“ആൺകൊച്ചും പെങ്കൊച്ചും തമ്മിൽ വ്യത്യാസമുണ്ടോ അമ്മേ?“
“ഇല്ലല്ലോ കണ്ണാ… അങ്ങനെയൊരു വ്യത്യാസവും ഇല്ലല്ലോ?“
“ഞാൻ കമ്മലില്ലാതെ ട്രൗസറൊക്കെ ഇട്ടപ്പോൾ ആന്റി പറഞ്ഞല്ലോ ഞാൻ ആൺകുട്ടിയെ പോലെയാണെന്ന്.”
“ഈ ലോകത്ത് എല്ലാവരും ഏകദേശം ഒരുപോലെയാണ് കേട്ടോ. ഇനി ഇങ്ങനെ ആരെങ്കിലും എന്താ ട്രൗസറിടുന്നത്, എന്താ പൊട്ടില്ലാത്തത്, എന്താ മുടി വെട്ടിയത് എന്നൊക്കെ ചോദിച്ചാൽ അവരോട് തിരിച്ച് എന്താ ചോദിക്കേണ്ടതെന്ന് അറിയാമോ? ‘അയിന്?’ എന്ന് ചോദിക്കണം.“
ഇതൊരു അമ്മയും കുഞ്ഞും തമ്മിലുള്ള സംസാരമാണ്.
ഒരിക്കൽ എന്റെ ഒരു കസിൻകുട്ടി എന്നോടു പറയുവാണേ, ആളൊരു അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്, “ചേച്ചിയെന്താ ചേച്ചിയുടെ ഹസ്ബന്റിനെ പേര് വിളിക്കുന്നത്. Don’t you have respect?” എന്നൊക്കെ. അപ്പോൾ ഞാൻ തിരിച്ച്, “അല്ല ഏതെങ്കിലും ഭാര്യമാരെ ബഹുമാനം കാരണം ഭർത്താക്കന്മാര് ചേച്ചി എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ടോ?” എന്ന് തിരിച്ചു ചോദിച്ചു.
കുട്ടി ശരിക്കും കൺഫ്യൂസ്ഡ് ആയി, ‘ശ്ശേ! ഇതെന്തുവർത്തമാനമാണ് ഇവരു പറയുന്നതെന്ന’ ഭാവത്തിൽ അവനെന്നെയിങ്ങനെ നോക്കി. ശരിക്കും ആ അമ്പരപ്പ് എനിക്ക് ഇഷ്ടപ്പെട്ടു. കാരണം അങ്ങനെയുള്ള ചില ‘അമ്പരപ്പുകൾ’ ഇടയ്ക്കൊക്കെ നേരിടുന്നത് നല്ലതാണ്. നല്ല സാമൂഹ്യ നിര്‍മിതിക്ക് അത് സഹായിക്കും അല്ലേ ?
കുട്ടികൾ അതൊക്കെയല്ലേ കേട്ടു വളരുന്നത്. അതുകൊണ്ടാ അവരങ്ങനെയായി പോകുന്നത് എന്നൊക്കെയുള്ള എക്സ്ക്യൂസുകൾ വളരെ സുലഭമായി നമ്മുടെ നാട്ടിൽ പ്രചരിക്കുന്നത് അങ്ങനെയുടെ വളർച്ചയുടെ പല ഘട്ടങ്ങളിൽ നമ്മളത് കേൾക്കും കാണും ചിലപ്പോൾ അനുഭവിക്കും. പക്ഷേ, അതിലൊക്കെ നമുക്കു പറ്റുന്നതുപോലെ ചില ഇൻഫ്ലുവൻസ് വളർന്നു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയാൽ അതൊരു വലിയ കാര്യമാണ്. അത് ഒരാളെന്നല്ല എല്ലാവരും ഏറ്റെടുത്ത് സ്വമേധയാ ചെയ്യേണ്ട കാര്യാന്നാ തോന്നുന്നത്.

ഈ ആൺകുട്ടി–പെൺകുട്ടി ഉള്ള വീടുകൾ ശ്രദ്ധിച്ചിട്ടില്ലേ അവിടെ പെൺകുട്ടികളുടെ മേൽ ഒരു വല്ലാത്ത രക്ഷാകർത്തൃമനോഭാവം ഒക്കെയുണ്ടാവും. കുറച്ചു പ്രായത്തിനു വ്യത്യാസമുള്ള മുതിർന്ന ആൺകുട്ടിയായാലും, ‘ഞാൻ ആങ്ങളയാണല്ലോ എനിക്ക് ഇവളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഞാനല്ലേ അവളുടെ കാര്യങ്ങൾ നോക്കേണ്ടത്. അവളങ്ങോട്ടു തിരിഞ്ഞാൽ ഞാൻ നോക്കണം, അവളിങ്ങോട്ടു തിരിഞ്ഞാൽ ഞാൻ നോക്കണം. ചില ചില്ലറ കാര്യങ്ങൾ ആൺകുട്ടികളുടെ മനസ്സിലുണ്ട്.
അതുപോലെ തന്നെ, ‘അവൻ നിന്റെ ഏട്ടനല്ലേ? അവൻ ആൺകുട്ടിയല്ലേ? നിന്റെ അനിയനല്ലേ? അവനായിരിക്കും നിന്നെ പ്രൊട്ടക്റ്റ് ചെയ്യേണ്ട ആള്’ എന്നൊരു കാര്യം ഈ പെൺകുട്ടിയുടെ മനസ്സിലുമുണ്ട്.
പണ്ടെങ്ങാണ്ട് മനുസ്മൃതിയിൽ പറഞ്ഞതുപോലെ- “ചെറുപ്പത്തിൽ അച്ഛൻ നോക്കും. കുറച്ചു കഴിയുമ്പോൾ ആങ്ങള നോക്കും. അതുകഴിഞ്ഞ് ഭർത്താവ്, അതുകഴിഞ്ഞ് മകൻ നോക്കും”, എന്നുള്ള ഒരു ടിപ്പിക്കൽ തിയറിയുണ്ടല്ലോ. ആ സാധനത്തിനെ ഒറ്റ ഉന്തിന് അപ്പുറത്തേക്ക് തള്ളിയിടണം. അതല്ലാതെ വേറൊരു മാർഗവും നമ്മൾ ഇവിടുന്ന് പുരോഗമിക്കാൻ ഇല്ല എന്നാണ് തോന്നുന്നത്.
അങ്ങനെ ഏതെങ്കിലും ഒരു കാലത്ത് ഏതെങ്കിലും സൂപ്പർമാൻ നമ്മളെ സഹായിക്കാൻ വരുമെന്ന് വച്ച് നോക്കിയിരുന്നാൽ ഒരുകാലത്തും ഒരു മനുഷ്യകുലവും മുന്നോട്ടു പോകില്ല. ആൺകുട്ടികളോട് നീയെന്താ പെൺകുട്ടികളെപ്പോലെ കരയുന്നതെന്ന് ചോദിക്കുന്ന വീടുകൾ ഇപ്പോഴുമുണ്ടെന്നേ. അതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴുമാണ്, “ശ്ശോ! ഒരിഞ്ച് അങ്ങോട്ടുമിങ്ങോട്ടും ഈ സമൂഹം നീങ്ങിയിട്ടില്ലല്ലോ” എന്ന് തോന്നുക.

കരയുന്ന കാര്യത്തിൽ മാത്രമല്ല. ഡ്രസ്സിന്റെ കാര്യത്തിലും ഉണ്ട്. ഒരു കുഞ്ഞുവാവ ജനിക്കുമ്പോൾ തന്നെ പെൺകുട്ടിയാണെങ്കില്‍ പിങ്ക് കളർ സാധനങ്ങൾ വാങ്ങുന്നു ആൺകുട്ടിയാണെങ്കിൽ ബ്ലൂ കളർ സാധനങ്ങൾ വാങ്ങുന്നു. എന്തുകാര്യത്തിനാ? ഒന്നാമത്, ഇങ്ങനെ കളറൊക്കെ വച്ച് കാര്യങ്ങൾ നിർണയിക്കാനും തീരുമാനിക്കാനും പറ്റുമോ? ഓരോ മനുഷ്യന്മാർക്കും ഓരോ കളറിനോടും ഇഷ്ടമുണ്ടാകും. അതിനെയൊക്കെ വ്യക്തിസ്വാതന്ത്ര്യമായി കാണാൻ എന്നാണ് നമ്മൾ പഠിക്യാ!
ഇതിനേക്കാൾ അപകടമുള്ള വേറൊരു മേഖലയാണ് സ്കൂളുകൾ. സ്കൂളുകളിൽ പെൺകുട്ടികൾക്കു മാത്രമായി കിട്ടുന്ന ചില അച്ചടക്ക റൂളുകളും റെഗുലേഷനുകളുമുണ്ട്. ഇതൊന്നും ആൺകുട്ടികൾക്കു കിട്ടാറില്ല. പറയുമ്പോൾ പറയും, ‘ആൺകുട്ടികളും പെൺകുട്ടികളെപോലെ തന്നെ വളരെയധികം അടിച്ചമർത്തലും പീഡനങ്ങളും ഏറ്റുവാങ്ങുന്ന കാലമാണിത്’ എന്നൊക്കെ പക്ഷേ, എല്ലാവരും പെൺകുട്ടിയാണ് തൊട്ടാൽ പൊട്ടിപ്പോകുന്ന പളുങ്കു മുത്താണെന്നു പറഞ്ഞ് മാറ്റി നിർത്തും. സത്യത്തിൽ അത് മാറ്റിനിർത്തൽ അല്ല. അത് പൂട്ടിയിടലാണെന്ന് കാര്യമായി നമ്മൾ ആലോചിക്കേണ്ടതുണ്ട്.
ഫെമിനിസ്റ്റ് തിയറികളിലൊക്കെ ഭംഗിയായി നീട്ടി വലിച്ച് എഴുതിവച്ചിട്ടുണ്ട്. പക്ഷേ, എഴുതിവയ്ക്കുന്നതെല്ലാം നമ്മൾ അതേപോലെ മനസ്സിലേക്കെടുക്കണമെന്നല്ല. എഴുതിവച്ചതെല്ലാം വായിച്ച്, പറഞ്ഞുകേട്ടതെല്ലാം അറിഞ്ഞ് എന്തെങ്കിലുമൊരു ചെറിയ പോയിന്റ് നമ്മൾ മനസ്സിലേക്കെടുക്കണ്ടേ? മനസ്സിലേക്കെടുത്താൽ മാത്രം പോരാ. അത് പ്രാവർത്തികമാക്കുകയും വേണ്ടേ?
ഇൻസ്റ്റാഗ്രാമിൽ കുറേ റീൽസ് ചെയ്തു പോകുന്നൊരു ഓഡിയോ ഉണ്ട്- “To my future daughter in law, thank me later.” കേട്ടിട്ടുണ്ടോ അത്. വീട്ടിലെ ആൺകുട്ടികളെക്കൊണ്ട് വീട്ടിലെ ചില്ലറ ജോലികളൊക്കെ ചെയ്യിക്കുന്നു. എന്നിട്ട് പറയുവാണ് ഭാവിയിലെ എന്റെ മരമകളെ എന്നോട് താങ്ക്സ് പിന്നെ പറഞ്ഞാൽ മതി കേട്ടോ. ഞാൻ ഈ കുട്ടിയെ ഇങ്ങനെ ഭംഗിയായി വളർത്തിയെടുക്കുന്നുണ്ട്. ആ വിഡിയോ ശ്രദ്ധിച്ചാൽ അറിയാം. അധികവും ചെയ്തിരിക്കുന്നത് അമ്മമാരാണ്. എന്തുകൊണ്ടാണ് അച്ഛൻമാര് വിഡിയോ ചെയ്യാത്തത്? എന്തുകൊണ്ടാണത് ആലോചിക്കാത്തത്? അതാ ഈ പറഞ്ഞ വ്യത്യാസം.
ആ വ്യത്യാസങ്ങളൊക്കെ കാറ്റിൽ പറന്നുപോയി. ഇവിടെ എല്ലാവരും ഒരുപോലെ സന്തോഷമായി മഴ നനഞ്ഞു നടക്കുന്ന ഒരു സീൻ ആലോചിച്ചു നോക്കൂ. എന്തിന് അതിന്റെയൊന്നും ആവശ്യമില്ല. എല്ലാ ആളുകൾക്കും അവരുടേതായ ഉത്തരവാദിത്തങ്ങളും കുറവുകളും കൂടുതലും ഒക്കെയുണ്ട്. അതൊക്കെ കണ്ടറിഞ്ഞ് ഒതുങ്ങിയൊക്കെ ജീവിച്ചാൽ ഭാവിയിലേക്ക് കൊള്ളാം എന്നു പറയുന്ന ആളുകളോട്, “അയിന്?” എന്ന് തിരിച്ചു ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഫെമിനിസം: മറുനാടുകളിലല്ല പുസ്തകങ്ങളിലല്ല, നമ്മുടെ ചുറ്റുമുണ്ട് | Everyday Gender Equality | Feminism | Gender Roles | Love, Lust and Beyond |
Pingback: സ്ത്രീകളുടെ വസ്ത്രത്തെ കുറ്റപ്പെടുത്തി അതിക്രമത്തെ ന്യായീകരിക്കുന്നത് എന്തുകൊണ്ട്? | Why Victim Blaming