ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോഴത്തെ ട്രെൻഡറിയാം. ചിലപ്പോ അതൊരു ഡയലോഗായിരിക്കാം ചിലപ്പോ പാട്ടായിരിക്കാം. പിന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അതങ്ങ് ഏറ്റ് പിടിക്കും. ഇപ്പോഴെന്നല്ല എന്നും അത് തന്നെയാണ് നടക്കുന്നത്. ട്രെൻഡാകുന്നത് പാട്ടാണെങ്കിൽ ഒന്നുകിൽ ആ പാട്ടുകൾവച്ച് റീൽ ചെയ്യും അല്ലെങ്കിൽ അത് സ്വയം പാടി പോസ്റ്റ് ചെയ്യും.
ഇപ്പോഴത്തെ ആ ട്രെൻഡിങ്ങ് പാട്ടില്ലേ- ‘ലൈക്ക് എ ന്യൂക്ലിയർ ബോംബ്’, സംഭവം കേരളത്തിൽ വൻ ഹിറ്റായിരിക്കുകയാണ്. ജനറൽ ലെവി എന്ന ബ്രിട്ടീഷ് റഗാ കലാകാരനാണ് ഈ പാട്ട് പാടിയിട്ടുള്ളത്. 2023ലാണ് ഇറങ്ങിയതെങ്കിലും അന്നത്തേക്കാൾ ഹിറ്റാണിത് ഇന്ന്. ഇപ്പോ ഒരു ദിവസമെങ്കിലും ഈ പാട്ട് ഇല്ലാതെ നമ്മുടെ ഇൻസ്റ്റഗ്രാം ഫീഡ് കടന്നുപോകില്ല.
റീൽസിൽ നിന്നും ഒറിജിനൽ പാട്ട് തിരഞ്ഞ് കണ്ടെത്തി ആളുകളുടെ, പ്രത്യേകിച്ച് മലയാളികളുടെ കമന്റ്സ് പ്രാവഹമാണ് ഇതിന്റെ ഒറിജിനൽ വിഡിയോയ്ക്കു കീഴിൽ.
ആരാണ് ഈ റാപ്പിനു പുറകിലെ കക്ഷി? നോക്കാം…
പോൾ സ്കോട്ട് ലെവി എന്നാണ് യഥാർഥ പേര്. ബ്രിട്ടീഷ് റെഗ്ഗെ (Reggae) സംഗീത രംഗത്തെ പ്രമുഖനായ ഒരു എംസി (MC) ആണ് ജനറൽ ലെവി. ഡ്രം ആൻഡ് ബേസ് (Drum and Bass) സംഗീത ശാഖയ്ക്ക് അദ്ദേഹം നൽകിയ ഊർജ്ജസ്വലമായ സംഭാവനകൾ ഏറെ പ്രശസ്തമാണ്. 1994-ൽ എം-ബീറ്റുമായി (M-Beat) ചേർന്ന് പുറത്തിറക്കിയ “ഇൻക്രെഡിബിൾ” (Incredible) എന്ന ഐക്കോണിക് ഗാനമാണ് അദ്ദേഹത്തിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായത്.
അന്ന് ആ ഗാനം വൻ ഹിറ്റായിരുന്നു. യുകെ സിംഗിൾസ് ചാർട്ടിൽ എട്ടാം സ്ഥാനത്തെത്തിയ ഈ ഗാനം, ലെവിയുടെ ലൈഫേ മാറ്റി. യുകെ സംഗീത ലോകത്തെ പ്രധാന വ്യക്തിത്വമായി ഇയാൾ മാറുകയും ചെയ്തു. “അലി ജി ഇൻഡാഹൗസ്” (Ali G Indahouse) എന്ന സിനിമയിലും ഹോണ്ടയുടെ വമ്പൻ പരസ്യപ്രചാരണത്തിലും ഈ ഗാനം ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്നുവച്ചാൽ മിനിറ്റിൽ 150ൽ അധികം വാക്കുകൾ പാടാൻ കഴിയുന്ന ഫാസ്റ്റ് ചാറ്റ് ശൈലിയാണ് ലെവി പിന്തുടരുന്നത്.
ഇനി വൈറൽ പാട്ടിലേക്ക്…
വർഷങ്ങൾക്ക് മുമ്പിറങ്ങിയ X Gon’ Give It to Ya (Instrumental) എന്ന മ്യൂസിക്കിന്റെ ഡബ്പ്ലേറ്റ് വേർഷനാണ് ഇന്ന് ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഈ പാട്ട്. ഒരു പാട്ടിന്റെ തികച്ചും സവിശേഷമായ പതിപ്പാണ് ഡബ്പ്ലേറ്റ്. ജനീവ ആസ്ഥാനമായുള്ള ലിറ്റിൽ ലയൺ സൗണ്ട് (Little Lion Sound) എന്ന സൗണ്ട് സിസ്റ്റമാണ് ഈ വൈറൽ പാട്ടിന്റേത്.
ഇതിന്റെ ബീറ്റ്, ആ താളം തന്നെയാണ് മലയാളികൾ അടക്കമുള്ളവരെ രസിപ്പിക്കുന്നത്. ഇതിന്റെ താളത്തെ നമുക്ക് പലതിനോടും കണക്ട് ചെയ്യാനും സാധിക്കും.
കേരളത്തിലും വൈറലായി ആളുകൾ പാട്ട് ട്രൈ ചെയ്യാൻ തുടങ്ങിയപ്പോൾ അദ്ദേഹം തന്നെ ഒരു റീൽ പങ്കുവച്ച് ‘General levy style has reached India 🇮🇳’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ലിറ്റിൽ ലയൺ സൗണ്ട്…
റെഗ്ഗെ (Reggae) സംഗീതത്തിന്റെ ഹൃദയമിടിപ്പായി മാറിയ ലോകപ്രശസ്തമായ ഒരു സൗണ്ട് സിസ്റ്റമാണ് ലിറ്റിൽ ലയൺ സൗണ്ട്. ജമൈക്കൻ പാരമ്പര്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് റെഗ്ഗെ (Reggae), ഡാൻസ് ഹാൾ (Dancehall), ആഫ്രോബീറ്റ് (Afrobeat) എന്നീ സംഗീത ശൈലികളെ അതിമനോഹരമായി കോർത്തിണക്കുന്നതിൽ ലിറ്റിൽ ലയൺ സൗണ്ട് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഈ വ്യത്യസ്ത സംഗീത വിഭാഗങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നത് സംഗീത ലോകത്ത് അവരുടെ മുഖമുദ്രയായി മാറി. നിരവധി പ്രമുഖ കലാകാരന്മാർ ഈ സൗണ്ട് സിസ്റ്റത്തിനുവേണ്ടി പ്രത്യേക ഡബ്പ്ലേറ്റുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.
ഇനി ഡബ്പ്ലേറ്റ് എന്താണെന്ന് വിശദമായി പറയാം…
ഒരു പ്രത്യേക ഡിജെയ്ക്കോ സൗണ്ട് സിസ്റ്റത്തിനോ വേണ്ടി സംഗീതജ്ഞർ വരികളിലോ സംഗീതശൈലിയിലോ മാറ്റം വരുത്തി തയ്യാറാക്കുന്നതാണിത്. അങ്ങനെയുള്ള ഒന്നാണ് ഇപ്പോഴത്തെ ഈ ട്രെൻഡ് പാട്ടും. ആദ്യകാലങ്ങളിൽ ഒരു പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മുൻപ്, അത് ഡാൻസ് ഫ്ലോറുകളിൽ എത്രത്തോളം വിജയിക്കുമെന്ന് പരീക്ഷിക്കാനാണ് ഡബ്പ്ലേറ്റുകൾ ഉപയോഗിച്ചിരുന്നത്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




