നിങ്ങൾക്ക് ഏറ്റവും Relax ആയി തോന്നുന്ന വസ്ത്രം ടീ ഷർട്ട് (T-Shirt) ആണോ? കാഷ്വൽ വിയർ ലിസ്റ്റിൽ എന്തായിലും ഇത് ഒഴിവാക്കാനാകാത്ത ഒന്നാണെന്ന് എല്ലാവർക്കും അറിയാം. ഏത് സൈസ് വേണമെങ്കിലും ധരിക്കാം, എങ്ങനെ വേണമെങ്കിലും സ്റ്റൈലും ചെയ്യാം. ഇത്രയും പോപ്പുലറായ ടീ ഷർട്ട് ആരാണ് ആദ്യം കൊണ്ടുവന്നത്. നോക്കിയാലോ…
ടീ-ഷർട്ടിന്റെ പിറവി
ടീഷർട്ടിന് സമാനമായ വസ്ത്രങ്ങൾ മധ്യ കാലഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിലും നമ്മൾ ഇപ്പോൾ കാണുന്ന രീതിയിലുള്ള ടീ ഷർട്ട് പുതിയൊരു കണ്ടുപിടുത്തമാണ്. 19ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് ടീ ഷർട്ടിന്റെ വരവ്. അക്കാലത്ത്, ചൂടുകൂടിയ മാസങ്ങളിൽ നിന്നും ആശ്വാസം നേടാനായി തൊഴിലാളികൾ അവരുടെ ജംപ്സ്യൂട്ടുകൾ പകുതിയായി മുറിച്ച് ധരിക്കുമായിരുന്നു. കണ്ടാൽ ടീ ഷർട്ടിന്റെ രൂപം.

1898-ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധസമയത്താണ് ആദ്യത്തെ ടീ ഷർട്ടുകൾ നിർമിക്കപ്പെട്ടതെന്നാണ് വിശ്വാസം. 1913ൽ യു.എസ് നാവികസേന യൂണിഫോമിന് അകത്ത് ഇടാനാകുന്ന അടിവസ്ത്രങ്ങളായി ഇവ വിതരണം ചെയ്യാൻ തുടങ്ങി. നാവികർക്ക് ധരിക്കാൻ ഭാരം കുറഞ്ഞ ഒരു വസ്ത്രം ആവശ്യമായിരുന്നു. കൂടാതെ കോട്ടൺ ആയതിനാൽ വളരെ വേഗത്തിൽ ഉണങ്ങിക്കിട്ടുകയും ചെയ്തു.

1920ൽ എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ് തന്റെ ‘ദിസ് സൈഡ് ഓഫ് പാരഡൈസ്’ എന്ന നോവലിൽ ആണ് ടീ ഷർട്ട് (t-shirt) എന്ന വാക്ക് ആദ്യമായി വരുന്നത്. അങ്ങനെയാണ് ഇംഗ്ലിഷ് ഡിക്ഷണറിയിൽ ഈ വാക്ക് കൂടിച്ചേരുന്നത്.
മർലൻ ബ്രാൻഡോ

1950ൽ ‘എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ’ എന്ന സിനിമയിൽ സ്റ്റാൻലി കൊവാൾസ്കി എന്ന കഥാപാത്രമായി എത്തിയ മർലൻ ബ്രാൻഡോ വെളുത്ത ടീ ഷർട്ട് ധരിച്ചിരുന്നു. 1955-ൽ ‘റിബൽ വിത്തൗട്ട് എ കോസ്’ എന്ന ചിത്രത്തിൽ ജെയിംസ് ഡീനും ധരിച്ചു. ഈ രണ്ട് ഇതിഹാസ താരങ്ങളിലൂടെ അടിവസ്ത്രമായി കരുതിയ ടീ ഷർട്ടിന് പുതുതലം ലഭിച്ചു. പുറമെ തനിച്ച് ധരിക്കാവുന്ന ഒരു വസ്ത്രമായി ആളുകൾ കണ്ടുതുടങ്ങി. ഒരു പ്രതിഷേധ മുന്നേറ്റമായാണ് ഇതിനെ ചിലർ ബന്ധപ്പെടുത്തിയിരുന്നത്.
പ്രിന്റഡ് സ്റ്റൈൽ
1950കളിൽ, ഫ്ലോറിഡയിലെ മയാമിയിലുള്ള നിരവധി കമ്പനികൾ ടീ ഷർട്ടിൽ പരീക്ഷണം നടത്താൻ തുടങ്ങി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ തോമസ് ഇ. ഡ്യൂയി, പ്രചരണത്തിനായി ഉപയോഗിച്ച ടീ ഷർട്ടിൽ ‘Do it with Dewey’ എന്ന് എഴുതിയിരുന്നു. ഇതാണ് ചരിത്രത്തിലെ ആദ്യത്തെ പ്രിന്റഡ് ടീ ഷർട്ട്.

മയാമിയിലെ പ്രിന്റിങ് കമ്പനികളിലൊന്നായ, ട്രോപിക്സ് ടോഗ്സിന് ടീഷർട്ടിൽ വാൾട്ട് ഡിസ്നി കഥാപാത്രങ്ങളെ പ്രിന്റ് ചെയ്യാനുള്ള അനുമതി ലഭിച്ചു. ഗ്രാഫിക് ടീ ഷർട്ടുകളിലൂടെ ലാഭം നേടാനാകുമെന്ന തിരിച്ചറിവ് ആളുകളിലുണ്ടായത് അന്നാണ്. തുടർന്ന് 1960കളിൽ പ്രിന്റിങ് രംഗത്തുണ്ടായ മാറ്റങ്ങൾ ടീ-ഷർട്ട് വ്യവസായത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചു.
പ്രതിഷേധ ആയുധം
1960 കളിൽ പ്രിന്റഡ് ടീ ഷർട്ടുകൾ വന്നെങ്കിൽ ഇതൊരു പ്രതിഷേധ ആയുധമായി മാറിയത് 70കളിലാണ്. തങ്ങൾക്ക് പറയാനുള്ള മുദ്രാവാക്യങ്ങൾ ടീ ഷർട്ടിൽ പ്രിന്റ് ചെയ്ത് പ്രതിഷേധിക്കുന്ന രീതിക്ക് തുടക്കമായി. വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളും റോക്ക് ബാൻഡ് ലോഗോകളുടെ ജനപ്രീതിയും ടീ ഷർട്ടുകളെ ഒരു സന്ദേശ മാധ്യമമായി നിലയുറപ്പിച്ചു. ഗ്രാഫിക് ടീഷർട്ടിന്റെ വളർച്ച കണ്ട് ന്യൂയോർക്ക് ടൈംസ് പറഞ്ഞത് ഇങ്ങനെയാണ്– The medium for the message (സന്ദേശത്തിനായുള്ള മാധ്യമം)

ഡിയോർ പോലുള്ള പ്രമുഖ ബ്രാൻഡുകൾ പ്രിന്റഡ് ടീ ഷർട്ടുകളെ ഫാഷൻ ഷോകളിൽ അവതരിപ്പിച്ചു. കാലം മാറിയതോടെ പല നിറത്തിലും ഡിസൈനിലും ടീ ഷർട്ടുകൾ മാറി. ഓവർ സൈസ്ഡ്, സ്ലിം ഫിറ്റ്, ബോക്സി ഫിറ്റ്, ക്രോപ്, ലൂസ് ഫിറ്റ് എന്നിങ്ങനെ പല രൂപത്തിൽ ടീ ഷർട്ടുകൾ ലഭ്യമാണ്. പാന്റിനൊപ്പമല്ലാതെ ഷോർട്സ്, പലോസോ, സ്കർട്ട് എന്നിവയ്ക്കൊപ്പവും ടീ ഷർട്ട് ധരിക്കാവുന്നതാണ്.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




