ഗ്രീക്ക് പുരാണത്തിൽ ഉഷസ്സിന്റെ ദേവതയാണ് അറോറ. ഭൂമിയിൽ അതിസുന്ദരനായ ടൈത്തോണസ് എന്ന രാജകുമാരനോട് അറോറയ്ക്ക് പ്രണയം തോന്നി. എന്നാൽ, സാധാരണ മനുഷ്യനായ ടൈത്തോണസിന് ദേവതകളെപ്പോലെ മരണമില്ലാതെ ജീവിക്കാനാകില്ല. പ്രാണനായകൻ ടൈത്തോണസ് മരിച്ചുപോകുമല്ലോ എന്നോർത്ത് ആറോറ അതീവ ദുഃഖിത്തിലായി. ഒടുവിൽ ഒരു പോംവഴിയും അറോറ കണ്ടുപിടിച്ചു. ദേവന്മാരുടെ രാജാവായ സിയൂസിനോട് തന്റെ കാമുകന് അമരത്വം നൽകണമെന്ന് അറോറ അപേക്ഷിച്ചു. സിയൂസ് ആ വരം നൽകുകയും ചെയ്തു. എന്നാൽ, വരം ചോദിച്ച അറോറയ്ക്ക് വലിയൊരബദ്ധം പിണഞ്ഞു. ടൈത്തോണസിന് അമരത്വം ചോദിച്ച അറോറ അദ്ദേഹത്തിന് ‘നിത്യയൗവനം’ ചോദിക്കാൻ മറന്നുപോയി! വർഷങ്ങൾ കടന്നുപോകുംതോറും ടൈത്തോണസിന് പ്രായമായിത്തുടങ്ങി. ടൈത്തോണസിന്റെ മുടികൾ നരച്ചു, ശരീരം ചുക്കി ചുളിയാൻ ആരംഭിച്ചു, ശബ്ദത്തിന്റെ കനം കുറഞ്ഞുവന്നു. പക്ഷേ, മരണം വന്നു ഭവിച്ചില്ല. പ്രായം കൂടുംതോറും ശരീരം കൂടുതൽ അവശമായിക്കൊണ്ടിരുന്നു. ഒടുവിൽ കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലായി ടൈത്തോണസ്. മരണമില്ലാത്ത ശരീരത്തിൽ ടൈത്തോണസ് തടവിലാക്കപ്പെട്ടു. പ്രിയതമന്റെ പരിത സ്ഥിതിയിൽ നെഞ്ചുപൊട്ടിയ അറോറ ഒടുവിൽ അദ്ദേഹത്തെ ഒരു ചീവീടായി മാറ്റി എന്നാണ് ഗ്രീക്ക് പുരാണത്തിലെ കഥ. അതുകൊണ്ടാണ് ചീവീടുകൾ എപ്പോഴും നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്നത് എന്ന് ഗ്രീക്കുകാർക്കിടയിൽ വിശ്വാസമുണ്ടായിരുന്നു.
യൗവനം ഇല്ലാത്ത അമരത്വം എത്ര ദുരന്തപൂർണമാണെന്ന് അറോറയുടെ കഥ വ്യക്തമാക്കുന്നു. നിത്യയൗവനത്തിന് വേണ്ടിയുള്ള മനുഷ്യന്റെ ത്വര വ്യക്തമാക്കുന്ന നിർവധി കഥകൾ പല പുരാണങ്ങളിൽ നിന്നും കണ്ടെടുക്കാനാകും. മിക്കവയും ലോക പ്രശസ്തവുമാണ്. പാലഴി കടഞ്ഞെടുത്ത അമൃതിന്റെ കഥ ഇന്ത്യൻ പുരാണത്തിലെ ഒരു ഉദാഹരണം മാത്രമാണ്.

മഹർഷി ദുർവ്വാസാവ് ഇന്ദ്രന് നൽകിയ ഒരു ദിവ്യമായ മാല ഇന്ദ്രൻ തന്റെ ഐരാവതം എന്ന ആനയുടെ കൊമ്പിൽ വയ്ക്കുകയും ആന അത് നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നു. ഇന്ദ്രന്റെ പ്രവൃത്തിയിൽ ക്രുദ്ധനായ മഹർഷി ദുർവ്വാസാവ് ദേവന്മാർക്ക് മുഴുവൻ ജരാനരകൾ ബാധിക്കട്ടെ എന്ന ഉഗ്രശാപം വിധിക്കുന്നു. ശാപഫലമായി ദേവന്മാർക്ക് ഒന്നടങ്കം ശക്തി നഷ്ടപ്പെടുകയും അവർക്ക് വാർദ്ധക്യം ബാധിക്കുകയും ചെയ്തു. ജരാനരകൾ ബാധിച്ച ദേവന്മാർ ആകെ സങ്കടത്തിലാകുന്നു. ശക്തിയും സൗന്ദര്യവും ക്ഷയിച്ച വാർദ്ധക്യ ജീവിതം എന്തിനു കൊള്ളാം? ഇനി എന്ത് ചെയ്യും? വിഷ്ണു ഭഗവാന് മുന്നിൽ സങ്കടം ഉണർത്തിച്ചപ്പോൾ ഒരു ഉപാധി അദ്ദേഹം പറഞ്ഞു കൊടുക്കുന്നു. നഷ്ടപ്പെട്ട ശക്തിയും യൗവനവും തിരിച്ചുപിടിക്കാൻ പാലാഴി കടഞ്ഞ് അമൃത് എടുക്കണമെന്ന് വിഷ്ണു ഭഗവാൻ ദേവന്മാരെ ഉപദേശിച്ചു. പാലാഴി കടഞ്ഞ് അമൃത് എടുക്കാൻ ദേവന്മാരും അസുരന്മാരും ഒന്നിക്കുന്നു. ചെറിയ പ്രയത്നം ഒന്നും പോരാ.
മന്ദര പർവ്വതത്തെ മത്തായും വാസുകി എന്ന സർപ്പത്തെ കയറായും ഉപയോഗിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയാൻ ആരംഭിച്ചു. ഒടുവിൽ, ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി കയ്യിൽ അമൃത് അടങ്ങിയ കലശവുമായി പ്രത്യക്ഷപ്പെട്ടു. അമൃത് കഴിച്ചാൽ പിന്നെ വാർദ്ധക്യവും മരണവും ഇല്ലാതെ അമരന്മാരാകാം എന്നതാണ് പ്രത്യേകത. അമൃതിന് വേണ്ടി ദേവന്മാർക്കും അസുരൻമാർക്കുമിടയിൽ തർക്കവും ഇതിനിടയിൽ ഉണ്ടായി. ഒടുവിൽ അമൃത് കൈക്കലായ ദേവന്മാർ ഇത് കുടിച്ചതോടെ നഷ്ടമായ യൗവനവും കരുത്തും തിരികെ ലഭിച്ചു എന്നാണ് പുരാണ കഥ.
പറഞ്ഞുവന്നത് നിത്യയൗവനം എന്ന, മനുഷ്യന്റെ അടങ്ങാത്ത ത്വരയെക്കുറിച്ചാണ്. എന്നു മുതലെന്ന് കൃത്യമായി തിട്ടപ്പെടുത്താൻ കഴിയില്ലെങ്കിലും മനുഷ്യൻ ചിന്തിച്ചു തുടങ്ങിയ കാലം മുതൽ നിത്യയൗവനം ചിന്തകളിൽ ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. ചുറുചുറുക്കും ആരോഗ്യപൂർണമായ ശരീരം മനുഷ്യന്റെ എക്കാലത്തെയും ആവശ്യം കൂടിയാണല്ലോ.
ലളിതമായി
പുരാണങ്ങളിൽ ദിവ്യമായ അനുഗ്രഹങ്ങളിലൂടെ മനുഷ്യൻ നിത്യയൗവനത്തിന് ശ്രമിച്ചപ്പോൾ, ഇന്ന് ശാസ്ത്രീയമായ വഴികളിലൂടെ ആ ത്വരയെ കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലാണ്. കായകൽപ്പ ചികിത്സകൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉയർന്ന മാർക്കറ്റ് പോലും ഈ ത്വരയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. നിത്യയൗവനം എന്നാൽ ഊർജ്ജസ്വലവും ഉന്മേഷകരവുമായ ഒരു ശാരീരിക അവസ്ഥയാണ്. ഈ ശാരീരികവസ്ഥ നിലനിർത്തുക എന്നതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹവും ആവശ്യവും. ശാസ്ത്ര സാങ്കേതിക വിദ്യ ദിനേന വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് എ.ഐയെ ആണ് ശാസ്ത്രലോകം കൂട്ടുപിടിച്ചിരിക്കുന്നത്.

എ.ഐ ഉപയോഗിച്ച് നിത്യയൗവനമോ? അത് സാധ്യമാകുമെന്നാണ് ഹർവാഡ് സർവകലാശാലയിലെ ഡേവിഡ് സിൻക്ലയർ അടക്കമുള്ള ശാസ്ത്രജ്ഞരുടെ പഠനം പറയുന്നത്. ഈ രംഗത്തുള്ള പഠനത്തിന്റെ വികാസങ്ങളാണ് നിലവിൽ മെഡിക്കൽ രംഗത്ത് നടക്കുന്നത്. എലികളിൽ പരീക്ഷിച്ചു നോക്കിയ മെഡിക്കൽ പരീക്ഷണങ്ങൾ 2026ൽ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
ശാസ്ത്രം
ജീവന്റെ അടിസ്ഥാന യൂണിറ്റ് ആണ് കോശം (Cell). കോശം എന്നത് അത്ഭുതകരമാം വിധം ഓർമശക്തിയും ബുദ്ധിയുമുള്ള ഒരു പ്രോഗ്രാം സിസ്റ്റം കൂടിയാണ്. ഭ്രൂണം ആണ് മനുഷ്യ ശരീരത്തിന്റെ ആദ്യ കോശം. ഒരു ഭ്രൂണം ഉണ്ടാകുന്നതു മുതൽ തുടർന്നുള്ള മുഴുവൻ പ്രക്രിയകളുടെയും കൃത്യമായ കലണ്ടർ ആ കോശത്തിനകത്തുണ്ട്. അതായത്, എങ്ങനെ ഒരു മനുഷ്യനാകണം, എപ്പോൾ കൈകാലുകൾ വരണം, എപ്പോൾ കണ്ണുകൾ വരണം, എപ്പോൾ മുതൽ ഹൃദയം മിടിക്കണം ഒമ്പത് മാസം കഴിയുമ്പോൾ പുറത്തു വരണം എന്നൊക്കെ ആ കോശത്തിന് അറിയാം! ഇനി പുറത്തു വന്നു കഴിഞ്ഞാൽ, എത്ര നാൾ കഴിയുമ്പോൾ പല്ല് വരണം തുടങ്ങി എത്ര നാൾ കഴിയുമ്പോൾ മുടി നരയ്ക്കണം, കർമം പൂർത്തിയാകുമ്പോൾ നശിച്ചു പോകണം എന്നൊക്കെ കോശത്തിനകത്ത് കൃത്യമായി പ്രോഗ്രാം ചെയ്ത് വച്ചിട്ടുണ്ട്. പുതിയ കോശങ്ങൾ ആനുപാതികമായി ഉണ്ടാകുന്നതിനനുസരിച്ച് പഴയ കോശങ്ങൾ നശിക്കുന്നത് സ്വാഭാവിക പ്രക്രിയ ആണ്. ഉണ്ടാവുക, നിലനിൽക്കുക, നശിക്കുക, നശിക്കുന്നതിന് ആനുപാതികമായി പുനരുൽപ്പാദനം നടത്തി നമ്മുടെ ശരീരത്തിന്റെ യൗവനം നിലനിർത്തുക എന്നതാണ് ഈ കോശങ്ങളുടെ ധർമ്മം എന്ന് ചുരുക്കം. ഇതിനെയാണ് ‘ബയോളജിക്കൽ ക്ലോക്ക്’ എന്ന് വിളിക്കുന്നത്. ശരീരത്തിലെ ഓരോ കോശവും ഈ ക്ലോക്ക് കൃത്യമായിട്ട് പിന്തുടരുന്നുണ്ട്. എന്നാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു, മറ്റ് ബാഹ്യസമ്മർദ്ദങ്ങൾ എന്നിവകൊണ്ട് ഈ ക്ലോക്കിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

ഡിഎൻഎയുടെ അടിസ്ഥാന ക്രമത്തിൽ (ജീൻ സീക്വൻസ്) മാറ്റമുണ്ടാകാതെ ജീനുകളുടെ പ്രവർത്തനം (ജീൻ എക്സ്പ്രഷൻ) മാറുന്നതിനെ പഠിക്കുന്ന ജീവശാസ്ത്ര ശാഖയാണ് എപിജനറ്റിക്സ്. ലളിതമായി പറഞ്ഞാൽ, ജനിതക കോഡ് മാറാതെ തന്നെ, പരിസ്ഥിതി, ഭക്ഷണം, സമ്മർദ്ദം, ജീവിതശൈലി, പ്രായം തുടങ്ങിയ ഘടകങ്ങൾ ജീനുകൾ എങ്ങനെ “ഓൺ” അല്ലെങ്കിൽ “ഓഫ്” ആകുന്നു എന്നത് പഠിക്കുന്ന ശാസ്ത്രമാണിത്. ഈ ശാസ്ത്ര പഠനമാണ് എ.ഐയെ മനുഷ്യ ശരീരവുമായി ബന്ധിപ്പിക്കാനുള്ള കണ്ണി.
മേൽപറഞ്ഞ എപിജനറ്റിക്സിൽ ഉള്ള അറിവുകൾ ഉപയോഗിച്ചാണ് വൈദ്യശാസ്ത്രം ആന്റി ഏജിങ് റിസർച്ചുകൾ എല്ലാം മുന്നോട്ട് കൊണ്ടുപോകുന്നത്. അതായത്, കോശം എന്ന പ്രോഗ്രാമിന് അകത്തു കടന്നുചെന്ന്, കോശങ്ങൾക്ക് വയസ്സാകുന്നത് തടയുക എന്നതാണ് ഇതിലെ ലളിത യുക്തി. വയസ്സാകാൻ തുടങ്ങുന്ന പ്രക്രിയയെ സാവധാനത്തിലാക്കുക അല്ലെങ്കിൽ അതിനെയൊന്ന് റീസെറ്റ് ചെയ്യുക എന്നതിനുള്ള സാധ്യതയാണ് എ.ഐ ഉപയോഗിച്ച് സാധ്യമാക്കാൻ ശ്രമിക്കുന്നത്.
ലളിത ശാസ്ത്രം
ഉത്ഭവിക്കുക, നിലനിൽക്കുക, നശിക്കുക എന്ന പ്രക്രിയയാണ് കോശങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക. ഈ നശിക്കലിന്റെ തോത് കൂടുകയും പുനരുൽപ്പാദനത്തിന്റെ തോത് കുറയുകയും ചെയ്യുമ്പോഴാണ് വാർദ്ധക്യത്തിലൂടെ മനുഷ്യൻ കടന്നുപോകുന്നു എന്ന് പറയുന്നത്.
ഇവിടെയാണ് എ.ഐയുടെ പഠനം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ച് കോശങ്ങൾ നൽകുന്ന സിഗ്നലുകൾ തത്സമയം പിടിച്ചെടുത്ത്, അതിനുവേണ്ട പ്രതിപ്രവർത്തനങ്ങൾ നടത്തുകയാണ് ഇവിടെ ചെയ്യുക. പ്രായമാകാലിന്റെ (ഏജിങ്) ലക്ഷണങ്ങളുടെ കെമിക്കൽ സിഗ്നലുകൾ കോശങ്ങൾ നൽകുമ്പോൾ എ.ഐ ഇത് തൽക്ഷണം തിരിച്ചറിയും. ഇതനുസരിച്ച് പ്രായമാകുന്നത് തടയാൻ ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനാകും. കോശങ്ങൾക്ക് ആവശ്യമായ പ്രോട്ടീനുകൾ മറ്റ് കെമിക്കലുകൾ തുടങ്ങി കോശത്തിന്റെ പ്രായമാകലിനെ തടയുന്ന എല്ലാ മുൻകരുതലുകളും നൽകാൻ കഴിയും. അതോടെ കോശങ്ങളുടെ ‘ആത്മഹത്യ’ പതുക്കെയാവുകയോ തോത് കുറയ്ക്കുകയോ ചെയ്യും.
കൂടാതെ, ഡി.എൻ.എ-യുടെ റിപ്പയറിങ് കൃത്യമായി മനസ്സിലാക്കി, ഡി.എൻ.എ ബലഹീനനാകുമോ എന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് ഡി.എൻ.എയെ സപ്പോർട്ട് ചെയ്ത് സ്റ്റേബിൾ ആയി നിർത്താനും എഐ സാങ്കേതിക വിദ്യ ശ്രമിക്കുന്നുണ്ട്. ഇതുവഴിയും ആരോഗ്യമുള്ള കോശങ്ങളെ നിലനിർത്തും. ഉപാപചയ പ്രവർത്തനങ്ങൾ (മെറ്റബോളിസം) കുറയുമ്പോൾ ആ സിഗ്നലുകൾ മനസ്സിലാക്കി ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി കോശങ്ങളെ പുഷ്ടിപ്പെടുത്താനുള്ള ശ്രമങ്ങളും എ.ഐ ഉപയോഗിച്ച് സാധ്യമാക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കോശങ്ങൾക്ക് എന്നും ആരോഗ്യമായി തുടരാൻ വേണ്ട എല്ലാം കൊടുത്ത് ആ കോശങ്ങൾ ഉൾപ്പെടുന്ന ശരീരത്തെ ചുറുചുറുക്കോടെ നിർത്തുക എന്ന സ്വപന തുല്യമായ പദ്ധതിയാണ് എപിജനറ്റിക് റീപ്രോഗ്രാം പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
ഇവിടെ എ.ഐക്ക് എന്ത് പ്രസക്തി?
കോശങ്ങളെ ഒരുപരിധി വരെ ആരോഗ്യത്തോടെ നിലനിർത്താൻ ഭക്ഷണക്രമീകരണങ്ങളും വ്യായാമവും മറ്റ് ചികിത്സകളും ഉണ്ടെന്നിരിക്കെ, എ.ഐക്ക് ഇതിൽ എന്ത് പ്രസക്തി എന്ന് സംശയം തോന്നുന്നവരുണ്ടാകാം. വൈദ്യശാസ്ത്രത്തിൽ നിലവിലുള്ള ടെസ്റ്റുകൾക്കും ചികിത്സാ രീതികൾക്കും പരിമിതികളുണ്ട്. അതേസമയം എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ കോശങ്ങളുടെ തത്സമയ റിപോർട്ടുകളാണ് ലഭിക്കുക. കോശങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കി അതിനോട് പ്രതികാരിക്കാൻ എ.ഐക്ക് കഴിയും. ലബോറട്ടറി ടെസ്റ്റ് നടത്തുമ്പോൾ കിട്ടുന്ന ഫലത്തെക്കാൾ വേഗത്തിൽ ശരീരത്തിനുള്ളിൽ എന്തു നടക്കുന്നു എന്ന് മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഒരു ഡോക്ടറുടെ അറിവും ഒരു നഴ്സിന്റെ വേഗതയും ഒത്തുചേരുന്നതുപോലെയാണ് എഐ പ്രവർത്തിക്കുക.

വാർദ്ധക്യം എന്നത് കോശങ്ങൾക്കുണ്ടാകുന്ന തേയ്മാനമാണ്. ഈ തേയ്മാനം സംഭവിക്കുന്നതിന് മുൻപു തന്നെ അത് തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ എ.ഐ കമാൻഡുകൾക്ക് സാധിക്കും. ഇത് ചിലപ്പോൾ ഒരു ഹാൻഡ്‌ബാൻഡോ ചിപ്പോ ഘടിപ്പിക്കുന്നതിലൂടെ സാധ്യമാകാം. ചെറിയ കോശങ്ങൾക്കുണ്ടാകുന്ന അപചയം പോലും മനസ്സിലാക്കി അതിനെ റിപ്പയർ ചെയ്ത് കോശങ്ങളുടെ യൗവനം നിലനിർത്താൻ സഹായിക്കുന്ന റോബോട്ടിക് എ.ഐ ചിപ്പുകൾ നമ്മുടെ ശരീരത്തിൽ ഘടിപ്പിക്കാവുന്ന രീതിയിൽ ഈ സാങ്കേതിക വിദ്യ വളരാം. ഈ റോബോട്ടുകളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് അതിനു വേണ്ട ആവേഗങ്ങൾ സ്വീകരിച്ച് അവയ്ക്ക് മറുപടിയെന്നോണം ആവശ്യമായ കെമിക്കലുകൾ നമ്മുടെ ശരീരത്തിലേക്ക് റിലീസ് ചെയ്ത്, നമ്മൾ പോലും അറിയാതെ നമ്മുടെ കോശങ്ങളെ യൗവനയുക്തരാക്കി നിലനിർത്തുകയാവും ഈ എ.ഐയുടെ ധർമ്മം. ഇത് കോശങ്ങളെ എപ്പോഴും ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കും. പ്രായമാകാത്ത കോശങ്ങൾ പ്രായം തോന്നിക്കാത്ത ശരീരങ്ങളെ വാർക്കും. ഇതുതന്നെയാണ് മെഡിക്കൽ രംഗത്തെ എ.ഐയുടെ പ്രസക്തി. ഒരു ഹാൻഡ് ബാൻഡോ ചിപ്പോ മനുഷ്യനെ പ്രായമാകാതെ നോക്കുന്ന, എന്നും ചുറുചുറുക്കോടെ നിർത്തുന്ന ഒരു ഭാവിയാകാം നാളെ നാം കാണാൻ പോകുന്നത്.
Credits: Sai D.S
Professor and HOD, Microbiology Department.
Malabar Dental College Malappuram
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




