മൂന്ന് മിനിറ്റു ദൈർഘ്യം, മൊബൈൽ വെര്‍ട്ടിക്കൽ ആംഗിളിൽ കാണാൻ കഴിയുന്ന ഇൻസ്റ്റ റീലുപോലുള്ള കുഞ്ഞു കുഞ്ഞു എപ്പിസോഡുകളുള്ള ഡ്രാമ. ലൈറ്റ് വേർഷൻ സീരിയലുകൾ പോലെ മൊബൈൽ ഫീഡിലേക്കുവരുന്നവയാണ് ഈ മൈക്രോ ഡ്രാമകൾ. പേരുപോലെ തന്നെ കുഞ്ഞൻ സീരിയലുകൾ എന്ന് പറയാം. ഫാമിലി ഡ്രാമ, പ്രണയം, ക്രൈം എന്നിവയാണ് സ്ഥിരം കഥാപരിസരം. പത്തും ഇരുപതും അൻപതും എപ്പിസോഡുകളായി കഥ പറയാറുമുണ്ട്.
മൈക്രോ ഡ്രാമയുടെ വഴി
ചീനച്ചട്ടിയും ചീനവലയും പോലെ മൈക്രോ ഡ്രാമകളും ചൈനീസ് പാത പിന്തുടർന്ന് എത്തിയതാണെന്ന് പറയാം. ചൈനയിൽ ആറ് ബില്യൻ ഡോളറാണ് മൈക്രോ ഡ്രാമകളുടെ വിപണി മൂല്യം. ചൈനീസ് സീരിസുകളോടുള്ള അതേ ഇഷ്ടം ഇന്ത്യയിലെ നഗരങ്ങളിൽ മൈക്രോ ഡ്രാമകളോടുമുണ്ട്. വേഗത്തിൽ കഥ പറഞ്ഞുപോകുന്ന, എന്നാൽ ഇന്ത്യൻ യുവത്വത്തിന് ആവശ്യമായ ട്വിസ്റ്റുകൾ നിറഞ്ഞ പ്ലോട്ടുകളാണ് ഇവയ്ക്ക്. 90കളിലും രണ്ടായിരത്തിലും വ്യാപകമായി പ്രചാരത്തിലായിരുന്ന സീരിയലുകളുടെ മിനിയേച്ചറുകളാണ് ഈ മൈക്രോ ഡ്രാമകൾ.
തുടർക്കഥകളായി പറയുന്ന കുഞ്ഞ് വിഡിയോ സ്റ്റോറികൾ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാൻ കഴിയുന്ന ഹുക്കാണ്. അതിനാൽ ഒരു വിഡിയോയിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന ലോജിക് കൃത്യമായി വർക്കാകും ഇവിടെ. രണ്ട് വിഡിയോകൾക്കപ്പുറം ചെറിയ തുക ഈടാക്കിയും അല്ലാതെയും മൈക്രോ ഡ്രാമകൾ കാണാം. റീലുകൾ വഴി ഹിറ്റായ പല കോണ്ടന്റ് ക്രിയേറ്റേഴ്സും തുടർക്കഥ പറയുന്ന കുട്ടി റീലുകളുമായി എത്തുന്നത് ഇത്തരം മൈക്രോ ഡ്രാമകളുടെ മലയാളി വേർഷനാണ് എന്നും പറയാം.

qualitystockmedia/shutterstock
മെറ്റയുടെ മൈക്രോ ഡ്രാമ
രാജ്യത്തെ വിനോദ വ്യവസായത്തിന്റെ ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്നത് മെറ്റ ആപ്പുകളെയാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ മൈക്രോ ഡ്രാമകൾ എത്തിയിട്ടുണ്ട്. കോണ്ടന്‍റ് ഡിസ്കവറിയുടെ (Content Discovery) ആദ്യ ഫോക്കസ് പോയിന്റാണ് മെറ്റ ആപ്പുകള്‍ എന്നതിനാൽ പല കോണ്ടന്റ് പരീക്ഷണങ്ങളുടെയും വിളനിലം തന്നെയാണ് മെറ്റ.
ഇന്ത്യയിൽ രാത്രി എട്ട് മുതൽ അർധരാത്രി വരെയാണ് മൈക്രോ ഡ്രാമ ഫാൻസിന്റെ പീക്ക് വാച്ചിങ് ടൈം. ദിവസേന മുപ്പത് മിനിറ്റെങ്കിലും ഇത്തരം മിനി സീരിയലിനായി മാറ്റിവയ്ക്കുന്നുണ്ടെന്നും കണക്കുകൾ ഉണ്ട്. ഇതിൽ ഹിന്ദിയും ദക്ഷിണേന്ത്യൻ ഭാഷകളുമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ റൊമാൻസ്, ക്രൈം, കോമഡി, ഫാമിലി ഡ്രാമ എന്നീ വിഭാഗങ്ങളിൽപ്പെട്ടവയാണ് മുന്നിട്ട് നില്‍ക്കുന്നതും. പുരുഷന്മാരാണ് ഈ കുഞ്ഞൻ സീരിയലുകളുടെ ആരാധകരിലേറെയെന്നതും മറ്റൊരു കൗതുകമാണ്.

കുഞ്ഞൻ സീരിയലുകളുടെ ആപ്പുകൾ
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും മാത്രമല്ല, മൈക്രോ ഡ്രാമകൾക്കായി മാത്രം ആപ്പുകളും ഇന്ന് ഉണ്ട്. കുക്കു ടിവി, ക്വിക്ക് ടിവി, സ്റ്റോറി ടിവി, ആമസോൺ എം.എസ് പ്ലെയർ എന്നിങ്ങനെയുള്ള ആപ്പുകളും മൈക്രോ ഡ്രാമകൾക്കായി മാത്രമുള്ളതാണ്. ഇന്ത്യയിൽ മൈക്രോ ഡ്രാമകളുടെ വിപണി മൂല്യം നിർണയിക്കപ്പെട്ടിട്ടില്ല.
എന്നാൽ, ചൈനയിലും യുഎസിലും ഹിറ്റായ പണം വാരി മൈക്രോ ഡ്രാമകൾക്ക് ഇന്ത്യയിലെത്തുമ്പോൾ കാഴ്ചക്കാരില്ലാതാകില്ലെന്നതാണ് വാസ്തവം. ഏറ്റവും വലിയ വിനോദ മേഖലയുള്ള ഇന്ത്യയിൽ വലിയ വിഭാഗം കാഴ്ചക്കാരുണ്ട് എന്നതാണ് വസ്തുത. ഒടിടികൾ മൊബൈൽ കാഴ്ചയ്ക്കായി ഉള്ളതല്ല. എങ്കിലും മൊബൈലിൽ ഒടിടി ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു ശതമാനവും. ഈ കാഴ്‌ച്ചക്കാരെയാണ് മൈക്രോ ഡ്രാമകൾ വെർട്ടിക്കല്‍ വിഡിയോകളിലൂടെ ഏറ്റെടുക്കുന്നത്.

മൈക്രോ സീരിയലിന്റെ ഭാവി
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം മൈക്രോ ഡ്രാമകൾ അതിന്റെ ശൈശവ ദശയിലാണ്. എന്നാൽ, വലിയ ഒരു കാഴ്ച്ചക്കാരെ നേടാൻ ഇവർക്കാകും. പക്ഷേ, ഹൈ ക്വാളിറ്റി കോണ്ടന്റുകൾ നൽകാൻ ഇവർക്കാകുമോ എന്നതാണ് വിഷയം. നെറ്റ്ഫ്ലിക്സിനോ ആമസോൺ പ്രൈമിനോ ക്വാളിറ്റി കോണ്ടന്റിന്റെ കാര്യത്തിൽ വെല്ലുവിളി തീര്‍ക്കാൻ നിലവിലെ സാഹചര്യത്തിൽ ഈ ആപ്പുകൾക്ക് കഴിയില്ല. ആവർത്തിക്കുന്ന പ്രണയം, വിരഹം, പ്രതികാരം ലൈനപ്പിലാണ് മൈക്രോ സീരിയലുകൾ മുന്നോട്ട് പോകുന്നത്. ഇത് മാറ്റി ഹൈ എൻഡ് കോണ്ടന്റുകൾ നൽകാൻ കഴിഞ്ഞാൽ വലിയ ഭാവിയുള്ള വിനോദ വ്യവസായമാകും മൈക്രോ ആപ്പുകളും.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




