ഡൽഹിയിൽ കോക്രോച്ചുകളുടെ പ്രതിഷേധം.
പാറ്റകളുടെ ഈ സമരം റിപ്പോർട്ട് ചെയ്യാൻ പൊതിഞ്ഞ് മാപ്രകളുമുണ്ട്.
പാറ്റകളെ അനുകൂലിച്ചും പ്രതികൂലിച്ചും മൗനം പാലിച്ചും കമ്മികളും കൊങ്ങികളുമുണ്ട്.
സംഭവത്തിൽ ഇരിക്കപ്പൊറുതിയില്ലാതെ ഒരു കൂട്ടമുണ്ട്- സംഘികൾ.
പറയുന്നത് രാഷ്ട്രീയമല്ല. മറ്റൊന്നാണ്. രാഷ്ട്രീയത്തിൽ നിന്നുള്ള ചില വാക്കുകളെക്കുറിച്ചാണ്.
മേൽപ്പറഞ്ഞ ചില വാക്കുകളുടെ ഉപയോഗം അവഹേളനമായി ഇന്ന് പലർക്കും തോന്നുന്നുണ്ടാവില്ല.
ഒരു കാലത്ത് അധിക്ഷേപിക്കാനും പരിഹസിക്കാനും മാത്രം ഉപയോഗിച്ചിരുന്ന വാക്കുകൾ… ഇന്ന് ചിലർ അവ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ബയോയിൽ എഴുതുന്നു. ടീ-ഷർട്ടിൽ അച്ചടിക്കുന്നു. സംഘടനകൾക്ക് പേരായിട്ട് ഇടുന്നു. മീമുകളിലും ട്രോളുകളിലും പ്രയോഗിക്കുന്നു. രോഷംപൂണ്ട് എതിർക്കുന്നുമില്ല…
!
“അതെ, ഞങ്ങൾ അതാണ്.“
“ഏത്?“
“നിങ്ങൾ ഞങ്ങളെ വിളിക്കുന്നില്ലേ… അതന്നെ.“
വാക്കുകൾ മാറിമറിയുമ്പോൾ
എന്താണ് ഇവിടെ സംഭവിച്ചത്?
ഭാഷയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്.
ഒരു വാക്ക് കേവലം അക്ഷരങ്ങളല്ല, അത് പറയുന്ന ആളിന്റെയും കേൾക്കുന്ന ആളിന്റെയും മനസ്സിൽ സൃഷ്ടിക്കുന്ന വികാരത്തിലുമാണ്.
മാധ്യമ പ്രവർത്തകൻ എന്നതിന്റെ ചുരുക്കമെന്ന തരത്തിൽ കേരളത്തിലെ മാധ്യമപ്രവർത്തകരെ സൈബറിടങ്ങളിലും ചില രാഷ്ട്രീയക്കാരും പരിഹാസരൂപേണ വിളിച്ചു തുടങ്ങിയതാണ് “മാപ്ര” എന്നത്.
ലളിതമായി പറഞ്ഞാൽ, രാഷ്ട്രീയ എതിർപ്പിനെ പരിഹസിക്കാനാണ് “കമ്മി” എന്നതിലൂടെ ശ്രമം. “കൊങ്ങി“, “സുഡാപ്പി“, “സംഘി” എന്നിവയുടെ ചരിത്രവും ഉപയോഗസാഹചര്യവും ഒരുപോലെയല്ലെങ്കിലും അവസ്ഥ ഏറെക്കുറെ അതുപോലെ തന്നെ.
“കോക്രോച്ച്” എന്ന വാക്ക് അതിലും കടുത്തതാണ്. മനുഷ്യനെ മനുഷ്യനല്ലാത്ത ജീവിയായി ചിത്രീകരിച്ച് അപമാനിക്കാനും അക്രമം ന്യായീകരിക്കാനും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വാക്കുകൾ ഉപയോഗിക്കപ്പെട്ട ചരിത്രമുണ്ട്.
പക്ഷേ, ഒരു ഘട്ടം കഴിയുമ്പോൾ ഇത്തരം പദപ്രയോഗങ്ങളിലൂടെ ലക്ഷ്യമാക്കപ്പെട്ടവർ മറ്റൊരു തീരുമാനം എടുക്കുന്നു.
!
“അതെ… ഞങ്ങൾ തന്നെയാണ് മാപ്ര.“
“ഓ… കമ്മി എന്ന് വിളിച്ചോളൂ.“
“കൊങ്ങി എന്നാണെങ്കിൽ അങ്ങനെ.“
“കോക്രോച്ച്? എന്നാൽ, കോക്രോച്ചുകൾ ഒന്നിച്ചിറങ്ങട്ടെ?“
ഇതോടെ ആ വാക്കിന്റെ അർഥവും അതുണ്ടാക്കുന്ന വികാരവും അതിന്റെ ഉപയോഗരീതിയും മാറുന്നു. ഇത് പൊടുന്നനെയുള്ള മാറ്റമാകാം. ചിലപ്പോൾ കാലക്രമേണയുണ്ടാകുന്നതുമാകാം.
‘റീഅപ്രോപ്രിയേഷൻ’: ആയുധങ്ങളുടെ മൂർച്ച കുറയ്ക്കുന്ന ഭാഷാശാസ്ത്രം
സാമൂഹ്യഭാഷാശാസ്ത്രത്തിൽ ഇതിന് പറയുന്ന പേരാണ് Reclamation അല്ലെങ്കിൽ Reappropriation. അവഹേളനമായി സൃഷ്ടിച്ച വാക്കിനെ അതേ ആളുകൾ സ്വീകരിക്കുന്നു.
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ ലോകത്തെവിടെയും പ്രയോഗിച്ചിട്ടുള്ള ഒരു രാഷ്ട്രീയ പ്രതിരോധ തന്ത്രമാണിത്. പാശ്ചാത്യ നാടുകളിൽ കറുത്തവർഗ്ഗക്കാർ തങ്ങൾക്കെതിരെയുള്ള വംശീയ അധിക്ഷേപ വാക്കിനെ “എൻ-വേർഡ്” (N-word) തങ്ങളുടെ ഉള്ളിൽ തന്നെ പുനർനിർവ്വചിച്ചതും, ലൈംഗിക ന്യൂനപക്ഷങ്ങൾ തങ്ങളെ പരിഹസിക്കാൻ ഉപയോഗിച്ച “ക്വിയർ” (Queer) എന്ന പദത്തെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രതീകമാക്കി മാറ്റിയതും ചരിത്രമാണ്.
ഇതുകൊണ്ട് ആ വാക്കിനെ മനോഹരമാക്കുകയോ ഉപയോഗിച്ച അർഥത്തെ സമർഥിക്കുന്നതോ അല്ല ചെയ്യുന്നത്. മറിച്ച്, പരിഹാസത്തിനുള്ള വക ഇല്ലാതാക്കുകയാണ്. ഇത്തരം വാക്കുകൾ ആയുധമാക്കി മുറിപ്പെടുത്താനുള്ള എതിരാളിയുടെ ശ്രമത്തെ തടയുകയാണ്.
നിങ്ങൾ എന്നെ “മാപ്ര” എന്ന് വിളിച്ചാൽ എനിക്ക് വേദനിക്കണം എന്നായിരുന്നു നിങ്ങളുടെ പ്രതീക്ഷ. ഞാൻ തന്നെ “ഞാൻ മാപ്രയാണ്” എന്ന് പറഞ്ഞ നിമിഷം ആ ആയുധത്തിന്റെ മൂർച്ച കുറഞ്ഞു എന്ന തരത്തിലാണ് ഇത്തരം മാറ്റങ്ങൾ.
ഒരു വ്യക്തിയായിട്ടല്ലല്ലോ സമൂഹത്തിൽ ഈ തീരുമാനം എടുക്കുന്നത്. ഒരു കൂട്ടം ആളുകൾ അതേ പേര് ഏറ്റെടുത്താൽ, ആ വാക്ക് ഒരു കളക്റ്റീവ് ഐഡന്റിറ്റിയാവുകയാണ്. ഒരു തരത്തിൽ ശക്തമായ പ്രതികരണം തന്നെയാണ് അത്.
എന്നിരുന്നാലും ഇത് പഴയ അർഥം ഇല്ലാതാക്കുന്നില്ല. ഇത്തരം വാക്കുകൾ അധിക്ഷേപബോധത്തോടെ ഉപയോഗിക്കുമ്പോൾ പഴയ അർഥം തന്നെ തിരിച്ചുവരും.
അപമാനത്തിൽ നിന്ന് അടയാളത്തിലേക്ക്
ഇതിന് മനഃശാസ്ത്രത്തിലും വിശദീകരണമുണ്ട്.
പല സാഹചര്യങ്ങളിലും അപമാനപദം സ്വയം സ്വീകരിക്കുന്നത് അതിനോടുള്ള ഭയവും ലജ്ജയും കുറയ്ക്കാൻ സഹായിക്കും. പരിഹാസപ്പെടുന്നവനിൽ നിന്ന് അതിന്റെ ഉടമയെന്ന തരത്തിലേക്കാണിതിലൂടെ മാറുന്നത്.
അത് വ്യക്തിപരമായ മുറിവുകളിൽ നിന്ന് കൂട്ടായ തിരിച്ചറിയലായും പലപ്പോഴും മാറുന്നു.
ഇത് എല്ലായ്പ്പോഴും ഉചിതമാണെന്നോ നടപ്പുള്ളതാണെന്നോ ഇതുകൊണ്ട് അർഥമാക്കുന്നില്ല.
കോക്രോച്ച് ജനത പാർട്ടിയുടെ രൂപീകരണവും അവരുടെ പ്രതിഷേധവുമെല്ലാം പൊട്ടിപ്പുറപ്പെടുന്നത് “പാറ്റകൾ” എന്ന് വിളിച്ച് കൊച്ചാക്കി അപമാനിച്ചതിലൂടെയാണല്ലോ!
പിന്നാലെയുണ്ട് പൂക്കിയും കുലസ്ത്രീയും അമ്മാവനും
കേരളത്തിന്റെ ഡിജിറ്റൽ രാഷ്ട്രീയത്തിൽ ഇത് ആവർത്തിച്ച് കാണാം. ഈയടുത്ത കാലത്തെ മാറ്റങ്ങളെ ഇവിടെ പരാമർശിച്ചിട്ടുമുള്ളു. അതുകൊണ്ടുതന്നെ ഇതുകൂടെ പറയേണ്ടതുണ്ട്.
ഇപ്പോൾ “പൂക്കി” എന്ന വാക്കിനെയും രാഷ്ട്രീയ പരിഹാസത്തിനുള്ള പുതിയ ലേബലാക്കാനുള്ള ശ്രമങ്ങൾ കാണാം. അത് ‘മാപ്ര’യുടെയോ ‘കമ്മി’യുടെയോ വഴിയിലേക്കാണോ പോകുന്നത് എന്ന് പറയാൻ ഇപ്പോൾ സമയമായിട്ടില്ല.
എല്ലാ വാക്കുകളും ഇങ്ങനെ തിരിച്ചുപിടിക്കപ്പെടണമെന്നില്ല. ചിലത് ഇല്ലാതാകും. ചിലത് തുടർന്നും അധിക്ഷേപമായിരിക്കും. ചിലത് മാത്രമാണ് അംഗീകരിച്ചുകൊണ്ടുള്ള ഉപയോഗത്തിലേക്ക് മാറുന്നത്.
ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല.. “കുലസ്ത്രീ”, “അമ്മാവൻ”, “സിഗ്മ” എന്നതെല്ലാം ഇതേ പാതയിലുള്ളതാണ്.
എല്ലായ്പ്പോഴും നിഘണ്ടു തീരുമാനിക്കുന്നതല്ല
ഒരു വാക്കിന്റെ അർത്ഥം എല്ലായ്പ്പോഴും നിഘണ്ടു തീരുമാനിക്കുന്നതല്ല. ചില വാക്കുകളും പ്രയോഗങ്ങളും എഴുതപ്പെട്ടത്താവുകയുമില്ല. അത് ഒരു നാവിൽ നിന്ന് മറ്റൊരു നാവിലേക്ക്, ഒരു പോസ്റ്റിൽ നിന്നോ കമന്റിൽ നിന്നോ മറ്റനവധിയിലേക്ക് ഇങ്ങനെ ചേക്കേറും.
ആരാണ് ഉപയോഗിക്കുന്നത്… എന്തിന് ഉപയോഗിക്കുന്നു… അത് എങ്ങനെ തിരിച്ചുപയോഗിക്കുന്നു… എന്നതെല്ലാം ഇതിനെ തീരുമാനിക്കുന്നതാണ്. അന്നേരം ഭാഷയിൽ ഒരു ചെറിയ വിപ്ലവം സംഭവിക്കും.
അത് നിഘണ്ടുവിലല്ല എഴുതപ്പെടുന്നത്. ജനങ്ങളുടെ മനസ്സിലാണ്, നാവിലാണ്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: പാറ്റകൾ ജയിച്ചു, കസേര തെറിച്ചു! ജന്തർ മന്തറിലെ സമരം വിളിച്ചുപറയുന്ന ചില സത്യങ്ങൾ | From Jantar Mantar to Victory: The