Gaps in friendship
150
Views

‘പ്രത്യേകിച്ച് കാരണമൊന്നുമില്ല, പക്ഷേ, ഞങ്ങളിപ്പോൾ അങ്ങനെ കാണാറോ മിണ്ടാറോ ഒന്നുമില്ല. അന്നത്തെ ആ കംപനി ഒക്കെ പോയി…’

പണ്ട് ഒരുമിച്ചുണ്ടായിരുന്ന, ഒരുപാട് അടുത്ത വ്യക്തികളെപ്പറ്റി പിന്നീട് എപ്പോഴെങ്കിലും ഇങ്ങനെ പറയേണ്ടി വന്നിട്ടുണ്ടോ? മുതിർന്നു കഴിയുമ്പോൾ സൗഹൃദം ഭാരമാകുന്നതാണോ? താൽപര്യം നഷ്ടപ്പെടുന്നതാണോ? സൗഹൃദങ്ങൾ താൽക്കാലികമാകുന്നത് എന്തുകൊണ്ടാണ്?

വഴക്കോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലാതെ തന്നെ ചില ബന്ധങ്ങൾ അകന്നു പോകുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം.

∙ഏതൊരു ബന്ധത്തിലും രണ്ട് വ്യക്തികളുടെയും ശ്രമങ്ങൾ ആവശ്യമാണ്. എന്നാൽ, എപ്പോഴാണോ ഒരാളുടെയെങ്കിലും മുൻഗണനകൾ മാറുന്നത്, ആ നിമിഷം മുതൽ സൗഹൃദത്തിൽ മാറ്റങ്ങളുണ്ടാകാം. ജോലി, വിവാഹം, കുഞ്ഞുങ്ങൾ, തുടങ്ങിയ ഉത്തരവാദിത്തങ്ങളും പലപ്പോഴും സൗഹൃദബന്ധങ്ങളിൽ അകലം സൃഷ്ടിക്കാം.

Gaps in friendship/relationship
Representative AI Image | AI Image Generator/Gemini

∙എന്നും കണ്ടിരുന്നവർ, ആഴ്ചതോറും കണ്ടിരുന്നവർ പിന്നെ കാണാതാകുമ്പോൾ, കാണാനുള്ള അവസരം നഷ്ടമാകുമ്പോൾ, ബന്ധങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. അതേസമയം വർഷങ്ങളോളം കാണുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നവർക്ക് പിന്നെ കാണുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പഴയതുപോലെ തന്നെ സംസാരിക്കാൻ കഴിയുകയും ചെയ്യും. ഇത് വ്യക്തികളെയും അവരുടെ സൗഹൃദത്തെപ്പറ്റിയുള്ള ചിന്താഗതിയെയും അടിസ്ഥാനപ്പെടുത്തിയിരിക്കും.

∙മാനസികവും ശാരീരകവുമായ ഊർജത്തിന്റെ കുറവ് പല സന്ദർഭങ്ങളിലും ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാറുണ്ട്. പലപ്പോഴും ജോലി ഭാരമോ മാനസിക സംഘർഷങ്ങളോ കാരണം പരസ്പരം കാണാനോ, പ്ലാനുകളുണ്ടാക്കാനോ ചിലർക്ക് കഴിയണമെന്നില്ല. എന്നാൽ, അത് മനസ്സിലാക്കി പെരുമാറാൻ കഴിയാത്ത വ്യക്തിയാണ് സുഹൃത്ത് എന്നുണ്ടെങ്കിൽ ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കും.

∙പലപ്പോഴും വ്യക്തികൾ വളരുന്നതിലെയും അവരുടെ കാഴ്ചപ്പാടുകളിലെയും മാറ്റം സൗഹൃദത്തിന്റെ ആഴം കുറയ്ക്കാൻ ഇടയാക്കും. ഒരാൾ വളരെ പെട്ടെന്ന് ലോകത്തിലെ മാറ്റങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നതും മറ്റൊരാൾ പഴഞ്ചൻ ചിന്താഗതിയുമായി തുടരുന്നതും സൗഹൃദം ഇല്ലാതാവാൻ കാരണമായേക്കാം.

∙ചിലർക്ക് ജോലിസ്ഥലത്തോ, താമസസ്ഥലത്തോ, വിനോദങ്ങളുമായി ബന്ധപ്പെട്ടോ ആയിരിക്കാം സൗഹൃദങ്ങളുണ്ടാവുക. എന്നാൽ, ഇവ അവസാനിക്കുന്ന സമയത്ത് പല ബന്ധങ്ങൾക്കും വിരാമമാവുകയാണ്.

ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്നതാണ് സൗഹൃദമെന്ന് ചിലരെങ്കിലും കരുതാം. എന്നാൽ, മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ വളരെ ചുരുങ്ങിയ കാലത്തെ സൗഹൃദം പോലും ജീവിതത്തിലെ മികച്ചതാവാം. കുറച്ചുകാലംകൊണ്ട് വലിയ സ്വാധീനം ചെലുത്താൻ ഇത്തരം സൗഹൃദങ്ങൾക്കു കഴിയും.

friendship
Representative AI Image | AI Image Generator/Gemini

പല സൗഹൃദങ്ങളും ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രമുണ്ടായതാവാം. അതുകൊണ്ട് തന്നെ, ഒരു സൗഹൃദം അകലുന്നത് സ്നേഹക്കുറവിന്റെ ലക്ഷണമായി കാണേണ്ടതില്ല. പലപ്പോഴും അത് ജീവിത സാഹചര്യങ്ങളിലെ സ്വാഭാവിക മാറ്റങ്ങളുടെ പ്രതിഫലനമാകാം.

ചെറിയ തെറ്റുകൾക്കോ, അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലോ സുഹൃത്തുക്കൾ തമ്മിൽ പിരിയേണ്ടതില്ല. ക്ഷമിക്കാൻ കഴിയുന്നതാണെങ്കിൽ പ്രശ്നങ്ങൾ സംസാരിച്ച് ശരിയാക്കാം. എന്നാൽ, തെറ്റുകൾ ആവർത്തിക്കുകയും നിരന്തരം സമാധനക്കേട് സൃഷ്ടിക്കുകയും ചെയ്യുന്നവരെ അകറ്റി നിർത്തുകതന്നെ വേണം. ഇത്തരം സാഹചര്യങ്ങളിൽ സൗഹൃദം അവസാനിപ്പിക്കാൻ കഴിയുന്നത് പക്വതയുടെ കൂടി ഭാഗമാണ്.

സുഹൃത്തിന്റെ സ്വകാര്യതയെ മാനിക്കാത്തവർ, അതിരുകൾ മാനിക്കാത്തവർ, തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നവർ, വേദനിപ്പിക്കുന്നവർ എന്നിവരെ കൂട്ടുകാരായി കരുതരുത്. ആത്മവിശ്വാസം തകർക്കുന്ന, സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി നമ്മെ കരുവാക്കുന്ന, കള്ളം പറയുകയും സ്നേഹം നടിക്കയും ചെയ്യുന്ന വ്യക്തികളുമായുള്ള സൗഹൃദം ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

അങ്ങനെയുള്ളവർ അകലുന്നത് ജീവിതത്തിൽ സമാധാനമുണ്ടാക്കും. തിരിച്ചറിവും പക്വതയും, മുതിർന്ന ആളുകൾ തമ്മിലുള്ള സൗഹൃദങ്ങൾ താൽക്കാലികമാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി കാണാം.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

All Comments

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading