് ഇത്. വര്‍ക്കേഷന്‍ എന്നാല്‍ വെറുമൊരു യാത്രാ ട്രെന്‍ഡായോ വിനോദം മാത്രമായോ കാണേണ്ടതില്ല. കരിയര്‍ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ സ്വയം റീചാര്‍ജ് ചെയ്യാനുള്ള ഒരു മാര്‍ഗമായി കാണാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




