ഇൻസ്റ്റഗ്രാം റീലുകളിലും യൂട്യൂബ് ഷോർട്ട്സിലും സ്ക്രോൾ ചെയ്യുമ്പോൾ അടുത്തിടെയായ് പലരുടെയും ശ്രദ്ധ കവർന്ന ഒന്നാണ് ഗുണ്ടാസംഘങ്ങൾക്കിടയിൽ വാഴുന്ന ഒരു കൊച്ചുകുട്ടിയുടെ ആനിമേഷൻ രംഗങ്ങൾ. ‘വൈ ആം ഐ ബേബി മാഫിയ?’ (Why Am I Baby Mafia?) എന്ന ചോദ്യത്തോടെയെത്തുന്ന ഈ ക്ലിപ്പുകൾ കണ്ടവരാരും ഇത് ഏത് ജാപ്പനീസ് ആനിമേ പരമ്പരയിലെ ഭാഗമാണെന്ന് ഓൺലൈനിൽ തിരയാതിരുന്നിട്ടുണ്ടാകില്ല.
എന്നാൽ, ഈ കാഴ്ചക്കാരെ മുഴുവൻ അമ്പരിപ്പിക്കുന്ന ഒരു വസ്തുത, ഇത് ജപ്പാനിലെ പ്രശസ്തമായ ഏതെങ്കിലും ആനിമേഷൻ സ്റ്റുഡിയോ നിർമിച്ച ഒരു പരമ്പരാഗത ആനിമേ സീരീസ് അല്ല എന്നതാണ്.
വൈ ആം ഐ ബേബി മാഫിയ
വൈ ആം ഐ ബേബി മാഫിയ എന്നത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ ഒരു ആനിമേഷൻ സ്റ്റൈൽ ഷോർട്ട് വെബ് സീരീസാണ്. പരമ്പരാഗത ജാപ്പനീസ് ആനിമേകളോട് കിടപിടിക്കുന്ന ദൃശ്യമികവും നാടകീയമായ ആഖ്യാനവും ക്രൈം-കോമഡി ശൈലിയും സമന്വയിപ്പിച്ചാണ് ഇതിന്റെ ഓരോ ഭാഗവും നിർമിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാം, യൂട്യൂബ്, ട്രിംസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഷോർട്ട് വിഡിയോകളിലൂടെയാണ് ഈ പരമ്പര ആഗോളതലത്തിൽ വൈറലായത്. ഒരു പരമ്പരാഗത ആനിമേഷൻ നിർമാണ കമ്പനിയുടെയോ സ്ട്രീമിങ് നെറ്റ്‌വർക്കിന്റെയോ പിന്തുണയില്ലാതെ, സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ഒരു എഐ പ്രോജക്ടാണിത്.
വലിയ അധോലോക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമാനമായി നിർമിച്ച വൈ കാൻ ഐ സമ്മൺ ഡെത്ത് (Why Can I Summon Death) എന്ന പരമ്പരയിലെ ക്രിമിനൽ അധോലോകം പശ്ചാത്തലമാക്കിയുള്ള ഒരു കോമഡി സ്പിൻ-ഓഫാണ് വൈ ആം ഐ ബേബി മാഫിയ.
@genjoyboy_ എന്നറിയപ്പെടുന്ന കനവ് പുരോഹിത് എന്ന പ്രശസ്ത ഇന്ത്യൻ സോഷ്യൽ മീഡിയ കോണ്ടന്റ് ക്രിയേറ്ററാണ് ഈ ഡിജിറ്റൽ സൃഷ്ടിക്ക് പിന്നിൽ.
ക്രിമിനലുകളും ഒരു കൊച്ചുകുട്ടിയും!
മുതിർന്ന ഒരാളുടെ അവബോധം നിലനിർത്തിക്കൊണ്ടാണ് കഥ. ലോകത്തിലെ ഏറ്റവും അപകടകാരിയായ യക്കൂസ (Yakuza) ബോസ്സിന്റെ മാഫിയ സംഘത്തിൽ ഒരു കൊച്ചു പെണ്‍കുട്ടി എത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം.
ഭീതിജനകമായ ക്രിമിനൽ ദൗത്യങ്ങൾക്ക് പകരം, ഒരു കൊച്ചുകുട്ടിയെ വളർത്തുന്നതിലെ ദൈനംദിന വെല്ലുവിളികളിൽ പതറിപ്പോകുന്ന ഗുണ്ടാസംഘത്തിന്റെ ഹാസ്യരംഗങ്ങളാണ് കഥയിലെ പ്രധാന ആകർഷണം.
അധോലോകത്തിലെ പ്രമുഖരായ മാഫിയ തലവന്മാർക്ക് ഏറ്റവും കഠിനമായ പോരാട്ടം, ശത്രുക്കളെ തോൽപ്പിക്കുന്നതല്ല, മറിച്ച് രണ്ട് വയസ്സുള്ള കുട്ടിയെക്കൊണ്ട് പച്ചക്കറി കഴിപ്പിക്കുന്നതോ ഉറക്കാൻ കിടത്തുന്നതോ ആണെന്ന് തിരിച്ചറിയുന്ന രംഗങ്ങൾ പ്രേക്ഷകരിൽ ചിരിയുടെ അലകൾ തീർക്കുന്നു.
ശ്രദ്ധേയമായ കഥാപാത്രങ്ങൾ
- ലേഡി ലൈസ (Lady Liza): മുഴുവൻ മാഫിയ സിൻഡിക്കേറ്റിനെയും തന്റെ കുസൃതികൾകൊണ്ടും കൊഞ്ചലുകൾകൊണ്ടും ഭരിക്കുന്ന കുട്ടി രാജകുമാരി.
- ലാന്സ് വാൻസ് എന്ന ബോസ്/ഡാഡി (Lance Vance): പ്രീസ്കൂൾ, ജലദോഷം, നഷ്ടപ്പെട്ട കളിപ്പാട്ടം തുടങ്ങി ലേഡി ലൈസയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉയർന്ന സൈനിക അല്ലെങ്കിൽ കാർട്ടൽ ഓപ്പറേഷനുകൾ പോലെ കൈകാര്യം ചെയ്യുന്ന മാഫിയ ബോസാണ് ഡാഡി.
- ടിമ്മി: ലേഡി ലൈസയുടെ കൂട്ടുകാരനാണ് ടിമ്മി.
- മിസ്റ്റർ ലെസ്റ്റർ ദി സ്നൈപ്പർ (Mr. Lester): ശത്രുക്കളുടെ ചോര വീഴ്ത്താൻ മടിക്കാത്ത, ഭയമുണർത്തുന്ന ഹിറ്റ്മാൻ. ലൈസയുടെ സ്കൂളിലെ ‘കരിയർ ഡേ’യിൽ പങ്കാളിയാകാൻ എത്തുമ്പോൾ തന്റെ ഔദ്യോഗിക ജോലിയെ ‘ക്വാളിറ്റി കൺട്രോളും ക്ലീനപ്പും’ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത് ഇതിലെ ചിരിയുണർത്തുന്ന സംഭവങ്ങളിൽ ഒന്നാണ്.
- ദി ബോസ് ഡോഗ്: മനുഷ്യ സഹായികളെപ്പോലും ബുദ്ധികൊണ്ട് മറികടന്ന് സംഘത്തിന്റെ ‘ഫസ്റ്റ്-ഇൻ-കമാൻഡർ’ സ്ഥാനത്തേക്ക് എത്തുന്ന ഒരു വളർത്തുനായ.
ഈ കുട്ടി ചിത്രമെങ്ങനെ ഇത്ര വൈറലായി?
‘വൈ ആം ഐ ബേബി മാഫിയ?’ എന്ന ടൈറ്റിൽ കാഴ്ചക്കാരിൽ കൗതുകം ഉണർത്തുകയും കൂടുതൽ തിരയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, അടുത്തതായി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയുടെ മുനമ്പിൽ ഓരോ ചെറിയ എപ്പിസോഡും അവസാനിക്കുന്നതിനാൽ, അടുത്ത ഭാഗത്തിനായി പ്രേക്ഷകർ കമന്റ് ബോക്സുകളിലും സെർച്ച് ബാറുകളിലും തിരച്ചിൽ തുടരുന്നു.
ആധുനിക ജനറേറ്റീവ് എഐ വിഡിയോ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ഇതിന്റെ ദൃശ്യങ്ങൾ നിർമിച്ചിരിക്കുന്നത്. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്നുപോലും പരമ്പരാഗത ജാപ്പനീസ് ആനിമേകളോട് കിടപിടിക്കുന്ന ഫ്ലൂയിഡ് മോഷൻ ആർട്ട് സൃഷ്‌ടിക്കാൻ എഐയ്ക്ക് സാധിക്കുന്നു എന്നത് സാധാരണക്കാരായ കാഴ്ചക്കാരിൽ ഇത് ഒരു യഥാർഥ ടിവി സീരീസാണെന്ന ധാരണ ഉണ്ടാക്കുന്നു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: സോഷ്യൽ മീഡിയ കീഴടക്കുന്ന 'എഐ' കഥാപാത്രങ്ങൾ | Suttu, Thakkudu Aunty & Puttu Pennu: The AI Characters Taking Over Your Social Media Feed | AI Reels | AI humans | Virtual I