131
Views

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ കാണുന്ന കാഴ്ചകളിലൊന്നിന് ഒരേ ഒരു കാലഘട്ടത്തിന്റെ മുഖമാണ്… 80കൾ. കാലചക്രം പിന്നിലേക്ക് തിരിഞ്ഞതുപോലെ, ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ തങ്ങളുടെ 80കളിലെ രൂപം എങ്ങനെയായിരുന്നിരിക്കുമെന്നത് എഐയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്.

‘How I look in 80s’ എന്ന ലളിതമായ പ്രോംപ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ തരംഗം.

ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എഐ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഇത്തരം ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പഴയകാല വസ്ത്രധാരണവും ഹെയർസ്റ്റൈലും പശ്ചാത്തലവുമെല്ലാം ഉൾപ്പെടുത്തി, ഒരാളെ 1980കളിലെ കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന തരത്തിലാണ് ചിത്രങ്ങൾ തയ്യാറാകുന്നത്. അതോടെ സ്വന്തം പഴയകാല രൂപം ഓർത്തെടുക്കാനും അന്നത്തെ ഫാഷനും ജീവിതശൈലിയും വീണ്ടും അനുഭവിക്കാനുമുള്ള അവസരമായി പലരും ഈ ട്രെൻഡിനെ കാണുന്നു.

ഒരു ചിത്രം, ഒരു പ്രോംപ്റ്റ്; ഫോട്ടോ റെഡി

മുൻപ് വൈറലായിരുന്ന പല എഐ ഫോട്ടോ ട്രെൻഡുകളിലും സങ്കീർണമായ പ്രോംപ്റ്റുകൾ ഉപയോഗിക്കേണ്ടിവന്നിരുന്നെങ്കിൽ, ഇത്തവണ കാര്യങ്ങൾ ഏറെ ലളിതമാണ്.

സ്വന്തം ഒരു ചിത്രം എഐ പ്ലാറ്റ്ഫോമിൽ നൽകിയ ശേഷം ‘How I look in 80s’ എന്ന് ആവശ്യപ്പെട്ടാൽ മതി. അതിനനുസരിച്ച് 80കളുടെ വസ്ത്രശൈലി, മുടിയുടെ സ്റ്റൈൽ, ഫോട്ടോഗ്രഫി രീതികൾ, പശ്ചാത്തലം തുടങ്ങിയവ ചേർത്ത് പുതിയ ചിത്രം എഐ തയ്യാറാക്കും.

പഴയകാല സ്റ്റുഡിയോ ഫോട്ടോകളുടെ ഭാവവും നിറങ്ങളും മുതൽ അന്നത്തെ ജനപ്രിയ ഫാഷൻ ട്രെൻഡുകൾ വരെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലർക്കും സ്വന്തം ബാല്യകാലത്തെയോ കൗമാരകാലത്തെയോ ഓർമിപ്പിക്കുന്ന അനുഭവമാണ് ഈ ചിത്രങ്ങൾ സമ്മാനിക്കുന്നത്.

താരങ്ങളും രാഷ്ട്രീയ പ്രമുഖരും ട്രെൻഡിനൊപ്പം

സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖരും ഈ എഐ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. സ്വന്തം 80കളിലെ ലുക്ക് പുനഃസൃഷ്ടിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ട്രെൻഡിന് കൂടുതൽ ജനപ്രീതി ലഭിച്ചു. പിന്നാലെ രാഷ്ട്രീയ രംഗത്തുള്ളവരും ട്രെൻഡിനൊപ്പം ചേർന്നു. മൊമെന്റ് മാർക്കറ്റിംഗ് മിസ്സാക്കാത്ത ആഡ്–മാർക്കറ്റിംഗ് ടീംസും ഇക്കൂട്ടത്തിലുണ്ട്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്റെ 80കളിലെ രൂപം എന്ന രീതിയിൽ എഐ സൃഷ്ടിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ, ഷിബു ബേബി ജോൺ തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു. എഐ ചിത്രം സൃഷ്ടിക്കുന്നതിന് പകരം, നടൻ മോഹൻലാലിനൊപ്പമുള്ള തന്റെ പഴയകാലത്തെ യഥാർഥ ചിത്രം അദ്ദേഹം പങ്കുവച്ചു. അങ്ങനെ ഒരേ ട്രെൻഡിനെ രണ്ട് വ്യത്യസ്ത രീതിയിൽ സമീപിച്ച ചിത്രങ്ങളും ശ്രദ്ധ നേടി.

‘ഫോട്ടോ കൊടുക്കുന്നത് സുരക്ഷിതമാണോ?’

എഐ ട്രെൻഡുകൾക്കൊപ്പം പതിവായി ഉയരുന്ന സ്വകാര്യതാ ആശങ്കകള്‍ ഇത്തവണയും ചർച്ചയാകുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ഓരോ പുതിയ ട്രെൻഡിനും പിന്നാലെ സ്വന്തം ചിത്രങ്ങൾ എഐ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യാൻ മടിക്കുന്ന ഒരു വിഭാഗം ആളുകൾ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്വന്തം മുഖചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും എഐ സംവിധാനങ്ങളുമായി പങ്കുവയ്ക്കുന്നത് ഭാവിയിൽ സ്വകാര്യതാ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നാണ് ഇവരുടെ ആശങ്ക. ചിത്രങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നു, എവിടെ സൂക്ഷിക്കുന്നു, ഭാവിയിൽ അവ ഉപയോഗിച്ച് എന്തൊക്കെ സാധ്യമാകും തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.

എന്നാൽ, ഇത്തരം ആശങ്കകൾക്കിടയിലും ട്രെൻഡിന്റെ ജനപ്രീതിക്ക് കുറവൊന്നുമില്ല. പഴയകാലത്തെ ഫാഷനും ഓർമകളും പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിച്ചേർക്കുന്ന കൗതുകമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.

ഒരു കാലത്ത് ആൽബങ്ങളിൽ മാത്രം സൂക്ഷിച്ചിരുന്ന 80കളുടെ ഓർമകൾ ഇന്ന് എഐയുടെ സഹായത്തോടെ വീണ്ടും സോഷ്യൽ മീഡിയയിൽ ജീവിക്കുകയാണ്. യഥാർഥ പഴയ ചിത്രങ്ങളായാലും എഐ സൃഷ്ടിച്ച പുതിയ രൂപങ്ങളായാലും, ഒരു കാര്യം ഉറപ്പ്…

80കൾ ഇപ്പോൾ വീണ്ടും ട്രെൻഡിലാണ്!

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading