10 വർഷം മുൻപ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന ചിത്രം ഉണ്ടാക്കിയ പല റെക്കോർഡുകളും തകർക്കപ്പെടാതെ വർഷങ്ങളോളം നിലനിന്നപ്പോൾ പല സിനിമ നിരൂപകരും പറഞ്ഞ ചില കാര്യങ്ങളിൽ ഒന്ന് മലയാള സിനിമയ്ക്ക് 90 കോടി എന്നതിന് മുകളിൽ കേരളത്തിൽ നിന്ന് കലക്റ്റ് ചെയ്യാൻ പറ്റില്ല എന്നാണ്.
അത് സത്യം എന്ന് വിശ്വസിക്കേണ്ട അവസ്ഥ തന്നെയായിരുന്നു ഉണ്ടായിരുന്നതും.
2017ൽ ബാഹുബലി 2 ഇറങ്ങി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ചപ്പോളും കേരളത്തിൽ ‘മുരുകനു’ മുന്നിൽ വീണു പോയി. പിന്നീട് അങ്ങോട്ട് കോവിഡ്, പ്രളയം അങ്ങനെ സിനിമ വ്യവസായം മൊത്തത്തിൽ വീണ അവസ്ഥയിലായിരുന്നു. തിയറ്ററുകളിൽ നിരവധി ചിത്രങ്ങൾ വിജയമായെങ്കിലും റെക്കോർഡുകൾ പലതും വീഴാതെ നിന്നു.
2023ൽ ‘2018’ന്റെ വരവ്
2023ൽ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രം മുരുകനെ വീഴ്ത്തി. കേരളത്തിൽ നിന്ന് അതുവരെ കലക്റ്റ് ചെയ്ത ഏറ്റവും വലിയ ചിത്രമായി മാറി. അങ്ങനെ 7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയ്ക്ക് ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു.
കണ്ടന്റ് ഇസ് ദി കിങ്
പിന്നീട് ഇങ്ങോട്ട് മലയാളത്തിൽ സിനിമ വ്യവസായം അപ്പാടെ മാറി വരുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയായത്. ‘കണ്ടന്റ് ഇസ് ദി കിങ്’ എന്ന സമവാക്യം കൂടുതൽ പോപ്പുലർ ആയി. മഞ്ഞുമ്മൽ ബോയ്സ് അതിന് അടിവരയിട്ട ഒരു മലയാള ചിത്രമായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും റെക്കോർഡ് സൃഷ്ടിച്ച സിനിമ മലയാളത്തിൽ കേരളാ ബോക്സ് ഓഫിസ് ഹിറ്റ് ആയില്ലെങ്കിലും ആഗോള ഗ്രോസ്സ് 200 കോടി കടന്ന് ചരിത്രം സൃഷ്ടിച്ചു.
സമാനമായി ആഗോള തലത്തിൽ ലൂസിഫർ, എമ്പുരാൻ, ദൃശ്യം 3, ആടുജീവിതം, ആവേശം തുടങ്ങിയ സിനിമകളും 200–100 കോടി ക്ലബ്ബുകളിൽ ഇടം നേടിയ മോളിവുഡ് പടങ്ങളാണ്. ഇത്തരത്തിൽ മറ്റ് പല റെക്കോർഡുകളും തിരുത്തപ്പെട്ടെങ്കിലും ഇൻഡസ്ട്രി ഹിറ്റ് അഥവ കേരളാ ബോക്സ് ഓഫിസ് ഹിറ്റ് ടാഗ് ഇവയ്ക്ക് നേടാനായില്ല.
പിന്നാലെ, അടുത്ത ഇൻഡസ്ട്രി ഹിറ്റ് ആര് നേടും എന്ന ചോദ്യം വന്നെത്തി.
‘ലോക’ റെക്കോർഡുമായി കല്യാണി
പിന്നീട്, 2025ൽ പുറത്തിറങ്ങിയ തുടരും എന്ന തരുൺ മൂർത്തി ചിത്രത്തിലൂടെ രണ്ട് മാസം വേണ്ടിവന്നില്ല മോഹൻലാലിന് കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടി ഇൻഡസ്ട്രി ഹിറ്റ് തിരികെ പിടിക്കാൻ. മലയാള സിനിമയുടെ വളർച്ച പ്രകടമായ വർഷം കൂടി ആയിരുന്നു അത്.
തൊട്ടുപിന്നാലെ തന്നെ തുടരും കയ്യടക്കിവച്ച പല റെക്കോർഡുകളും കല്യാണി–നസ്‌ലിൻ കൂട്ടുകെട്ടിലൂടെ തകർത്തെറിയപ്പെട്ടു. ലോക ആദ്യ ഭാഗം കേരളാ ബോക്സ് ഓഫിസിൽ മാത്രം 121.95 കോടിയും മൊത്തത്തിൽ 300 കോടിയും കടന്ന് സർവകാല റെക്കോർഡ് നേടി.
300 കോടി ‘യൂണിറ്റ്’
ഒരു വർഷം തികയും മുൻപ് കുറച്ച് പുതുമുഖങ്ങൾ വന്ന് വാഴ 2 എന്ന ചിത്രത്തിലൂടെ ഇൻഡസ്ട്രി ഹിറ്റ് വീഴ്ത്തി; 129.55 കോടി! വീണ്ടും ചർച്ചയായി ‘കണ്ടന്റ് ഇസ് ദി കിങ്’.
മറ്റ് ഭാഷകൾ പോലെയല്ല മലയാള സിനിമ, ഇവിടെ എല്ലാം അപ്രതീക്ഷിതമാണ്. വലിയ ബജറ്റ് ഇല്ലാതെ ഇറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇന്നിപ്പോൾ മലയാളത്തിൽ സൃഷ്ടിച്ച റെക്കോർഡുകൾ തകർക്കാൻ ഏത് ചിത്രത്തിനാണ് കഴിയുക എന്ന് ചോദിച്ചാൽ ഉത്തരമില്ല.
ആഗോളതലത്തിൽ 300 കോടിയും സംസ്ഥാനത്ത് മാത്രം 130 കോടിയിലേറെയും കടന്ന് കേരളത്തിലെ ബോക്സ് ഓഫിസ് ഹിറ്റും ഇതുവരെ ഏറ്റവും കൂടുതൽ കലക്റ്റ് ചെയ്ത മലയാള ചിത്രമെന്ന റെക്കോർഡും സ്വന്തം പേരിലാക്കിയ ബെത്‌ലഹേമിന് മുന്നിൽ ഒരു റെക്കോർഡ് കൂടിയേ പുലിമുരുകന്റേതായി ഇനി ബാക്കിയുള്ളൂ… ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള ചിത്രം!
അധികം വൈകാതെ ആ റെക്കോർഡ് കൂടി നേടി ചിത്രം എക്കാലത്തെയും വിജയമാകുമെന്ന് തീർച്ച.
റെക്കോർഡ് തകർക്കുന്നതിലൂടെ മലയാള സിനിമ മറ്റ് ഇൻഡസ്ട്രികളിൽ നിന്നുള്ള പല നിർമാണ കമ്പനികളെയും മലയാളത്തിൽ ചിത്രം ചെയ്യാൻ ക്ഷണിക്കുന്നതും ഒരു വലിയ മുന്നേറ്റമാണ്. വീണ്ടും അപ്രതീക്ഷിത വിജയം കൈവരിക്കുന്ന മലയാള ചിത്രങ്ങൾ വന്ന് ഇൻഡസ്ട്രി പിടിച്ചുകുലുക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




