എല്ലാ വർഷവും കലണ്ടറിൽ ഓഗസ്റ്റ് മാസം അടുത്തെത്തുമ്പോൾ ആളുകൾക്കിടയിൽ ഉയരുന്ന ഒരു പ്രധാന സംശയമുണ്ട്; എന്നാണ് യഥാർഥത്തിൽ ഫ്രണ്ട്ഷിപ്പ് ഡേ? ജൂലൈ 30-ന് സോഷ്യൽ മീഡിയയിൽ പലരും ആശംസകൾ പങ്കുവയ്ക്കുന്നത് കാണാം. എന്നാൽ, ഇന്ത്യയിൽ ഭൂരിഭാഗം പേരും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആഘോഷിക്കുന്നത്.
ഈ വർഷം ഇന്ത്യയിൽ ഓഗസ്റ്റ് 2-നാണ് ഫ്രണ്ട്ഷിപ്പ് ഡേ അതായത് ഇന്നാണ്. എന്നാൽ, ജൂലൈ 30-നും ഓഗസ്റ്റ് ആദ്യ ഞായറാഴ്ചയ്ക്കും പിന്നിൽ കൃത്യമായ രണ്ട് ചരിത്രങ്ങളുണ്ട്. ലോകവും ഇന്ത്യയും രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ സൗഹൃദദിനം ആഘോഷിക്കുന്നതിന് പിന്നിലെ ആ രഹസ്യം അറിയാം.
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര സൗഹൃദദിനം
ആഗോളതലത്തിൽ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സൗഹൃദദിനം ജൂലൈ 30 ആണ്. 1958-ൽ പരാഗ്വേയിലാണ് ‘വേൾഡ് ഫ്രണ്ട്ഷിപ്പ് ക്രുസേഡ്’ എന്ന സംഘടന ആദ്യമായി ജൂലൈ 30 രാജ്യാന്തര സൗഹൃദദിനമായി നിർദേശിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം, 2011-ലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂലൈ 30 ഔദ്യോഗിക രാജ്യാന്തര സൗഹൃദദിനമായി പ്രഖ്യാപിക്കുന്നത്. വിവിധ രാജ്യങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാനും, അതുവഴി രാജ്യാന്തര തലത്തിൽ സമാധാനം നിലനിർത്താനുമാണ് യുഎൻ ഈ ദിവസം ആചരിക്കുന്നത്

Image Credit: Magnific
ഇന്ത്യയിലെ സൗഹൃദദിനം
ഇന്ത്യ, യുഎസ്എ, യുഎഇ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേയായി ആഘോഷിക്കുന്നത്. ഈ വർഷം അത് ഇന്നാണ് (ഓഗസ്റ്റ് 2). ഇതിന് പിന്നിൽ ഒരു കൗതുകകരമായ ബിസിനസ് ചരിത്രമുണ്ട്.
1930-ൽ പ്രശസ്തമായ ‘ഹാൾമാർക്ക് കാർഡ്സ്’ കമ്പനിയുടെ സ്ഥാപകൻ ജോയ്‌സ് ഹാൾ ആണ് ഓഗസ്റ്റ് 2 സുഹൃത്തുക്കൾക്കായി ഒരു പ്രത്യേക ദിവസമായി നിർദേശിച്ചത്. ആളുകൾ പരസ്പരം ഗ്രീറ്റിങ് കാർഡുകൾ അയച്ച് സൗഹൃദം പുതുക്കാനായിരുന്നു ഈ നീക്കം. അമേരിക്കയിൽ പിന്നീട് ഈ ദിവസത്തിന്റെ പ്രചാരം കുറഞ്ഞെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇത് വലിയ തരംഗമായി മാറി. സുഹൃത്തുക്കൾക്ക് ഒത്തുചേരാനും ആഘോഷിക്കാനും ഏറ്റവും അനുയോജ്യമായ ദിവസം അവധിദിനമായ ഞായറാഴ്ചയാണ് എന്ന പ്രായോഗികതയാണ് ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ച എന്ന രീതിയിലേക്ക് ഇതിനെ മാറ്റിയത്.
ഇന്ത്യൻ പോപ്പ് സംസ്‌കാരവും ഫ്രണ്ട്ഷിപ്പ് ബാൻഡുകളും

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഇന്ത്യൻ യുവത്വത്തിനിടയിലേക്ക് ഫ്രണ്ട്ഷിപ്പ് ഡേ കടന്നുവരുന്നത് സിനിമകളിലൂടെയാണ്. പ്രത്യേകിച്ച്, ‘കുച്ച് കുച്ച് ഹോത്താ ഹേ’ പോലുള്ള ബോളിവുഡ് ചിത്രങ്ങൾ ക്യാംപസുകളിൽ വലിയ സ്വാധീനം ചെലുത്തി. സുഹൃത്തുക്കളുടെ കൈകളിൽ വിവിധ നിറങ്ങളിലുള്ള ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ കെട്ടുന്നതും, വിപണിയിൽ ഫ്രണ്ട്ഷിപ്പ് കാർഡുകൾ നിറഞ്ഞതും ഈ കാലത്താണ്.
ഇന്ന് കാലം മാറി, കാർഡുകൾക്ക് പകരം ഇൻസ്റ്റഗ്രാം റീലുകളും, വാട്സാപ് സ്റ്റാറ്റസുകളും, സ്നാപ്ചാറ്റ് ഫിൽറ്ററുകളും, ത്രോബാക്ക് ചിത്രങ്ങളുമാണ് ഡിജിറ്റൽ സ്പേസിൽ നിറയുന്നത്. തീയതികൾ ഏതായാലും പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓർക്കാനും അവർക്ക് നന്ദി പറയാനും ഒരു ദിവസം മാറ്റിവെക്കുക എന്നതാണ് പ്രധാനം. ജൂലൈ 30 കഴിഞ്ഞു, എന്നാലും ഇന്ത്യക്കാരുടെ യഥാർഥ ‘ഫ്രണ്ട്ഷിപ്പ് ഡേ വൈബ്സ്’ ഇന്നാണ്…
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on art, culture and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




