CJP Protest Victory
10
Views

ഡൽഹിയിലെ ജന്തർ മന്തറിൽ കോക്ക്രോച്ച് ജനത പാർട്ടി തുടക്കമിട്ട പ്രതിഷേധത്തിന് രാജ്യം പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ലഭിച്ചത്. സമരപ്പന്തലിന്റെ അതിരുകൾ കടന്ന് ആ പ്രതിഷേധം പടർന്നപ്പോഴും, ഭരണകൂടത്തിന്റെ മറുപടി പതിവുപോലെ മൗനം, അവ​ഗണന തന്നെയായിരുന്നു. ഒപ്പം, പോലീസിന്റെ ലാത്തി, ആർഎഎഫിന്റെ കണ്ണീർവാതകം കൂടാതെ പെല്ലറ്റ് തോക്കുകളും. പ്രതിപക്ഷവും ആദ്യം പിന്തുണച്ചിരുന്നില്ല.

പ്രതിഷേധക്കാരുടെ ആവശ്യം വ്യക്തമായിരുന്നു:

  1. നീറ്റ് ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
  2. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണം.
  3. ആത്മഹത്യ ചെയ്യേണ്ടിവന്ന പാവം കുട്ടികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം.

അപമാനത്തിൽ നിന്ന് ചിറകുവച്ച വിപ്ലവം! ആരാണീ ‘പാറ്റകൾ’?

2026 മേയിൽ ഒരു കേസിന്റെ വിചാരണയ്ക്കിടെ, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്തിന്റെ ഒരു പരാമർശമുണ്ടായി. ഇതിനെതിരെ അഭിജീത്ത് ദീപ്കേ എന്നൊരാൾ എക്സിൽ പങ്കുവച്ചൊരു സറ്റയറിക്കൽ ആശയമായിരുന്നു സിജെപി എന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ കത്തിക്കയറി. പാറ്റകൾ എന്ന അപമാനത്തെ അതിരറ്റ പരിഹാസത്തോടെ നേരിടാൻ യുവാക്കൾ ‘കോക്രോച്ച് ജനതാ പാർട്ടി‘ (CJP) എന്ന സറ്റയറിന് ഒരു ഓൺലൈൻ മൂവ്‌മെന്റിന്റെ രൂപം നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മില്യൺ ഫോളോവേഴ്സിനെയാണ് ഇവർക്ക് ഇൻസ്റ്റ​ഗ്രാമിൽ കിട്ടിയത്. “ഞങ്ങൾ നിങ്ങളിൽ അസ്വസ്ഥരാണ്, നിങ്ങളുടെ പരിഹാസങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറുമല്ല” എന്ന് യുവാക്കൾ നടത്തിയ പ്രഖ്യാപനം കൂടിയായിരുന്നു അത്.

പിന്നാലെയാണ് നീറ്റ് (NEET) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും വിദ്യാർത്ഥികളുടെ ആത്മഹത്യകളുമെല്ലാം രാജ്യത്തെ പിടിച്ചുകുലുക്കുന്നത്. ഇതോടെ ഓൺലൈനിൽ മാത്രമുണ്ടായിരുന്ന സിജെപി ശരിക്കും തെരുവിലേക്കിറങ്ങി. ജൂൺ 6-നായിരുന്നു അത്. അവർക്കൊപ്പം പ്രമുഖ ആക്ടിവിസ്റ്റും എജ്യുക്കേറ്ററുമായ സോനം വാങ്ചുക്കും ചേർന്നതോടെ ജന്തർ മന്തർ പ്രതിഷേധത്തിന്റെ പുതിയ കേന്ദ്രമായി.

ജൂൺ 11-ന് ഇവരുടെ രാജ്യവ്യാപക ക്യാമ്പയിന് തുടക്കമായി. ജൂൺ 28-ഓടെ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചു. അദ്ദേഹത്തോടൊപ്പം, AISA പ്രസിഡൻ്റ് നേഹ, JNUSU ജോയിൻ്റ് സെക്രട്ടറി ഡാനിഷ്, AISA യുപി പ്രസിഡൻ്റ് മനീഷ്, AISA ഡൽഹി യൂണിവേഴ്സിറ്റി വൈസ് പ്രസിഡൻ്റ് ദീപക്, JNU ബരാക് ഹോസ്റ്റൽ പ്രസിഡൻ്റ് ഹൃഷികേശ്, AUD സ്റ്റുഡൻ്റ്സ് കൗൺസിൽ അംഗം ആമീൻ എന്നിവരുൾപ്പെടെ ആറ് വിദ്യാർത്ഥി യൂണിയൻ അംഗങ്ങളും അനിശ്ചിതകാല നിരാഹാരസമരത്തിൽ പങ്കെടുത്തു.

സമരം ദിവസങ്ങൾ പിന്നിട്ടു. അധികാരികൾ മൗനവ്രതം തുടരുന്നതിനാൽ ജൂലൈ 9-ന് അവർ ഒരു പ്രഖ്യാപനം നടത്തി. പാറ്റകൾ ജൂലൈ 20-ന് പാർലമെന്റിലേക്ക് (സൻസദ് ഭവനിലേക്ക്) പാറ്റകൾ മാർച്ച് നടത്താൻ പോവുകയാണെന്ന്. ഈ സമയത്തിനുള്ളിൽ നിരവധിയാളുകൾ അവിടേക്കെത്തി.

ഇതിനിടെ നിരാഹാരം മൂലം ആരോ​ഗ്യം വഷളായ സോനം വാങ്ചുക്കിനെ പോലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി. ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് തടഞ്ഞും മാർച്ചിന് നേരേ ലാത്തിയും ടിയർ ​ഗ്യാസുമെല്ലാം ഉപയോ​ഗിച്ചു തടുക്കാൻ നോക്കി. പക്ഷേ, സാറേ… ഞങ്ങളിവിടുന്ന് അനങ്ങില്ലെന്ന് വിദ്യാർത്ഥികൾ ഉറപ്പിച്ചു പറഞ്ഞു.

ഡൽഹിയിൽ കൂടുതൽ ആളുകൾ, നേതാക്കൾ, പ്രതിപക്ഷക്കാർ, സെലിബ്രിറ്റികൾ ഇങ്ങനെ വന്നുകൊണ്ടിരുന്നു. എത്താൻ സാധിക്കാത്തവർ ഓൺലൈനിൽ പിന്തുണയ്ക്കുകയും പ്രാദേശിക തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഒടുവിൽ അടിയറവ് പറഞ്ഞു… വിദ്യാഭ്യാസ മന്ത്രി രാജി വച്ചു. ചരിത്ര നിമിഷമായിരുന്നു അത്.

We did it!!” പാറ്റകൾ വിജയം കണ്ടു.

ഭയം അധികാരത്തിനാണ്, പാറ്റകൾക്കല്ല

സാധാരണ പാറ്റകളെ കണ്ടാൽ മനുഷ്യർ തല്ലിക്കൊല്ലാറുണ്ട് അല്ലെങ്കിൽ ഹിറ്റ് പോലെ എന്തെങ്കിലും മരുന്നടിക്കും. അത്തരം ഒരു നടപടി തന്നെയാണ് പോലീസിനെയും ആർഎഎഫിനെയും ഉപയോ​ഗിച്ച് സർക്കാർ ചെയ്യാൻ നോക്കിയതും. എന്നാൽ, ഏറ്റില്ല. ഇവിടെ പാറ്റകളെ കണ്ട് അധികാര വർഗ്ഗം പേടിച്ചരണ്ടു.

സമരക്കാരുടെ കൈയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും സംഗീതവും ഒക്കെയായിരുന്നു. മറുഭാഗത്തോ?

പോലീസ് നടപടിയ്ക്കെതിരെ കോടതിയിൽ തെളിവ് ഉൾപ്പടെ കാണിക്കാമെന്ന് പറഞ്ഞ് ഹർജി ഫയൽ ചെയ്തപ്പോൾ ഇതിനെല്ലാം തുടക്കമിട്ട ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് പറഞ്ഞത്, ഇതൊന്നും കാണാൻ “സമയമില്ല” എന്നായിരുന്നു.

അടിച്ചമർത്താൻ നോക്കുംതോറും പ്രതിഷേധത്തിന്റെ ശബ്ദം കൂടുമെന്ന ലളിതമായ സത്യം ഭരണകൂടം വീണ്ടും മറന്നു. വിദ്യാർത്ഥികളും അധ്യാപകരും ആക്ടിവിസ്റ്റുകളും സാധാരണക്കാരുമെല്ലാം ഒരൊറ്റ ശബ്ദമായി മാറി. ഒടുവിൽ, ജനകീയ പ്രതിഷേധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചൊഴിഞ്ഞു!

സിജെപിയുടെയും വിദ്യാർത്ഥികളുടെയും പോരാട്ടത്തിന് ചരിത്രപരമായ വിജയം!

ഇതൊരു തുടക്കം മാത്രമാകാം

ഇത് കേവലം ഒരു പരീക്ഷാ തട്ടിപ്പിനെതിരെയുള്ള സമരം മാത്രമല്ല. തങ്ങളെ ഭരിക്കാൻ ഏൽപ്പിച്ചവർ ജനങ്ങളോട് അക്കൗണ്ടബിലിറ്റി കാണിക്കണമെന്ന ഉറച്ച ഓർമ്മപ്പെടുത്തലാണ്. തെറ്റുകൾ പറ്റുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാനും ജനങ്ങളെ കേൾക്കാനും സർക്കാർ ബാധ്യസ്ഥരാണ്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading