നമ്മുടെ ഫോണുകൾ എപ്പോഴും നോട്ടിഫിക്കേഷനുകൾ കൊണ്ടും ജോലിയുടെ സമ്മർദ്ദങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. വിരസത മാറ്റാൻ ചിലരെങ്കിലും Candy Crush അല്ലെങ്കിൽ Quadrapop പോലുള്ള ഗെയിമുകളെ ഒക്കെ ആശ്രയിക്കാറുണ്ട്. എന്നാൽ, ഇവ കളിക്കുമ്പോഴും ലെവലുകൾ പൂർത്തിയാക്കാനുള്ള തിടുക്കവും സമയം തീർന്നുപോകുമോയെന്ന പേടിയും ഉള്ളിൽ രൂപപ്പെടുന്നു.
ഇവിടെയാണ് ‘കോസി ഗെയിമുകൾ’ (Cozy Games) വ്യത്യസ്തമാകുന്നത്. ഇതിൽ കഠിനമായ വെല്ലുവിളികളോ, വേഗതയോ, അക്രമങ്ങളോ ഇല്ല, ശത്രുക്കളില്ല, തോൽവിയില്ല, സമയപരിധിയുമില്ല. പകരം മനസ്സിന് റിലാക്സേഷൻ നൽകുന്ന സംഗീതവും മനോഹരമായ ദൃശ്യങ്ങളും മാത്രം.
ഇവ നമ്മുടെ സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് സമാധാനം നൽകാനും പാകത്തിന് രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. കൃഷി ചെയ്യുക, മുറികൾ അലങ്കരിക്കുക, ഭക്ഷണം പാകം ചെയ്യുക, ഒരുങ്ങുക, പൂച്ചകളെ പരിപാലിക്കുക എന്നിങ്ങനെയുള്ള ലളിതമായ കാര്യങ്ങളാണ് ഇതിൽ ചെയ്യാനുണ്ടാകുക. ഇവ നൽകുന്ന പോസിറ്റീവ് ഊർജ്ജം കാരണം ഇതിനെ പലപ്പോഴും “ഹോൾസം ഗെയിംസ്” (Wholesome Games) എന്നും വിളിക്കാറുണ്ട്.

ഗെയിമിംഗ് എന്നാൽ കഠിനമായി പോരാടുന്നവരുടെ ലോകമാണെന്ന ധാരണ മാറിക്കഴിഞ്ഞു. 2020ലെ ലോക്ക്ഡൗൺ കാലത്താണ് കോസി ഗെയിമുകൾക്ക് ലോകമെമ്പാടും വലിയ പ്രചാരം ലഭിച്ചത്. സ്ട്രെസ് കുറയ്ക്കാൻ ഡോക്ടർമാർ പോലും ഇത്തരം ഗെയിമുകൾ നിർദ്ദേശിക്കാറുണ്ട്.
ഇന്ന് വിഡിയോ ഗെയിം വ്യവസായത്തിലെ ഏറ്റവും ലാഭകരമായ ഒരു വിഭാഗമാണ് കോസി ഗെയിമുകളുടേത്. ഈ വിഭാഗത്തിലുള്ള ഗെയിമുകൾ കളിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നിങ്ങളുടെ തിരക്കേറിയ ദിവസത്തിന് ശേഷം റിലാക്സ് ചെയ്യാൻ സഹായിക്കുന്ന ചില കോസി ഗെയിമുകൾ പരിചയപ്പെടാം.

പൂച്ചപ്രേമികൾക്കായി: Neko Atsume
നിങ്ങളുടെ ഡിജിറ്റൽ മുറ്റത്ത് പൂച്ചകളെ അതിഥികളായി വരാൻ ക്ഷണിക്കുന്ന ഗെയിമാണിത്. അവർക്കായി ഭക്ഷണവും കളിപ്പാട്ടങ്ങളും ഒരുക്കി വെക്കുക. നിങ്ങൾ ഫോൺ ഓഫ് ചെയ്ത് വെച്ചാലും പൂച്ചകൾ വരികയും പോവുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും ഗെയിം തുറക്കുമ്പോൾ അവർ തന്നിട്ടു പോകുന്ന സമ്മാനങ്ങൾ കാണുന്നത് വലിയൊരു സന്തോഷമാണ്.
പഴയവയെ പുതുക്കാം: Assemble with Care
പൊട്ടിയ പഴയ വാച്ചുകൾ, ക്യാമറകൾ, മ്യൂസിക് പ്ലെയറുകൾ എന്നിവ നന്നാക്കിയെടുക്കുന്ന ഒരു റിപ്പയർ മാന്ത്രികനാകാം ഇതിൽ. ഓരോ ഭാഗങ്ങളും അഴിച്ച് വൃത്തിയാക്കി തിരികെ വെക്കുമ്പോൾ ലഭിക്കുന്ന ആ സംതൃപ്തി (Satisfaction) വിവരിക്കാനാവാത്തതാണ്.


പുസ്തകങ്ങളുടെ ഗ്രാമം: Tiny Bookshop
ഒരു ചെറിയ വാനിൽ പുസ്തകങ്ങളുമായി യാത്ര ചെയ്യുന്ന അനുഭവം സങ്കൽപ്പിച്ചു നോക്കൂ. മനോഹരമായ സ്ഥലങ്ങളിൽ വാൻ നിർത്തി വായനക്കാർക്ക് പുസ്തകങ്ങൾ നൽകാം. പുസ്തകപ്രേമികൾക്ക് ഇത് മനോഹരമായൊരു യാത്രയായിരിക്കും.
ഏകാഗ്രത വർദ്ധിപ്പിക്കാൻ: Focus Quest
പഠിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഫോൺ തൊടാതിരിക്കാൻ സഹായിക്കുന്ന ഒരു ഗെയിമാണിത്. നിങ്ങൾ ഫോൺ ഉപയോഗിക്കാതിരിക്കുന്ന സമയം ഗെയിമിലെ നിങ്ങളുടെ കഥാപാത്രത്തിന് കരുത്ത് നൽകും. ഗെയിമിംഗും പ്രൊഡക്റ്റിവിറ്റിയും ഒരേപോലെ കൊണ്ടുപോകാം.


സ്വന്തം മുറി ഡിസൈൻ ചെയ്യാം: Dreamy Room
നമുക്ക് ഇഷ്ടമുള്ള രീതിയിൽ ഒരു മുറി അലങ്കരിക്കാൻ കഴിഞ്ഞാലോ? വെളിച്ചവും ഫർണിച്ചറുകളും ചെടികളും ഒക്കെ അടുക്കി വെച്ച് നിങ്ങളുടെ സ്വപ്നലോകം ഇതിൽ നിർമ്മിക്കാം.
പസിലുകളും ക്വിസ്സുകളും: Sporcle & Memory Toys
തലച്ചോറിന് അല്പം വ്യായാമം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഇവ. ലോകവിവരങ്ങൾ മുതൽ ഓർമ്മശക്തി പരിശോധിക്കുന്ന ഗെയിമുകൾ വരെ ഇതിൽ ഉൾപ്പെടുന്നു.

എന്തുകൊണ്ട് ഇവ Candy Crush-ൽ നിന്നും വ്യത്യസ്തമാകുന്നു?
Candy Crush പോലുള്ള ഗെയിമുകൾ ‘Addictive’ ആണ്; ഓരോ ലെവലും വേഗത്തിൽ തീർക്കാനുള്ള സമ്മർദ്ദം അവ നൽകുന്നു. എന്നാൽ, കോസി ഗെയിമുകൾ ‘Mindful’ ആണ്. അവ നിങ്ങളെ ഓടാൻ പ്രേരിപ്പിക്കുന്നില്ല, മറിച്ച് ശാന്തമായി ഒരിടത്ത് ഇരിക്കാൻ സഹായിക്കുന്നു.
മറ്റ് ചില രസകരമായ ഗെയിമുകൾ കൂടി:

Itch.io:
പുതിയ തരം പരീക്ഷണ ഗെയിമുകൾ സൗജന്യമായി കളിക്കാൻ പറ്റിയ ഒരിടം.
Townscaper:
കടലിന് നടുവിൽ കളർഫുൾ വീടുകൾ നിർമ്മിക്കാം.
Sir Kadean Side Quest:
ലളിതമായ കഥാസന്ദർഭങ്ങളിലൂടെ നീങ്ങുന്ന രസകരമായ ഗെയിം.
മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഭൂരിഭാഗവും സൗജന്യ ഗെയിമുകളാണ്. എന്നാൽ, Assemble with Care, Tiny Bookshop പോലുള്ളവയുടെ മുഴുവൻ ഭാഗങ്ങളും ആസ്വദിക്കാൻ ചെറിയൊരു തുക നൽകേണ്ടി വന്നേക്കാം. ഓരോ ഗെയിമിന്റെയും ഇൻസ്റ്റോൾ ബട്ടണിന് താഴെ ‘In-app purchases’ ഉണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഈ തിരക്കുപിടിച്ച ലോകത്ത് നമുക്ക് സമാധാനമായി ശ്വസിക്കാന് കഴിയുന്ന ഒരിടം കൂടിയാണ് ഗെയിമിംഗിന്റേത്. നിങ്ങളുടെ മൂഡിന് അനുസരിച്ച് ഇതിൽ ഏതെങ്കിലും ഒന്ന് ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ!
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: സിനിമയേക്കാൾ അടിപൊളി! അൺപ്രഡിക്റ്റബിൾ എൻഡിങ്ങുമായി 6 ഇന്ററാക്ടീവ് ഗെയിമുകൾ - Ivide LIVE
Pingback: Explore Exciting Games And Puzzles On News Websites | News Website Games | Gamification | Digital Puzzles & Reader Engagement | Gameverse | Ivide Live