ഞാൻ മന്മദൻ

Image Credit: Instagram/aksomaniac
ചിത്രശലഭമാകാനും മേഘമാലകളാകാനും
പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും
നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി…
ഈ ഭൂമുഖത്ത് അളവറ്റ സ്നേഹിക്കാനും,
ഓർമകളില്ലാതെ അലയാനും ശപിക്കപ്പെട്ട നിശാശലഭം.
ആഗോള സംഗീതവേദിയിൽ മലയാളത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് അക്‌സോമാനിയാക്കിന്റെ ‘അംശം’ എന്ന ഗാനം തരംഗമാവുകയാണ്. വെറും മൂന്നാഴ്ച കൊണ്ട് 4.1 മില്യൻ കാഴ്ചക്കാരെ സ്വന്തമാക്കിയ ഈ ഗാനം, ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്തെത്തുന്ന അപൂർവ നേട്ടവും കൈവരിച്ചു. മലയാളത്തിന്റെ സ്വന്തം സംവിധായകൻ പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വൻ‘ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ഗാനം ഇന്ന് ലോകം കീഴടക്കുകയാണ്.
ആഗോള ചാർട്ടുകളിൽ വിസ്മയമായി ‘അംശം’
പ്രാദേശിക ഭാഷാ ഗാനങ്ങൾ അതിരുകൾ ഭേദിക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ സംഗീത ലോകം സാക്ഷ്യം വഹിക്കുന്നത്. ഇംഗ്ലിഷല്ലാത്ത ഒരു ഇന്ത്യൻ പ്രാദേശിക ഗാനം ആഗോളതലത്തിൽ ഇത്രയും വലിയ ചർച്ചയാകുന്നത് സമീപകാലത്ത് ആദ്യമായാണ്. ഇന്ത്യയിലെ വൈറൽ സോങ്‌സിൽ നാലാം സ്ഥാനത്തും യുഎഇയിലെ ടോപ്പ് ലിസ്റ്റിലും ഈ ഗാനം ഇടംപിടിച്ചു കഴിഞ്ഞു. ഡെഫ് ജാം റെക്കോർഡിങ്ങ്‌സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്‌സും ചേർന്നാണ് ഈ മ്യൂസിക്കൽ പുറത്തിറക്കിയത്.
ജീവിതപങ്കാളിയിൽ നിന്ന് ഗന്ധർവ്വനിലേക്ക്…
‘അംശം’ എന്ന ഗാനത്തിന്റെ തുടക്കം തികച്ചും വ്യക്തിപരമായ ഒരിടത്തു നിന്നായിരുന്നു എന്ന് ഗാനത്തിന്റെ സൃഷ്ടാവ് ആരോൺ പറയുന്നു. “എന്റെ ജീവിതപങ്കാളിക്ക് വേണ്ടി തമാശയ്ക്ക് എഴുതിയ വരികളായിരുന്നു ഇവ. എനിക്കൊപ്പം താമസിക്കുന്ന, എന്നെക്കാൾ ഉയരമുള്ള, എരിവ് ഇഷ്ടപ്പെടാത്ത, ഇടയ്ക്ക് ചെറിയ കള്ളങ്ങൾ പറയുന്ന എന്റെ പാർട്ട്ണറുടെ സ്വഭാവങ്ങൾ വരികളിലാക്കി. എന്നാൽ, വരികൾ പൂർത്തിയാക്കുന്ന സമയത്താണ് ഞാൻ പത്മരാജൻ സാറിന്റെ ‘ഞാൻ ഗന്ധർവ്വൻ‘ കാണുന്നത്. ആ സിനിമ നൽകിയ സ്വാധീനം ചെറുതല്ല,” പ്രാദേശിക മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ആരോൺ വ്യക്തമാക്കി.

2003ൽ ജനിച്ച ആരോൺ, താൻ ജനിക്കുന്നതിനും 12 വർഷം മുൻപിറങ്ങിയ ഒരു സിനിമ തന്റെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിച്ചു എന്ന് അദ്ഭുതത്തോടെയാണ് വിവരിക്കുന്നത്. സിനിമയിലെ ഗന്ധർവ്വൻ മന്മഥനായി ആരോണിന്റെ വരികളിൽ പുനർജനിച്ചു.
മന്മഥൻ മ്യൂസിക്കൽ സിനിമാറ്റിക് യൂണിവേഴ്സ്
‘അംശം’ വെറുമൊരു പാട്ടല്ല, മറിച്ച് ഒരു കഥയുടെ തുടക്കമാണ്. ദേവലോകത്ത് നിന്ന് ശാപം കിട്ടി ഭൂമിയിലെത്തിയ ഗന്ധർവ്വൻ, ഇവിടെ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ഈ മ്യൂസിക്കൽ സീരീസിന്റെ പ്രമേയം. കാമദേവൻ, ജിന്ന് തുടങ്ങിയ സങ്കൽപ്പങ്ങളെ കൂടി കോർത്തിണക്കിയാണ് ‘മന്മഥൻ’ എന്ന കഥാപാത്രത്തെ ആരോൺ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഇനിയും പാട്ടുകൾ വരുമെന്നും ഇന്ത്യയിൽ തന്നെ ഇത്തരമൊരു ‘മ്യൂസിക്കൽ സിനിമാറ്റിക് യൂണിവേഴ്സ്’ പരീക്ഷിക്കുന്നത് ആദ്യമായിരിക്കുമെന്നും ആരോൺ കൂട്ടിച്ചേർക്കുന്നു.
‘പാതാളം ഊരയാലും
നീ ഒന്നു എന്നേ വിളിച്ചാലാന്നാശാഢം’
എന്ന വരികൾ മന്മഥന്റെ ആത്മവിശ്വാസമാണ്. പ്രിയപ്പെട്ടവൾ വിളിച്ചാൽ പാതാളത്തിൽ നിന്നാണെങ്കിലും അവൻ തിരിച്ചെത്തുമെന്ന് ഈ വരികൾ പറയുന്നു.
ക്യാമറയ്ക്ക് പിന്നിലും മുന്നിലും ആരോൺ

Image Credit: Instagram/aksomaniac
സംഗീതത്തിനൊപ്പം തന്നെ ദൃശ്യാവിഷ്കാരത്തിനും തുല്യ പ്രാധാന്യമാണ് ഈ ആൽബം നൽകുന്നത്. ആരോൺ തന്നെയാണ് ഈ ഗാനം സംവിധാനം ചെയ്തതും എഡിറ്റ് ചെയ്തതും. മുംബൈയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസംകൊണ്ട് ചിത്രീകരിച്ച ആൽബത്തിൽ മന്മഥനായി വേഷമിട്ടതും ആരോൺ തന്നെ. മന്മഥന്റെ തമാശ കലർന്ന, ജീവിതത്തെ ലാഘവത്തോടെ കാണുന്ന രീതി തന്റേതിനോട് സമാനമാണെന്ന് ആരോൺ പറയുന്നു.
കഥാപാത്രങ്ങളായി മാറിയവർ
അംശത്തിലെ നായിക ‘മെഹർ’ ആയി എത്തിയത് ചെന്നൈയിലെ നർത്തകിയായ ശ്വേതയാണ്. ആരോണിന്റെ പങ്കാളിയുടേതിന് സമാനമായ വ്യക്തിത്വമുള്ള ഒരാളെ തേടിയുള്ള യാത്രയാണ് ശ്വേതയിൽ അവസാനിച്ചത്. ‘മാഹിർ’ എന്ന കഥാപാത്രത്തെ മാഹിർ എന്ന വ്യക്തി തന്നെ അവതരിപ്പിച്ചു. യഥാർഥ ജീവിതത്തിലെ മനുഷ്യരുടെ സ്വഭാവസവിശേഷതകൾ അതേപടി ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞതാണ് ഈ ആൽബത്തിന്റെ വിജയമെന്ന് ആരോൺ വിശ്വസിക്കുന്നു.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




