ചരിത്രം സിനിമയാകുന്നു.
രാഷ്ട്രീയം സിനിമയാകുന്നു.
ജീവിതം സിനിമയാകുന്നു.
സാമൂഹിക വിഷയങ്ങൾ സിനിമയാകുന്നു.
ഇതിനെല്ലാമുപരി, സിനിമ പറയുമ്പോൾ മാത്രം സമൂഹം കൂടുതൽ ചർച്ച ചെയ്യുന്ന ചില വിഷയങ്ങളുമുണ്ട്.
ഇവ നമ്മുടെ സമൂഹത്തിൽ പുതുതല്ല. എന്നിട്ടും ഒരു സിനിമ വന്നതിന് ശേഷം മാത്രമാണ് നമ്മൾ ആ വിഷയങ്ങൾ കൂടുതൽ തുറന്ന് സംസാരിക്കാൻ തുടങ്ങുന്നത്. അല്ലെങ്കിൽ ചിലരെങ്കിലും അതിനെക്കുറിച്ച് അറിഞ്ഞുതുടങ്ങുന്നത്.
എന്തൊക്കെ? എന്തുകൊണ്ട്?
മാനസികാരോഗ്യം, കുടുംബാസൂത്രണം, ഗർഭച്ഛിദ്രം, ഫെമിനിസം… ഇതൊന്നും സിനിമ കണ്ടുപിടിച്ച വിഷയങ്ങളല്ല. വർഷങ്ങളായി ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ഇവയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും ഇവയിലേക്ക് ആളുകളുടെ ശ്രദ്ധ കൂടുതൽ എത്തുന്നത് അവ ഒരു സിനിമയുടെ കഥയാകുമ്പോഴാണ്.
ഒരുപക്ഷേ സിനിമ ഒരു പ്രശ്നത്തെ വിവരമായി മാത്രമല്ല, ഒരു അനുഭവമായി അവതരിപ്പിക്കുന്നതുകൊണ്ടാകാം.
“ആർത്തവ ശുചിത്വം പ്രധാനമാണ്” എന്ന് പറയുന്നതും പാഡ് മാൻ (Pad Man) കാണുന്നതും ഒരുപോലെയല്ല. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ അത് കാണുമ്പോൾ, നമ്മൾ അതിനോട് വൈകാരികമായി കണക്റ്റാകുന്നു. അതിനെക്കുറിച്ച് സംസാരിക്കുന്നതും അത്ര അസ്വസ്ഥമായി തോന്നാതാകുന്നു.

മലയാള സിനിമയിൽ അബോർഷനെക്കുറിച്ചും സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പറഞ്ഞ സാറാസ് (Sara’s), വിവാഹത്തിനുള്ളിലെ സ്ത്രീയുടെ അവസ്ഥയും ഗാർഹിക അധികാരബന്ധങ്ങളും തുറന്നുകാട്ടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (The Great Indian Kitchen), മാനസികാരോഗ്യത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പർശിച്ച കുമ്പളങ്ങി നൈറ്റ്സ് (Kumbalangi Nights), നോർത്ത് 24 കാതം (North 24 Kaatham) തുടങ്ങിയ സിനിമകളും ഇതിന് ഉദാഹരണങ്ങളാണ്.
കോണ്ടവും സെക്സ് എജ്യൂക്കേഷനും
ഈ അടുത്തകാലത്ത് ഹിന്ദി സിനിമകളിൽ ആവർത്തിച്ച് പ്രധാന വിഷയമായി വന്ന ഒന്നാണ് ഫാമിലി പ്ലാനിങ്ങും കോൺട്രാസെപ്ഷനും.
എന്റർടൈൻമെന്റാണ്, സമ്മതിച്ചു. പക്ഷേ, അതിനപ്പുറം ഒരു സന്ദേശവും ഇത്തരം സിനിമകൾക്കുണ്ട്.
ഹെൽമെറ്റ് (Helmet), ജൻഹിത് മേൻ ജാരി (Janhit Mein Jaari), ഛത്രിവാലി (Chhatriwali) തുടങ്ങിയ സിനിമകൾ കോൺട്രാസെപ്ഷൻ, കോണ്ടം, സെക്സ് എജ്യൂക്കേഷൻ എന്നിവയെ കഥയുടെ ഭാഗമാക്കിയിട്ടുണ്ട്.
കോണ്ടം പോലൊരു ഉൽപന്നം വിപണിയിൽ വിൽക്കപ്പെടുന്നുണ്ട്. ആളുകൾക്ക് അത് ലഭ്യമാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. എന്നിട്ടും അത് വാങ്ങുന്നതിൽ തന്നെ പലർക്കും മടിയുണ്ട്. കടയിൽ ചെന്ന് ചോദിക്കുന്നതിലെ നാണം, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഭയം, ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതിലുള്ള അസ്വസ്ഥത. ഉൽപന്നം വിപണിയിൽ ഉണ്ടായിരിക്കുമ്പോഴും അതിന്റെ ഉപയോഗത്തിനും വാങ്ങലിനും സാമൂഹികമായ തടസ്സങ്ങളുണ്ട്.
അത്തരം മടിയും നാണവും ഒരു സിനിമയിൽ നമ്മൾ കാണുമ്പോൾ അതുമായി എളുപ്പത്തിൽ കണക്റ്റാകാം. കാരണം അവിടെ പറയുന്നത് കോണ്ടത്തെക്കുറിച്ച് മാത്രമല്ല. നമ്മുടെ സ്വന്തം മടിയെക്കുറിച്ചുമാണ്.



ഒരു കോണ്ടം പരസ്യം നമ്മോട് “ഇത് ഉപയോഗിക്കൂ” എന്ന് പറയാം. പക്ഷേ, ഒരു സിനിമ അതിനേക്കാൾ അടിസ്ഥാനപരമായ മറ്റൊരു ചോദ്യം ചോദിച്ചേക്കാം:
ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും നമ്മൾ എന്തിനാണ് ഇത്ര മടിക്കുന്നത്?
ഒരു സിനിമ മാത്രം വന്ന് വിഷയം അവസാനിക്കുന്നില്ല. ഒരേ വിഷയം പല സിനിമകളിൽ ആവർത്തിച്ച് വരുമ്പോൾ, അത് പതിയെ ടാബൂവിൽ നിന്ന് കോൺവർസേഷനിലേക്ക് മാറുന്നു.
സ്വാഭാവികമെന്ന് കരുതിയ പല കാര്യങ്ങളെക്കുറിച്ചും നമ്മൾ ചിന്തിച്ചുതുടങ്ങും.
മലയാള സിനിമയിലെ മാറ്റം
മലയാള സിനിമയിൽ മുൻപൊക്കെ ഇത്തരം വിഷയങ്ങൾ പലപ്പോഴും തമാശയായി വന്നിട്ടുണ്ട്.
പുലിവാൽ കല്യാണം (Pulival Kalyanam), പുലിമുരുകൻ (Pulimurugan), ഉസ്താദ് ഹോട്ടൽ (Ustad Hotel) തുടങ്ങിയ സിനിമകളിൽ കുടുംബാസൂത്രണക്കുറവ്, തുടർച്ചയായ ഗർഭധാരണം, ആൺകുഞ്ഞിനായുള്ള ആഗ്രഹം, സ്ത്രീയുടെ ആരോഗ്യത്തെ അവഗണിക്കൽ തുടങ്ങിയ കാര്യങ്ങൾ തമാശയുടെയോ കുടുംബപശ്ചാത്തലത്തിന്റെയോ ഭാഗമായി വന്നിട്ടുണ്ട്.
അവിടെ പ്രശ്നം നമുക്ക് കാണാം. പക്ഷേ, പലപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാൻ സിനിമ നമ്മളോട് ആവശ്യപ്പെടുന്നില്ല; അതിന്മേൽ നമ്മൾ ചിരിക്കുകയാണ്.
ഇന്ന് സമീപനം പതിയെ മാറുന്നുണ്ട്. ഇല്ലേ? ഒരു സാമൂഹിക പ്രശ്നത്തെ വെറുതെ കാണിക്കുന്നതിനുപകരം അതിനെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ വ്യക്തമാക്കി തരുന്ന സിനിമകൾ കൂടുതൽ വരുന്നു.
മുൻപ് പറഞ്ഞ സാറാസ് (Sara’s) പോലുള്ള സിനിമകൾ റീപ്രൊഡക്റ്റീവ് ചോയ്സിനെ കുറിച്ച് നേരിട്ട് സംസാരിക്കുന്നു. കെട്ട്യോളാണ് എന്റെ മാലാഖ (Kettiyolaanu Ente Maalakha) വിവാഹത്തിനുള്ളിലെ സെക്സ് എജ്യൂക്കേഷൻ, കോൺസെന്റ്, കോൺട്രാസെപ്ഷൻ, സ്ത്രീയുടെ ആരോഗ്യവും മാനസികാവസ്ഥയും പോലുള്ള വിഷയങ്ങളെ കഥയുടെ ഭാഗമാക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും മാനസികാവസ്ഥകളെക്കുറിച്ച്, പേട്രിയാർക്കിയുടെ ഭീകരതയെക്കുറിച്ചുമെല്ലാം ഇങ്ങനെ വരുന്നുണ്ട്.
അതായത്, പ്രശ്നത്തെക്കുറിച്ച് സിനിമ കൃത്യതയോടെയും ലക്ഷ്യത്തോടെയും സംസാരിക്കുന്നതിലേക്കുള്ള ഒരു മാറ്റം.



സിനിമ തരുന്ന പിന്തുണ
ഇവിടെ സിനിമയുടെ ഏറ്റവും വലിയ ശക്തി ഒരുപക്ഷേ ആളുകളുടെ പെരുമാറ്റം ഉടൻ മാറ്റുന്നതിലല്ല. ഒരു വിഷയം സംസാരിക്കാൻ സാമൂഹിക അനുമതി നൽകുന്നതിലാണ്.
സിനിമ കണ്ടതിന് ശേഷം നമ്മൾ ആദ്യമായി ആ പ്രശ്നം അറിയണമെന്നില്ല. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനി അത്ര കുഴപ്പമില്ലെന്ന് തോന്നിയേക്കാം.
ആദ്യമായി പറയാം.
ആദ്യമായി ചോദിക്കാം.
ആദ്യമായി മറ്റൊരാളുടെ അനുഭവം മനസ്സിലാക്കാൻ ശ്രമിക്കാം.
“സിനിമ സമൂഹത്തെ മാറ്റുന്നുണ്ടോ?” എന്നതിലുപരി സമൂഹം നേരിട്ട് സംസാരിക്കാൻ മടിക്കുന്ന കാര്യങ്ങളെ സിനിമ എങ്ങനെയാണ് തുറന്ന് സംസാരിക്കാവുന്ന കാര്യങ്ങളാക്കി മാറ്റുന്നത് എന്നതാണ് ചോദ്യം.
ഒരുപക്ഷേ ചില കാര്യങ്ങൾ നമ്മൾ സിനിമയിൽ കണ്ടതിനുശേഷം മാത്രം സംസാരിക്കാൻ തുടങ്ങുന്നത്, അവയെ ആദ്യമായി കാണുന്നതുകൊണ്ടല്ല. അവയെക്കുറിച്ച് സംസാരിക്കുന്നത് ഇനി കുഴപ്പമില്ലെന്ന് തോന്നുന്നതുകൊണ്ടാകാം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: From Pulimurugan to the 300 Crore Club: The Unstoppable Rise of Malayalam Cinema | Malayalam cinema records | industry hit | Kerala box office | Pulimurugan | Mohanlal | 2018 movie | Manjummel Boys | 300 crore Malayalam movies | Mollywood | highest grossi