നമ്മുടെ നാട്ടിലെ ചെറുക്കനാകുമ്പോ ഇടയ്‌ക്കൊക്കെ വീട്ടിലേക്ക് വന്നു പോകാമല്ലോ… നമ്മുടെ നാട്ടിൽ വളർന്ന പെൺകുട്ടികൾക്കെ നാട്ടുനടപ്പും രീതികളുമൊക്കെ അറിയൂ… വിവാഹാലോചനകളുടെ ബഹളമായാൽ മുതിർന്നവരുടെ വാമൊഴിയാണിത്. ഡോക്ടറുടെ മകൻ ഡോക്ടറുടെ മകളെ വിവാഹം കഴിക്കുന്നു. അധ്യാപകർ തമ്മിൽ വിവാഹം ചെയ്യുന്നു. അങ്ങനെയൊക്കെ ആയിരുന്നു ഒരു കാലത്തെ ട്രെൻഡ്. എന്നാൽ, കാലം മാറി. കുട്ടികളും. തലമുറകൾ മാറിയതോടെ ഡേറ്റിംഗ് സങ്കൽപങ്ങളും പാടെ മാറിക്കഴിഞ്ഞു.
സ്വന്തം നാട്, മതം, ഭാഷ, അല്ലെങ്കിൽ ഒരേ സാമൂഹിക പശ്ചാത്തലമുള്ളവരെ മാത്രം പങ്കാളിയായി തിരഞ്ഞെടുക്കുന്ന രീതിയിൽ നിന്ന് ഇന്ത്യയിലെ ചെറുപ്പക്കാർ മാറി ചിന്തിക്കുന്നുവെന്നാണ് ടിൻഡർ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പ്രാദേശിക അതിരുകൾക്കപ്പുറമുള്ള വ്യക്തികളെ പങ്കാളിയാക്കാനാണ് ഇന്നത്തെ ചെറുപ്പക്കാർക്ക് താൽപര്യം.
അടുത്തിടെ പുറത്തുവിട്ട ടിൻഡർ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ടിൻഡർ ആപ്പിലെ 41% യുവാക്കൾ മറ്റൊരു നഗരത്തിൽ നിന്നുള്ള ഒരാളുമായി ഡേറ്റിംഗ് നടത്താൻ തയ്യാറാണ്. 33% പേർ മറ്റ് രാജ്യത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. 40% പേർ വ്യത്യസ്ത വംശങ്ങളിലും സംസ്കാരങ്ങളിലും ഉള്ളവരെ പങ്കാളിയാക്കാൻ തയ്യാറാണ്. ചുരുക്കിപ്പറഞ്ഞാൽ, മൂന്നിലൊരു ഇന്ത്യൻ ഉപയോക്താവും വിദേശിയുമായി റിലേഷൻഷിപ്പിലാകാന്‍ തയ്യാറാണ്. ഒരു ദശാബ്ദം മുമ്പായിരുന്നെങ്കിൽ ഇതൊരു റൊമാന്റിക്-കോമഡി കഥ പോലെ തോന്നുമായിരുന്നു!
പ്രണയത്തിന്റെ പുതിയ ഭാഷ– ‘യാത്ര’
മാറുന്ന ഡേറ്റിംഗ് സങ്കൽപങ്ങൾക്ക് പിന്നിൽ യാത്ര ഒരു പ്രധാന കാരണമാണ്. രാജ്യത്തെ 18നും 25നും ഇടയിൽ പ്രായമുള്ള ടിൻഡർ ഉപയോക്താക്കളുടെ ഇഷ്ടവിനോദങ്ങളിൽ മൂന്നാം സ്ഥാനത്താണ് യാത്ര. ഒരാളുമായി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അവരുടെ യാത്രാ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നത് ഇവർക്കിടയിൽ പതിവാണ്. ഒരു വ്യക്തിയുടെ സ്വഭാവം, ജീവിതത്തോടുള്ള സമീപനം, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ മനസ്സിലാക്കാൻ യാത്രകളെക്കുറിച്ചുള്ള സംസാരം സഹായിക്കുന്നു.

ട്രക്കിങിനോട് താൽപര്യമുണ്ടോ, സ്ട്രീറ്റ് ഫുഡ് കഴിക്കാൻ താൽപര്യമുണ്ടോ എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ പങ്കാളികൾക്കിടയിൽ സംസാരമാകാറുണ്ട്. യാത്ര പ്രണയഭാഷയായി മാറിയെന്ന് റിലേഷൻഷിപ്പ് എക്സ്പേർട്ടുകൾ അഭിപ്രായപ്പെടുന്നു. പലരുടെയും ഇൻസ്റ്റ ബയോ “loves travelling,” എന്നാകും അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ടതാകും.
പക്ഷേ, യാത്ര ഇഷ്ടമാണെന്ന് പറയുന്നവരിൽ എത്ര പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ചിന്തിക്കേണ്ടതാണ്. ഭൂരിഭാഗം പേരും യാത്രകളെ കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നതാണ് വസ്തുത. യാത്രകളെ കുറിച്ചുള്ള സംസാരങ്ങൾ പങ്കാളികൾക്കിടയിൽ അടുപ്പം വർധിപ്പിക്കുന്നു.
ഡേറ്റിംഗ് ആപ്പുകളിലെ ‘പാസ്‌പോർട്ട്’ ഫീച്ചറുകൾ വഴി മറ്റ് രാജ്യങ്ങളിലുള്ളവരുമായി പരിചയപ്പെടാനും അതിരുകളില്ലാത്ത സൗഹൃദങ്ങൾ സ്ഥാപിക്കാനും ഇവർ മടിക്കുന്നില്ല. ഡൽഹി, മുംബൈ, ബെംഗളൂരു മുതൽ ദുബായ്, ന്യൂയോർക്ക്, ആംസ്റ്റർഡാം, കഠ്മണ്ഡു, ലാഹോർ, പട്ടായ വരെയുള്ള എല്ലാ സ്ഥലങ്ങളിലും ഇന്ത്യൻ ഉപയോക്താക്കൾ ബ്രൗസ് ചെയ്യുന്നുണ്ട്. അമേരിക്ക, യുഎഇ, തായ്‌ലൻഡ്, നേപ്പാൾ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, ജപ്പാൻ, സ്‌പെയിൻ എന്നിവിടങ്ങളാണ് പട്ടികയിൽ മുന്നിൽ.
സുരക്ഷിതത്വമല്ല, അനുഭവങ്ങളാണ് പ്രധാനം
പഴയ തലമുറ ഒരേ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമാണെന്ന് കരുതിയിരുന്നെങ്കിൽ പുതു തലമുറ തങ്ങളുടെ ലോകപരിജ്ഞാനവും കാഴ്ചപ്പാടുകളും വിശാലമാക്കുന്ന പങ്കാളികളെയാണ് ആഗ്രഹിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളും ഭക്ഷണരീതികളും ജീവിതരീതികളും എല്ലാം പരസ്പര ധാരണയും അനുകമ്പയും കൂട്ടാൻ സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. സ്വന്തം ചുറ്റുവട്ടത്ത് മാത്രം പങ്കാളിയെ തിരഞ്ഞിരുന്ന രീതി മാറ്റി, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ കടന്ന് വ്യക്തിപരമായ പൊരുത്തത്തിനും അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിലേക്ക് ഇന്ത്യൻ ചെറുപ്പക്കാർ മാറിക്കഴിഞ്ഞു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: How Are We Doing Love Now?: The New Dating Slangs and Trends | Dating Slang 2026 | Modern Dating Trends & Relationship Culture | Love Lust and Beyond | Ivide Live