ജൂലൈ 20– രാജ്യത്തെ യുവാക്കളെ അടിച്ചമര്‍ത്താൻ തുനിഞ്ഞ സർക്കാരിന്റെ നെഞ്ചിന് അടിയേറ്റ ദിവസം. കാലമെത്ര കഴിഞ്ഞാലും യുവജനങ്ങളുടെ സമരവീര്യം ചോരില്ലെന്ന് തെളിയിക്കപ്പെട്ട 35 ദിവസങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തൽഫലമായി പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയെ അധികാര കസേരയിൽ നിന്നിറക്കി. രാജ്യഹൃദയത്ത് നടത്തിയ പ്രതിഷേധം രാജ്യമൊന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഡൽഹിക്ക് പുറമേ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനായി കർഷകരും പരിസ്ഥിതി പ്രവർത്തകരും ഗോത്രവർഗ്ഗക്കാരും അടങ്ങുന്ന വലിയൊരു ജനസമൂഹവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങി പോരാടിക്കുകയാണ്.


പുകഞ്ഞ് പഞ്ചാബും
നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സമാനമായിരുന്നു പഞ്ചാബിലെ സ്ഥിതിയും. ജൂലൈ 19ന് ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (BFUHS) നടത്തിയ ഫാർമസി ഓഫീസർ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ ഹൈടെക് തട്ടിപ്പാണ് ഉണ്ടായത്. പരീക്ഷ സമയത്ത് തന്നെ ചോദ്യങ്ങൾ ചോർത്തുന്ന രീതിയാണ് ഇവിടെ പ്രയോഗിച്ചത്. അതായത്, മൈക്രോ ക്യാമറകളുള്ള സ്മാർട്ട് പേനകൾ ഉപയോഗിച്ച് ഉദ്യോഗാര്‍ഥികൾ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് വാട്സ്ആപ്പ് വഴി പുറത്തേക്ക് അയച്ചു. പുറത്തുള്ള സംഘം ‘വിശദമായി’ ചോദ്യങ്ങൾ പഠിച്ച ശേഷം ഉത്തരങ്ങൾ ബ്ലൂടൂത്ത് ഇയര്‍പീസ് വഴി ഉത്തരങ്ങൾ ‘സോൾവ്’ ചെയ്തു കൊടുക്കുകയായിരുന്നു. ചെവിക്കുള്ളിലും തലപ്പാവിനുള്ളിലുമൊക്കെ ഒളിപ്പിച്ച നിലയിലായിരുന്നു ഉപകരണങ്ങൾ. ഏതായാലും പരീക്ഷ തുടങ്ങി മിനിറ്റുകൾക്കകം വിരുതന്മാരെ വലയില്‍ വീഴ്ത്തി. ആംആദ്മി ഭരണകാലത്തെ ആറാമത്തെ ചോദ്യപേപ്പർ ചോർച്ചയാണിത്.
കർഷകരുടെ കണ്ണീരിന് ആര് മറുപടി പറയും?
ജൂലൈ 21 നാണ് രാജ്യത്തിന്റെ ജീവനാഡിയായ കർഷകർ സെതാനി ഘട്ടിൽ നിന്ന് പദയാത്ര ആരംഭിച്ചത്. പാടത്തും പറമ്പിലും പണിയെടുക്കേണ്ട അവർ ഡൽഹിയുടെ തെരുവുകളിൽ സമരം ചെയ്തു. നിർദ്ദിഷ്ട ഇന്ത്യ – യുഎസ് വ്യാപാര കരാറിനെതിരെ കിസാൻ ഘട്ടിലാണ് കിസാൻ മഹാപഞ്ചായത്ത് എന്ന പേരില്‍ പ്രക്ഷോഭം നടന്നത്. വ്യാപാര കരാർ കാർഷിക –ക്ഷീരമേഖലകളെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശ് ബച്ചാവോ മോർച്ച പ്രതിഷേധിച്ചത്. കർഷകരുടെ ജീവിതമാര്‍ഗം ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് ഹിമാചൽ, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരാണ് ഡല്‍ഹിയിൽ ഒത്തുകൂടിയത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.
വാക്കുപാലിക്കണം സർക്കാരെ…
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് ജൂലൈ 20ന് ഡൽഹിയിൽ പ്രതിഷേധിച്ചു. ഫറൂഖ് അബ്ദുള്ളയും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായിരുന്നു പ്രതിഷേധത്തിന്റെ അമരക്കാർ. പാർലമെന്റിലെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനത്തിലായിരുന്നു അപ്രതീക്ഷിത പ്രതിഷേധം. സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്രത്തിന്റെ വാഗ്ദാനം വെള്ളത്തിൽ വരച്ച വരപോലെ ആയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ യൂണിറ്റുകളിലടക്കം പ്രതിഷേധം നടത്തിയത്. ഭരണകക്ഷി തന്നെ ആവശ്യം ഉന്നയിച്ച് തെരുവിലിറങ്ങിയത് ശ്രദ്ധേയമാണ്.
വികസനം മാത്രമല്ല പ്രധാനം
ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതിയാണ് കെൻ-ബെത്വ ലിങ്ക് പദ്ധതി (KBLP). മധ്യപ്രദേശിലെ കെൻ നദിയിലെ ജലം ഉത്തർപ്രദേശിലെ ബെത്വ നദിയിൽ എത്തിച്ച് ബുന്ദേൽഖണ്ഡ് മേഖലയിലെ വരൾച്ച മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. 221 കിലോമീറ്റർ നീഴമുള്ള പദ്ധതിയുടെ ഭാഗമായി അണക്കെട്ട്, ലിങ്ക് കനാൽ, പവർ ഹൗസുകൾ,ഡാം തുടങ്ങി നിരവധി വൻകിട പദ്ധതികളാണ് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അറുതി വരുമെന്ന് കരുതിയ പദ്ധതി ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. പദ്ധതി പ്രകാരം നിരവധി സാധാരണക്കാരെ കുടിയൊഴുപ്പിക്കേണ്ടതായി വരും. ഈ ആശങ്കയ്ക്ക് പിന്നാലെ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളും സ്ത്രീകളും പരിസ്ഥിതി സ്നേഹികളും ഉൾപ്പടെ നിരവധി പേർ പ്രതിഷേധം അറിയിച്ചു.
മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളുടെ പങ്കാളിത്തത്തോടെ ദേശീയ ജലവികസന ഏജൻസിയാണ് ഇത് നടപ്പിലാക്കുന്നത്. വികസനത്തിന് എതിരല്ലെന്നും പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. മുൻ ആംആദ്മി പാർട്ടി നേതാവ് അമിത് ഭട്നഗറിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. നിരാഹരസമരത്തിന്റെ 14–ാം നാൾ ഭട്നഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിയൊഴിപ്പിക്കുന്നവരെ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍ ഉൾപ്പെടുത്താമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെ 18–ാം ദിവസം അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചു.
ആദിവാസികളെ അവഗണിക്കരുതേ…
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ ആദിവാസി സംവരണവും ഭൂഅവകാശവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 17-ന് പടേരുവിൽ വൻ പ്രതിഷേധം നടന്നു. ഗോത്രവർഗ്ഗ സംവരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഇതിന് പുറമേ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങളുടെ വോട്ടുകൾ വെട്ടാൻ ശ്രമം നടക്കുന്നതായി സിപിഎം നേതാക്കളും ആരോപണം ഉന്നയിച്ചു.
E20 വിപ്ലവം വരുന്നു ?
പ്രധാനെ ദിവസങ്ങൾ കൊണ്ട് താഴെയിറക്കിയ സിജെപിയിൽ നിന്ന് പ്രചോദം ഉൾക്കൊണ്ട് പിറവിയെടുത്ത സമൂഹമാധ്യമ കൂട്ടായ്മയാണ് ഇജെപി അഥവാ ഇ20 ജനതാ പാർട്ടി. എഥനോൾ കലർത്താത്ത 100 ശതമാനം ശുദ്ധമായ പെട്രോൾ എല്ലാവവരുടെയും അവകാശമാണെന്നും അതിനായാണ് പോരാട്ടമെന്നുമാണ് ഇജെപി പറയുന്നത്. എഥനോൾ പെട്രോൾ വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകൾ. ‘എഥനോൾ ഗഡ്ഗരി’യെ പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




