2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് എണ്ണിത്തീർന്നപ്പോഴേക്കും മാറി മറിഞ്ഞത് തമിഴക രാഷ്ട്രീയമാണ്. കന്നിയങ്കത്തിൽ ഇളയ ദളപതി വിജയ് ദ്രാവിഡ പാർട്ടികളെ അട്ടിമറിച്ച് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ഒറ്റക്കക്ഷിയായി. കേവലഭൂരിപക്ഷത്തിന്റെ മാന്ത്രിക സംഖ്യയിലേക്കെത്തിയില്ലെങ്കിലും വിജയ് മുഖ്യമന്ത്രിയായി. തുണയായെത്തിയത് കോൺഗ്രസും ഇടത് പാർട്ടികളും വിടുതലൈ ചിരുത്തൈഗൾ കച്ചിയും മുസ്ലീം ലീഗും. പാർട്ടികൾ പിന്തുണച്ചതോടെ വിജയ് മുഖ്യമന്ത്രി പദത്തിലുറച്ചു. ബുധനാഴ്ച വിശ്വാസ വോട്ടെടുപ്പിൽ 144 പേരുടെ പിന്തുണയോടെ വിജയ്ക്കും ടിവികെയ്ക്കും അഞ്ചുവർഷം ഭരിക്കാം.
സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട വിജയ്ക്ക് തിരിച്ചടിയായത് ഭൂരിപക്ഷം തികഞ്ഞില്ല എന്നതായിരുന്നു. ഇതോടെ നിര്‍ണായകമായത് കോൺഗ്രസും ഇടത് പാര്‍ട്ടികളുമാണ്. ഇതിൽ ഇടതുസഖ്യം പുറമേ നിന്നുള്ള പിന്തുണ മാത്രം നൽകിയെങ്കിൽ ഡിഎംകെ പക്ഷത്തുണ്ടായ കോൺഗ്രസ് കളംമാറി ചവിട്ടി. രാഹുൽ ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി നേരിട്ടെത്തി. വിജയ്ക്കൊപ്പം വേദി പങ്കിട്ടത് മറ്റൊരു അപൂർവതയുമായി.
ഡിഎംകെയെയും തള്ളി ടിവികെയ്ക്ക് അപ്രതീക്ഷിത പിന്തുണ നൽകിയ കോൺഗ്രസ് തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല. ഒപ്പം, വിജയ്‌യും രാഹുലും തമ്മിലുള്ള ഈ ബന്ധം ഇന്നലെയുണ്ടായതല്ല. അതിന് മധുരപ്പതിനേഴിന്റെ ചെറുപ്പമുണ്ട്.
വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്കിടെ രാഹുലുമായുള്ള റീലുകള്‍ 1.2 കോടി പേരാണ് കണ്ടത്. അതും മണിക്കൂറുകൾക്കകം, വിജയിന്റെ ഒരു സൂപ്പർ ഡ്യൂപ്പർ ഹിറ്റുപോലെ. കന്നി പ്രസംഗത്തിൽ രാഹുലിനെ സഹോദരൻ എന്നാണ് വിജയ് വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ നിറയെ രാഹുലും വിജയ്‌യും ഒരുമിച്ചുള്ള വിഡിയോകളും എഐ വിഡിയോകളുംകൊണ്ട് നിറഞ്ഞു.
ഒരു ചെന്നൈ ഡൽഹി ബന്ധം
രാഹുൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്ത്, വിജയ് തമിഴകത്ത് തൊട്ടതെല്ലാം ഹിറ്റടിച്ച് നിൽക്കുകയായിരുന്നു. 2009 മുതൽ രാഹുല്‍ ഗാന്ധിയും വിജയ്യും തമ്മിൽ ബന്ധമുണ്ട്. 2009ൽ കോൺഗ്രസ് ലോക്സഭയിൽ അധികാരത്തിലെത്തിയ കാലം രാഹുലും വിജയ്യും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നേ വിജയ് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തുമെന്നായിരുന്നു സൂചനകൾ. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇളയ ദളപതിയായി വിജയ് തമിഴകത്ത് തുടർന്നു. രാഹുൽ ഡൽഹിയിലും. എന്നാൽ, വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.
2024ൽ ദ്രാവിഡ രാഷ്ട്രീയം മാത്രം വേരോടിയ മണ്ണില്‍ തമിഴക വെട്രി കഴകം ലോഞ്ച് ചെയ്തു. രാഹുൽ ഗാന്ധി വിളിച്ചു, പുതിയ പാർട്ടിക്കും രാഷ്ട്രീയ തിരഞ്ഞെടുപ്പിനും അഭിനന്ദനമറിയിച്ചു. രാഹുലിന്റെ ജന്മദിനത്തിൽ വിജയ് രാഹുലിന് ആശംസകൾ അറിയിച്ചു. കരൂരിലെ ദുരന്തസമയത്ത് ഒറ്റയ്ക്കായ വിജയ്‌യെ തേടി രാഹുൽ ഗാന്ധിയുടെ ഫോൺ കോൾ എത്തി. ദ്രാവിഡ പാർട്ടികളെ ഒരു മാസ് ആക്ഷൻ സിനിമയുടെ ക്ലൈമാക്സ് പോലെ വിജയ് തറപറ്റിച്ച് ജയിച്ചു കയറിയപ്പോഴായിരുന്നു ഒടുവിലെത്തിയ ആ ഫോൺ കോൾ.

മക്കൾ ഇയക്കത്തിനും പിന്തുണ
ടിവികെയ്ക്ക് അടിത്തറ പാകിയ വിജയ്‌ന്റെ ഫാൻസ് ഗ്രൂപ്പായ വിജയ് മക്കൾ ഇയക്കം വഴിയുള്ള എല്ലാ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും രാഹുലിന്റെ പിന്തുണയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിച്ച 2009ൽ രാഹുലിനും വിജയ്ക്കുമൊപ്പം കേരളത്തിന്റെ ഹൈബി ഈഡനുമുണ്ടായിരുന്നു. വിജയ് ഇന്നല്ലെങ്കിൽ നാളെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു അന്ന്. തമിഴ്നാട് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി വിജയ്‌യെ പരിഗണിച്ചിരുന്നുവെന്നും വിജയ്‌നോട് അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു. ഡിഎംകെയിൽ നിന്നുയർന്ന എതിർപ്പുകളാണ് അന്ന് വിജയ്‌യെ കോൺഗ്രസ് പ്രവേശനത്തിൽ നിന്നും തടഞ്ഞതെന്നും പറയുന്നു. കാരണം തമിഴ് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ തുടക്കം തന്നെ വിജയ്‌യെ നായകനാക്കിക്കൊണ്ടായിരുന്നു.
കാറ്റുമാറി വീശുന്ന തമിഴ്നാട് കോൺഗ്രസ്
വിജയ്ക്ക് കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുപോകുന്ന രാഷ്ട്രീയമാണെന്നും അതിനാൽ രാഹുലും കോൺഗ്രസും പിന്തുണച്ചതിൽ അത്ഭുതമില്ലെന്നും പറയുന്നവരുമുണ്ട്. വിജയ് തന്റെ രാഷ്ട്രീയത്തിലെ പ്രചോദനമായി പറയുന്നത് കെ. കാമരാജ്, പെരിയാർ, വേലു നാച്ചിയാർ, അൻചലൈ അമ്മാൾ, അംബേദ്കര്‍ എന്നിവരെയാണ്. ഇതിൽ കാമരാജ് ആകട്ടെ തമിഴ്നാട് കോൺഗ്രസിന്റെ ഏറ്റവും തലപ്പൊക്കമുള്ള നേതാവും.
234 അംഗ തമിഴ്നാട് അസംബ്ലിയിൽ വിജയ്ക്ക് ഭരണം കിട്ടാൻ ആകെയുള്ള അഞ്ച് എംഎൽഎമാരെയാണ് രാഹുലും കോൺഗ്രസും നൽകിയത്. അതും ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ ഡിഎംകെയുമായുള്ള നീണ്ടനാളിന്റെ ബന്ധം കളഞ്ഞ്. രാഷ്ട്രീയമായി ദേശീയതലത്തിൽ വലിയ തിരിച്ചടി പ്രതീക്ഷിച്ചിട്ടും രാഹുൽ അതിന് തയ്യാറായി. ഡിഎംകെയ്ക്കൊപ്പം നിന്ന കാലത്ത് നേരിട്ട അവഗണനയെ മറികടക്കാൻ ആകാം ഇതെന്നും പറയുന്നു. 2009ൽ തിരികൊളുത്തിയ വിജയ്‌യുടെ കോൺഗ്രസ് ബന്ധത്തിന് അടിവരയിടുന്നതാണ് ഇതുവരെയുള്ള കാഴ്ചകളെല്ലാം.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




