ഡേറ്റിങ് ആപ്പ് മടുത്തോ? നിങ്ങൾ ഒറ്റയ്ക്കല്ല. വലിയ വിഭാഗം ജെൻ സി യും ഡേറ്റിങ് ആപ്പ് ഉപേക്ഷിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഫോർബ്സ് ഹെൽത്ത് സർവെ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ജെൻ സി ഡേറ്റിങ് ആപ്പ് ഉപേക്ഷിക്കുന്നതായി പറയുന്നത്.
ഡേറ്റിങ് ആപ്പുകളോട് നോ പറഞ്ഞ് ജെൻ സി
വിരൽത്തുമ്പിൽ പ്രണയം കണ്ടെത്തുക എന്ന ആശയം ആദ്യ കാലത്ത് യുവാക്കളെ ഹരം കൊള്ളിച്ചിരുന്നെങ്കിലും ഇന്ന് സ്വൈപ്പ് ചെയ്ത് മടുത്തിരിക്കുകയാണ് ജെൻ സി. നൂറുകണക്കിന് ആളുകളെ ഡേറ്റിങ് ആപ്പുകൾ വഴി കാണുകയും സംസാരിക്കുകയും ചെയ്തിട്ടും യഥാർത്ഥമായ ഒരു ബന്ധം കണ്ടെത്താൻ കഴിയാത്തത് പലരിലും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. മറ്റ് തലമുറകളിൽ ഉള്ളവരെക്കാൾ കൂടുതൽ ജെൻ സി ഡേറ്റിങ് ആപ്പ് വഴി ദീർഘകാലം നിലനിൽക്കുന്ന വൈകാരിക ബന്ധങ്ങള്‍ തിരയുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. 52 ശതമാനം ജെൻ സി ഡേറ്റിങ് ആപ്പ് ഉപയോക്താക്കളും ദീർഘകാല ബന്ധം ആഗ്രഹിക്കുന്നവരാണ്. ഇത് മറ്റുതലമുറകളെക്കാൾ വളരെ കൂടുതലാണ്. 49 ശതമാനം മിലേനിയൽസും 47 ശതമാനം ജെൻ എക്സുമാണ് ഡേറ്റിങ് ആപ്പ് വഴി ദീർഘകാല ബന്ധം ആഗ്രഹിച്ചിരുന്നത്. ഇത്തരത്തിൽ ആഴമേറിയ വൈകാരിക ബന്ധം കണ്ടെത്താൻ കഴിയാത്തത് ജെൻസികളെ ഡേറ്റിങ് ആപ്പുകളിൽ നിന്ന് അകറ്റുന്ന പ്രധാന ഘടകമാണ്.
ഡേറ്റിങ് ആപ്പുകളിൽ പലപ്പോഴും രൂപഭംഗിക്ക് മാത്രമാണ് മുൻഗണന ലഭിക്കുന്നത്. വ്യക്തിത്വത്തേക്കാൾ ഉപരിയായി ഫോട്ടോകൾ നോക്കി ആളുകളെ തിരഞ്ഞെടുക്കുന്ന രീതി അർത്ഥവത്തായ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്ക് നിരാശ നൽകുന്നതാണ്. മാത്രവുമല്ല, നിരന്തരമായി മറ്റുള്ളവർക്ക് സ്വീകാര്യമായ രീതിയിൽ സ്വയം അവതരിപ്പിക്കേണ്ടി വരുന്നതും ആളുകളെ മടുപ്പിക്കുന്നുണ്ട്. മറ്റുള്ളവർക്ക് ഇഷ്ടമാകാൻ വേണ്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും സ്വന്തം സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നത് ആയിരിക്കണമെന്നില്ല.

പ്രണയതകർച്ച, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നുള്ള ആശ്വാസമായി ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. ഇത്തരത്തിൽ ഡേറ്റിങ് ആപ്പിലേക്ക് എത്തുന്നവർ വൈകാരികമായ ബന്ധത്തിനായിരിക്കില്ല പ്രാധാന്യം നൽകുന്നത്. താത്കാലിക ബന്ധങ്ങൾക്ക് വേണ്ടിയോ, വാലിഡേഷന് വേണ്ടിയോ ആയിരിക്കും ഇത്തരത്തിലുള്ള ആളുകൾ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്. ഇത് യഥാർഥ ബന്ധങ്ങൾ തേടിവരുന്ന ആളുകളെ നിരാശരാക്കുന്നു. അപ്പുറത്ത് നിൽക്കുന്ന ആളുകൾ എന്താണ് ഈ ബന്ധത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അറിയാൻ കഴിയാത്തതും ഡേറ്റിങ് ആപ്പിനോട് നോ പറയാൻ ജെൻ സിയെ പ്രേരിപ്പിക്കുന്നു.
പെൺകുട്ടികൾ ഡേറ്റിങ് ആപ്പിൽ നിന്നു പിന്തിരിയുന്നതിന് ആളുകളുടെ മോശം പെരുമാറ്റം കാരണമാകാറുണ്ട്. പലപ്പോഴും ലൈംഗിക ചുവയോടെയുള്ള സമീപനങ്ങൾ നേരിടേണ്ടി വരാറുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. മാച്ച് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പുരുഷന്മാരെ ഡേറ്റിങ് ആപ്പ് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ബമ്പിൾ പോലുള്ള ഡേറ്റിങ് ആപ്പിൽ സ്ത്രീകൾക്ക് നൽകുന്ന മുൻഗണന പുരുഷന്മാർക്ക് മാച്ച് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പണം നൽകിയാൽ മാത്രമേ നല്ല പ്രൊഫൈലുകൾ കാണാൻ സാധിക്കു എന്ന രീതിയും യുവാക്കളെ ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അകറ്റാൻ കാരണമായിട്ടുണ്ട്. തങ്ങൾ ആപ്പുകളിൽ ഒരു കച്ചവടവസ്തുവായി മാറുന്നു എന്ന തോന്നൽ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. വ്യാജ പ്രൊഫൈലുകളും, ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ച് വരുന്നതും ഡേറ്റിങ് ആപ്പുകളുടെ വിശ്വാസ്യത തകർത്തിട്ടുണ്ട്.
ഇതിനു പുറമേ ജെൻ സി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നത് മിലേനിയൽസിനെക്കാൾ കുറവാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. വലിയ രീതിയിലുള്ള ഇടിവാണ് ജെൻസികളുടെ ലൈംഗിക പ്രവർത്തനങ്ങളിൽ സംഭവിച്ചിട്ടുള്ളത്. ഇതും ഡേറ്റിങ് ആപ്പുകളിൽ നിന്നു ജെൻസികള്‍ പിന്തിരിയുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനം.

ഡേറ്റിങ് ആപ്പുകളുടെ വളർച്ച
2013 മുതലെ ടിന്റർ പോലുള്ള ഡേറ്റിങ് ആപ്പുകൾ ഇന്ത്യയിൽ എത്തിയിരുന്നെങ്കിലും കോവിഡ് ലോക്ഡൗൺ കാലത്താണ് വലിയ രീതിയിലുള്ള വളർച്ച കൈവരിക്കുന്നത്. ഇന്റർനെറ്റിന്റെ ഉപയോഗം ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വ്യാപിച്ചത് ഡേറ്റിങ് ആപ്പുകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി. ഈ കാലഘട്ടത്തിൽ കേരളത്തിലും ഡേറ്റിങ് ആപ്പുകൾ സജീവമായി തുടങ്ങി. ബമ്പിൾ പോലുള്ള ആപ്പുകളെക്കാൾ അരികെ, മിഴി, ഹൃദയം തുടങ്ങിയ പ്രാദേശീക ആപ്പുകൾക്കാണ് കേരളത്തിൽ ആവശ്യക്കാർ കൂടുതലും. ‘അരികെ’ യുടെ വരവാണ് നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഡേറ്റിങ് ആപ്പുകളെ ഗ്രാമത്തിലേക്ക് എത്തിച്ചത്. വിവാഹത്തിന് മുമ്പ് തങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്താൻ പലരും ഈ പ്ലാറ്റ്‌ഫോമുകളെ പ്രയോജനപ്പെടുത്താൻ തുടങ്ങി. സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും പറഞ്ഞ് അത് അംഗീകരിക്കുന്ന ആളുകളെ കണ്ടെത്താൻ കഴിയുക എന്നത് പെൺകുട്ടികൾക്ക് മുൻപിൽ അന്നുവരെ ഇല്ലാത്ത ഒരു വാതിൽ തുറന്നിടുകയായിരുന്നു. ഇത് ബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടിൽ തന്നെ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഒരുകാലത്ത് ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നത് രഹസ്യമായി വച്ചിരുന്ന മലയാളികൾ ഇന്ന് അതിൽ കൂടുതൽ സുതാര്യത പുലർത്തുന്നു.

ഡേറ്റിങ് ആപ്പിലെ കള്ളങ്ങൾ
ഡേറ്റിങ് ആപ്പുകളിലെ പ്രൊഫൈൽ കൂടുതൽ ആകർഷകമാക്കാൻ 80 ശതമാനം ആളുകളും പലരീതിയിലുള്ള നുണകൾ പറയാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾ നുണ പറയുന്നത് ഉയരത്തെ കുറിച്ചാണ്. പ്രത്യേകിച്ച് പുരുഷന്മാർ ഉയരം അല്പം കൂട്ടി പറയാറുണ്ടെന്നാണ് പഠനം. നുണകളിൽ രണ്ടാം സ്ഥാനം പ്രായത്തിനാണ്. സെർച്ച് റിസൾട്ടുകളിൽ ഉൾപ്പെടാൻ വേണ്ടി പലരും തങ്ങളുടെ യഥാർത്ഥ പ്രായത്തേക്കാൾ 2 മുതൽ 5 വയസ്സ് വരെ കുറച്ച് പറയാറുണ്ട്. പ്രത്യേകിച്ച് 30-കളിലും 40-കളിലും ഉള്ളവരാണ് പ്രായത്തെ കുറിച്ച് കൂടുതലായും നുണ പറയുന്നത്. പഴയ ചിത്രങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരും കുറവല്ല. കാണാൻ ഏറ്റവും മനോഹരമായിരുന്ന കാലത്തെ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. പലരും 3 മുതൽ 5 വർഷം വരെ പഴക്കമുള്ള ഫോട്ടോകള്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ അമിതമായ ഫിൽട്ടറുകൾ ഉപയോഗിച്ച് രൂപമാറ്റം വരുത്തുന്നതും സാധാരണമാണ്. ശരീരഭാരത്തെക്കുറിച്ചും ശാരീരികക്ഷമതയെക്കുറിച്ചും ആളുകൾ തെറ്റായ വിവരങ്ങൾ നൽകാറുണ്ട്. ഭാരം കുറച്ചു പറയുന്ന പ്രവണത കൂടുതലായി സ്ത്രീകളിലാണ് കാണുന്നത് എന്നാണ് റിപ്പോർട്ട്. ‘സക്സസ്ഫുൾ’ ആണെന്ന് തോന്നിപ്പിക്കാൻ വേണ്ടി തങ്ങളുടെ ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും നുണ പറയുന്നവരുമുണ്ട്. ചെറിയ പദവിയിലുള്ളവർ മാനേജർ എന്നോ എക്സിക്യൂട്ടീവ് എന്നോ രേഖപ്പെടുത്തുന്നതും സാമ്പത്തിക നില മെച്ചപ്പെടുത്തി പറയുന്നതും സാധാരണമായി കാണാം. കള്ളങ്ങൾ പറയുന്ന മറ്റൊരു പ്രധാന കാര്യം ഹോബികളാണ്. മറ്റൊരാൾക്ക് ഇഷ്ടം തോന്നാൻ വേണ്ടി ഇല്ലാത്ത താല്പര്യങ്ങൾ ഉണ്ടെന്ന് പറയുന്നവരാണ് പലരും. ബന്ധങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ചും ആളുകൾ കള്ളം പറയാറുണ്ട്. പലപ്പോഴും ‘ക്യാഷ്വൽ’ ബന്ധങ്ങൾ മാത്രം ആഗ്രഹിക്കുന്നവർ പോലും കൂടുതൽ മാച്ചുകൾ ലഭിക്കുന്നതിനു വേണ്ടി ഗൗരവമുള്ള ബന്ധങ്ങളാണ് തിരയുന്നത് എന്ന് പറയാറുണ്ട്. വിവാഹിതരോ നിലവിൽ മറ്റ് ബന്ധങ്ങളിൽ ഉള്ളവരോ ആയ ആളുകൾ ‘സിംഗിൾ’ ആണെന്ന് പറഞ്ഞ് ആപ്പുകളിൽ സജീവമാകുന്നതും കാണാം.

മാട്രിമോണിയൽ സൈറ്റിലേക്കോ?
പലരും ഡേറ്റിംങ് പ്ലാറ്റ്‌ഫോമുകൾ ഉപേക്ഷിച്ച് മാട്രിമോണിയൽ സൈറ്റുകളിലേക്ക് മടങ്ങുന്നു എന്നാണ് 2024-25 കാലഘട്ടത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ എത്തുന്നവർ വിവാഹം എന്ന ലക്ഷ്യത്തോടെ വരുന്നവരോ ദീർഘകാല ബന്ധം തിരഞ്ഞ് എത്തുന്നവരോ ആയതുകൊണ്ട്, സമയം പാഴാക്കാതെ യഥാർഥ ബന്ധങ്ങൾ കണ്ടെത്താൻ ആളുകൾക്ക് സാധിക്കുന്നു. എന്നാൽ പഴയ കാലത്തേതു പോലെ മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് ഒരാളെ കണ്ടെത്തി ഉടൻ വിവാഹം കഴിക്കുക എന്ന രീതിയല്ല ജെൻ സിക്കുള്ളത്. പകരം, അവിടെ വച്ച് പരിചയപ്പെട്ട് മാസങ്ങളോളം സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് ജെൻ സി പിന്തുടരുന്നത്. ഇതിനെ ആധുനിക കാലത്തെ ‘അറേഞ്ച്ഡ് ഡേറ്റിങ്’ എന്ന് വിളിക്കാം. പ്രൊഫൈലുകളുടെ വെരിഫിക്കേഷൻ, ജോലി, കുടുംബ പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മാട്രിമോണിയൽ സൈറ്റുകളിൽ ലഭ്യമായതു കൊണ്ടു തന്നെ വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാൻ പെട്ടെന്ന് സാധിക്കുന്നു. മാത്രവുമല്ല മാട്രിമോണിയൽ സൈറ്റുകൾ കണ്ടെത്തുന്ന പങ്കാളിയെ മാതാപിതാക്കൾ സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ പങ്കാളിയെ കണ്ടെത്താനുള്ള ഒരു പ്രായോഗിക മാർഗമായി മാട്രിയമോണിയൽ ആപ്പുകളെ കാണുകയാണ് ജെൻ സി. വരും വർഷങ്ങളിൽ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജെൻ സി സൗഹൃദപരമായ മാറ്റങ്ങൾ വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഇവ ശ്രദ്ധിക്കുക !
- ക്യാറ്റ്ഫിഷിങ്: കുറച്ച് ഫോട്ടോകൾ മാത്രം ഉപയോഗിച്ച് അക്കൗണ്ട് നിർമിച്ചിരിക്കുന്നവരെ, വളരെ സാധാരണമായ ബയോ ഉള്ളവരെ, പല പ്ലാറ്റ്‌ഫോമുകളിൽ വ്യത്യസ്തമായ വിവരങ്ങൾ നൽകുന്നവരെ സൂക്ഷിക്കുക.
- ലവ് ബോംബിങ്: ആരെങ്കിലും ആദ്യം തന്നെ അമിതമായി സ്നേഹം പ്രകടിപ്പിക്കുകയോ, വിവാഹ വാഗ്ദാനം നൽകുകയോ ചെയ്താൽ അത് വിശ്വസിക്കാതിരിക്കുക. നിങ്ങളെ സ്വാധീനിക്കാൻ വേണ്ടി ചെയ്യുന്നതയിരിക്കും. സമയമെടുത്ത് മാത്രം ബന്ധങ്ങൾ തിരഞ്ഞെടുക്കുക.
- വ്യാജ ബിസിനസ്/ഇൻഫ്ലുവൻസർ അക്കൗണ്ടുകൾ: ചിലർ ബന്ധങ്ങൾ കണ്ടെത്തുന്നതിനു പകരം ഉൽപ്പന്നങ്ങൾ വിൽക്കാനോ, ഫോളോവേഴ്‌സിനെ കൂട്ടാനോ, കൊളാബറേഷനോ ആയിരിക്കും ശ്രമിക്കുന്നത്. അത് മനസ്സിലാക്കി പിന്മാറുക.
- സാമ്പത്തിക തട്ടിപ്പുകൾ: ഡേറ്റിങ് ആപ്പ് വഴി മാത്രം പരിചയമുള്ള ആളുകളുമായി ബാങ്ക് വിവരങ്ങൾ, യുപിഐ ഐഡി, അല്ലെങ്കിൽ ഒടിപി എന്നിവ ഒരിക്കലും പങ്കുവയ്ക്കരുത്. കഷ്ടപ്പാടിന്റെ കഥകളിൽ കേട്ട് പണം നൽകാതിരിക്കാനും ശ്രദ്ധിക്കുക.
- ഹണി ട്രാപ്പ്: സ്വകാര്യ ചിത്രങ്ങളോ വിഡിയോകളോ അയക്കുന്നത് ഒഴിവാക്കുക. ഇത്തരം ദൃശ്യങ്ങൾ സ്ക്രീൻഷോട്ട് എടുത്തോ റെക്കോർഡ് ചെയ്തോ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഓർക്കുക.
- ചാറ്റിലൂടെ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത് ഫിഷിംഗിനോ വൈറസ് ബാധയ്ക്കോ കാരണമായേക്കാം.
- നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എപ്പോഴും പൊതുസ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക. പോകുന്ന സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും അടുത്ത് പരിചയമുള്ള ആരെയെങ്കിലും അറിയിക്കുക.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




