സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് നമ്മുടെ സ്ക്രീനിൽ നിറയുന്നത് യഥാർഥ മനുഷ്യരുടെ വിഡിയോകളല്ല, മറിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത എഐ കഥാപാത്രങ്ങളാണ്. ചിരിപ്പിക്കുന്ന കൊച്ചുകുട്ടികൾ, പ്രണയം തുളുമ്പുന്ന കപ്പിളുകൾ, വാത്സല്യം പകരുന്ന മുതിർന്നവർ, ഒപ്പം ഒരു കുടുംബത്തിന്റെ മുഴുവൻ വിശേഷങ്ങൾ പറയുന്ന വെർച്വൽ കഥാപാത്രങ്ങൾ—ഇങ്ങനെ നീളുന്നു ട്രെൻഡ്.
ഒരു പരമ്പരയുടെ എപ്പിസോഡുകൾ പോലെ അടുത്തടുത്ത ഭാഗങ്ങൾ കാണാൻ തോന്നിപ്പിക്കുന്ന ഈ എഐ റീൽസ് ഇന്ന് വലിയൊരു വിഭാഗം ആളുകളുടെ സ്ട്രെസ് റിലീഫ് ആണ്.
ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഇത്തരം റീൽസുകൾക്ക് പ്രായഭേദമന്യേ കാഴ്ചക്കാരുണ്ട്. കോമഡിയും നല്ല സന്ദേശങ്ങളും നൽകുന്ന ഹൃദ്യമായ വിഡിയോകൾക്കൊപ്പം, ഗുണനിലവാരമില്ലാത്ത കണ്ടന്റുകളും കടന്നുകൂടുന്നുണ്ട്. ഇതിൽ ജനപ്രിയ കഥാപാത്രങ്ങളായി മാറിയ ഒത്തിരി പേരുണ്ട്. ഓരോരുത്തർക്കും വ്യത്യസ്ത ഫാൻബേസ് വരെയുണ്ട്.
കുഞ്ഞിക്കുറുമ്പുകളും കുഞ്ഞുചിരികളും
സുട്ടു, ദുഡ്ഡു എന്ന ചെറിയ കുട്ടികളുടെ വിഡിയോകൾക്കാണ് കൂടുതൽ കാഴ്ചക്കാർ. കൊഞ്ചലും ക്യൂട്ട് ഫേസും ചിരിയും ആണ് ഇതിന്റെ ഹൈലൈറ്റ്. തമാശ നിറഞ്ഞ സംഭാഷണങ്ങൾ കോർത്തിണക്കി കുട്ടികൾ സ്ക്രീനിൽ വരുമ്പോൾ പ്രായമായവർ പോലും എല്ലാം മറന്ന് ആസ്വദിക്കുന്നു. സുട്ടുവിന്റെ വിഡിയോകൾ ഇറക്കുന്നതിന്റെ ക്രെഡിറ്റ് suttumani.official_ ആണ്.
അതുപോലെ തന്നെ ആരാധകരുള്ള മറ്റ് രണ്ട് എഐ കുട്ടികഥാപാത്രങ്ങളാണ് ലഡ്ഡുവും മിഠായിയും. നിഷ്കളങ്കത, സൗഹൃദം, സ്നേഹം എന്നിവയും വലിയവർ കാട്ടുന്ന മണ്ടത്തരങ്ങളുമെല്ലാം ഈ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നുണ്ട്. tinytales_.studio എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഹാൻഡിലാണ് ഈ വിഡിയോ സീരീസിന് പോപുലർ.
സമാനമായി കുട്ടികളുടെ നിരവധി മലയാളം എഐ വിഡിയോകൾ ചെയ്യുന്നൊരു ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലാണ് kuttyverse_. തമാശയും കളിയാക്കലുകളും വിഷമങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാം ഇതിലെ കഥാപാത്രങ്ങളിലൂടെ സ്ക്രോള്‍ ചെയ്യുന്നവരിലേക്കെത്തുന്നു.
ഇത്തരം കുഞ്ഞു കഥകൾ, അതിലെ ക്യാരക്റ്റേഴ്സിന്റെ ലുക്ക്, ശബ്ദം, സംസാരശൈലി തുടങ്ങിയവയെല്ലാം ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഇവ നിർത്താതെ, തുടർന്നും കാണാൻ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, ഇത്തരം വിഡിയോകൾക്ക് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും കമന്റ് ഇടാനും എല്ലാവരും തയ്യാറാണ്. അതുകൊണ്ടുതന്നെ റീച്ച് ആഗ്രഹിക്കുന്നവർ ഇതേ പേരുകളിൽ അപരന്മാരെയും ഇറക്കുന്നുണ്ട്. അവയും കണ്ടിരിക്കാൻ രസമുള്ളവ തന്നെ!
ദി കപ്പിൾ കോംബോകൾ
മറ്റൊന്നാണ് ‘തക്കുടു ആന്റിയും’ ‘പക്രു അങ്കിളും’. ഒത്തിരി പേരാണ് ഇത് ഫോളോ ചെയ്യുന്നത്. ഇതിലെ പ്രധാന കണ്ടെന്റ് അവരുടെ ജീവിതവും അതുമായി ബന്ധപ്പെട്ട നടക്കുന്ന കാര്യങ്ങളുമാണ്.
അതുപോലെതന്നെ വൈറലായ മനു ആൻഡ് മീനു കപ്പിൾ കോമ്പോ കാണാനും ആളുകളുണ്ട്.
മനുഷ്യർ മാത്രമല്ല
മനുഷ്യന്മാർ മാത്രമല്ല കേട്ടോ! അല്ലാതെയുള്ള പച്ചക്കറികൾ, പഴങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയ്ക്കെല്ലാം ജീവൻവെപ്പിച്ചുകൊണ്ടുള്ള എഐ വിഡിയോകളും പുറത്തിറങ്ങുന്നുണ്ട്. അതിൽ ഫേമസ് ആയ ഒന്നാണ് ‘പുട്ടു പെണ്ണും പഴം ചേട്ടനും’. സംഭവം ഒരു പുട്ടും ഒരു പഴവും തമ്മിലുള്ള റിലേഷനാണ് ഇതിലൂടെ കാണിക്കുന്നത്. അതിൽ സീരിയസായ കാര്യങ്ങളും തമാശയായ കാര്യങ്ങളും ഉൾക്കൊള്ളിക്കുന്നു. ഇത്തരം റീലുകൾക്കും കാഴ്ചക്കാർ ഏറെയാണ്.
അഡിക്റ്റഡ് ആകുന്നു
മിക്ക വിഡിയോകൾക്കും മില്യൺ വ്യൂസ് ആണ് ലഭിക്കുന്നത്. ഒരുപക്ഷേ, റിയൽ ആയ ആളുകളുടെ വിഡിയോയ്ക്ക് കിട്ടുന്ന അതേ റീച്ച് ആണ് ഇത്തരം കഥാപാത്രങ്ങൾക്ക് ലഭിക്കുന്നത്. ഇത്തരം വിഡിയോകൾ കാണുന്ന പലരും വിരസത, സ്ട്രെസ്, ഒറ്റപ്പെടൽ എന്നിവയിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. ആഴത്തിലുള്ള ചിന്തയോ ശ്രദ്ധയോ ആവശ്യമില്ലാതെ തന്നെ മാനസിക സമ്മർദം കുറയ്ക്കാനും തൽക്ഷണ സന്തോഷം നൽകാനും ഈ വിഡിയോകൾ സഹായിക്കുന്നു.
2–3 റീലുകൾ കാണുമ്പോൾ തന്നെ ആ കഥാപാത്രവുമായി ഒരു ആത്മബന്ധം സ്ഥാപിക്കപ്പെടുന്നു എന്നതുമായിരിക്കാം ഈ റീലുകൾ പിന്നെയും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള കുറച്ച് റീലുകൾ കാണുമ്പോഴേക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സമാന കണ്ടന്റുകൾ നിരന്തരമായി അവരുടെ ഫീഡിൽ ശുപാർശ ചെയ്യുന്നതോട് കൂടി ഇത് അഡിക്ഷനിലേക്ക് എത്താനും സാധ്യത ഏറെയാണ്.
കാര്യം ഒരു പരിധിവരെ ഇത് നല്ല എന്റർടെയ്നിംഗ് ആണ്. റിയൽ അല്ല എന്ന ബോധത്തോടെ തന്നെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടാണ് പലരും കമന്റ് ഇടുന്നത്. എന്നാൽ, ഈ വെർച്വൽ കഥാപാത്രങ്ങൾ യഥാർഥമാണെന്ന തരത്തിൽ കഥയെ ഉൾക്കൊള്ളുന്ന ചിലരുമുണ്ട്. മുതിര്‍ന്നവരാണ് അതിലേറെയും.
എഐയുടെ അതിപ്രസരം
എഐയുടെ അതിപ്രസരം എത്രത്തോളം മനുഷ്യ ജീവിതത്തെ ബാധിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്തരം വിഡിയോകൾ. ഇന്ന് ഏതൊരാൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇത്തരം റീലുകൾ നിർമിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ അതോടൊപ്പം നമ്മൾ കാണിക്കേണ്ട സാമൂഹിക ഉത്തരവാദിത്തവും ഏറെയാണ്. കാരണം, ഇത്തരം റീലുകൾ കാണാൻ കാഴ്ചക്കാർ ഏറെയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത് കാണുന്നു.
യഥാർഥത്തിൽ സോഷ്യലി റെലവന്റ് ആയിട്ടുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ ഇത്തരം റീലുകൾ നമുക്ക് ഉപയോഗിക്കാം. നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും. അതിനാൽ ഇനിയും പുതിയ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടട്ടെ, അതിലൂടെ നല്ല മെസ്സേജുകൾ ആളുകളിലേക്ക് എത്തട്ടെ…
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: കേരളത്തിലെ വൈറൽ ടൂറിസം സഞ്ചാരമോ ട്രെൻഡോ | The Reel Effect: How social media is Redefining Tourism in Kerala | viral tourism | Kerala tourism | social media travel | Instagram Reels tour