നിങ്ങളെ ഡീഡ്രോ ഇഫക്റ്റ് ബാധിച്ചിട്ടുണ്ടോ? ഒന്ന് ചിന്തിച്ചു നോക്കൂ… നിങ്ങൾ അപ്രതീക്ഷിതമായി ഒരു വലിയ, വിലകൂടിയ കണ്ണാടി കാണുന്നു. അത് വാങ്ങിച്ച് മുറിയിൽ വച്ചപ്പോഴാണ് ചുവരിന്റെ നിറം പോര, മാറ്റിയാൽ കുറച്ചുകൂടെ ഭംഗി കിട്ടുമെന്ന് നിങ്ങൾ കരുതുന്നത്. ഒരു പുതിയ ബുക്ക് ഷെൽഫും വായിച്ചിരിക്കാൻ ഒരു ചെയറും നല്ല പുത്തൻ സോഫയുമുണ്ടെങ്കിൽ കുറച്ചുകൂടെ രസമാകുമെന്ന് നിങ്ങൾക്ക് തോന്നുകയും ഉടനെ പൈസ മുടക്കി ഈ മാറ്റങ്ങളെല്ലാം കൊണ്ടുവരുകയും ചെയ്യുന്നു.

എന്താണ് ഡീഡ്രോ ഇഫക്റ്റ്?
യഥാർത്ഥത്തിൽ ഈ ഡീഡ്രോ ഇഫക്റ്റ് എന്താണെന്നോ അത് എങ്ങനെ വന്നെന്നോ അറിയാത്തവരാണ് നമ്മളിൽ പലരും. പുതുതായി നമ്മളിലേക്ക് ഒരു സാധനം എത്തിച്ചേരുമ്പോൾ പഴയതിനെ ഒഴിവാക്കാനോ ബാക്കിയുള്ളവയെ പുതിയതാക്കി മാറ്റാനോ തോന്നുന്ന ഒരു മനഃശാസ്ത്രപരമായ പ്രവണതയാണ് ഡീഡ്രോ ഇഫക്റ്റ്.

ഇത് നമ്മെ അധികം ചെലവഴിക്കാൻ നിർബന്ധിതരാക്കുന്നു. അവ അനിവാര്യമായതുകൊണ്ടല്ല, മറിച്ച് പുതിയ വസ്തുവിനോട് മാച്ചായി പോകുന്നവയായിരിക്കണം എന്നതുകൊണ്ടാണ് അവ വാങ്ങേണ്ടിവരുന്നത്.
ഈ പുതിയ വസ്തു ഒരാളുടെ സെൽഫ് ഇമേജിനെ മാറ്റുകയും, ആ പുതിയ സെൽഫ് ഇമേജിന് അനുസൃതമായ പൊരുത്തം നിലനിർത്തേണ്ടത് ആവശ്യമായി വരികയും ചെയ്യുന്നു.
ഡെനിസ് ഡീഡ്രോയുടെ ഗൗണും ചരിത്രവും
ഫ്രഞ്ച് ഫിലോസഫറായിരുന്ന ഡെനിസ് ഡീഡ്രോ (Denis Diderot) 1769-ൽ എഴുതിയ ‘Regrets sur ma vieille robe de chambre‘ (Regrets on Parting with My Old Dressing Gown) എന്ന സറ്റൈറിക്കൽ എസ്സേയിൽ വിവരിച്ച സ്വന്തം ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പിന്നീട് ‘ഡീഡ്രോ ഇഫക്റ്റ്’ എന്ന ആശയം രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ പുതിയ ഒരു കടുംചുവപ്പ് ഗൗൺ എങ്ങനെയാണ് അദ്ദേഹത്തിന്റെ സമാധാനം കെടുത്തിയതെന്നാണിതിൽ പറയുന്നത്.
കൺസ്യൂമറിസത്തെയും മനുഷ്യന്റെ മനശാസ്ത്രത്തെയും കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കാൻ വേണ്ടി ലളിതമായ തമാശയും അതിശയോക്തിയും കൂട്ടിച്ചേർത്താണ് അദ്ദേഹം അനുഭവം അവതരിപ്പിച്ചത്. അതിങ്ങനെയായിരുന്നു,
ഒരിക്കൽ ഡീഡ്രോ തന്റെ വിലപിടിപ്പുള്ള മനോഹരമായ കടുംചുവപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ച് കണ്ണാടിക്കു മുമ്പിൽ നിൽക്കുന്നു. ആ വസ്ത്രത്തിൽ അദ്ദേഹത്തെ കാണാൻ നല്ല സുന്ദരനും പണക്കാരനും ആയിട്ട് തോന്നി.
എന്നാൽ, വളരെ ലളിതമായി ജീവിച്ചിരുന്ന ഡീഡ്രോ, ഈ വസ്ത്രം അണിഞ്ഞ് ചുറ്റും നോക്കിയപ്പോൾ വളരെ മനോഹരമായ തന്റെ വസ്ത്രത്തിനു ചേർന്നതല്ല തന്റെ മുറിയും അതിലെ സാധനങ്ങളുമെന്ന് അയാൾക്ക് തോന്നുന്നു. മങ്ങിയ മുറിക്കുള്ളിലെ പഴയ ടേബിളും ചൂരൽ കസേരയുമെല്ലാം അയാളുടെ പുതിയ ലുക്കിന് ചേരാത്തതാണെന്ന ചിന്ത അയാളെ മടുപ്പിക്കുന്നു.

ഇതോടെ അദ്ദേഹം തന്റെ പഴയ കസേര മാറ്റി മൊറോക്കൻ ലെതർ കൊണ്ടുണ്ടാക്കിയ കസേര വാങ്ങുന്നു. പഴയ ഡെസ്ക് മാറ്റി വിലപിടിപ്പുള്ള മേശ സ്ഥാപിക്കുന്നു. പഴയ കാർപ്പറ്റ് വലിച്ചു മാറ്റി പുതിയ കാർപ്പറ്റ് വിരിക്കുന്നു.
പുതിയ ഉടുപ്പ് കിട്ടിയതോടെ അതുവരെയും അയാൾക്ക് പ്രിയപ്പെട്ടതായിരുന്ന, അയാൾ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ആ മുറിപോലും അയാളിൽ അനിഷ്ടമുണ്ടാക്കുന്നു. ആ വസ്ത്രം അയാളെ അതിന്റെ അടിമയെപോലെ ആക്കി മാറ്റുന്നു.
I was the absolute master of my old robe. I have become the slave of the new one.
അയാൾക്ക് ചുറ്റുമുള്ളതെല്ലാം അദ്ദേഹം പുതിക്കിക്കൊണ്ടേയിരുന്നു. സമ്പാദ്യമെല്ലാം അതിനായി ചെലവാക്കിക്കൊണ്ടിരുന്നു.
പിന്നീട്, ഡീഡ്രോയുടെ ഈ എഴുത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രാന്റ് മക്‌ക്രാക്കൻ (Grant McCracken) എന്ന ആന്ത്രപോളജിസ്റ്റാണ് 1986ൽ ഈ പ്രതിഭാസത്തിന് ‘ഡീഡ്രോ ഇഫക്റ്റ്’ എന്ന് പേരിട്ടത്.
ദൈനംദിന ജീവിതത്തിൽ ഇതെങ്ങനെ പ്രകടമാകുന്നു?
പുതിയൊരു ജോഡി ഷൂസ് വാങ്ങുമ്പോൾ അതിന് അനുയോജ്യമായ സോക്സ്, പാന്റ്സ്, ടോപ്പ് കൂടി വേണമെന്ന് തോന്നുന്നു. പഴയ ജാക്കറ്റ് പെട്ടെന്ന് ഒട്ടും ചേരാത്തതായി അനുഭവപ്പെടുന്നു. ബെൽറ്റ്, ബാഗ് തുടങ്ങിയ അനുബന്ധ വസ്തുക്കളും വാങ്ങാൻ നിർബന്ധിതരാകുന്നു. ഇത്തരത്തിൽ ഒറ്റ പർച്ചേസിംഗ് എങ്ങനെയാണ് നമ്മുടെ ബാക്കി തീരുമാനങ്ങളെ സ്വാധീനിക്കുന്നത് എന്ന് പലപ്പോഴും ചിന്തിക്കാറില്ല.

മികച്ച ക്യാമറയുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങിയെന്നിരിക്കട്ടെ. അതിനൊരു മികച്ച കവർ ഇടാനാണ് പിന്നീട് നമ്മൾ ആഗ്രഹിക്കുക. ഒപ്പം ഒരു ട്രൈപോഡ്, പുതിയ ചാർജർ എന്നിവയും വേണ്ടിവന്നേക്കാം. അങ്ങനെ ഒരു ചെറിയ മാറ്റം ഒരു വലിയ ‘ഇക്കോസിസ്റ്റം’ ആയി മാറുന്നു.
ഡീഡ്രോ ഇഫക്ട് ഇന്ന് ഐഫോൺ പോലെയുള്ള പ്രീമിയം ഗാഡ്ജറ്റുകളിലൂടെയും അനുഭവപ്പെടുന്നതായി കാണാം. ഉദാഹരണത്തിന്, ഒരാൾ ഒരു പുതിയ ഐഫോൺ വാങ്ങുമ്പോൾ പലപ്പോഴും ആ വാങ്ങൽ അവിടെ അവസാനിക്കുന്നില്ല.
മറിച്ച്, ഫോണിന് പ്രീമിയം കേസുകളും സ്ക്രീൻ ഗാർഡുകളും വാങ്ങുന്നതിൽ തുടങ്ങി, എയർപോഡ്സ്, ആപ്പിൾ വാച്ച് എന്നിവയിലേക്ക് അത് വേഗത്തിൽ പടരുന്നു. ഒരുപക്ഷേ, ആപ്പിൾ സൃഷ്ടിച്ചെടുത്തിരിക്കുന്ന ഇക്കോസിസ്റ്റത്തിന്റെ സൗകര്യവും ആഡംബരത്തിന്റെ ‘സെൽഫ്-ഇമേജ്’ നിലനിർത്താനുമാകും ശ്രമിക്കുന്നത്.
സോഷ്യൽ മീഡിയയും ട്രെൻഡുകളും നമ്മുടെ ആഗ്രഹങ്ങളെ സ്വാധീനിക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ, വിലകൂടിയ ഒരു ബ്രാൻഡഡ് ഉൽപ്പന്നം സ്വന്തമാക്കുന്നതിലൂടെ അത് തുടർച്ചയായ അനാവശ്യ ചെലവുകളുടെ ഇത്തരമൊരു വലിയ ‘ഇക്കോസിസ്റ്റം ട്രാപ്പിലേക്ക്’ നമ്മെ തള്ളിവിടുന്നത് നമ്മൾ അറിയാതെ പോകുന്നു.
അനാവശ്യ ചെലവുകൾ കുറയ്ക്കാനുള്ള 7 പ്രായോഗിക വഴികൾ
∙ Discipline: വൺ-ഇൻ, വൺ-ഔട്ട് റൂൾ
പുതിയൊരു സാധനം വാങ്ങുമ്പോൾ, നിലവിലുള്ള പഴയത് അവിടെനിന്ന് ഒഴിവാക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യുക.
എന്തുകൊണ്ട്? പുതുതായി വാങ്ങുന്ന സാധനം ‘കൈയിലുള്ളത് കളയാൻ മാത്രം മൂല്യമുള്ളതാണോ?’ എന്ന് വീണ്ടും ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. കൂടാതെ, വീടുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് തടയാനും ഇത് സഹായിക്കും.
∙ Wait: 24/48 അവർ റൂൾ & 30 ഡേ റൂള്‍
അത്യാവശ്യമല്ലാത്തതോ, പെട്ടെന്ന് തോന്നുന്ന ആഗ്രഹത്തിന്റെ പുറത്തോ എന്തെങ്കിലും വാങ്ങാൻ തോന്നിയാൽ കുറഞ്ഞത് 24/48 മണിക്കൂർ അല്ലെങ്കിൽ സാധ്യമെങ്കിൽ 30 ദിവസത്തേക്ക് നീട്ടിവെക്കുക.
എന്തുകൊണ്ട്? പെട്ടെന്നുണ്ടാകുന്ന വൈകാരികമായ വാസന അടങ്ങാൻ ഈ കാത്തിരിപ്പ് സഹായിക്കും. കാത്തിരുന്ന് ആ വസ്തു ശരിക്കും ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ മാത്രം അത് വാങ്ങുക.

∙ Match: നിലവിലുള്ളവയോട് ചേരുന്നവ മാത്രം തിരഞ്ഞെടുക്കുക
പുതിയൊരു സാധനം വാങ്ങുമ്പോൾ അത് നിലവിലുള്ള നിങ്ങളുടെ ജീവിതരീതിക്കും വീട്ടുസാധനങ്ങൾക്കും ചേരുന്നതാണെന്ന് ഉറപ്പുവരുത്തുക.
എന്തുകൊണ്ട്? നിങ്ങളുടെ നിലവിലുള്ള വസ്തുക്കളുമായി ഒത്തുപോകാത്ത ഒരു പുതിയ സാധനം വാങ്ങുമ്പോൾ, അതിന് മാച്ച് ചെയ്യാൻ വേണ്ടി ബാക്കിയുള്ളവയും മാറ്റേണ്ടിവരുന്നത് തടയാൻ ഇതിലൂടെ സാധിക്കും.
∙ Imperfection: പെർഫെക്റ്റ് മാച്ചിംഗ് ഒഴിവാക്കുക
എല്ലാ സാധനങ്ങളും പെർഫെക്റ്റ് മാച്ച് ആവേണ്ടതില്ല എന്നും ആവശ്യവും ഉപയോഗവുമാണ് മുഖ്യമെന്ന് മനസ്സിലാക്കുക.
എന്തുകൊണ്ട്? പുതിയൊരു ഫോൺ വാങ്ങിയാൽ ഉടൻ അതിന് ചേരുന്ന വാച്ചോ ഇയർഫോണോ വാങ്ങണമെന്നില്ല. പഴയ ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ തന്നെ തുടർന്ന് ഉപയോഗിക്കുന്നതാണ് ബുദ്ധി.
∙ Pause: കോംപ്ലിമെന്ററി പോസ്
ഒരു സാധനം വാങ്ങുന്നതിന് മുൻപ് അതിനോടൊപ്പം വരാൻ സാധ്യതയുള്ള മറ്റ് അനുബന്ധ ചെലവുകൾ കൂടി മുൻകൂട്ടി കണക്കാക്കുക.
എന്തുകൊണ്ട്? ഉദാഹരണത്തിന്, ഒരു ഫോൺ വാങ്ങുമ്പോൾ അതിനോടൊപ്പം കേസ്, സ്ക്രീൻ ഗാർഡ്, അഡാപ്റ്റർ, വാച്ച് എന്നിവ വേണ്ടിവരുമോ എന്ന് നേരത്തെ ചിന്തിക്കുന്നത് പെട്ടെന്നുള്ള ഇക്കോസിസ്റ്റം ട്രാപ്പിൽ നിന്ന് നമ്മെ രക്ഷിക്കും.
∙ Trap: ട്രിഗറുകൾ കുറയ്ക്കുക
ഡിജിറ്റൽ കാലഘട്ടത്തിൽ ഷോപ്പിംഗ് ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ, പ്രൊമോഷണൽ ഇമെയിലുകൾ, ട്രെൻഡിംഗ് ഇൻഫ്ലുവൻസർ വിഡിയോകൾ എന്നിവ കാണുന്നത് പരമാവധി കുറയ്ക്കുക.
എന്തുകൊണ്ട്? കൺസ്യൂമർ ട്രിഗറുകൾ കണ്ണിൽപ്പെടാതിരുന്നാൽ അനാവശ്യമായി സാധനങ്ങൾ വാങ്ങാനുള്ള പ്രേരണ സ്വയം ഇല്ലാതാകും.∙
∙ Look within: സോഷ്യൽ കംപാരസൺ ഒഴിവാക്കുക
മറ്റുള്ളവരുടെ ലൈഫ് സ്റ്റൈലോ സോഷ്യൽ മീഡിയ ട്രെൻഡുകളോ കണ്ട് അത് അനുകരിക്കാൻ ശ്രമിക്കാതിരിക്കുക.
എന്തുകൊണ്ട്? മറ്റുള്ളവരെ കാണിക്കാനോ അവരോടൊപ്പം നിൽക്കാനോ വേണ്ടി വാങ്ങിക്കൂട്ടുന്ന സാധനങ്ങളാണ് നമ്മളെ പലപ്പോഴും കടക്കെണിയിലാക്കുന്നത്.
∙ Planning: മുൻകൂട്ടി ബജറ്റ് പരിധി നിശ്ചയിക്കുക
മാസാമാസം വ്യക്തിഗത ആവശ്യങ്ങൾക്കായി ചെലവഴിക്കാവുന്ന തുകയ്ക്ക് വ്യക്തമായ പരിധി വയ്‌ക്കുക.
എന്തുകൊണ്ട്? കൈയിലുള്ള സാമ്പത്തിക പരിധിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പെട്ടെന്നുള്ള തീരുമാനങ്ങളിൽ നിന്ന് മാറിനിൽക്കാൻ സാഹായിക്കും.
∙ Enjoy: നിലവിലുള്ളവയുടെ മൂല്യം ആസ്വദിക്കുക
പുതിയതിലേക്ക് മാറുംമുമ്പ് നിലവിലുള്ള വസ്തുക്കളുടെ ഉപയോഗവും അവയുടെ ഭംഗിയും ആസ്വദിക്കാൻ ശീലിക്കുക.
എന്തുകൊണ്ട്? പുതിയൊരു സാധനം വാങ്ങുമ്പോൾ അത് നിലവിലുള്ളവയെ പഴകിയതായി തോന്നിപ്പിക്കും. കൈയിലുള്ളയ്ക്ക് വാല്യൂ വയ്ക്കുന്നത് അനാവശ്യ വാങ്ങലുകൾ കുറയ്ക്കും.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




