ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ യുദ്ധത്തിനു പുതിയ മാനം കൊണ്ടുവന്നപ്പോൾ, ഇങ്ങ് കേരളത്തിൽ ഏറ്റവുമധികം പരിഹസിക്കപ്പെട്ടത് സിപിഐഎം എന്ന രാഷ്ട്രീയ പാർട്ടിയും അതിന്റെ നേതാക്കളുമാകും. പരിഹസിക്കപ്പെട്ടത് മറ്റൊന്നിനുമല്ല, അമേരിക്കൻ അധിനിവേശത്തിനും യുദ്ധവെറിക്കുമെതിരെ സംസാരിച്ചതിനാണ്. അങ്ങ് അമേരിക്കയിലും ഇറാനിലും നടക്കുന്ന യുദ്ധത്തിനു ഇങ്ങ് കേരളത്തിൽ ഇരിക്കുന്നവർ എന്തിനു രോഷംകൊള്ളണം എന്നായിരുന്നു ‘പ്രബുദ്ധ മലയാളികളുടെ’ ആ മില്യൺ ഡോളർ ചോദ്യം.
അങ്ങ് ഇറാനിൽ നടക്കുന്ന യുദ്ധത്തിനെതിരെ ഇങ്ങ് കേരളത്തിൽ ഇരിക്കുന്നവർ പോലും എന്തിനു സംസാരിക്കണം എന്ന് മലയാളികൾക്കും മൊത്തം ഇന്ത്യക്കാർക്കും മനസ്സിലാകാൻ, ആക്രമണം തുടങ്ങി രണ്ടാഴ്ച പോലും വേണ്ടിവന്നില്ല എന്നതാണ് രസകരം. യുദ്ധത്തിന്റെ കെടുതി ഇന്ത്യക്കാരിലേക്ക്, കൃത്യമായിപ്പറഞ്ഞാൽ ഇന്ത്യക്കാരുടെ അടുക്കളയിലേക്ക് ഒരു സ്കഡ് മിസൈൽ പോലെ വന്ന് പതിക്കുകയായിരുന്നു.
ഇന്ത്യയിലെ നിലവിലെ എൽപിജി ക്ഷാമത്തിന് കാരണം ഇറാൻ-ഇസ്രായേൽ, അമേരിക്ക സംഘർഷമാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 60 ശതമാനത്തിലധികവും ഹോർമുസ് കടലിടുക്ക് കടന്നുവേണം എത്താൻ. യുദ്ധം മൂലം ഇതുവഴിയുള്ള ഷിപ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതുവരെ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതായത്, അങ്ങ് ഇറാനിൽ നടക്കുന്ന യുദ്ധത്തിനും നമ്മുടെ കഞ്ഞികുടി മുട്ടിക്കാൻ കെൽപ്പുണ്ടെന്ന് സാരം.

പശ്ചിമേഷ്യയിലെ യുദ്ധം വാർത്താ ചാനലുകളിലെ ഗ്രാഫിക്സ് കളി മാത്രമല്ലെന്ന് ഇന്ത്യക്കാർക്ക്, വിശേഷിച്ചും മലയാളികൾക്ക് ബോധ്യപ്പെട്ട ദിവസങ്ങളാണ് ഈ കടന്നുപോകുന്നത്. ഗ്യാസ് സിലിണ്ടർ ലഭ്യമല്ലാത്തതിനാൽ കേരളത്തിലെ മിക്ക ഹോട്ടലുകളും അടച്ചു. ഹോസ്റ്റലുകളിൽ ഭക്ഷണം പാകം ചെയ്യാൻ നിവൃത്തി ഇല്ല. പൊതുചടങ്ങുകളും സിനിമാ ഷൂട്ടിങ്ങുകളും മാറ്റിവയ്ക്കേണ്ടി വരുന്നു. വിറകടുപ്പുള്ള വീടുകൾ അങ്ങോട്ടേക്ക് മടങ്ങിയെങ്കിലും ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ കാര്യം കഷ്ടമാണ്. ഇത്തരത്തിൽ പശ്ചിമേഷ്യൻ സംഘർഷം സാധാരണക്കാരുടെ പ്രധാന സംസാര വിഷയമായി മാറിയത് എത്ര പെട്ടെന്നാണ്!
സമൂഹമാധ്യമങ്ങളിൽ സിപിഐഎം പാർട്ടി നേരിട്ട പരിഹാസങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. യുദ്ധക്കെടുതി ബാധിച്ചു തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കണ്ടന്റുകളുടെ സ്വഭാവം മാറിയതും പെട്ടെന്നാണ്. യുദ്ധതിനെതിരെ സംസാരിക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകൾ മാറി, ഇപ്പോൾ അവ മുൻകൂട്ടി കണ്ടവരെ അത്ഭുതത്തോടെ നോക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ജിയോപൊളിറ്റിക്സ് ശ്രദ്ധിക്കുന്ന ഏതൊരാൾക്കും ലളിതമായി മനസ്സിലാകുന്ന കാര്യം മുൻകൂട്ടി പറഞ്ഞുകൊടുക്കുന്നയാളുകളെ ‘ഇല്ലുമിനാറ്റി’ എന്ന് വിളിച്ച് അത്ഭുതപ്പെടുന്നവരാണ് കൂടുതലും. ഇക്കൂട്ടത്തിൽ പറഞ്ഞുപോകേണ്ടത്, ഇപ്പോൾ പ്രചരിക്കുന്ന സന്ദേശം സിനിമയിലെ റീലുകളാണ്.
‘‘നിക്കരാഗ്വേയിലെ ഒർട്ടേഗയെ പുറത്താക്കി കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവൺമെന്റിനെ അവിടെ സ്ഥാപിച്ചു. റൊമേനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ജർമനിയെയും നിങ്ങൾ തകർത്തു. പക്ഷെ വിയറ്റ്നാമിലെയും കമ്പോഡിയയിലെയും വടക്കൻ കൊറിയയിലെയും ജനങ്ങൾ ഞങ്ങളുടെ ആവേശമാണെന്ന് നീ മനസ്സിലാക്കണം’’ എന്ന് ശ്രീനിവാസന്റെ കഥാപാത്രം പറയുമ്പോൾ ‘‘ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്’’ എന്നാണ് ജയറാമിന്റെ കഥാപാത്രം ചോദിക്കുന്നത്. അതിന് ശ്രീനിവാസൻ നൽകുന്ന മറുപടി ‘‘മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ’’ എന്നാണ്. സിനിമയിൽ തമാശയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെങ്കിലും ശ്രീനിവാസന്റെ വാക്കുകളുടെ പൊരുൾ ഇപ്പോൾ മലയാളികൾക്ക് ബോധ്യമായിട്ടുണ്ട്. സന്ദേശം സിനിമ പൊതുവായി ഉയർത്തുന്ന രാഷ്ട്രീയ നിലപാടിനെ അടിച്ചുമടക്കുന്നതാണ് ഈ യുദ്ധകാലം എന്നുകൂടെ പറഞ്ഞുപോകാതെ വയ്യ.
സിനിമയുടെ ക്ലൈമാക്സിൽ, കക്ഷിരാഷ്ട്രീയം വിട്ട് ജോലിക്ക് പോകുന്ന ശ്രീനിവാസൻ, ജയറാം കഥാപാത്രങ്ങൾ, സമരത്തിനിറങ്ങുന്ന വിദ്യാർഥിയായ അനിയന്റെ കയ്യിൽ നിന്ന് കൊടി പിടിച്ചുവാങ്ങി ഒടിച്ച ശേഷം ദൂരേക്ക് വലിച്ചെറിയുന്ന മൊമന്റിൽ സ്ക്രീനിൽ ‘സന്ദേശം’ എന്ന് തെളിയും. അതായത്, നമ്മൾ പണിയെടുത്താൽ നമുക്ക് ജീവിക്കാം എന്ന ടിപ്പിക്കൽ അരാഷ്ട്രീയ ലൈനിന്റെ ദൃശ്യാവിഷ്കാരം.
ഇനി, ഈ യുദ്ധകാലത്തിലേക്ക് വരൂ.

അധ്വാനം മാത്രം കൊണ്ടു മാത്രം സുരക്ഷിതമായി ജീവിക്കാം എന്ന നിങ്ങളുടെ മിഥ്യാ ധാരണ നിലവിലെ സാഹചര്യം പൊളിച്ചടുക്കി കയ്യിൽ തന്നില്ലേ? നിങ്ങൾ രാവിലെ മുതൽ വൈകുന്നേരം വരെ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കിയിട്ട് ആ കാശ് കൊണ്ട് ഒരു സിലിണ്ടർ ഗ്യാസ് വാങ്ങാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പശ്ചിമേഷ്യയിൽ ഒരു മിസൈൽ വീണപ്പോൾ ഇവിടെ സിലിണ്ടർ വിതരണം നിലച്ചത് നിങ്ങൾ നന്നായി പണിയെടുക്കാത്തത് കൊണ്ടാണോ? അല്ല, ആഗോള രാഷ്ട്രീയത്തിലെ ചലനങ്ങൾ നിങ്ങളെയും ബാധിക്കുന്നത് കൊണ്ടാണ്.
നമ്മൾ ഒറ്റപ്പെട്ട ദ്വീപല്ല, ഒരു വലിയ ശൃംഖലയുടെ (Global Supply Chain) ഭാഗമാണ്. അതുകൊണ്ടാണ് അങ്ങേതലയ്ക്കൽ അടിച്ചാലും ഇങ്ങേ തലയ്ക്കൽ നോവുന്നത് എന്ന് മനസ്സിലാക്കുക. നിങ്ങൾ എത്ര കഠിനമായി പണിയെടുത്താലും നിങ്ങളുടെ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെങ്കിൽ ആ അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ കഴിയില്ല. രാഷ്ട്രീയമാണ് നിങ്ങളുടെ പ്ലേറ്റിലെ ഭക്ഷണം തീരുമാനിക്കുന്നത്, ഉച്ചഭക്ഷണത്തിന്റെ വില തീരുമാനിക്കുന്നത്…
രാഷ്ട്രീയത്തിൽ ഇടപെടാത്തവർ പോലും രാഷ്ട്രീയ തീരുമാനങ്ങളുടെ ഇരകളാകേണ്ടി വരുമെന്ന് ഇപ്പോൾ ബോധ്യമായല്ലോ?
നമുക്ക് ജീവിക്കാൻ നമ്മൾ പണിയെടുത്താൽ മാത്രം മതി എന്ന് വിശ്വസിക്കുന്നത് ഒരുതരം സുരക്ഷിതത്വ ബോധത്തിൽ നിന്നാണ്. യുദ്ധം പോലുള്ള സാഹചര്യങ്ങൾ വരുമ്പോൾ ആ സുരക്ഷിതത്വം വെറുമൊരു നീർക്കുമിളയാണെന്ന് മനസ്സിലാകും. നിങ്ങൾ സമ്പാദിച്ചുവച്ച പണം കൊണ്ട് ഒരു ലിറ്റർ പെട്രോളോ ഒരു ഗ്യാസ് സിലിണ്ടറോ വാങ്ങാൻ ക്യൂ നിൽക്കേണ്ടി വരുമ്പോൾ പണിയെടുത്ത് ജീവിക്കൽ എന്ന സിദ്ധാന്തം അവിടെ തകർന്നടിയുകയാണ്. വ്യക്തിപരമായ അധ്വാനം ജീവിതത്തിന് അത്യാവശ്യമാണ്. പക്ഷേ, അത് മാത്രം മതി എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് എന്നാണ് പറഞ്ഞുവന്നത്.

നമ്മൾ ജീവിക്കുന്ന സമൂഹവും, ഭരണകൂടത്തിന്റെ തീരുമാനങ്ങളും ആഗോള രാഷ്ട്രീയവും ഒത്തുചേർന്നാൽ മാത്രമേ നമ്മുടെ അധ്വാനത്തിന് അർത്ഥമുണ്ടാകൂ. അതുകൊണ്ടുതന്നെ ആരാഷ്ട്രീയ സിദ്ധാന്തങ്ങൾ ഈ യുദ്ധത്തിന്റെ ആദ്യ മിസൈൽ സ്ഫോടനത്തിൽ തന്നെ ചാരമായിക്കഴിഞ്ഞു.




