മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് നമ്മുടെ കെഎസ്ആർടിസി. പരാതികളും പരാധീനതകളുമുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ കെഎസ്ആർടിസി പോലെ മലയാളികളെ സഹായിക്കുന്ന മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയിച്ചുപോകും. അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരോടോ പഠിക്കുന്നവരോടോ ചോദിച്ചാലറിയാം കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ ഉപകാരം എത്രത്തോളമുണ്ടെന്ന്.
1965 കാലത്ത്, കെഎസ്ആർടിസി ആരംഭിച്ചത് മുതൽ മലയാളികൾ ഈ സേവനത്തോട് കടപ്പെട്ടിരിക്കുന്നതുകൊണ്ടാകണം മലയാളത്തിൽ നിന്ന് ആദ്യമായൊരു റോഡ് മൂവി ഉണ്ടായപ്പോൾ അതിലെ മുഖ്യ കഥാപാത്രം ഒരു കെഎസ്ആർടിസി ബസ് ആയത്. പിന്നീട് നിയോഗം പോലെ ഇതേ സിനിമ കെഎസ്ആർടിസിയുടെ ഐഡന്റിറ്റിക്ക് തുണയായത് ചരിത്രത്തിന്റെ ഭാഗമാണ്.
തിരുവനന്തപുരം പാപ്പനംകോട് ഒരുങ്ങുന്ന കെഎസ്‌ആർടിസി മ്യൂസിയത്തിൽ കണ്ണൂർ ഡീലക്സിന്റെ മാതൃക ഒരുങ്ങുന്നു എന്ന വാർത്ത കേട്ട സിനിമ പ്രേമികളുടെയും ആനവണ്ടി പ്രേമികളുടെയും മനസ്സിൽ ഒരുപോലെ ഒരു സിനിമയുടെ റീൽ കറങ്ങിയോടിയിട്ടുണ്ടാകണം. അതെ, കേരളത്തിന് കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് അവകാശമായി പതിച്ചു കൊടുക്കുന്നതിൽ സുപ്രധാന തെളിവായ മലയാളം സിനിമ ‘കണ്ണൂർ ഡീലക്സ്’. കെഎസ്ആർടിസി എന്ന ചുരുക്കപ്പേരിനു മേൽ കേരളവും കർണാടകയും തർക്കമായപ്പോൾ കോടതിയിൽ സാക്ഷി പറഞ്ഞത് ‘കണ്ണൂർ ഡീലക്സ്’ എന്ന സിനിമയാണ്.

സിനിമയിലേക്ക്:
പ്രേം നസീറിനെയും ഷീലയെയും പ്രധാന കഥാപാത്രങ്ങളാക്കി എ.ബി രാജ് 1969ൽ പുറത്തിറക്കിയ ചിത്രമാണ് ‘കണ്ണൂർ ഡീലക്സ്’. കേരളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണിത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് 50,000 രൂപ പണം അടങ്ങിയ ബാഗുമായി കണ്ണൂർ ഡീലക്സ് ബസ്സിൽ യാത്ര ചെയ്യുന്ന ജയശ്രീ (ഷീല), യാത്രയിലുടനീളം തരണം ചെയ്യേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത് കണ്ണൂർ ഡീലക്സ് ബസ്സിൽ വെച്ചാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് ഈ ബസ്സിലാണ്. ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങൾ വികാസം പ്രാപിക്കുന്നതും ഈ ബസ്സിൽ തന്നെയാണ്.
പേരുകേട്ട പട്ടണങ്ങളുടെ പഴയകാല ദൃശ്യഭംഗിയിലേക്കും കേരളത്തിലെ പഴയകാല റോഡുകളുടെ കാഴ്ചകളിലേക്കും ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഒരു റോഡ് മൂവിക്ക് വേണ്ട ചേരുവകൾ എന്തൊക്കെയെന്നതിന് പിൽക്കാലത്തെ സംവിധായകർക്ക് ഐഡിയ നൽകിയത് കണ്ണൂർ ഡീലക്സ് ആയിരിക്കണം. കണ്ണൂർ ഡീലക്സ് സിനിമ കണ്ടതിനു ശേഷം സമാന സ്വഭാവമുള്ള പുതിയ മലയാളം സിനിമകൾ കണ്ടുനോക്കൂ! ഗൗരവമുള്ള കഥാതന്തു മുന്നോട്ടുകൊണ്ടുപോകുമ്പോഴും നർമ മുഹൂർത്തങ്ങൾക്കുള്ള സാധ്യതയും സിനിമ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. കടുത്ത സംഘട്ടന രംഗങ്ങളിലൂടെ കഥാന്ത്യത്തിലേക്ക് കടക്കുന്ന ‘കണ്ണൂർ ഡീലക്സ്’ ഗംഭീര ട്വിസ്റ്റുകളോടെയാണ് അതിന്റെ പരിസമാപ്തിയിലെത്തുന്നത്.
പേരിനെ ചൊല്ലി കേരള കർണാടക പോര്:
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ എന്നതിന്റെ ചുരുക്കപ്പേരായാണ് കേരളം കെഎസ്ആർടിസി എന്ന് ഉപയോഗിക്കുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപറേഷൻ എന്ന പേരിൽ കന്നടിഗരും ഇത് ഉപയോഗിക്കുന്നു. 1965 കാലഘട്ടത്തിലാണ് കേരള എസ്ആർടിസി ആരംഭിക്കുന്നത്. എന്നാലിത് തെളിയിക്കുന്ന കാര്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കർണാടകയാകട്ടെ 1970 കാലത്താണ് കർണാടക എസ്ആർടിസി സർവീസ് തുടങ്ങുന്നത്. കെഎസ്ആർടിസിയിലും കെഎസ്ആർടിസിയിലും യാത്രാസുഗത്തിന് പ്രത്യേകിച്ച് ഭംഗമൊന്നും ഉണ്ടായില്ലെങ്കിലും ഒരേ പേരിൽ രണ്ട് ട്രേഡ് മാർക്ക് രജിസ്റ്ററേഷൻ വേണ്ടെന്ന് കർണാടകയ്ക്ക് തോന്നി. 2014ൽ കർണാടക ആർടിസി കേരളത്തിനു നോട്ടീസ് അയച്ചു. കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് കർണാടകയുടെ സ്വന്തമാണെന്നും അതിനി കേരളം ഉപയോഗിക്കരുത് എന്നുമായിരുന്നു നോട്ടീസിൽ. ഇതോടെ കേരളവും കർണാടകയും തമ്മിലുള്ള തർക്കം ആരംഭിക്കുകയായിരുന്നു.
കർണാടകയ്ക്കും മുൻപേ കേരളം കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് ഉപയോഗിച്ചുവന്നിരുന്നു എന്ന് കോടതിയിൽ തെളിയിക്കുകയായിരുന്നു കേരളത്തിന് മുന്നിലുള്ള ഏക പോംവഴി. നിയോഗം പോലെ പ്രധാന തെളിവായതാകട്ടെ നമ്മുടെ ‘കണ്ണൂർ ഡീലക്‌സും’. ചിത്രത്തിന്റെ 47-ാം മിനിറ്റിൽ തെളിയുന്ന ഒരു ക്ലോസ് ഷോട്ടിൽ തെളിഞ്ഞ് നിൽപ്പുണ്ട് ‘കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ’ എന്ന എഴുത്തും കെഎസ്ആർടിസിയുടെ ചിഹ്നമായ രണ്ട് ആനകളും.

അതായത്, 1969ൽ പുറത്തിറങ്ങിയ ചിത്രം ഉറക്കെ വിളിച്ചു പറയുന്നു കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ആക്കാലം മുതൽക്കെ ഞങ്ങളുടെ സ്വന്തമായിരുന്നു എന്ന്. സിനിമയിലെ ഈ രംഗം കോടതിയിൽ പ്രധാന തെളിവായി. ആക്കാലം മുതൽക്കെ കെഎസ്ആർടിസി നമ്മുടെ സ്വന്തമാണ് എന്ന കേരളത്തിന്റെ വാദത്തിന് ബലം നൽകി.
സിനിമയ്ക്ക് പുറമെ പഴയ ചില ഫോട്ടോകളും കൽഫലകങ്ങളും സാഹിത്യരചനകളും കോടതിയിൽ ഹാജറാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ 2021ൽ ‘കെഎസ്ആർടിസി’യും ‘ആനവണ്ടി’യും കേരളത്തിനു ഉപയോഗിക്കാം എന്ന് കോടതി വിധി വന്നു. പിന്നീട് 2023ൽ കർണാടകയ്ക്കും കെഎസ്ആർടിസി എന്ന് ഉപോയോഗിക്കുന്നതിൽ വിലക്ക് ഇല്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.
കേരളത്തിന് കെഎസ്ആർടിസി എന്ന പേരിനുള്ള അവകാശപ്പോരാട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ‘കണ്ണൂർ ഡീലക്സ്’ ആനവണ്ടി പ്രേമികൾക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ അഭിമാനത്തിന് വകയായി.

കണ്ണൂർ ഡീലക്സ് പെരുമ:
1967ൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിച്ച, കെഎസ്ആർടിസിയുടെ തന്നെ അഭിമാന സർവീസുകളിൽ ഒന്നായിരുന്നു കണ്ണൂർ ഡീലക്സ്.
₹701 ആ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കണ്ണൂർ ഡീലക്സിന്റെ നിരക്ക്. വൈകിട്ട് 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ തിരുവനന്തപുരത്ത് എത്തും.
മലബാറിലെ കുടിയേറ്റ കർഷകർക്ക് അടക്കം വലിയ ആശ്വാസമായിരുന്ന ഈ സർവീസ് 2022ൽ കെ-സ്വിഫ്റ്റിന്റെ വരവോടെയാണ് സർവീസ് അവസാനിപ്പിക്കുന്നത്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.











