“എടോ, ഞാനൊരു ചോദ്യം ചോദിക്കട്ടേ?”
“താന് ചോദിക്കെടോ…”
“യഥാർത്ഥത്തിൽ നമ്മുടെ ദിവസേനയുള്ള ജീവിതത്തിൽ എവിടെയാണ് ഫെമിനിസം? How is feminism present in our everyday life?”
“മികച്ചൊരു ചോദ്യമാണത്. ഫസ്റ്റ്… ഫെമിനിസം പോസ്റ്ററിലോ, വാക്കുകളിലോ, ഡിബേറ്റുകളിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. അത് നമ്മൾ പോലും പലപ്പോഴും ശ്രദ്ധിക്കാതെ എടുക്കുന്ന ചില ചെറിയ തീരുമാനങ്ങളില് വരാറുണ്ട്. ചിലത് നമ്മള് മനപൂർവ്വം ശ്രദ്ധിച്ച് ചെയ്യേണ്ടിയും വരാറുണ്ട്”
“ഉദാഹരണത്തിന്?”

“താൻ ചിലപ്പോൾ കേട്ടിട്ടുണ്ടാകും… ഒരു ജോലി ചെയ്യേണ്ടി വരുമ്പോൾ ‘ഇത് സ്ത്രീകൾ മാത്രം ചെയ്യേണ്ടതല്ലേ?’ ‘ഇത് പുരുഷന്മാർ ചെയ്യേണ്ടതല്ലേ?’ എന്ന ആ ചിന്തയെ ചോദ്യം ചെയ്യുന്നത്, ഓഫീസുകളിൽ ജെൻഡർ ബയസ് ഇല്ലാതെ സംസാരിക്കാൻ സ്പേസ് നൽകുന്നത്, ഒരു സെക്സിസ്റ്റ് ജോക്ക് വന്നാൽ അതിനെ ചിരിച്ച് പ്രോത്സാഹിപ്പിക്കാതെ തിരുത്തുന്നത്, പുരുഷന്മാരോട് ‘നീ സഹിക്കണം’, ‘നീ ആൺകുട്ടിയല്ലേ’ എന്ന് പറഞ്ഞ് നോർമലൈസ് ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യുന്നത്, വ്യക്തികളുടെ തിരഞ്ഞെടുപ്പുകളോ അവരുടെ അവസരങ്ങളോ ജെൻഡറിന്റെ പേരിൽ ലിമിറ്റ് ചെയ്യുന്നതിനെ എതിർക്കുന്നത്…. അങ്ങനെയങ്ങനെ. തുല്യതയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങൾക്ക് മൂല്യം നൽകുമ്പോൾ.
ഇത് എല്ലാവർക്കും യഥാർത്ഥത്തിൽ വലിയ പ്രതിഷേധമല്ല പക്ഷേ ഒരു പ്രാക്ടീസാണ്. എന്നിരുന്നാലും ഇത് നടപ്പാക്കാൻ ചിലർക്കെങ്കിലും വാദിക്കേണ്ടി വരാറുണ്ട് എന്നത് നിലനിൽക്കുന്ന ഒരു അവസ്ഥയാണ്.”
“മ്മ്… അതേ. അങ്ങനെ ശീലമുണ്ടായി വരേണ്ടതാണ്. അപ്പോൾ, ട്രാൻസ് വ്യക്തികളുടെ കാര്യമോ?”

“ഫെമിനിസം സ്ത്രീകളുടേത് മാത്രമല്ല. എല്ലാ ജെൻഡറുകളോടും എന്നു പറയുമ്പോൾ ട്രാൻസ് വ്യക്തികളും ഇതിൽ ഉൾപ്പെടുന്നുണ്ടല്ലോ! അവരെ വേറിട്ടൊരു വിഷയം ആയി കാണേണ്ടതില്ല. എങ്കിലും സിംപിളായി പറഞ്ഞാൽ, സമൂഹത്തിൽ ട്രാൻസ് വിഭാഗം നടത്തുന്ന വിശാലമായ പോരാട്ടത്തിന്റെ ഭാഗമായി ജെൻഡർ റെക്കഗ്നിഷനും അവകാശങ്ങൾക്കും വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ കാണുന്ന ട്രാൻസ്-ഇൻക്ലൂസീവ് ഫെമിനിസത്തിലൂടെയാണ് ട്രാൻസ്ജെൻഡർ ആളുകളെ ഫെമിനിസത്തിൽ ഉൾപ്പെടുത്തുന്നത്.
ഇത്തരം കാര്യങ്ങളിൽ എപ്പോഴും ഫെമിനിസത്തെക്കുറിച്ച് ഇതുപോലെ സംസാരിക്കുക മാത്രം പോര… ഓരോരുത്തരെയും കേൾക്കണം. അനുഭവങ്ങളും അവർ ബാക്കിയാക്കുന്ന അടയാളങ്ങളും മനസ്സിലാക്കി അംഗീകരിക്കണം.”
“ഓ… ഫെമിനിസം എല്ലായപ്പോഴും വലിയ പ്രതിഷേധം പോലുള്ളൊരു കാര്യമായിരിക്കണമെന്നില്ലല്ലേ?”

“ഇല്ല. പലപ്പോഴും വളരെ ചെറിയതായിരിക്കും. ചെറിയ കാര്യങ്ങൾക്കു വലിയ മാറ്റങ്ങൾ സാധ്യമാണ്. പിന്നെ ഇതിൽ വ്യക്തികൾക്കുള്ള പങ്കുപോലെ തന്നെ സമൂഹത്തിൽ കൊണ്ടുവരുന്ന നയങ്ങൾക്കും റോൾ ഉണ്ട്. ജെൻഡർ നോമ്സിനെ ചാലഞ്ച് ചെയ്യേണ്ടി വരും. പലപ്പോഴും ശബ്ദമുയർത്തേണ്ടിയും വരും.
അതുകൊണ്ടുതന്നെയാണ് ചില നയങ്ങൾ ചർച്ചയാകുന്നത്.”
“ഉഫ്… അങ്ങനെയെങ്കിൽ, തുല്യത പറയുമ്പോൾ എന്തുകൊണ്ടാണ് സ്ത്രീകൾക്കു മാത്രം ബസ്സുകളിലും ട്രെയിനിലുമെല്ലാം റിസർവേഷനും പ്രത്യേക കംപാർട്ട്മെന്റും നൽകുന്നു?”
“അവിടെയാണ് സമൂഹത്തിലെ ഓരോ ജെൻഡറും നിലനിൽക്കുന്ന സാഹചര്യങ്ങളെയും ‘ഇക്വിറ്റി’ എന്ന ആശയത്തെയും നമ്മൾ ഇനിയും പഠിക്കേണ്ടത്. പൊതുവെ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമങ്ങളും സ്ത്രീകൾ നേരിടുന്ന സുരക്ഷാ ഭീഷണികളും സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കൂടുതലാണ്. ജീവിക്കുന്ന സാഹചര്യം ഒരുപോലെയല്ലെങ്കിൽ ഒരേ നിയമം എല്ലാർക്കും നൽകുന്നത് മാത്രം മതിയാകില്ല. അതുകൊണ്ട് മാത്രം തുല്യത ഉണ്ടാകില്ല. തുല്യത നടപ്പാക്കുമ്പോഴും എല്ലാവർക്കും ഒരേ അവസരം ലഭിക്കാൻ ആവശ്യമായ പിന്തുണ നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ കരുത്തും പ്രിവിലേജുമുണ്ടായിരുന്നവർ അങ്ങനെ തന്നെ മുന്നോട്ടുപോവുകയും സാമൂഹിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെ പോവുകയും ചെയ്യും.”

“എന്നുവെച്ച് മറ്റു ജെൻഡറുകൾ പ്രശ്നങ്ങൾ നേരിടുന്നില്ല എന്നാണോ?”
“അങ്ങനെയല്ല, പക്ഷേ സ്ത്രീകൾ നേരിടുന്ന ചില പ്രത്യേക സ്വഭാവമുള്ള അതിക്രമങ്ങൾ ഏറെയാണെന്നത് ഒരു സാമൂഹിക യാഥാർത്ഥ്യമാണ്.
ഇതൊരു കറക്റ്റീവ് മെഷർ ആണ്. അതിനാൽ തന്നെ റിസർവേഷനെ ഒരു സ്ഥിര സംവിധാനമായി കാണേണ്ടതോ പരിഭവപ്പെടേണ്ടതോ ഇല്ല. ഒരു വിഭാഗത്തിന് സുരക്ഷ കുറവാണെങ്കിൽ അത് തുല്യപ്പെടുത്താൻ അവർക്കു പ്രത്യേക പിന്തുണ നൽകുന്നത് തുല്യതാ വിരുദ്ധമല്ല തുല്യതയിലെത്താനുള്ള വഴിയാണ്.”
“അത്… ദാറ്റ് മേക്സ് സെൻസ്.”
“ഇല്ലേ.. അത്രേ ഉള്ളു! പിന്നെ, എന്തു കാര്യത്തിലാണെങ്കിലും കൺസിസ്റ്റൻസി വേണം. തനിക്ക് വേണ്ടപ്പോൾ മാത്രം അല്ല. തനിക്ക് അസൗകര്യമാകുമ്പോഴും മിണ്ടാതെ പോകാൻ എളുപ്പമുള്ളിടത്തും നീതി തിരഞ്ഞെടുക്കുക എന്നതുകൂടെയുണ്ട്.”
“അത്… കഷ്ടമാണ്.”
അയാൾ പതുക്കെ പറഞ്ഞു ചിരിച്ചു.

“എളുപ്പമല്ല. ചിലപ്പോൾ ഇതുകൊണ്ട് ആളുകൾ തന്നെ ‘ഓവർ’, ‘ഡ്രാമാറ്റിക്’… എന്തിന്… ഫെമിനിസ്റ്റ്’ എന്നൊക്കെ കളിയാക്കി വിളിക്കും. പക്ഷേ, ജസ്ററിസിന് നിൽക്കുമ്പോൾ എല്ലായ്പ്പോഴും കംഫർട്ടബിൾ ആയിരിക്കണമെന്നില്ല. ആൻഡ് അൾട്ടിമേറ്റ്ലി ‘be good to others‘.”
“അപ്പോൾ… ഫെമിനിസം നാം ദിവസേന ജീവിക്കുന്ന രീതികൂടിയാണ്. അല്ലേ!?”
“അതെ… ഫെമിനിസം താൻ ആരാണെന്ന് പറയുന്നതല്ല താൻ എങ്ങനെ ജീവിക്കുന്നു എന്നതുമാണ്. എല്ലാവർക്കുമായി ഇന്നും വളരുന്ന ഒരു ആശയവും ചിന്തയും ശീലവും! അതുകൊണ്ടുതന്നെ ഫെമിനിസം നിലവിൽ അവസാനിക്കുന്ന ആശയവുമല്ല. മനസ്സിലായോ?”
“യെസ്…….!”





