സിനിമ ഡയലോഗിൽ വിപ്ലവം എഴുതിവെച്ചിട്ട് മിണ്ടാതെ ഇരിക്കുന്നവരല്ല തമിഴ് സിനിമ പ്രവർത്തകർ. കരുണാനിധിയും, എംജിആറും മുതൽ വിജയ് വരെ തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമായത് ഇതുകൊണ്ട് കൂടിയാണ്. തെരുവിലിറങ്ങി തങ്ങൾ പറഞ്ഞത് പ്രാവർത്തികമാക്കുന്നതിൽ തമിഴ് സിനിമാപ്രവർത്തകർക്ക് ഒരു കുതിരപ്പവൻ കൂടുതൽ കൊടുക്കേണ്ടി വരും. വെള്ളിത്തിരിയൽ തിളങ്ങുന്ന പല താരങ്ങളും വിമർശനങ്ങളുമായി പൊതുമധ്യത്തിൽ വരുമ്പോൾ മറ്റു ഭാഷയിലെ ചലച്ചിത്രപ്രവർത്തകരെ പോലെയല്ലാതെ എതിർപ്പുകളെ തുറന്നുകാണിക്കാനുളള ധൈര്യം അഭിനന്ദനാർഹമാണ്. കാവേരി വിഷയവും, ജെല്ലിക്കെട്ടും, ഹിന്ദി ഭാഷ അടിച്ചേൽപിക്കലും എതിർത്ത തമിഴ് ചലച്ചിത്രപ്രവർത്തകർ എന്നോ നീറ്റിനെതിരെ രംഗത്ത് വന്നവരാണ്. സത്യത്തിൽ സമരത്തിന്റെ ആരംഭം തമിഴ്നാട്ടിൽനിന്ന് തന്നെയെന്നും പറയാം.
സിജെപി സമരത്തിന് പിന്തുണ നൽകിക്കൊണ്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി താരങ്ങളും പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ബിജെപി നയങ്ങളെയും ധർമേന്ദ്ര പ്രധാനെയും മാത്രമല്ല തമിഴ്നാട് സർക്കാരിന്റെ നിലപാടിനെയും അവർ ചോദ്യം ചെയ്തു. തമിഴ് റാപ്പർ ഗായകൻ അറിവിന്റെ (അറിവരസ് കലൈനേശൻ) പ്രതിഷേധത്തിനിടയിലുളള അറസ്റ്റിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.



വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, ആൻഡ്രിയ, രേവതി തുടങ്ങിയവർ ജയ്ഭീം പോസ്റ്ററുകളുമായി തെരുവിലിറങ്ങിയപ്പോൾ മറ്റ് സംസ്ഥാനത്ത് ഇരുന്ന് സിനിമയും രാഷ്ട്രീയവും വേറെ വേറെ എന്ന് പറയുന്നവരോട് തമിഴ്നാട് പറയുന്നു ഞങ്ങൾക്ക് അത് വേറെ വേറെ അല്ല .
വെട്രിമാരനും പ്രതിഷേധ രാഷ്ട്രീയവും
“യുവാക്കൾ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ അതിനർഥം ഭരണസംവിധാനം പരാജയമാണെന്നാണ്. സിജെപി പ്രതിഷേധത്തിൽ പറയുന്നതുപോലെ നീറ്റ് പരീക്ഷ നിരോധിക്കണം. ഉയർന്ന മാർക്ക് വാങ്ങിയ തന്റെ സുഹൃത്തുക്കളുടെ മക്കളും നീറ്റിന്റെ ഇരകളാണ്. തുടർച്ചയായി ഓരോ വർഷവും എഴുതുന്ന കുട്ടികൾക്ക് നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയമാണ്”, സിജെപി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് തമിഴ്‌നാട്ടിൽ നടന്ന സമരത്തിൽ പങ്കെടുത്തുകൊണ്ട് വെട്രിമാരൻ പറഞ്ഞ വാക്കുകളാണിത്. ഇതാദ്യമായല്ല വെട്രിമാരൻ പ്രതിഷേധവുമായി രംഗത്ത് വന്നത്. നീറ്റിനെതിരെ പല തവണയായി വെട്രിമാരൻ രംഗത്ത് വന്നിരുന്നതിനെകുറിച്ച് സംവിധായകൻ പാ രഞ്ജിത്ത് വേദിയിൽ പരാമർശിച്ചിരുന്നു.
തമിഴ്നാടും നീറ്റ് പരീക്ഷയും
ഡിഎംകെ ഭരണ കാലത്താണ് തമിഴ്നാട്ടിൽ നീറ്റ് പരീക്ഷക്കെതിരെ പ്രതിഷേധവും ആരോപണങ്ങളും വ്യാപകമായി ഉയരുന്നത്. നീറ്റ് പരീക്ഷയുടെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി തുടങ്ങിയവർ രംഗത്ത് വന്നതും തുടർന്ന് അത് ഏറ്റുപിടിച്ച് ടിവികെയും വിജയ്‌യും രംഗത്ത് വന്നതും സിജെപി രാജ്യവ്യാപകമായി നടത്തിയ സമരങ്ങളുടെ ഒരു പ്രാരംഭഘട്ടമായി കാണാം. സ്റ്റാലിൻ സർക്കാർ ഭരിക്കുന്ന സമയം ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി അന്ന് നീറ്റ് പരീക്ഷക്കെതിരെ കേന്ദ്ര സർക്കാരിനെ കണക്കിന് വിമർശിക്കുന്നത് തുടർക്കഥയായിരുന്നു.
രാഷ്ട്രീയപ്രവേശന കാലത്ത് വിജയ് നടത്തിയ രാഷ്ട്രീയ സമ്മേളനങ്ങളിൽ തുടർച്ചയായി നീറ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. നീറ്റ് വിഷയത്തിൽ മനംനൊന്ത് ജീവൻ നഷ്ടമായ വിദ്യാർത്ഥിനികളുടെ പേരുകൾ പറഞ്ഞ് താൻ അവർക്ക് വേണ്ടി നീറ്റ് പരീക്ഷ സമ്പ്രദായം ഒഴിവാക്കാൻ മുന്നിൽ നിൽക്കുമെന്നും വാക്ക് കൊടുത്തത് ഏറെ ചർച്ചയായിരുന്നു. ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലും മുഖ്യമന്ത്രി വിജയ് ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ സിജെപി നടത്തിയ പ്രതിഷേധങ്ങളിൽ യുവാക്കൾ തെരുവിൽ അക്രമമേറ്റപ്പോൾ തമിഴ് സിനിമാലോകം മുന്നോട്ട് വന്ന് നൽകിയ പിന്തുണ ചലച്ചിത്രമേഖലയ്ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയെകുറിച്ച് മറ്റ് ഭാഷാ സിനിമാപ്രവർത്തകർക്ക് മാതൃകയാകുകയായിരുന്നു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




