45
Views

ലോകത്തെ ജെന്‍സികളെ സമരം ചെയ്യാൻ പഠിപ്പിച്ച രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. അഴിമതിയ്ക്കും സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ നേപ്പാളിലെ യുവരക്തങ്ങ‍ൾ തെരുവിലിറങ്ങി ഭരണകൂടത്തെ പുറത്താക്കിയ ചരിത്ര സംഭവത്തിന് ഒരു വർഷം തികഞ്ഞിരിക്കുന്നു.

2025 സെപ്റ്റംബറിലാണ് കഠ്മണ്ഡുവും നേപ്പാളിലെ മറ്റ് തെരുവുകളും സംഘർഷഭരിതമായി മാറിയത്. ലോക രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ഏടായി മാറിയ ഈ പോരാട്ടത്തിലേക്ക് ജെന്‍സികളെ എത്തിച്ചത് സര്‍ക്കാരിന്റെ അഴിമതിയും നെപ്പോട്ടിസവും തെറ്റായ നയങ്ങളും ഭരണത്തിലെ നിരന്തര വീഴ്ച്ചകളുമായിരുന്നു. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാർ സമരത്തിന്റെ ആഘാതം കൂട്ടി.

പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ച സംഭവങ്ങൾ വരെ അരങ്ങേറിയ സമരം വിജയിച്ചെന്ന് തോന്നാം. എന്നാൽ, സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ സ്ഥിതി എന്താണെന്നുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്.

തുടക്കം ഇങ്ങനെ

2025 സെപ്റ്റംബർ മാസം 4നാണ് 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തി നിയമം നിലവിൽ വരുന്നത്. ഇതിന് പിന്നാലെ 8-9 തീയതികളിലായി യുവാക്കൾ വൻതോതിലുള്ള പ്രതിഷേധങ്ങളും പാർലമെന്റ് മാർച്ചുമായി തെരുവിലേക്ക് ഇറങ്ങി.

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഈ യുവ സംഘത്തിന് നേരെ പൊലീസ് വെടിവയ്ക്കുകയും 20 ഓളം പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. എന്നാൽ, ഇതൊന്നും യുവാക്കളെ പിന്നോട്ട് വലിച്ചില്ല. കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങാനായിരുന്നു അവരുടെ തീരുമാനം. സോഷ്യല്‍ മീഡിയ നിരോധന നിയമത്തിന് അപ്പുറമായി പല കാരണങ്ങളും ഈ പ്രക്ഷോഭത്തെ മുന്നോട്ട് നയിച്ചു. രാജ്യത്ത് നടക്കുന്ന അഴിമതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാമ്പയിൻ നടക്കുന്ന സമയത്താണ് വിലക്കുമായി സർക്കാർ എത്തിയത്. ഇത് യുവാക്കളെ കൂടുതൽ പ്രകോപിതരാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് പറഞ്ഞ ജെൻസികൾ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി തെരുവിൽ സംഘടിച്ച് റാലികൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ യുവാക്കൾ തൊഴിലില്ലായ്മയിൽ പൊറുതി മുട്ടുമ്പോൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ നയിക്കുന്ന ആഡംബര ജീവിതത്തിനെതിരെ #Nepokids ക്യാമ്പയിനും ഈ സമയം സംഘടിപ്പിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 76 പേർ കൊല്ലപ്പെടുകയും 2525 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

രാജിയിലേക്ക്

സമരക്കാരോട് പിടിച്ച് നിൽക്കാനാകാതെ സെപ്റ്റംബർ 9ന് പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ്മ ഒലി രാജിവച്ചു. തുടർന്ന് സെപ്തംബർ 12ന് ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുഷില കർക്കി ചുമതലയേറ്റു.

2026 മാര്‍ച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സമരത്തിന് ആദ്യമായി പരസ്യ പിന്തുണ നൽകിയ 36കാരനായ റാപ്പർ ബലേന്ദ്ര ഷാ തെരഞ്ഞെടുപ്പിലൂടെ ഏറ്റവും പ്രായം കുറ‍ഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

സമരക്കാരുടെ ആവശ്യങ്ങൾ

1. അഴിമതി അവസാനിപ്പിക്കുക
2. പ്രധാനമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കുക
3. പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുക
4. സമരക്കാരുടെ പേരിലെ കേസുകൾ പിന്‍വലിക്കുക

സമരക്കാരുടെ പ്രതിനിധിയായ ബലേന്ദ്ര ഷാ അധികാരത്തിൽ ജനറൽ ഇലക്ഷനിലൂടെ എത്തിയതോടെ 2, 3 എന്നീ ആവശ്യങ്ങള്‍ നടപ്പിലായെന്ന് വ്യക്തമാണ്. സമരക്കാരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തിയെന്ന പരാതിയിൽ അന്നത്തെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി രമേശ് ലേഖകിനെയും അറസ്റ്റും ചെയ്തിരുന്നു.

പ്രധാന ആവശ്യമായ അഴിമതി അവസാനിപ്പിക്കുന്നതിനും ചില നടപടികൾ കൈക്കൊണ്ടിരുന്നു. ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിൽ വന്ന ഉടൻ തന്നെ (2026 മാർച്ച് 27) അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വത്തുക്കൾ ഓഡിറ്റ് ചെയ്യുന്നതിനായി പ്രത്യേക ‘അസറ്റ് ഇൻവെസ്റ്റിഗേഷൻ കമ്മീഷൻ’ (Asset Investigation Commission) രൂപീകരിക്കുകയും വിശദമായ പരിഷ്കാരങ്ങൾ (100-point reform agenda) നടപ്പിലാക്കുകയും ചെയ്തിരുന്നു.

2026 സെപ്റ്റംബറോടെ തങ്ങളുടെ ‘100-ഇന ഭരണപരിഷ്കരണ അജണ്ട’യുടെ 87.2 ശതമാനവും പൂർത്തിയാക്കിയതായാണ് സർക്കാർ അവകാശപ്പെടുന്നത്; എന്നിരുന്നാലും, നിയമനിർമാണപരവും ഘടനാപരവുമായ കാര്യങ്ങളിൽ കാലതാമസം നേരിടുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമരത്തിന് നേതൃത്വം വഹിച്ചവരാണ് പാര്‍ലമെന്റിലേറെ. എന്നാൽ, ഇവരെല്ലാം പ്രക്ഷോഭകാലത്തെ ആവശ്യങ്ങളിൽ വേണ്ടതുപോലെ ഇടപെടുന്നില്ലെന്നും വിമർശനമുണ്ട്. ജയിലിലകപ്പെട്ടവരുടെ എണ്ണം ഏകദേശം 1600ൽ അധികമാണ്. സമരക്കാരുടെ പേരിലെ കേസുകൾ പൂർണമായി അവസാനിപ്പിക്കാനോ ജയിലിലകപ്പെട്ടവരെ എല്ലാവരെയും പുറത്തിറക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല.

സംഘടനയിൽ വിള്ളൽ

ഒരേ ആവശ്യത്തിന് വേണ്ടി സംഘടിച്ചാണ് നേപ്പാളിൽ ജെന്‍സികൾ സമരം ചെയ്തത്. നേതാക്കളോ പാർട്ടികളുടെ കൊടിയോ ആരും നോക്കിയില്ലെന്നുള്ളത് വേറൊരു സത്യം. സർക്കാരിനെ പുറത്താക്കാൻ വേണ്ടി നടന്ന നിരന്തര പോരാട്ടമാണ് ഇവരെയെല്ലാം ഒന്നിച്ച് നിർത്തിയത്.

എന്നാല്‍, ഇന്ന് അന്നുണ്ടായിരുന്ന ഐക്യം ഇവരുടെ ഇടയിലില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നേതൃനിരയിലെ പലരും അധികാര സ്ഥാനങ്ങളിലെത്തി. സമരക്കാരുടെ പേരിലെ കേസുകള്‍ ഒഴിവാക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല. നിലവിൽ പല കഷ്ണങ്ങളെന്ന പോലെയാണ് ജെൻസി പ്രതിനിധികളുടെ പ്രവർത്തനം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading