ഇന്ത്യയിൽ നമ്മൾ ഇതുവരെ കണ്ടുവന്ന സമരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ സമരമാണ് ഡൽഹിയിൽ നടന്നത്. ഇന്ത്യയുടെ ഭാവിവാഗ്ദാനങ്ങളായ യുവതലമുറയാണ്– ഇന്നത്തെ ഭാഷയിൽ ജെൻ–സികളാണ് ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സമാധാനപരമായ സമരം നയിച്ചത്.
ആ ശബ്ദങ്ങൾക്ക് സപ്പോർട്ടുമായി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആളുകളെത്തിയിരുന്നു. അതിൽ രാഷ്ട്രീയ നേതാക്കളും പല മേഖലയിൽ നിന്നുള്ള സെലിബ്രിറ്റികളുമുണ്ടായിരുന്നു.
സെലിബ്രിറ്റികളുടെ ഏത് അഭിപ്രായവും സമൂഹത്തിൽ വലിയരീതിയിൽ സ്വാധീനം ചെലുത്തുന്നതാണ്. എന്നാൽ, ഇത്രയും വലിയ സമരം നടന്നിട്ടും വാ മൂടിയിരിക്കുന്നവരെയും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറഞ്ഞവരെയും മറ്റുള്ളവരെ കാണിക്കാനായി മാത്രം ഒരു അഭിപ്രായം പറഞ്ഞു എന്ന രീതിയിൽ പോസ്റ്റ് ഇടുന്ന ചിലരെയും നമുക്ക് കാണാൻ സാധിച്ചു. മറിച്ച്, സമരമുഖത്തും പ്രാദേശിക തലത്തിലെ ഐക്യദാർഢ്യ പരിപാടികളിലും പങ്കെടുത്ത് കനത്ത പിന്തുണ നൽകുന്ന ഒരുപറ്റം സെലിബ്രിറ്റീസും നമ്മുടെ മുന്നിലുണ്ടായിരുന്നു.
ആരൊക്കെയാണ് സമരമുഖത്ത് ഉണ്ടായവർ?
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്ത പ്രമുഖരിൽ അഭിനേതാക്കളായ ഷബാന ആസ്മി, പ്രകാശ് രാജ്, കുനാൽ കാമ്ര, സ്വര ഭാസ്കർ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, സോണി റസ്ദാൻ, സീനത്ത് അമൻ, അഭയ് ഡിയോൾ, നസീറുദ്ദീൻ ഷാ, രത്ന പഥക് ഷാ, ഓമി വൈദ്യ, സൊനാക്ഷി സിൻഹ എന്നിവർ പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയ രഞ്ജിനി ഹരിദാസ്, ജാൻമണി, സിജ റോസ്, ഹനുമാന്‍കൈൻഡ് അടക്കമുള്ളവർ ജന്തർ മന്തറിൽ പോയി പിന്തുണ നൽകിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയില്‍ പോസ്റ്റുകൾ പങ്കുവച്ചും പ്രാദേശിക തലത്തിലെ പ്രതിഷേധങ്ങളിൽ ഭാഗമായും ഇവർ തുടർന്നു.
ന്യായമായ വിഷയങ്ങൾ ഉയർത്തിക്കാട്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ കേൾക്കാൻ പോലും തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നാണ് രഞ്ജിനി ഹരിദാസ് പ്രതികരിച്ചത്.
“എന്റെ രാജ്യത്തെ യുവജനങ്ങൾ അവരുടെ ഭാവിക്കുവേണ്ടി പോരാടുകയാണ്. സ്വാതന്ത്ര്യസമരം പോലെ ഒരു പ്രക്ഷോഭം വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഞാൻ ഈ മുന്നേറ്റത്തിന് തുടർന്നും ശക്തി പകരും, അവർക്ക് കൈത്താങ്ങാകും. എന്റെ കരുത്ത് അവർക്ക് പകർന്ന്, അവരുടെ ഭാവിക്കുവേണ്ടി അവരോടൊപ്പം നിലകൊള്ളും. ഈ 56 ഇഞ്ച് ഭരണകൂടത്തിന് എത്ര നാൾ ഇതിനെ അടക്കി നിർത്താനാകും?”, എന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ.
നേരിട്ട് സമരമുഖത്ത് എത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അഭിപ്രായം എടുത്തുപറഞ്ഞ മറ്റു സെലിബ്രിറ്റികളും ഇവിടെ ഉണ്ട്.
പ്രശസ്ത നടിയും ഐപിഎൽ ടീം ഉടമയുമായ പ്രീതി സിന്റ എക്സിൽ കുറിച്ചത് ഇങ്ങനെ,
“നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും ഉയർത്തുന്നതിനുമുള്ള ഈ പോരാട്ടത്തിൽ സോനം വാങ്‌ചുക്കിനും ഓരോ വിദ്യാർത്ഥിക്കും എന്റെ ഹൃദയം നിറഞ്ഞ പിന്തുണ. സോനം വാങ്‌ചുക്കുമായും വിദ്യാർത്ഥി പ്രതിനിധികളുമായും നമ്മുടെ സർക്കാർ അർത്ഥവത്തായ ഒരു ചർച്ച ആരംഭിക്കുമെന്ന് ഞാൻ കരുതുന്നു.”
പഞ്ചാബിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടിയതിന്റെ പേരിൽ ‘സത്‌ലജ്’ എന്ന ചിത്രം അടുത്തിടെ നീക്കം ചെയ്യപ്പെട്ട പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസാഞ്ച് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിദ്യാർത്ഥികളെ പിന്തുണച്ചു,
“ഇന്ന് സംഭവിച്ചത് നിർഭാഗ്യകരമാണ്. വിദ്യാർത്ഥികളോട് ഈ രീതിയിൽ പെരുമാറരുത്. അവർക്ക് പറയാനുള്ളത് കേൾക്കാൻ ഞാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. എന്നെ ഇതിനകം രാജ്യവിരുദ്ധനായി മുദ്രകുത്തിക്കഴിഞ്ഞു. ഇത്തവണയും അത് സംഭവിക്കും.”
ഗായകൻ ഹണി സിങ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തന്റെ പുതിയ ഗാനത്തിന്റെ ടീസർ റിലീസ് നീട്ടിവെച്ചുകൊണ്ടാണ് യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചത്– “നമ്മുടെ രാജ്യത്തിന്റെയും ഇന്ത്യയിലെ യുവാക്കളുടെയും വികാരം കണക്കിലെടുത്ത്, എന്റെ പുതിയ ഗാനമായ ‘മൂൺലൈറ്റിന്റെ’ ടീസർ ഞാൻ കുറച്ച് ദിവസത്തേക്ക് നീട്ടിവെക്കുകയാണ്.”
സംഭവിച്ച കാര്യങ്ങളിൽ ആശങ്ക അറിയിച്ച് നിരവധി അഭിനേതാക്കൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. പ്രതിഷേധ സ്ഥലത്തിന് സമീപമുള്ള അഭയകേന്ദ്രങ്ങളുടെ ലൊക്കേഷനുകൾ പങ്കുവെച്ചുകൊണ്ട് നടൻ രോഹിത് സറാഫ് കുറിച്ചത് ഇങ്ങനെയാണ്, “എനിക്കൊരു കാര്യം അറിയാം… നമ്മുടെ രാജ്യം മാത്രമല്ല, ലോകം മുഴുവൻ ഇത് കേൾക്കുന്നുണ്ട്.”
ബോളിവുഡ് നടിയായ ഭൂമി പഡ്നേക്കർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കി: “ഭാവി അപകടത്തിലായ വിദ്യാർത്ഥികൾ മറുപടി അർഹിക്കുന്നുണ്ട്. പ്രതിഷേധത്തിൽ ഉയർന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നില്ലെങ്കിലും, അർത്ഥവത്തായ ചർച്ചയിലൂടെയാണ് പരിഷ്കരണങ്ങൾ ആരംഭിക്കുന്നതെന്ന് ഞാൻ കട്ടായമായി വിശ്വസിക്കുന്നു.”
നടി സോഹ അലി ഖാൻ കുറിച്ചത് ഇങ്ങനെ,
“ഭാവി യുവാക്കളുടേതാണ്. അവർക്ക് എപ്പോഴും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും, സംസാരിക്കാനുള്ള ധൈര്യവും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഇടവും ഉണ്ടാകട്ടെ.”
സമാധാനപരമായ സംഭാഷണത്തിന് അഭ്യർത്ഥിച്ചുകൊണ്ട് അദിതി റാവു ഹൈദരി ഇൻസ്റ്റാഗ്രാമിൽ എഴുതി, “നമ്മുടെ എല്ലാ ധീരരായ വിദ്യാർത്ഥികൾക്കും, തങ്ങളുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്ന ഉറച്ച നിലപാടുള്ള എല്ലാവർക്കും ബഹുമാനത്തിലും അന്തസ്സിലും സഹാനുഭൂതിയിലും ഊന്നിയ സുരക്ഷിതമായ അന്തരീക്ഷം നമ്മൾ ഉറപ്പാക്കണം.”
ഇത്തരത്തിൽ ഒരുപാട് പേർ വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് രംഗത്തെത്തി. അതേ സമയം നിലപാട് പറഞ്ഞ് പ്രശ്നത്തിൽപ്പെട്ടവരും ഇവിടെയുണ്ട്. ഇരുകൂട്ടർക്കു നേരേയും സമൂഹത്തിന്റെ ആക്രമണമുണ്ടായിരുന്നു. എങ്കിലും പിന്തുണച്ചവർ ആരും ഒരു അടി പോലും ഭയന്ന് പിന്നോട്ടുപോയില്ല. പ്രതികരിക്കണമോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. എന്നിരുന്നാലും സെലബ്രിറ്റികൾ യഥാർഥത്തിൽ സോഷ്യൽ കമ്മിറ്റ്മെന്റുള്ളവരാണ്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ആരാണ് നന്ദൻ നിലേകനി | Infosys Co-founder Nandan Nilekani to Lead High-Level Exam Reform Panel | Nandan Nilekani | exam reform | India Infosys co-founder | Aadhaar architect | UIDAI chairman | Gen Z protest exams | NTA ref