സ്കൂൾ കാലഘട്ടത്തെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന രൂപം കയ്യിൽ വലിയൊരു ചൂരലുമായി, ഗൗരവത്തോടെ ബെഞ്ചുകൾക്കിടയിലൂടെ നടക്കുന്ന ഒരു അധ്യാപകന്റേതായിരിക്കും. തെറ്റുകൾ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും അന്നത്തെ അധ്യാപകർ സ്വീകരിച്ചിരുന്ന മാർഗങ്ങൾ കാരണം കുട്ടികളുടെ മനസ്സിൽ ഒരുതരം ഭയവും അകൽച്ചയും നിലനിന്നിരുന്നു എന്നത് യാഥാർഥ്യമാണ്.
എന്നാൽ, കാലം മാറുമ്പോൾ ക്ലാസ്സ്മുറികളും മാറുകയാണ്. ഇന്നത്തെ അധ്യാപകർ അച്ചടക്കത്തിന്റെ വടിയേന്തിയ ഗുരുനാഥൻമാരേക്കാൾ ഉപരി കുട്ടികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി മാറുന്ന മനോഹരമായ കാഴ്ചയാണ് നാം ചുറ്റിലും കാണുന്നത്. നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ഈ അധ്യാപക-വിദ്യാർഥി ബന്ധത്തിലെ സൗഹൃദപര സമീപനമാണ്.
പണ്ടത്തെ അധ്യാപകരെ ഓർക്കുമ്പോൾ നമുക്ക് തോന്നുന്നത് വലിയൊരു ആദരവും ഒപ്പം ഒരുതരം പേടിയുമാണ്. മാർക്ക് കുറഞ്ഞാൽ വഴക്ക് കേൾക്കേണ്ടിവരുമെന്നോ ശിക്ഷ ലഭിക്കുമെന്നോ ഉള്ള ഭയം പല കുട്ടികളെയും വല്ലാതെ സമ്മർദ്ദത്തിലാക്കിയിരുന്നു. ആ ഭയമായിരുന്നു പലപ്പോഴും കുട്ടികളെ പഠനത്തിൽ മുന്നോട്ട് നയിച്ചിരുന്നതും.
ആ കഠിനമായ ശിക്ഷണരീതിയിലൂടെ അവർ വാർത്തെടുത്ത തലമുറകൾ പിൽക്കാലത്ത് സമൂഹത്തിൽ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കാനാകാത്ത സത്യമാണ്. അന്നത്തെ ആ കാർക്കശ്യത്തിന് പിന്നിൽ കുട്ടികളുടെ നല്ലൊരു നാളെയെക്കുറിച്ചുള്ള ആത്മാർത്ഥമായ കരുതൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
സ്നേഹവും സൗഹൃദവും നിറഞ്ഞ ഇന്നത്തെ ക്ലാസ്സ്മുറികൾ
എന്നാൽ, ഇന്നത്തെ ക്ലാസ്സ്മുറികൾ തികച്ചും വ്യത്യസ്തമാണ്. ഇന്നത്തെ തലമുറയിലെ അധ്യാപകർ ഏറെയും ചെറുപ്പക്കാരാണ്; അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാവസ്ഥയും ആഗ്രഹങ്ങളും മനസ്സിലാക്കാൻ അവർക്ക് എളുപ്പത്തിൽ സാധിക്കുന്നുണ്ട്. കുട്ടികളിൽ മാനസികമായ ആഘാതങ്ങളോ ഭയമോ ഉണ്ടാക്കാതെ, തികച്ചും സൗഹൃദാന്തരീക്ഷത്തിൽ കാര്യങ്ങൾ പഠിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.
മാർക്ക് കൂടുതൽ കിട്ടിയ കുട്ടിയെന്നോ കുറഞ്ഞ കുട്ടിയെന്നോ ഉള്ള വേർതിരിവുകൾ ഇന്നത്തെ ക്ലാസ്സുകളിൽ കാണാനേയില്ല. പരീക്ഷ പേപ്പർ വിതരണം ചെയ്യുമ്പോൾ കുട്ടികളെ വിഷമിപ്പിക്കാതെ മധുരപലഹാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്ന, മാർക്ക് കുറഞ്ഞ കുട്ടിയെ ചേർത്തുപിടിച്ച് ‘അടുത്ത തവണ നമുക്ക് ശരിയാക്കാം’ എന്ന് ആത്മവിശ്വാസം പകരുന്ന എത്രയോ പുതിയ കാല അധ്യാപകരെയാണ് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും നമ്മൾ കാണുന്നത്.
സോഷ്യൽ മീഡിയയും ക്ലാസ്സ്മുറി കാഴ്ചകളും
സോഷ്യൽ മീഡിയയുടെ കടന്നുവരവ് ഈ രംഗത്ത് വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യബിലും വിഡിയോകളിലൂടെ വൈറലാകുന്ന യുവ അധ്യാപകരെല്ലാം ഇന്ന് സമൂഹത്തിന്റെ പ്രിയപ്പെട്ടവരാണ്.
ക്ലാസ്സ്മുറികളിൽ കുട്ടികളോടൊപ്പം ഡാൻസ് ചെയ്യുന്ന, അവരോടൊപ്പം ഉച്ചഭക്ഷണം പങ്കിടുന്ന, സ്കൂൾ ടൂറുകളിൽ ഒപ്പം കൂടി കളിച്ചു ചിരിക്കുന്ന അധ്യാപകരുടെ വിഡിയോകൾ കാണുമ്പോൾ ഒരു കാര്യം വ്യക്തമാണ്; ക്ലാസ്സ്മുറി ഇപ്പോൾ വെറുമൊരു പഠനസ്ഥലം മാത്രമല്ല, മറിച്ച് സന്തോഷത്തിന്റെ ഒരു ഇടം കൂടിയായി മാറിയിരിക്കുന്നു.
ഈ സോഷ്യൽ മീഡിയ പ്രൊജക്ഷൻ വഴി ഇത്തരം നല്ല മാതൃകകൾ സമൂഹത്തിലേക്ക് വേഗത്തിൽ എത്തുകയും, മറ്റ് അധ്യാപകർക്കും അത് പ്രചോദനമാകുകയും ചെയ്യുന്നുണ്ട്.
രണ്ട് കാലഘട്ടങ്ങളുടെയും സൗന്ദര്യം
ഇവിടെ പണ്ടത്തെ അധ്യാപകരെയും ഇന്നത്തെ അധ്യാപകരെയും നമ്മൾ ഒരു താരതമ്യത്തിന് വിധേയമാക്കുകയല്ല വേണ്ടത്. മറിച്ച്, രണ്ട് കാലഘട്ടങ്ങളുടെയും ആവശ്യകതകളും സൗന്ദര്യവും തിരിച്ചറിയുകയാണ്.
അന്ന് പകർന്നുനൽകിയ അച്ചടക്കവും കാർക്കശ്യവും കുട്ടികളെ ജീവിതത്തോട് പൊരുതാൻ പ്രാപ്തരാക്കിയെങ്കിൽ, ഇന്ന് നൽകുന്ന സ്നേഹവും ലാളനയും കുട്ടികളെ മാനസികമായി ശക്തരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റുന്നു. ഭയപ്പെടുത്തുന്ന ഗുരുനാഥനിൽ നിന്ന് ചേർത്തുപിടിക്കുന്ന സുഹൃത്തിലേക്കുള്ള ഈ ദൂരപരിവർത്തനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ മനോഹരമാക്കുന്നു.
റീൽസുകളിലെ അധ്യാപക വൈവിധ്യങ്ങളും മാസ്റ്റർപീസ് ഡയലോഗുകളും
പലവിധ സ്വാഭാവമുള്ള അധ്യാപകരെ അഭിനയിച്ച ഫലിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുടെ വിഡിയോകൾ വൈറലാണ്. അത് കാണാനും, 100% റിലേറ്റബിൾ എന്ന് കമന്റ് ഇടാനും കുറേ പേരുണ്ട് എന്നതാണ് യാഥാർഥ്യം.
എങ്ങനെയാണ് ബ്രൈറ്റ് സ്റ്റുഡൻസിനോട് ടീച്ചർ ചീത്ത പറയുക, സ്കൂളിലെ എല്ലാ സീക്രട്സും അറിയുന്ന ടീച്ചർ എങ്ങനെയായിരിക്കും, പിടിഎ മീറ്റിംഗ് കഴിഞ്ഞാൽ ടീച്ചർ എങ്ങനെയായിരിക്കും, സ്വീറ്റ് ടീച്ചേഴ്സ് സീരിയസ് ആയാൽ എങ്ങനെയായിരിക്കും, പിടി പിരിയഡിൽ വരുന്ന ടീച്ചേഴ്സ് തുടങ്ങി ഇങ്ങനെ പോകുന്നു ടീച്ചേഴ്സിലെ വൈവിധ്യം.
ഇതെല്ലാം ഇന്ന് റീൽസ് കോണ്ടെന്റാണ്. ഇതിനെല്ലാം ഉപരി പണ്ടത്തെ ടീച്ചേഴ്സിന്റെ മാസ്റ്റർ പീസ് ഡയലോഗ്,
“ഇത്രയും അനുസരണ ഇല്ലാത്ത ബാച്ചിനെ ജീവിതത്തിൽ കണ്ടിട്ടില്ല”
ഇതും കൂടെ ആയാൽ എല്ലാവരും പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് പോകും.
പുതിയ സമീപനങ്ങളിലേക്ക് വഴിമാറുന്ന മാതൃകകൾ
കാലം മാറുന്നതനുസരിച്ച് അധ്യാപന ലോകത്ത് വന്നിട്ടുള്ള ഈ മാറ്റങ്ങൾ തികച്ചും സ്വാഭാവികവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
പണ്ട് കർശനമായ അച്ചടക്കത്തിലൂടെയും ശിക്ഷണത്തിലൂടെയും കുട്ടികളിൽ ഉത്തരവാദിത്തബോധം വളർത്തിയെടുത്ത പഴയകാല ഗുരുനാഥന്മാരുടെ ആത്മാർത്ഥതയും കരുതലും എന്നും സ്മരിക്കപ്പെടേണ്ടത് തന്നെയാണ്. അന്ന് അവർ പകർന്നുനൽകിയ പാഠങ്ങളും ശീലങ്ങളുമാണ് അന്നത്തെ തലമുറയെ ജീവിതവിജയത്തിലേക്ക് നയിച്ചത്.
എന്നാൽ, ഇന്നത്തെ സമൂഹം നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും സാഹചര്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ട്, പണ്ട് വിദ്യാർത്ഥികളായിരുന്ന അതേ തലമുറ തന്നെ അധ്യാപകരായി മാറുമ്പോൾ പുതിയൊരു സമീപനം സ്വീകരിക്കുകയാണ്. പഴയകാലത്തെ അച്ചടക്കത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് തന്നെ, കുട്ടികളുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കി സ്നേഹത്തോടും സൗഹൃദത്തോടും കൂടി അവരെ ചേർത്തുപിടിക്കുന്ന മനോഹരമായ ഒരു മാറ്റമാണ് ഇന്ന് വിദ്യാലയങ്ങളിൽ കാണാൻ കഴിയുന്നത്.
അതുകൊണ്ടുതന്നെ, പഴയ തലമുറയുടെ കരുതലും ഇന്നത്തെ തലമുറയുടെ സ്നേഹസൗഹൃദങ്ങളും ഒരുപോലെ കൈകോർക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ സമ്പന്നവും അർത്ഥവത്തുമായി മാറുന്നു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




