പോപ് സംഗീതത്തിലെ എക്കാലത്തെയും ടോപ്‌ലിസ്റ്റ് ഗായിക, ഷക്കീറ! ഫുട്ബോൾ ലോക കപ്പിനൊപ്പമുള്ള 20 വർഷത്തെ യാത്രയിൽ ഔദ്യോഗിക ഗാനങ്ങളും തീ സോങ്ങും ഉൾപ്പടെ നാല് ഗാനങ്ങളാണ് ആരാധകർക്ക് നൽകിയത്. എല്ലാം സൂപ്പർഹിറ്റ്! ഫിഫ ലോക കപ്പിന് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ സമ്മാനിച്ചതും ഷക്കീറയാണ്. അതുകൊണ്ട് തന്നെ ഫുട്ബോളിന്റെ സംഗീത രാജ്ഞി എന്ന് ഷക്കീറയെ വിളിക്കുന്നത് ഒട്ടും കുറവല്ല.
ഹിപ്സ് ഡോൺഡ് ലൈ | 2006
ഫിഫയുമായി ഷക്കീറയുടെ ആദ്യ അസോസിയേഷൻ നടന്നത് 2006ലാണ്. അന്ന് ജർമനിയിൽ നടന്ന ലോക കപ്പ് സമാപന ചടങ്ങിൽ Hips Don’t Lie (Bamboo Version) ഗാനം പെർഫോം ചെയ്ത് ഫുട്ബോൾ ആരാധകരെ അവർ കീഴടക്കുകയായിരുന്നു. അമേരിക്കൻ സംഗീതജ്ഞനും റാപ്പറുമായ വൈക്ലഫ് ഷോണും (Wyclef Jean) ഒപ്പമുണ്ടായിരുന്നു. ഇത് ലോക കപ്പിന്റെ പ്രധാന ഗാനമായിരുന്നില്ലെങ്കിൽ കൂടിയും ഷക്കീറയുടെ പെർഫോമൻസോടെ ജനങ്ങൾ ഹിപ്സ് ഡോൺഡ് ലൈയുടെ ഈ വേർഷന്‍ സ്വീകരിച്ചു.
വക്കാ വക്കാ | 2010
2010ൽ ആണ് ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും ഐക്കോണിക് ഗാനങ്ങളിലൊന്നായി മാറിയ Waka Waka (This Time for Africa) ഗാനവുമായി ഷക്കീറ എത്തുന്നത്. ഈ ഗാനം ഒഫിഷ്യൽ ഗാനമായി ഫിഫ അംഗീകരിച്ചു. ആഫ്രിക്കൻ സംഗീതശൈലിയിൽ തയ്യാറാക്കിയ ഗാനത്തിന് ചടുലമായ നൃത്തച്ചുവടുകളാണ് ഷക്കീറയും സംഘവും നൽകിയത്. ഷക്കീറയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കൻ സംഗീതസംഘമായ ഫ്രഷ്‌ലി ഗ്രൗണ്ടും (Freshly Ground) പാട്ടിന്റെ ഭാഗമായിരുന്നു.
ഓരോ സീസണിലും പുതിയ ഗാനങ്ങൾ വരുമെങ്കിലും വക്കാ വക്കായുടെ തട്ട് താണുതന്നെയാണ്. യൂട്യൂബിൽ ബില്യൺ കണക്കിന് കാഴ്ചക്കാരാണ് ഈ പാട്ടിനുള്ളത്. കാമറൂണിയൻ മിലിറ്ററിക്കാർ അംഗങ്ങളായ ഗോൾഡൻ സൗണ്ട്സ് എന്ന ബാന്‍ഡ് 1986-ൽ റെക്കോർഡുചെയ്‌ത Zangalewa എന്ന പാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും വാക്കുകൾ കടമെടുത്തുമാണ് വക്കാ വക്കാ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആധുനിക പോപ്പ് സംഗീതവും കൂടി ചേർന്നതോടെ പാട്ട് ലോകവ്യാപക വിജയമായി മാറുകയായിരുന്നു.
ലാ ലാ ലാ | 2014
പിന്നീട് 2014ൽ ബ്രസീലിൽ നടന്ന ലോക കപ്പിന്റെ രണ്ടാമത്തെ തീം സോങ്ങായ La La La പുറത്തിറക്കി. ഒരു പ്രമുഖ ബ്രാൻഡുമായി ചേർന്ന് പുറത്തിറക്കിയ ഒരു പ്രമോഷണൽ ഗാനം കൂടിയാണിത്. അതേ വർഷം ഷക്കീറ റിലീസ് ചെയ്ത Dare എന്ന പാട്ട് ബ്രസീലിയൻ സംഗീതജ്ഞൻ കാർലിന്യോസ് ബ്രൗണും (Carlinhos Brown) ആയി ചേർന്ന് ഒരു പുതിയ വേർഷനായി ലോക കപ്പിന് പുറത്തിറക്കുകയായിരുന്നു.
ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ, സെസ്ക് ഫാബ്രിഗസ് എന്നിവർ വിഡിയോ ഗാനത്തിന് മാറ്റുകൂട്ടി. ഫുട്ബോൾ മത്സരത്തിന്റെ കടുത്ത സമ്മർദത്തേക്കാൾ ഫുട്ബോളിന്റെ ഐക്യവും സന്തോഷവും ആഘോഷവും മുൻനിർത്തിയാണ് ഷക്കീറയുടെ ഗാനചിത്രീകരണം. റിയോ ഡി ജനീറോയിൽ നടന്ന ലോക കപ്പ് ഫുട്ബോളിന്റെ സമാപനചടങ്ങിൽ ഷക്കീറ ഈ ഗാനം ആടി പാടുകയും ചെയ്തു.
12 വർഷത്തിനുശേഷം ഗ്രൗണ്ടിലേക്ക്… ഡായി ഡായി | 2026
2026ലെ ഫിഫ ലോക കപ്പിനായി ഒരു ഔദ്യോഗിക ഗാനമായി വീണ്ടും എത്തിയിരിക്കുകയാണ് ഷക്കീറ. Dai Dai എന്ന ഗാനം നൈജീരിയൻ ഗായകൻ ബേർണ ബോയ്ക്കൊപ്പമാണ് പാടിയിരിക്കുന്നത്. ആഫ്രോബീറ്റ്സും ലാറ്റിൻ താളങ്ങളും ചേർന്ന ഒരു മൾട്ടി ലാംഗ്വേജ് പോപ്പ് ട്രാക്കാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തരായ ചില ഫുട്ബോൾ താരങ്ങളുടെയും ഇത്തവണ മത്സരിക്കുന്ന രാജ്യങ്ങളുടെയും പേര് ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വച്ച് ചിത്രീകരിച്ച ടീസർ നേരത്തെ പുറത്തിറക്കിയിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ലോക കപ്പിന്റെ യഥാർഥ സംഗീത രാജ്ഞി തിരിച്ചെത്തിയെന്നാണ് ആരാധകർ പറയുന്നത്. കേൾക്കാൻ സുഖമുണ്ടെങ്കിലും വക്കാ വക്കാ പോലെ ആവേശമുണർത്താൻ ഡായി ഡായിക്ക് കഴിയുന്നില്ലെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
ഷക്കീറയ്ക്കൊപ്പം ബിടിഎസും
സംഗീതവുമായി ബന്ധപ്പട്ട് 2026ലെ ലോക കപ്പിന് വലിയൊരു പ്രത്യേകതയുണ്ട്. ജൂലൈ 19ന് ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വച്ച് ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈനൽ ഹാഫ് ടൈം ഷോ നടക്കാൻ പോവുകയാണ്. ഷക്കീറയും ഇതിന്റെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോൾ ലോക കപ്പ് വേദിയിലെ അവരുടെ നാലാമത്തെ പെർഫോമൻസ് കൂടിയായിരിക്കുമിത്.
കോൾഡ്പ്ലേയുടെ ക്രിസ് മാർട്ടിനാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഷക്കീറയോടൊപ്പം മഡോണയും ബിടിഎസ് സംഘവും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ഈ പരിപാടിയിലൂടെ ലഭിക്കുന്ന തുക ഫിഫ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിലേക്കാണ് പോകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫുട്ബോൾ പ്രോത്സാഹിപ്പിക്കാനും 100 മില്യൺ യുഎസ് ഡോളർ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഫുട്ബോളിന്റെ ആത്മാവ്, കിണ്ണം കാച്ചിയ പാട്ടുകളില്ലാതെ എന്ത് വേൾഡ് കപ്പ്? - Ivide LIVE