Politics of Head Shaving
77
Views

‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, മുഹമ്മദ് സെയ്ൻ സമാൻ എന്ന മൂന്നാം ക്ലാസുകാരൻ നേരെ പോയത് ബാർബർ ഷോപ്പിലേക്കാണ്. തിരിച്ചെത്തിയത് തല മൊട്ടയടിച്ചിട്ടാണ്. വെട്ടം മുറിവഴിക്കലിലെ അധ്യാപകൻ കണ്ണാത്ത് സൈനുൽ ആബിദിന്റെ മകനാണ് മുഹമ്മദ് സെയ്ൻ സമാൻ. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.അബ്ദുറഹിമാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മൊട്ടയടിക്കുമെന്ന് സൈനുൽ ആബിദുമായി ബെറ്റ് വച്ചതാണ്. ഈ പന്തയത്തെക്കുറിച്ച് സൈനുൽ ആബിദ് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ഗ്രൂപ്പിൽ ഒരു ചോദ്യം; സമാൻ മൊട്ടയടിക്കുന്നില്ലേ എന്ന്. പിന്നാലെ അവൻ പറഞ്ഞു, വാക്കു പാലിക്കുമെന്ന്. മകൻ മൊട്ടയടിച്ചതോടെ, ഉപ്പ സൈനുൽ ആബിദും തല മൊട്ടയടിച്ചു.

തിരഞ്ഞെടുപ്പിൽ ഒരു വശത്ത് പാർട്ടികളും സ്ഥാനാർഥികളും തമ്മിലുള്ള പോര് നിറഞ്ഞ് നിന്നപ്പോൾ, സമൂഹമാധ്യമത്തിന്റെ പല കോണിലും ഈ ‘മൊട്ടയടിക്കൽ സമ്പ്രദായം’ മുഴങ്ങിയിരുന്നു. ഇങ്ങനെ എന്തിനും ഏതിനും തല മൊട്ടയടിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

സംസ്കാരങ്ങളെയും മതങ്ങളെയും കോർത്തിണക്കുന്ന മുണ്ഡനം

പുരാതന ഈജിപ്തിൽ, ശുചിത്വത്തിന്റെ ഭാഗമായി പുരോഹിതന്മാർ ശരീരത്തിലെ രോമങ്ങൾ പൂർണമായും നീക്കം ചെയ്തിരുന്നു. ബുദ്ധമതത്തിൽ ഇത് ഭക്തിയുടെയും ലൗകിക സുഖങ്ങൾ വെടിയുന്നതിന്റെയും അടയാളമാണ്. ഇസ്‌ലാമിൽ ഹജ്ജ് തീർഥാടനത്തിന് ശേഷവും ഹിന്ദു മതത്തിലെ വിവിധ ആചാരങ്ങളിലും തല മൊട്ടയടിക്കുന്നത് പവിത്രമായി കരുതപ്പെടുന്നു.

മതത്തിനപ്പുറം, അടിച്ചമർത്തലിന്റെയും അടയാളമായി മൊട്ടയടിച്ച തലകൾ ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സൈന്യത്തിലും ജയിലുകളിലും വ്യക്തിത്വം ഇല്ലാതാക്കാനും കർശനമായ അച്ചടക്കം അടിച്ചേൽപ്പിക്കാനുമാണ് മുടി മുറിക്കുന്നത്. സ്റ്റാൻലി കുബ്രിക്കിന്റെ ‘ഫുൾ മെറ്റൽ ജാക്കറ്റ്’ (1987) എന്ന സിനിമയിൽ കാണുന്നതുപോലെ, ഷേവ് ചെയ്ത തലയോട്ടി പലപ്പോഴും കഠിനമായ ജീവിതസാഹചര്യങ്ങളെ നേരിടാൻ തയ്യാറെടുക്കുന്ന ഒരു യോദ്ധാവിന്റെ അടയാളമായി മാറുന്നു.

ശിക്ഷയായും നാണക്കേടായും

ചരിത്രപരമായി, സ്ത്രീകളെ സംബന്ധിച്ചിടത്തോളം തല മൊട്ടയടിക്കുന്നത് പലപ്പോഴും അപമാനിക്കാനോ ശിക്ഷിക്കാനോ ഉള്ള മാർഗമായിരുന്നു. 1944ൽ നാസികളുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെട്ട ഫ്രഞ്ച് സ്ത്രീകളെ തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച സംഭവം ഇതിനൊരു ഉദാഹരണമാണ്.

വിപ്ലവത്തിന്റെ അടയാളം

1960കളിൽ ലണ്ടനിൽ രൂപപ്പെട്ട ‘സ്കിൻഹെഡ്’ എന്ന സംസ്കാരം, മൊട്ടയടിച്ച തലയെ ധിക്കാരത്തിന്റെയും വർഗസ്നേഹത്തിന്റെയും അടയാളമാക്കി മാറ്റി. പിന്നീട് 1990കളിൽ ‘റയറ്റ് ഗ്രർൾ’ (ഗേൾ) എന്ന ഫെമിനിസ്റ്റ് പങ്ക് പ്രസ്ഥാനത്തിന്റെ ഭാഗമായി കാത്‌ലീൻ ഹന്നയെപ്പോലെയുള്ളവർ ഈ ശൈലി സ്വീകരിച്ചു. ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ തകർക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

സിനിമാ ലോകത്തും ഈ മാറ്റം പ്രതിഫലിച്ചു. ‘ഏലിയൻ 3’ (1992) എന്ന ചിത്രത്തിലെ സിഗോർണി വീവർ, ‘ജി.ഐ. ജെയ്ൻ’ (1997) എന്ന ചിത്രത്തിലെ ഡെമി മൂർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾക്കായി തല മൊട്ടയടിച്ചു. പുരുഷാധിപത്യ ലോകത്ത് തുല്യശക്തിയായി നിൽക്കുന്ന സ്ത്രീയുടെ കരുത്താണ് ഈ രൂപത്തിലൂടെ അവർ പ്രകടമാക്കിയത്. 2005ൽ ‘വി ഫോർ വെൻഡെറ്റ’ എന്ന ചിത്രത്തിനായി നതാലി പോർട്ട്മാനും ഇതേ പാത സ്വീകരിച്ചിരുന്നു. 

2007ൽ ബ്രിട്നി സ്പിയേഴ്സ് തല മൊട്ടയടിച്ചപ്പോൾ ലോകം ഞെട്ടി. മാധ്യമങ്ങൾ അതിനെ ഒരു മാനസിക തകർച്ചയായി ചിത്രീകരിച്ചപ്പോൾ, തന്റെ ജീവിതത്തിന്മേലുള്ള മറ്റുള്ളവരുടെ നിയന്ത്രണം തകർക്കാനുള്ള ബ്രിട്നിയുടെ ശ്രമമാണിതെന്ന് പലരും പിന്നീട് തിരിച്ചറിഞ്ഞു.

ആക്ടിവിസവും ഫാഷനും

Kristen Stewart

ക്രിസ്റ്റൻ സ്റ്റുവർട്ട് | Image Credit: Instagram/kristenstewartsu

കാലം ഏറെ മുന്നിലേക്ക് ചലിച്ചു. തോക്ക് നിയന്ത്രണത്തിനായി പോരാടിയ എമ്മ ഗോൺസാലസ്, ‘മീ ടൂ’ മൂവ്‌മെന്റിന്റെ ഭാഗമായി ഹോളിവുഡിലെ ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ റോസ് മക്‌ഗോവൻ എന്നിവർ മൊട്ടയടിച്ച തലയുമായി ലോകത്തിന് മുന്നിലെത്തി.

ഫാഷൻ ലോകത്തും ഇന്ന് ഈ ‘ബസ് കട്ട്’ ട്രെൻഡാണ്. ക്രിസ്റ്റൻ സ്റ്റുവർട്ടും മോഡൽ റൂത്ത് ബെല്ലും ഈ ശൈലിയിലൂടെ സൗന്ദര്യസങ്കൽപ്പങ്ങളെ മാറ്റിയെഴുതി. ഇൻസ്റ്റഗ്രാമിലെ പുതിയ തലമുറയാകട്ടെ, മൊട്ടയടിച്ച തലയിൽ വ്യത്യസ്തമായ നിറങ്ങളും ചിത്രങ്ങളും പരീക്ഷിച്ച് അതിനെ ഒരു കലാരൂപമാക്കി മാറ്റിക്കഴിഞ്ഞിരിക്കുകയാണ്. 

ഇന്ന്, തല മൊട്ടയടിക്കുന്നത് കേവലം ഒരു മതപരമായ ആചാരമോ ശിക്ഷയോ മാത്രമല്ല. അത് പലർക്കും സ്വന്തം സ്വത്വത്തെ തിരിച്ചറിയാനുള്ള ഒരു യാത്ര കൂടിയാണ്. കോവിഡ് കാലത്ത് പലരും തങ്ങളുടെ മുടി മുറിച്ചുമാറ്റിയത് ഒരു വലിയ ഭാരമൊഴിഞ്ഞ വികാരത്തോടെയാണ്. ലോകം എന്ത് ചിന്തിക്കും എന്നതിനേക്കാൾ, സ്വന്തം ശരീരത്തിന്മേൽ തനിക്കുള്ള സ്വയംഭരണമാണ് ഈ ഓരോ ‘ബസ് കട്ടിലും’ പ്രതിഫലിക്കുന്നത്.

വാൽക്കഷണം: വാക്കുപാലിച്ച കുട്ടിസഖാവ് മുഹമ്മദ് സെയ്ൻ സമാന് ഒരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും കല്യാശേരി നിയുക്ത എംഎൽഎ എം.വിജിനുമടക്കം, നമ്മൾ തിരിച്ചുവരുമെന്ന ക്യാപ്ഷനോടെ മുഹമ്മദ് സെയ്ൻ സമാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. https://fb.watch/H1s0aAbbgO/

Article Categories:
Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading